'കൊറോണ വൈറസ്, കൊറോണ വൈറസ്'ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിലും പത്രത്താളുകളിലും നിറഞ്ഞുനിൽക്കുന്ന പദം. ലോകത്തെ തന്റെ കൈപിടിയിലാക്കി എങ്ങും പരിഭ്രാന്തി പരത്തിയ മഹാമാരി. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പോലും സാധിക്കാത്ത കോറോണയെന്ന സൂക്ഷ്മജീവിക്കുമുമ്പിൽ ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നതാണ് ഇന്നു നാം കാണുന്നത്. മറ്റു രാജ്യങ്ങൾക്കൊന്നും ചെറുത്തുതോൽപ്പിക്കാൻ പോലും സാധികാത്ത അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങൾ വരെ കോറോണയുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു. എന്തിനും ഏതിനും എല്ലാ രാജ്യങ്ങളും ആശ്രയിച്ചിരുന്ന ചൈന, അമേരിക്ക എന്നി വൻകിട രാഷ്ട്രങ്ങൾക്കൊന്നും തന്നെ കോറോണയെ കിഴടക്കാൻ കഴിഞ്ഞില്ല. എന്നാൽ ലോകരാഷ്ട്രങ്ങളെ അത്ഭുത പെടുത്തികൊണ്ടു തന്നെ ഇന്ത്യ എന്ന വികസ്വര രാജ്യം കൊറോണ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇറ്റലി, തായ്‌ലൻഡ്, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങി ലോകത്ത് ആകമാനം വ്യാപിച്ചു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലധികമായി. ഡിസംബർ 31-നാണ് തങ്ങളുടെ രാജ്യത്ത് നിരവധി ന്യൂമോണിയ രോഗങ്ങൾ സ്ഥിതികരിച്ച കാര്യം ചൈന ലോക ആരോഗ്യ സംഘടനയെ അറിയിക്കുന്നത്. ജനുവരി 1-ന് കൊറോണ ഉത്ഭവിക്കപ്പെട്ടു എന്നു അറിയപ്പെടുന്ന വുഹാനിലെ മാർക്കറ്റ് അടച്ചു പൂട്ടുകയും ജനുവരി 11-നാണ് ചൈനയിൽ കൊറോണ ബാധിച്ചു ഒരാൾ മരിച്ചു എന്ന വിവരം പുറത്തു വിടുന്നത്. ജനുവരി 13-ന് തായ്‌ലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്തു. ആദ്യമായി ലീ ലെവ് ലാങ് എന്ന ഡോക്ടർ ആണ് ഈ വൈറസിനെ കുറിച്ച് സൂചന നൽകിയത്. എന്നാൽ ഏവരും അതിനെ തള്ളിക്കളഞ്ഞു. ഈ വൈറസ് ലോകത്തു ആകമാനം പടർന്നു പിടിച്ചപ്പോൾ മാത്രമാണ് അവർക്ക് അതിന്റെ പ്രാധാന്യം മനസിലായത്. ആ ഡോക്ടറുടെ വാക്കിന് വില കല്പിച്ചിരുന്നെങ്കിൽ വൈറസിനെ നിഷ്പ്രയാസം ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ സാധിച്ചേനെ. എന്നാൽ ഇന്ന് ലോകം മുഴുവൻ ഈ മഹാമാരിയാൽ നോവുന്നു. ഇതുമൂലം നിരവധി പേർ മരിക്കുകയും ലക്ഷകണക്കിന് പേർ രോഗബാധിതരായി ഇന്ന് നിലകൊള്ളുകയും ചെയ്യുന്നു.
നിഡോപൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോ കോറോണവൈരിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസ്. ഓർത്തോ കോറോണവൈരിനിയിൽ ആൽഫാ കൊറോണ വൈറസ്, ബീറ്റാ കൊറോണ വൈറസ്, ഡെൽറ്റ കൊറോണ വൈറസ്, ഗാമ കൊറോണ വൈറസ് എന്നിങ്ങനെ നാലു ജനുസുകൾ ഉണ്ട്. ആൽഫാ -ബീറ്റാ കൊറോണ വൈറസുകൾ വവ്വാലുകൾ ഉൾപ്പെടെയുള്ള സസ്തനികളിൽ വ്യാപിച്ചിരിക്കുന്നു. ഗാമ വൈറസുകൾ പക്ഷികളെ ബാധിക്കുന്നു. ഡെൽറ്റ വൈറസുകൾ പക്ഷികളെയും സസ്തനികളെയും ഒരുപോലെ ബാധിക്കും. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 15% മുതൽ 30% വരെ കാരണം ഈ വൈറസുകൾ ആണ്. ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതക മാറ്റം കൈവരിച്ച പുതിയ തരം കൊറോണ വൈറസ് ആണ്.
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ പതിനാല് ദിവസമാണ് ഇൻക്യൂബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ മൂന്നോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ട വേദന, എന്നിവയും ഉണ്ടാകും. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്നും തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു വൈറസുകൾ എത്തുകയും ചെയ്‌യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നല്കുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പകരും. ലോകം ആകെ വൈറസ് രോഗം പടർന്നു കഴിഞ്ഞു. അതിനാൽ ചികിത്സാമാർഗങ്ങളും പ്രതിരോധ മാർഗങ്ങളും ലോക ജനത പാലിക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിൻ ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും തലവേദനക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ് ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.
"Mask is better than ventilator.Home is better than ICU.Prevention is better than cure".ഈ വാക്കുകൾക്ക് ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുണ്ട്. നമ്മുടെ നാട്ടിലെ ആരോഗ്യവകുപ്പും സർക്കാരും അതീവ ജാഗ്രതയിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചും മാസ്ക് ഉപയോഗിച്ചും കൈകൾ കഴുകിയും എല്ലാം നാം കോറോണയെ പ്രതിരോധിക്കുന്നു. ഇന്ന് ശാരീരിക അകലം സാമൂഹിക ഒരുമയായി മാറിയിരിക്കുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുക. ഏവരിൽ നിന്നും അല്പം അകലം പാലിച്ചു നിൽക്കുക. വീട്ടിൽ നിന്നും പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി അടുത്ത് ഇടപെഴകുകയോ ചെയ്യരുത്. മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക. സർജിക്കൽ മാസ്കിനുള്ളിലെ പാളി മറ്റുള്ളവർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുന്നു. ഇവ എല്ലാമാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
അമേരിക്ക, ചൈന പോലുള്ള വികസിത രാജ്യങ്ങളെ കൊറോണ പഠിപ്പിക്കുന്നത് മഹത്തായ പാഠമാണ്. യുദ്ധം വിജയിക്കാനുള്ള ആണവ ആയുധങ്ങൾ ഉള്ളതു കൊണ്ടു മാത്രം ഒരു രാജ്യവും മഹത്തരമാകുന്നില്ല. സമാധാനം കൊണ്ടുവരാൻ ഒരു യുദ്ധത്തിനും സാധിക്കുകയില്ല. വൻകിട രാഷ്ട്രങ്ങൾക്ക് പറ്റിയ അമളി എന്തെന്നാൽ ജീവൻ രക്ഷിക്കാൻ ഉള്ളതിന് പകരം അവർ നിർമ്മിച്ചത് ആണവ ആയുധങ്ങളാണ്. അതിനാൽ കൊറോണ ദൈവം നമുക്ക് നൽകുന്ന ഒരു പാഠം കൂടിയാണ്. കൊറോണ നമുക്ക് പണത്തിനു വിലയില്ലാത്ത സാഹചര്യം കാണിച്ചു തന്നു. ഇറ്റലിയിൽ ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കപ്പെട്ട നോട്ടുകൾ റോഡരികിൽ കിടക്കുകയാണ്. പണമല്ല എന്തിനും പരിഹാരം എന്ന സത്യം ലോക ജനത അറിഞ്ഞു. നമ്മുടെ സുരക്ഷക്കാണ് പോലീസുകാരും ആരോഗ്യ വകുപ്പും എല്ലാം നിലകൊള്ളുന്നത് എന്ന് മനസിലാക്കി, നമ്മുടെ ആരോഗ്യത്തിനാണ് സാമൂഹികമാധ്യമങ്ങളിൽ പ്രതിരോധ മാർഗങ്ങൾ ഉപദേശിക്കുന്നത് എന്ന് മനസിലാക്കി, രോഗം ഗുരുതരം ആകാതിരിക്കാനാണ് നമ്മോടു വീട്ടിൽ നിന്നും ഇറങ്ങരുതെന്നു പറയുന്നത് എന്ന് തിരിച്ചറിഞ്ഞു ഭയത്തിനു പകരം ജാഗ്രതയോടെ മുന്നേറാൻ, ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാകാൻ നമുക്ക് ഒന്നിച്ചു ചേരാം.