സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/പുഴയുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   പുഴയുടെ വേദന     <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  പുഴയുടെ വേദന    

മരത്തണലിൽ ഏറെ നേരം അവൻ ഇരുന്നു. ജന്മനാ അവൻ മുടന്തൻ ആയിരുന്നു. വാഹനങ്ങൾ ചീറി പായുന്നു. ചില വാഹനങ്ങളിൽ നിന്നും വമിക്കുന്ന കറുത്ത പുക ഉരുണ്ടുകളിച്ചു വായുവിൽ ലയിച്ചു മാറുന്നു. ചിലപ്പോൾ ആ കറുത്ത പുക അവനെയും ആലിംഗനം ചെയ്യും. അവൻ മരത്തണലിൽ നിന്നും എഴുന്നേറ്റു മുടന്തി മുടന്തി മുന്നോട്ട് നടന്നു.

   അല്പം അകലെ ഫുട്ബോൾ കളി കണ്ടിരുന്ന ഒരു മധ്യവയസ്‌കൻ ഉറക്കെ ചോദിച്ചു  "എടാ ഞൊണ്ടൻ തോമാ നീ ഫുൾബോൾ കാണാൻ വരുന്നില്ലേ ".  അവന്റെ ഉള്ളിൽ സങ്കടം തോന്നി.  എല്ലാവരും എന്നെ ഇരട്ട പേര് വിളിക്കുന്നു.  ആളുകൾ കൂടുന്നിടത്തൊന്നും എനിക്ക് പോകാൻ പറ്റില്ല. മറ്റുള്ളവരുടെ മുൻപിൽ വച്ച് കൂട്ടുകാർ എന്നെ കളിയാക്കും. അതുകൊണ്ടല്ലേ എപ്പോഴു ഞാൻ ഏകനായി മരത്തണലിലും പുഴവക്കിലും ഇരിക്കുന്നത്.  മുമ്പൊക്കെ പുഴവക്കത്തു ഏറെ നേരം ഇരിക്കുമായിരുന്നു. കടലാസ് കൊണ്ട് വള്ളം ഉണ്ടാക്കി പുഴയിൽ ഇടും.  കാറ്റിൽ ഉലഞ്ഞു വള്ളങ്ങൾ മുന്നോട്ട് നീങ്ങും അതു കണ്ടു രസിക്കുമായിരുന്നു. അവന്റെ നല്ല ഓർമ്മകൾ അവനു വേദന ഉളവാക്കി. 
   ഇപ്പോൾ പുഴവക്കിൽ എങ്ങും ഇരിക്കാൻ പറ്റില്ല.  തല മന്ദിക്കുന്ന ദുർഗന്ധം. മുമ്പൊക്കെ മാലിന്യങ്ങൾ പുഴവക്കിൽ ആയിരുന്നു ഇട്ടിരുന്നത്.  ഇപ്പോൾ പുഴയിലേക്ക് വലിച്ചെറിയുന്നു. പുഴയുടെ വേദന അവനു കാണാമായിരുന്നു. പുഴയിൽ തത്തി കളിച്ചിരുന്ന കടലാസ് വള്ളങ്ങൾ കാണാനില്ല. പ്ലാസ്റ്റിക് കുപ്പികൾ നീന്തി കളിക്കുന്നു.  
   അവൻ പുഴ വക്കിലൂടെ കുറെ നേരം നടന്നു.  അസഹ്യമായ അഴുകിയ ദുർഗന്ധം.  റോഡരുകിൽ നിർത്തിയ വാഹനം. അവൻ തിരിഞ്ഞു നോക്കി.  രാഷ്ട്രീയം കളിച്ചു നടക്കുന്ന വാസുക്കുട്ടൻ ഡിക്കിയിൽ നിന്നും എടുത്ത ചാക്കുകെട്ട് പുഴയിലേക്ക് വലിച്ചെറിയുന്നു.  "ചേട്ടാ എന്താ നിങ്ങളീക്കാണിക്കുന്നേ.. " അവൻ അയാൾക്കരികിലേക്ക് നടന്നു. 

"പോടാ ഞൊണ്ടാ... " അയാൾ വാഹനം ഓടിച്ചു പോയി.

അവന്റെ മനസ്സ് വേദനിച്ചു. ഒരിക്കലെങ്കിലും പ്രതികരിക്കാൻ അവന്റെ മനസ്സ് വെമ്പി. പുഴയിൽ നിന്നും അവൻ ആ ചാക്ക് കെട്ടു വലിച്ചു കരയിൽ ഇട്ടു. തലച്ചുമടായികൊണ്ട് ഞൊണ്ടിഞൊണ്ടി മുന്നോട്ടു പോയി. ചാക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം. പൊതുജന സേവകന്റെ വലിയഗേറ്റിട്ട വീടിന് മുൻപിൽ അവൻ നിന്നു. ഗേറ്റിനു പുറത്തു നിന്ന് അവൻ ചാക്കിൽ നിന്നും അഴുകിയ സാധനങ്ങൾ ഓരോന്നായി വലിച്ചെടുത്തു ഗേറ്റിനുള്ളിലെ പച്ചപ്പിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ചുറ്റും കൂടിയ ജനങ്ങൾ. ആരോ ഒരാൾ അവന്റെ ചുമലിൽ കൈ വച്ചു. അവനെ അംഗീകരിച്ച.. അഭിനന്ദിച്ച ആദ്യത്തെ കരങ്ങൾ.

 ഏറെ ദിവസം അവൻ പനിച്ചുകിടന്നു.  രോഗം ഭേദമായപ്പോൾ അവൻ വീണ്ടും പുഴവക്കിലേക്കു പോയി.  
തൊഴിലുറപ്പുകാരുടെ നേതൃത്വത്തിൽ പുഴവൃത്തിയാക്കുന്നു. കച്ചികൂന പോലെ വലിച്ചു കൂട്ടുന്ന മാലിന്യങ്ങൾ. 
 അകലെ മാറി ചുവന്ന ബോർഡ്‌ വച്ച ഗ്രാമ പഞ്ചായത്തിന്റെ വണ്ടിയിൽ അവനെ അഭിനന്ദിച്ച ആൾ. 
മരിയ ജോൺസൺ
സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ