സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/വെളിച്ചത്തിലേക്ക്..

Schoolwiki സംരംഭത്തിൽ നിന്ന്
കഥ

വെളിച്ചത്തിലേക്ക്...

നിങ്ങൾക്കൊന്നും പറഞ്ഞാലും മനസ്സിലാവില്ലേ...?

കട തുറക്കാൻ പാടില്ലെന്ന് അറിയില്ലേ? രാവിലെ തന്നെ തോമസ് സാറിന്റെ ദേഷ്യം രാജൻ ചേട്ടന്റെ ചായയേക്കാൾ ആവിപറക്കുന്നതായി. സാറേ വേറെ വഴി ഇലിലാത്തതുകൊണ്ടാ ഇതാ എന്റെ തൊഴിൽ കട തുറന്നില്ലെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും. എന്റെ പൊന്നു ചേട്ടാ ഇതൊക്കെ അടപ്പിക്കുന്നതാ എന്റെ ജോലികട തുറന്നാൽ നിങ്ങളുടെ ജീവന് മാത്രമല്ല അനേകരുടെ ജീവന് ആപത്താണ്.

ഞങ്ങൾ പോലീസുകാർ നിങ്ങളുടെ നന്മയ്ക്കാണ് പറയുന്നത്.ഇപ്പോൾ തന്നെ കട അടയ്ക്കണം കട താഴിട്ട് പൂട്ടുമ്പോൾ നാളയെക്കുറിച്ചുള്ള ആശങ്കയുടെ വാതിൽ തുറക്കുകയായിരുന്നു രാജൻ ചേട്ടൻ. അത് തോമസ് സാറും അറിഞ്ഞിരുന്നു,എങ്കിലും അയാൾക്ക് വേറെ വഴിയില്ലായിരുന്നു. ഈശോയുടേ... അതിദാരുണമാാാാം പീഢാാാ.... തോമസ് ഫോൺ ചാടിയെടുത്തു.അയാൾ ആ ഫോൺകോൾ പ്രതീക്ഷിച്ചിരുന്നു.

എന്താ പപ്പ അമ്മു എഴുന്നേൽക്കും മുൻപു പോയെ.

സോറി മോളെ ...പിന്നെ ഹാപ്പീ ബർത്തഡേ ടൂ യൂ..

ഒന്നും മിണ്ടണ്ട അമ്മൂന് ഒരു കേക്ക് പോലും പപ്പ വാങ്ങിത്തന്നില്ലല്ലോ ഞാൻ പിണക്കാ

പിണങ്ങല്ലേ അമ്മൂ പപ്പ കേക്ക് പിന്നെ വാങ്ങിത്തരാം

സത്യം?

സത്യം. അമ്മേടെ കയ്യിൽ ഫോൺ കൊടുത്തേ

എന്താ ഇച്ചായാ

നീ ഒരു അഞ്ച് അഞ്ചരയാകുമ്പോൾ എന്റെ കുറച്ച് തുണിയും പിന്നെ അപ്പച്ചനോട് പറഞ്ഞ് വാടകവീടിന്റെ താക്കോലും വാങ്ങി ഗേറ്റിന്റെ അവിടെ വയ്ക്കണം. ഞാൻ വന്ന് എടുത്തോളാം.

അപ്പോ ഇനി രാത്രിയിലും ഇങ്ങോട്ട് വരില്ലേ

ഇല്ല. നീ അമ്മുവിനെയും അപ്പച്ചനെയും പറഞ്ഞ് മനസ്സിലാക്കണം നമ്മുടെ നാടിനും വീടിനും വേണ്ടിയല്ലേ

മറുപടി കാക്കാതെ ഫോൺ കട്ട് ചെയ്ത് അയാൾ പാഞ്ഞു.

എങ്ങോട്ടാടാ നിന്നോടൊക്കെ വീട്ടിലിരിക്കണം എന്ന് പറഞ്ഞാൽ മനസ്സിലാവില്ലേ

അല്ല സാറെ സാധനെ വാങ്ങാൻ

ഇപ്പം ഒന്നും വാങ്ങണ്ട , മര്യാദയ്ക്ക് തിരിച്ചുപൊക്കോ

സിംഹത്തെ കണ്ടോടുന്ന മാനിനെപ്പോലെ അയാൾ സ്വഗ്രഹത്തിലേക്ക് മടങ്ങി.

സൂര്യൻ ഉച്ചിക്ക് മുകളിലെത്തിയപ്പോൾ തോമസിന്റെ വിയർപ്പ് ഭൂമിയിൽ പതിച്ച് മരിച്ചു. പലരുടെയും മുമ്പിൽ അതിക്രൂരനായി പെരുമാറേണ്ടി വന്നു അയാൾക്ക് . അയാൾക്ക് മാത്രമല്ല മറ്റ് പോലീസുകാർക്കും. വെളിച്ചത്തെ രാത്രി കീഴടക്കിയപ്പോൾ തോമസ് വീട്ടിലേക്ക് തിരിച്ചു. പടിവാതിൽക്കൽ നിന്നുകൊണ്ട് അയാൾ വിളിച്ചു. നിറവയറുമായി ആവുന്നത്ര വേഗത്തിൽ പത്നി വന്നു.

എന്താ ഇവിടെ നിക്കുന്നെ കേറിവാ ഞാൻ ചായയെടുക്കാം

ഇല്ല നീ ബാഗ് എടുക്ക് കേറുന്നില്ല ഞാൻ പൂവ്വാ

പപ്പാ..

അമ്മു ഓടിയെത്തിയപ്പോൾ ആ അച്ഛൻ അകന്നു മാറി

പപ്പയെ തൊടണ്ട മോള് മാറി നിൽക്ക്

അവൾ കിണുങ്ങി മാറിനിന്നു

ഇനി എന്നാ വരിക നാളെ വരുവോ

അറിയില്ല നോക്കാം ആരും പുറത്തേക്കൊന്നും ഇറങ്ങണ്ട

അയാൾ ഗേറ്റ് അടച്ച് നടക്കുമ്പോഴും ആ കുടുംബം അയാളെ തന്നെ നോക്കിനിൽക്കുകയായിരുന്നു.

സൂര്യനും ചന്ദ്രനും മാറി മാറി വന്നു നിധി സൂക്ഷിക്കുന്ന ഭൂതത്തിന്റെ ജാഗ്രതയോടെ പോലീസ് പടകൾ നാടിനെ സംരക്ഷിച്ചു പോന്നു. അതിനിടയിൽ തോമസ് നാല് തുമ്മി. ചുമയും കലശലായി. അയാൾ തൽക്കാലം പടയോട്ടത്തിന് വിരാമമിട്ട് വാടകവീട്ടിലിരിക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ പരിശോധനക്കയച്ച സാമ്പിളിന്റെ റിസൾട്ട് ,പോസിറ്റീവ്

പക്ഷേ അയാൾ അതിനെയും പോസിറ്റീവായി കണ്ടു. തന്റെ പോലീസ് ഉദ്യോഗം നേടിത്തന്ന ഒരു ബഹുമതിയായി അയാൾ അതിനെ കണക്കാക്കി.ഒരു ദുഃഖം ബാക്കി ഇനിയും ജനിക്കാത്ത ആ പൊന്നോമനയെ ഒരു നോക്ക് കാണാൻ . അനേകർക്കുവേണ്ടി ജീവൻ സമർപ്പിച്ച യേശുവിനെ തോമസ് ഓർത്തു, സമൂഹത്തിന്റെ മരണം താൻ സ്വന്തം തലയിൽ ഏറ്റുവാങ്ങുന്നു. അയാൾ സംപ്രീതനാണ്. ദിവസം കഴുയുംതോറും സ്ഥിതി മോശം. അപ്പോഴും താൻ കാരണം ആർക്കും ഈ മഹാമാരി പിടിപെട്ടില്ലെന്ന സന്തോഷം ഉള്ളിലുണ്ട്. ഓരോ തവണ ശ്വാസം വലിക്കുമ്പോഴും ചില്ലുകൊണ്ടുകേറുന്ന വേദന .ആ വേദനയിലും അയാൾക്ക് പ്രത്യാശ പകർന്നത് രാവന്തിയോളം തന്നോടൊപ്പമുള്ള ആരോഗ്യ പ്രവർത്തകരാണ് പതിയെ പതിയെ അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു. പൂർണ്ണമായും സുഖമായി.അയാൾ ആശുപത്രിയോട് വിടചൊല്ലി. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്ന കുറ്റവാളിയേയല്ല അദ്ദേഹത്തിന് ഓർമ്മ വന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടിക്കാലമാണ്. സ്വഭവനത്തിലേക്ക് അയാൾ മടങ്ങി.അയാളെ സ്വീകരിക്കാൻ വേനലിലും ഒരു കണ്ണീർ പെയ്തു. മഴ തോരും മുമ്പ് പാതി വഴിയിൽ നിന്നു പോയ ആ യാത്ര അയാൾ തുടങ്ങി. ഈ യാത്രയുടെ അവസാനം തോമസ് കാണുന്നില്ല. പക്ഷെ ഒന്നുറപ്പാണ് ഒരു തടസ്സവും ഈ യാത്രയെ ബാധിക്കില്ല. ഇരുളിനെ മുറിച്ചു കടന്ന് യാത്ര നീളുന്നു.