കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/ചിതലെടുക്കാത്ത ചിലത്
ചിതലെടുക്കാത്ത ചിലത്
പറയിപെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണ് കേരളീയർ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട, ജ്യോതിശാസ്ത്രജ്ഞൻ, വ്യാകരണ പണ്ഡിതൻ, ഭൗതികശാസ്ത്ര പരിജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയിൽ പിറന്ന പന്ത്രണ്ട് മക്കളുടെ ഐതിഹ്യകഥയെ നോവൽ രൂപത്തിൽ ഇന്നലത്തെ മഴ എന്ന ആഖ്യാനത്തിലൂടെ എൻ മോഹനൻ രചിച്ചിരിക്കുക യാണ്. രാജകീയ പ്രൗഢിയിൽ ജീവിക്കാമായിരുന്നെങ്കിലും അതൊക്കെ ഉപേക്ഷിച്ച് 13 സംവത്സരക്കാലത്തെ ഗുരുകുലവാസത്തിനുശേഷംഅധീതിബോധാചരണങ്ങളുടെ ആദ്യ ക്രമികകളെല്ലാം സ്വായത്തമാക്കി, ജ്ഞാന വിജ്ഞാനങ്ങളുടെ കവാടങ്ങൾ തുറന്ന്, സനാതനസത്യത്തിന്റെ പൊരുൾ തേടുവാനുള്ള ആഗ്രഹത്താൽ കർമ്മകാണ്ഡത്തിൽ വേണ്ടിവരുന്ന തീവ്രസാധനകളുടെ കാർക്കശ്യത്തെ പറ്റിയും ജീവചോദനങ്ങളുടെ അതീവലോലവും വിച്ഛേദിക്കുവാനാകാത്ത തുമായ പ്രതിപ്രവർത്തനങ്ങളെ പറ്റിയും ക്ഷുദ്രങ്ങളായ ഹൃദയ ദൗർബല്യങ്ങളെ പറ്റിയുമുള്ള അകാല ജ്ഞാനത്തിനുവേണ്ടി പണ്ഡിതനാകാൻ ആഗ്രഹിച്ചിറങ്ങിയ വരരുചിയുടെ ജീവിതത്തിലൂടെയാണ് നോവൽ കടന്നുപോകുന്നത്. വിക്രമാദിത്യ മഹാരാജാവിന്റെ സദസ്സിലെ ആസ്ഥാന പണ്ഡിതനെന്ന സ്ഥാനം ലഭിച്ചിട്ടും വീണ്ടും ജീവരാശിയുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പിന്നിലെ സമസ്യ അറിയാനും ജീവിതമെന്ന പ്രഹേളികയുടെ കുരുക്കഴിക്കാനും, പ്രകൃതിശക്തിയുടെ സ്രോതസ് കണ്ടെത്താനും അദ്ദേഹം യാത്ര ആരംഭിക്കുകയാണ്. പ്രാപഞ്ചിക സത്യം തേടി അലയുന്ന പാന്ഥനായ വരരുചി തന്റെ യാത്രയിൽ പലരെയും കണ്ടെത്തുന്നു. ഇതിനിടയിൽ ഗുരുസന്നിധിയിലെ തപസ്യയുടെയും സാധനയുടെയും വിശിഷ്ട സിദ്ധി ഉപയോഗിച്ച് ഒരിക്കൽ അദ്ദേഹം കൈലാസ സാനുക്കളിൽ നിന്നെത്തുന്ന കാലത്തെയും നിമിത്ത ത്തെയും വിധിയേയും സൂചിപ്പിക്കുന്ന കാലമേനി പക്ഷികളുടെ സംസാരം ശ്രവിക്കാനിടയായി. " അടുത്തുള്ള ഒരു പറയ കുടിലിൽ പിറന്ന പെൺകുട്ടിയാണ് വരരുചിയുടെ ജീവിത പങ്കാളിയാകാൻ പോകുന്നതെന്നായിരുന്നു" അത്. എന്നാൽ ഇതിനെ മറികടക്കാൻ ശ്രമിച്ച വരരുചി ആ പിഞ്ചു ബാലികയുടെ നെറ്റിയിൽ കാരമുള്ള് തറച്ചുകയറി വാഴപ്പോളയിൽ ഒഴുക്കി വിടുകയാണ് ചെയ്തത്. എല്ലാം കാലമാണ് പ്രവചിക്കുന്നത് കാലത്തിന്റെ ഗത്യന്തരങ്ങളിൽ നാം വെറും ദൃക്സാക്ഷികളും വക്താക്കളും മാത്രം. പിന്നീടുള്ള യാത്രയിൽ വരരുചി ഒരു ബ്രാഹ്മണൻ എടുത്തു വളർത്തുന്ന പെൺകുട്ടിയായി പഞ്ചമിയെ കാണുകയും പിന്നീട് അവരുടെ ജീവിത കാലഘട്ടത്തിനിടയ്ക്ക് അവൾ പണ്ട് തന്റെ യാതനയ്ക്കിരയായ പിഞ്ചുബാലികയാണെന്ന സത്യം വരരുചി തിരിച്ചറിയുന്നു. വിധിയെ തോൽപ്പിക്കാനെന്നോണം കുഞ്ഞിന് വായു ണ്ടെങ്കിൽ ഇരയുമുണ്ട് എന്ന പ്രസ്താവനയും ചൊല്ലി തന്റെ പതിനൊന്നുമക്കളെ ജനിച്ചുവീണ സ്ഥലത്ത് തന്നെ ഉപേക്ഷിക്കുന്നു. പന്ത്രണ്ടാമത്തെ കുട്ടിയെ പഞ്ചമിക്ക് വളർത്താൻ കൊടുക്കാം എന്ന് തീരുമാനിച്ച വരരുചിക്ക് അവിടെവച്ച് തന്റെ തെറ്റ് ബോധ്യമായി. അവിടെ മരിച്ചുവീണ ആ പിഞ്ചു ബാലകനെ അവർ ഒരു കുന്നിനുമുകളിൽ പ്രതിഷ്ഠിക്കുന്നു. അതാണ് പിന്നീട് ഖ്യാതിനേടിയ ഇന്നും കേരളത്തിലുടനീളമുള്ള വിശ്വാസികൾ ധാരാളമായെത്തുന്ന പ്രസിദ്ധമായ വായില്ലാക്കുന്നിലപ്പന്റെ ക്ഷേത്രം. പിന്നീട് അരൂപിയും അമാനുഷികനുമായ വായില്ലാക്കുന്നിലപ്പൻ അത്ഭുതസിദ്ധിയാൽ പഞ്ചമി എന്ന മാതാവിന്റെ ജീവിതത്തിന്റെ അന്ത്യാഭിലാഷമായി അദ്ദേഹം തന്റെ ഹേമധൂമങ്ങൾ ഉയരുന്ന യാഗ ഭൂമിയിൽ കർമ്മനിരതരായിരിക്കുന്ന പത്ത് സഹോദരന്മാരെയും സഹോദരിയെയും അമ്മയ്ക്ക് മുന്നിൽ നിർത്തുന്നതോടെ നോവൽ പര്യവസാനിക്കുന്നു. മാനസാന്തരത്തിന്റെയും മാനവികതയുടെയും മഞ്ജുളമായ മനസ്സിനധിഷ്ഠിത മായൊരമ്മ ജീവിതാവസാനംവരെ നാനാ ദേശങ്ങളിലാണെങ്കിൽ പോലും ജീർണ്ണിക്കാത്ത മനസ്സുമായി സ്നേഹിക്കുന്ന ഒരാഖ്യാനമാണിത്. മത ഭ്രാന്തിന്റെയും മറ്റും പേരിൽ ക്രൂര നരഹത്യകൾ നടക്കുന്ന ഈ പുതുയുഗത്തിൽ വ്യത്യസ്തജീവിതസാഹചര്യങ്ങളിൽ പിറന്ന പറയിപെറ്റ ഈ പന്തിരുകുലത്തിന്റെ ഐക്യം ശ്രദ്ധയാകർഷിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ