പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandeep (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ പാഠം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ പാഠം

ആരും വിളിക്കാതെ തന്നെ ഞാൻ നേരത്തെ എഴുന്നേറ്റു. സ്കൂളും മദ്രസയുമുണ്ടാകുമ്പോൾ ഉറങ്ങിയാൽ മതിയാവാറില്ല. അപ്രതീക്ഷിതമായി എല്ലാം പൂട്ടിയതിൽ പിന്നെ ഞാൻ അങ്ങനെയാണ്. കാക്കയുടെ കൂട്ടക്കരച്ചിൽ ഞാൻ കേട്ടു. കൊറോണ വന്നിട്ടും ഒരു പേടിയുമില്ലാതെ കൂട്ടം കൂടുന്നവർ, ഇത് വല്ല മനുഷ്യരും ആണെങ്കിൽ എപ്പോഴോ പുറത്ത് പോലീസിന്റെ വടിയുടെ വര വീഴും.

ഇതൊക്കെ ആലോചിച്ചു ഞാൻ കോലായിൽ പോയിരുന്നു, അപ്പോഴാണ് ഞാൻ ഒരു സങ്കട കാഴ്ച കണ്ടത്. എന്റെ വലിയുപ്പ ഞങ്ങളുടെ 'ടോമി' എന്ന നായകുട്ടിയെ കുളിപ്പിക്കുന്ന കുളത്തിൽ നിന്നും ഒരു മൈന വെള്ളം കുടിക്കുന്നു, കുറേ തിരഞ്ഞിട്ടും അതിന്റെ ഇണയെ കാണാനില്ല. എനിക്ക് ദുഃഖം തോന്നി.

പല കിളികൾ അതിൽ നിന്നും വെള്ളം കുടിച്ചു പോകുന്നു, അപ്പൊ ഇതില്ലെങ്കിൽ അവർ എവിടുന്നാ വെള്ളം കുടിക്കാ...! ഞാൻ ഉമ്മച്ചി യോട് എൻറെ സംശയം അവതരിപ്പിച്ചു. ഉമ്മച്ചി പറഞ്ഞു "നിന്റെ ഈ കുട്ടി കുളത്തിനേക്കാൾ വലിയ എത്ര കുളങ്ങൾ ഉണ്ട് അവർക്ക് വെള്ളം കുടിക്കാൻ നീ അതൊന്നും ആലോചിക്കേണ്ട മോനെ.” ഉമ്മ ഏത് കാലത്തെ കാര്യമാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി.

ഞാൻ ആലോചിച്ചു ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ കുളം ഉണ്ടായിരുന്നു, ഞാനും എന്റെകൂട്ടുകാരും സ്കൂൾ വിട്ടു വന്നാൽ എന്നും കുളിക്കാൻ പോയിരുന്ന കുളം. അതിൽ ഒരു നീർക്കോലി ഉണ്ടായിരുന്നു. ഞങ്ങളെ പേടിപ്പിക്കാൻ മാളത്തിൽ നിന്നും പുറത്തിറങ്ങുന്ന അവനെ എന്റെ കൂട്ടുകാരനായ വിനുവാണ് എടുത്ത് വലിച്ചെറിഞ്ഞത്. വിനുവിന് നല്ല ധൈര്യമാ...

അവൻ എലിയെയും പെരുച്ചായിയെയുമൊക്കെ കെണിവെച്ച് കൊന്നിട്ടുണ്ടത്രേ....! ആ കുളം ഒരുപാട് വട്ടം ഞങ്ങൾക്ക് സുഖവും സന്തോഷവും നൽകിയ കുളമാണ്. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ആണ് ഞാൻ ആ സങ്കടപ്പെടുത്തുന്ന കാഴ്ച കണ്ടത്. കുളം ജെ സി ബി കൊണ്ട് മണ്ണിട്ടു മൂടുന്നു. ഞങ്ങൾക്ക് വലിയ സങ്കടമായി. അപ്പോൾ അതിലെ തവളയും മീനും ഒക്കെ ഒരുപാട് കരഞ്ഞിട്ടുണ്ടാകും. എന്നിട്ട് പിടഞ്ഞ് പാവങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകും.

കാര്യം അറിഞ്ഞോ അറിയാതെയോ കാക്കയും കൊറ്റിയും പ്രാവുകളും ഒക്കെ ആ വണ്ടിക്ക് ചുറ്റും നിന്നിരുന്നു, ഇതൊക്കെ ആലോചിച്ചു ദുഃഖിച്ചിട്ട് കാര്യമില്ല എന്ന് കരുതി ഞാൻ മനസ്സിൽ നിന്നും ആ ചിന്തകളെ കാറ്റിൽ പറത്തി .

പിന്നെ ഞാൻ വലിയുപ്പയോട് പറഞ്ഞു. "വല്യാപ്പ.. ഇനിമുതൽ ടോമിയെ ആ കുളത്തിൽ നിന്നും കുളിപ്പിക്കേണ്ടട്ടോ...”,കാര്യം തിരിച്ചറിഞ്ഞ പോലെ ടോമി ഭയങ്കര കുര. അപ്പോൾ വല്ലിപ്പ ടോമി എന്നു വിളിച്ചപ്പോൾ അവൻ കുരക്കൽ നിർത്തി. നല്ലവണ്ണം സോപ്പിട്ടു കുളിപ്പിച്ചില്ലെങ്കിൽ നമ്മുടെ ടോമിക്കും കൊറോണ പിടിപെടില്ലേ....? അപ്പോൾ ഞാൻ ചോദിച്ചു. "വല്യാപ്പ.... അതിനെ കുളിപ്പിച്ച വെള്ളം കുടിക്കുന്ന പക്ഷികളുടെ കാര്യമോ?” അപ്പോൾ വല്യാപ്പ പറഞ്ഞു "നീ അവർക്ക് വല്ല പഴയ പാത്രത്തിലും .വെള്ളം ഒഴിച്ചു കൊടുക്ക്. അവർക്ക് കുടിക്കാൻ എന്തിനാ ഒരുകുളം വെള്ളം"

ഞാൻ പഴയ പാത്രത്തിൽ വെള്ളവുമായി എത്തിയപ്പോൾ തനിച്ചു നിന്നിരുന്ന ആ മൈന തൻറെ ഇണയുമായി വന്നിരിക്കുന്നു, അവരുടെ ഉല്ലാസം കണ്ടപ്പോൾ എനിക്കും അതിയായ സന്തോഷം തോന്നി അപ്പോഴാണ് എൻറെ ഉമ്മമ്മ പണ്ട് എനിക്ക് പറഞ്ഞു തന്ന കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞത്. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഉമ്മമ്മ എന്നോട് പറയാറുണ്ടായിരുന്നു, ഒരു മൈനയെ കണ്ടാൽ ദുഃഖവും രണ്ടു മൈനകളെ കണ്ടാൽ സന്തോഷവും വരുമെന്ന്.

വൈകുന്നേരമായപ്പോൾ എൻറെ കൂട്ടുകാർ എന്നെ കളിക്കാൻ വിളിച്ചു, ഞാൻ അവരോട് പറഞ്ഞു ഉമ്മയോട് അനുവാദം ചോദിച്ചു വരാം. ഞാൻ ഉമ്മയെ വിളിച്ചു, "ഉമ്മച്ചി.... എന്റെ കൂട്ടുകാർ എന്നെ കളിക്കാൻ വിളിക്കുന്നു ഞാൻ അവർക്കൊപ്പം കളിക്കാൻ പോകട്ടെ?"ഉമ്മച്ചി പറഞ്ഞു "ആരും കൂട്ടം കൂടരുതെന്ന് ആരോഗ്യ വകുപ്പും പോലീസും ഒക്കെ നമ്മോട് പറഞ്ഞത് നീ അറിഞ്ഞതല്ലേ മോനെ ....പിന്നെ എന്തിനാ നാം ആയിട്ട് ആ മഹാമാരിയെ ഇങ്ങോട്ട് ക്ഷണിച്ചുവരുത്തുന്നത്? അത് മാത്രമല്ല നാം കൂട്ടം കൂടിയാൽ നമുക്ക് തന്നെയാണ് നഷ്ടം. നാം വിചാരിക്കും പോലീസിനെ പറ്റിച്ചു എന്ന് യഥാർത്ഥത്തിൽ നാം പറ്റിക്കുന്നത് നമ്മളെ തന്നെയാണ്. നീ ഞാൻ പറഞ്ഞത് കൂട്ടുകാരോട് ഒരു മീറ്റർ എങ്കിലും വിട്ടു നിന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അവരോട് സംസാരിച്ച ശേഷം പുറത്ത് നിന്നും ഹാൻഡ് വാഷ്‌ കൊണ്ട് കൈ നന്നായി കഴുകി മാത്രമേ അകത്തേക്ക് കയറാവൂ. ഇതൊക്കെ ഞാൻ പറയുമ്പോൾ മോനേ നിനക്ക് എന്നോട് ദേഷ്യം ഉണ്ടാവും എന്ന് എനിക്കറിയാം. അതൊക്കെ മനസ്സിലാവാൻ എന്റെ മോൻ ഇന്ന് രാത്രി കൊച്ചു ടിവി കാണാതെ ന്യൂസ് കാണണം. അപ്പോൾ നിനക്ക് ഞാൻ പറഞ്ഞ കാര്യങ്ങളുടെ ഒക്കെ പൊരുൾ മനസ്സിലാകും." അന്നേരം ഞാൻ ചിന്തിച്ചു എന്തിനാ ഇങ്ങനെയൊരു വെക്കേഷൻ ഇതിൻറെ ആവശ്യം ഇല്ലായിരുന്നു, ആദ്യമൊക്കെ അവധിക്കാലത്തെ ഓർത്തു ഞാൻ ആഹ്ലാദിച്ചത് വലിയ മണ്ടത്തരമായി. ഞാൻ കൂട്ടുകാരോട് ഉമ്മ പറഞ്ഞതൊക്കെ പറഞ്ഞു കൊടുത്തു. അങ്ങനെ അവർ പോയി. വിഷമം കൊണ്ട് ഞാൻ ചുമരിനോട് പന്തുതട്ടി കളിച്ചു.

അന്ന് രാത്രി ആയപ്പോൾ ഞാൻ ടിവിയിൽ ന്യൂസ് ചാനൽ കണ്ടു, ന്യൂസ് ചാനലിലെ വാർത്തകളൊക്കെ കേട്ടപ്പോഴാണ് കൊറോണ ഇത്രയും ഭയങ്കരൻ ആണെന്ന് ഞാൻ അറിഞ്ഞത്. അന്നുരാത്രി തന്നെ ഞാൻ ഒരു പ്രതിജ്ഞയെടുത്തു "ഈ കൊറോണയെ അതിജീവിക്കാൻ വേണ്ടി ആരോഗ്യ വകുപ്പും പോലീസുകാരും ഡോക്ടർമാരും ഒക്കെ തരുന്ന മുൻകരുതലുകൾ ഞാൻ കൃത്യമായി പാലിക്കും" എന്ന്. എന്നാലും എനിക്കൊരു പേടി, ഞാൻ ഉമ്മച്ചിയോട് ന്യൂസിൽ കണ്ടതൊക്കെ പറഞ്ഞു. "ഇത്രയും നല്ലൊരു ആരോഗ്യവകുപ്പ് നമുക്കില്ലേ മോനേ... പിന്നെന്തിനാ പേടിക്കുന്നത്. നമുക്ക് ഭീതി അല്ല ജാഗ്രതയാണ് വേണ്ടത്". ഇത് കേട്ടപ്പോൾ ഒരു ആത്മവിശ്വാസം എനിക്കുണ്ടായി. ഞാനും എൻറെ കേരളവും ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.

അസീം അബ്ദുള്ള എം.സി
5 C പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
അനുഭവം