ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/മുള്ളുകളുള്ള പുഷ്പം
മുള്ളുകളുള്ള പുഷ്പം
ഇപ്പോൾ ലോക്ഡൗൺ കാലമായതിനാൽ രാത്രിയിൽ കമ്പ്യൂട്ടറിൽ ഗെയിമൊക്കെ കളിച്ച് വളരെ താമസിച്ചാണ് ഉറങ്ങിയത്. അതുകൊണ്ടുതന്നെ എഴുനേൽക്കാൻ വളരെ താമസിച്ചു. ഞാൻ ജനലിലൂടെ നോക്കി. അവിടെ ആ പ്ലാവിന്റെ ചോട്ടിൽ കുറേ കിളികൾ. അവർ പരസ്പരം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ അനിയത്തിയെ വിളിച്ചു കാണിച്ചു. അവൾ അവയുടെ അടുത്തേക്കു നീങ്ങി. അപ്പോഴേക്കും അവയെല്ലാം പറന്നു പോയി. ഞാൻ വീണ്ടും അവിടേക്കു നോക്കി.അവിടെ എന്തോ അനങ്ങുന്നതുപോലെ. നിറയെ നീണ്ട മുള്ളുകളുള്ള ഒരു പുഷ്പം പോലെ. അത് അന്തരീക്ഷത്തിലിങ്ങനെ പാറി നടക്കുന്നു. അത് പതുക്കെപ്പതുക്കെ എന്റെ അടുത്തേക്ക് വരുന്നതുപോലെ. ഞാൻ അകത്തേക്ക് ഓടി.അച്ഛന്റെയും അമ്മയുടെയും അടുത്തുചെന്നു പറഞ്ഞു. അവർ അനിയത്തിയേയും എടുത്ത് ഓടി. അമ്മ പിറകെ എന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് ഓടി. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അപ്പൂപ്പൻതാടിയെപ്പോലെ ആ പുഷ്പം പറന്നുപറന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു.ഓടിയോടി ഞങ്ങൾ ഒരു കാട്ടിലെത്തി. ആ കാട് വളരെ ഇരുണ്ടതായിരുന്നു. ഞാൻ ചുറ്റും നോക്കി. പെട്ടെന്ന് ആ കാട്ടിലെ മൃഗങ്ങൾ എന്നെ നോക്കി കൈ വീശുന്നു. ങേ! എന്നെ നോക്കി കൈ വീശുന്നുവോ! എനിക്ക് വിശ്വസിക്കാനായില്ല. ആകാശത്തു നോക്കുമ്പോൾ പല നിറത്തിലുള്ള കിളികൾ എന്നെ നോക്കി പാട്ടു പാടുന്നു. അവർക്കിടയിലൂടെ ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. എന്റെ സംശയങ്ങൾ കൂടിക്കൂടി വന്നു. എന്നെ നോക്കി കൈ വീശികാണിച്ച മൃഗങ്ങൾ പെട്ടെന്ന് മാഞ്ഞു പോയി. ആകാശത്ത് പല നിറത്തിലുള്ള പക്ഷികൾ എങ്ങോ പറന്നു പോയി. ഞാൻ പിന്നിലേക്കു നോക്കിയപ്പോൾ ആ പുഷ്പം ചിരിച്ചുകൊണ്ട് പറന്നു വരുന്നു. ഞാൻ ചോദിച്ചു, നീ ആരാണ്? നീയെന്തിനാ ഞങ്ങളുടെ പിന്നാലെ വരുന്നത്? അപ്പോൾ എന്നെ നോക്കി പറന്നു കൊണ്ട് ആ പുഷ്പം പറഞ്ഞു, നീ എന്നെ നോക്കി ചിരിച്ചതുകൊണ്ടാ ഞാൻ നിന്റെ പിന്നാലെ വന്നത്. നീ എന്നെ തൊട്ടാൽ ഞാൻ നിന്റെ കൂടെ വരും. ഞാനേ കൊറോണയാ.ദേ നിങ്ങള് കൈ എത്താവുന്ന ദൂരത്ത് വന്നാലേ ഞാൻ നിന്റെ കൂടെ വരൂ. എനിക്ക് പുറത്തങ്ങനെ കൂടുതൽ നേരം ജീവിക്കാൻ പറ്റില്ല. എനിക്ക് കൂടുതൽ സമയം ജീവിക്കാൻ പറ്രുന്നത് മനുഷ്യന്റെ ശരീരത്തിലാ. എനിക്കീ ലോകത്ത് എവിടെ വേണമെങ്കിലും പോകാം. ഞാനാണ് കൊറോണ. ഇത് കേട്ട ഞാൻ ഭയന്നു. ഞാൻ ഓടുന്ന വേഗത കൂട്ടി. അപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്. ഒരു മേശ. അവിടെ ആ മേശയിൽ സോപ്പും വെള്ളവും ഉണ്ടായിരുന്നു. അപ്പോൾ അച്ഛൻ പറഞ്ഞു വേഗം പോയി കൈകൾ വൃത്തിയായി കഴുകാൻ. അങ്ങനെ പറഞ്ഞതും ഞങ്ങൾ ഓടിപ്പോയി കൈ വൃത്തിയായി കഴുകി. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ആ ഭീകര കൊറോണയെ കാണാനില്ല. ഞാൻ വീണ്ടും ചുറ്റിനും നോക്കി. പെട്ടെന്ന് ആ ഇരുണ്ട കാട് പ്രകാശ പൂർണമായി. ഒടുവിൽ ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി. പതുക്കെപ്പതുക്കെ ഞങ്ങൾ മയങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്നെ ആരോ ആഞ്ഞടിച്ചു. ഞാൻ ഞെട്ടി എഴുന്നേറ്റു. അപ്പോൾ അമ്മ പറഞ്ഞു, എന്തൊരുറക്കമാണിത്? നേരം വെളുത്തത് അറിഞ്ഞില്ലേ? പിന്നാണ് എനിക്ക് മനസ്സിലായത്, ഞാൻ കണ്ടത് സ്വപ്നമാണെന്ന്. ഞാൻ പത്രമെടുത്ത് നോക്കി. അമേരിക്കയിലും ഇറ്റലിയിലും ആയിരക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. ആ വാർത്ത എനിക്ക് വളരെ വിഷമമായി. എത്രയെത്ര മനുഷ്യരാണ് അവരുടെ പ്രിയപ്പെട്ടവരെ കാണാതെ യാത്രയാകുന്നത്? ഞാൻ വാതിൽ തുറന്നു. പുറത്ത് ഓരോന്നോർത്ത് ഞാൻ നിന്നു.
ചെരിച്ചുള്ള എഴുത്ത് |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ