ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ഒടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
ഒടുക്കം


ഒന്ന്. അമ്മ

കണ്ണുനീരിന് ചുവന്ന നിറമായിരുന്നു.വേദന അതിന്റെ അതിർവരമ്പുകളെല്ലാം ലംഗിച്ചെങ്കിലും അവൾ ഒരക്ഷരവും മിണ്ടുന്നില്ല. "നീ എന്തിനാണിങ്ങനെ വേദന തിന്നുകൊണ്ടിരിക്കുന്നത്?" ജ്വലനത്തിന്റെ കാഠിന്യമത്രയും അതിന്റെ പരമോന്നതിയിൽ എത്തിയിരുന്നു.മറുത്ത് ഒന്നും പറയാനില്ലാത്തതിനാൽ അവൾ മിണ്ടുന്നേയില്ല. "ഇവളുടെ അഹങ്കാരം എന്തായിരുന്നു ജീവനുള്ള ഒരേയൊരു ഗ്രഹം,ഇപ്പോൾ എല്ലാം അടങ്ങി.അവൾ തന്നെ വേദന സഹിക്കുന്നു" ആരും വിട്ടുകൊടുക്കുന്നില്ല. "നിങ്ങളാരും പരിഭ്രമിക്കേണ്ട.എന്റെ മക്കൾ ഒരു ദോഷവും വരുത്തില്ല" അമ്മയുടെ മറുപടി ആയിരുന്നു വെറും അമ്മയുടെ. "നീ തന്നെ നോക്കൂ അവർ മനുഷ്യർ നിന്റെ ബാക്കിയുള്ള മക്കളെ ഇല്ലാതാക്കുകയാണ്" ചുവന്നവൻ പറഞ്ഞു. "ദാ മൂർച്ചയേറിയ പല്ലുകൾ കുന്നുകൾക്ക് മുകളിലൂടെ ദയയില്ലാതെ സഞ്ചരിക്കുന്നത് കാണുന്നില്ലേ?" വലയങ്ങൾ ഉള്ളവനു കൂട്ട്പിടിച്ചു. "എല്ലാ കോണിലും ഇത് തന്നെയാണാവസ്ഥ"എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു."കൈകളും കാലുകളും ഛേദിച്ചു നിൽക്കുന്ന നിന്റെ മക്കളെ കാണുമ്പോൾ നിനക്ക് ഒന്നും തോന്നുന്നില്ലേ?"കൂട്ടത്തിലെ വലിയവൻ പറഞ്ഞു."ഭാരങ്ങൾ താങ്ങിക്കൊണ്ടാണ് നദികളൊക്കെയും ഒഴുകിക്കൊണ്ടിരിക്കുന്നത് ഇതൊന്നും നിന്റെ കണ്ണിൽ കാണുന്നില്ലേ? അന്തരീക്ഷം നോക്കൂ ചാരനിറം.ഇങ്ങനെയാണോ നീയുണ്ടായിരുന്നത്.നിന്റെ അഴകിൽ എല്ലാവരും അസൂയപ്പെട്ടിരുന്നില്ല?" ചെറിയവനും ഉപദേശിക്കാൻ മറന്നില്ല."നീ സൂക്ഷിച്ചോ അടുത്ത അവരുടെ ലക്ഷ്യം നീയാണ്" ചുവന്നവന് നേരെ തിരിഞ്ഞ് എല്ലാവരും പറഞ്ഞു."എന്റെ നേരെയോ ഞാൻ ഇവളെപ്പോലെ എല്ലാം സഹിക്കുകയൊന്നും ഇല്ല.അവളെ മടുത്തപ്പോൾ ഇങ്ങോട്ടോ?" പരിഭ്രമത്തിന്റെ ചാർച്ചയുള്ള വാക്കുകൾ ആയിരുന്നു."നിന്നെ മടുത്തിരിക്കുന്നു ഇപ്പോഴും നിനക്കൊന്നും പറയാനില്ലേ?"എല്ലാവരും ചോദ്യങ്ങളുടെ മൂർച്ച കൂട്ടി."നിങ്ങൾക്കോർ മയുണ്ടോ ഞാനവരെ ഗർഭം ധരിച്ച കാലം,നിങ്ങൾക്കാർക്കും ഇല്ലാത്ത സൗഭാഗ്യം എന്നിലേക്കല്ലേ വന്നത്?" അമ്മയുടെ മറുപടിയായിരുന്നു വെറും അമ്മയുടെ."നിന്റെ വേദന നമുക്ക് മനസിലാകും,പക്ഷെ ഇവർ മനുഷ്യർ നിന്നെ തന്നെ ഇല്ലാതാക്കും"സഹോദര സ്നേഹം വാക്കുകളിൽ വലിയ ഇടം പിടിച്ചിരുന്നു."നിങ്ങൾ പറയുന്നത് ശരിയായിരിക്കും എന്നാൽ ഓർമ്മയ്ക്ക്...... "

രണ്ട്.ശേഷമോ?

ആരും ഒന്നും മിണ്ടുന്നില്ല.മൗനത്തിന്റെ ശബ്ദ ഉച്ചത്തിൽ കേൾക്കാം.എല്ലാത്തിൽ നിന്നും വ്യത്യസ്തമായി അവൾ ചതുരാകൃതിയിൽ കാണപ്പെട്ടു."ഞാൻ സ്വയം എടുത്ത തീരുമാനമാണ് ഇതല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല.ഞാൻ സ്വയം ഇല്ലാതാകുന്നു അല്ലെങ്കിൽ അവർ....."അവളുടെ വാക്കുകൾ അവളിലേക്ക് മാത്രമായി പ്രതിധ്വനിച്ചു.

വർഷ പി
10 B ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ