ജി.എം.വി. എൽ.പി.എസ് വർക്കല/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്
ആരോഗ്യം സമ്പത്ത്
ഒരിടത്തൊരിടത്ത് ദാമു എന്ന് പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു.പണം കൊണ്ട് ധനികനാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ അയാൾ ദരിദ്രനായിരുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ എല്ലാം വലിച്ചെറിയുന്ന സ്വഭാവക്കാരനായിരുന്നു ദാമു. ദാമുവിന്റെ സ്വഭാവത്തിനു നേരെ വിപരീതമായിരുന്നു അദ്ദേഹത്തിന്റെ അയൽക്കാരനായ ബാലുവിന്റെ സ്വഭാവം. ബാലു പണം കൊണ്ട് ദരിദ്രനാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ധനികനായിരുന്നു. ബാലു എപ്പോഴും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമായിരുന്നു. എന്നാൽ ദാമുവിന്റെ പരിസരം ഈച്ചയും കൊതുകും നിറഞ്ഞതായിരുന്നു. ഒരു ദിവസം ദാമുവിനു വയറു വേദന വന്നു. വൈദ്യനെ കണ്ട് മരുന്ന് വാങ്ങി കഴിച്ചപ്പോൾ വേദന ശമിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വയറുവേദനയ്ക്കൊപ്പം ഛർദ്ദിയും തുടങ്ങി. പല വൈദ്യന്മാരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദാമു പുറത്തിറങ്ങാൻ പറ്റാത്തവിധം കിടപ്പിലായി. കുറേ ദിവസമായി ദാമുവിനെ പുറത്തു കാണാഞ്ഞ് ബാലു ദാമുവിന്റെ വീട്ടിൽ എത്തി. അപ്പോഴാണു ബാലു ദാമുവിന്റെ വീടിന്റെ പരിസരം ശ്രദ്ധിച്ചത്, നിറയെ ചപ്പുചവറുകൾ നിറഞ്ഞിരിക്കുന്നു വീടിനകത്ത് കയറിയപ്പോൾ ദാമു അവശനായി കിടക്കുന്നതാണു ബാലു കണ്ടത്. ബാലുവിനു ദാമുവിനെ കണ്ടപ്പോൾ വളരെ വിഷമം തോന്നി. വിവരങ്ങൾ തിരക്കിയപ്പോൾ ദാമുവിനു അസുഖം ഉണ്ടായതിന്റെ കാരണം ബാലുവിനു മനസ്സിലായി. രോഗം ഉണ്ടാകാൻ കാരണം വീടിന്റെ പരിസരത്തെ വൃത്തിയില്ലായ്മയാണെന്ന് ദാമുവിനെ ബോധ്യപ്പെടുത്തി. അസുഖത്തിൽ നിന്നും തന്നെ രക്ഷിക്കണം എന്നു ദാമു ബാലുവിനോട് പറഞ്ഞു. ബാലു സഹായിക്കാമെന്ന് ഏറ്റു. അന്ന് തന്നെ കുറെ ജോലിക്കാരെ വിളിച്ച് വീടും പരിസരവും വൃത്തിയാക്കിച്ചു. വൈദ്യന്മാരെ വീട്ടിൽ വരുത്തിച്ച് ദാമുവിനെ ചികിത്സിക്കുകയും ചെയ്തു. പതുക്കെ പതുക്കെ ദാമു പഴയതുപോലെയായി. പിന്നീട് ഒരിക്കലും ദാമു തന്റെ വീടും പരിസരവും വൃത്തികേട് ആക്കിയിട്ടില്ല. ബാലുവും ദാമുവും ഉറ്റസുഹൃത്തുക്കളായി. ഗുണപാഠം പരിസര ശുചിത്വം പാലിച്ച് രോഗങ്ങളെ ചെറുക്കാം.
|