Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാപുരാണം (തുള്ളൽക്കവിത)
എന്നാലിനിയൊരു കഥയുരചെയ്യാം
എന്നാചാര്യർ തുണച്ചീടേണം
തുള്ളൽക്കളിയിൽ പലതും പറയും
അതുകൊണ്ടാർക്കും പരിഭവമരുതേ
ലോകം മുഴുവൻ വീട്ടിലിരിപ്പായ്
രോഗം നാട്ടിൽ പാറിനടപ്പായ്
ഇന്നലെ വരെ നാം ചെയ്തതു നോക്കൂ
ഇല്ലതിലധികം രസമിന്നോർത്താൽ
ബർഗറുവാങ്ങാൻ മാളിൽ പോണം
മോന്തിരസിക്കാൻ ബാറിൽ പോണം
ഫോറൻസിക്ക്,ട്രേൻസ്,കപ്പേള
കാണാൻ 'മൾട്ടിപ്ലക്സിൽ' പോണം
ഫോട്ടോഷൂട്ടിന് പാർക്കിൽ പോണം
ഹോട്ടലിൽ നിന്നൊരു റോസ്റ്റും വേണം
സിംല,മണാലി,ഡറാഡൂൺ ചുളുവിൽ
കൂടെക്കൂടെ കുളുവിൽ പോണം
കല്യാണത്തിനു കാലത്തേപോയ്
കൈ കഴുകാതെ വിഴുങ്ങീടേണം
ഹൗസ് വാമിങ്,റിസപ്ഷൻ,ബേർത്ത്ഡേ
സെറിമണി ആഴ്ചയിൽ ഏഴിനു പോണം
മുക്കിനുമുക്കിനു റെസ്റ്റോറന്റുകൾ
മൂക്കിനുമുട്ടേ തിന്നാൻ വേണം
കൈത്തറിമേള,പുസ്തകമേള
ചക്കകൾമാങ്ങയിലക്കറിമേള
പഞ്ചായത്തുകൾതോറും ഫെസ്റ്റുകൾ
അഞ്ചാറെണ്ണം ഉറപ്പിക്കേണം
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
ആളുകൾ കാശുകളഞ്ഞും മേനിയിൽ
നാളുകൾ തള്ളി രസിക്കും നേരം
കേമനൊരുത്തൻ പേര് 'കൊറോണ'
ഫോറിനുരുപ്പടി നാട്ടിൽ വന്നു
തട്ടുപൊളിപ്പനൊരവധിക്കാലം
മൂപ്പർ പൊളിച്ചതു കയ്യിൽ തന്നു
ബർഗറുമില്ല, റോസ്റ്റുകളില്ല
സിനിമയ്ക്കാണേൽ ടാക്കീസില്ല
ആഘോഷങ്ങളുമാചാരങ്ങളും
ഒന്നും തന്നെ നടക്കുന്നില്ല
ലോക്ഡൗണായി, ബോറടിയായി
വീഡ്യോ കോളുകൾ പതിവായ് മാറി
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
നാലാൾ ചേരുകിലെത്തും കോവിഡ്
സോപ്പ് പതഞ്ഞാൽ ഓടും കോവിഡ്
സർക്കാരേകും നിർദ്ദേശങ്ങൾ
കേൾക്കാനാരും മടികാട്ടല്ലേ
സാനിറ്റൈസർ,ഹാന്റ് വാഷ് നന്നായ്
കയ്യിൽ തേക്കിലൊളിക്കും കോവിഡ്
നാട്ടിനെ രക്ഷിക്കാനിത് നല്ലൂ
വീട്ടിലിരുന്ന് വിനോദിച്ചോളൂ
പുസ്തകവായന, പ്രശ്നോത്തരികൾ,
പാചകവിദ്യകൾ പരിശീലിക്കൂ
പക്ഷിനിരീക്ഷണമാകാം പച്ച-
ക്കറി വിളയിക്കാം പ്രകൃതിയെ അറിയാം
ചുറ്റിലുമുള്ളതറിഞ്ഞീടാതേ
ഫോണുപിടിച്ച് തുലഞ്ഞീടല്ലേ
വാചകമടിയും സിനിമയുമധികം-
വേണ്ടാ ചിത്രംവര ശീലിക്കാം
പോപ്കോ,ണൈസ്ക്രീം,ലെയ്സും വാങ്ങാൻ
പോകരുതയ്യോ പണികിട്ടീടും
ഡ്രോണുപറത്തും പോലീസുണ്ട്
കയ്യിലവർക്കോ ലാത്തിയുമുണ്ട്
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
ക്വാറന്റീനിതു ശിക്ഷയുമല്ലാ
ഓടിനടന്നാൽ രക്ഷയുമില്ലാ
മരണനിരക്കും ഹോട്സ്പോട്ടുകളും
കണ്ടും കേട്ടും പേടിക്കേണ്ടാ
ഒത്തൊരുമിച്ചീ മാരി തുരത്താം
ഒത്തുപിടിച്ചാൽ മലയും പോരും
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ .
|