പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/അറിവിന്റെ മുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവിന്റെ മുത്ത്
    നേരം പുലരുന്നതേയുള്ളൂ. അമ്മ നേരത്തേത്തന്നെ എഴുന്നേറ്റ് അടുക്കളയിൽ പ്രാതൽ ഒരുക്കുന്ന തിരക്കിലാണ്. മിക്സി  അടിക്കുന്ന ശബ്ദം കേട്ടാണ് മനു ഉണർന്നത്. ഇതാ ചായ.... "പല്ലു തേച്ച് എത്തിയപ്പോഴേക്കും അമ്മ ചൂടുള്ള ചായയുമായി മനുവിന്റെ മുമ്പിലെത്തി. "നമുക്കിന്ന് അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണം. അമ്മൂമ്മയ്ക്ക് തീരെ വയ്യ. നീ വേഗം പോയി ഡ്രസ് മാറ്". ചായ കുടിയ്ക്കുന്നതിനിടയിൽ അമ്മ മനുവിനോട് പറഞ്ഞു. "നിർമ്മലേ എനിയ്ക്കൊരു ചായ..... " പറഞ്ഞുകൊണ്ടിരിക്കുമ്പോൾതന്നെ അച്ഛൻ അമ്മയെ വിളിച്ചുപറഞ്ഞു. അമ്മ ചായയെടുക്കാൻ അടുക്കളയിൽ പോകുന്നതിനിടെ മനു കസേരയിൽ വന്നിരുന്നു. "നീ എന്താ നഖം വെട്ടാത്തത്?" അച്ഛൻ മനുവിനെ ശകാരിച്ചുകൊണ്ട് ചോദിച്ചു. "നീയും പണ്ട് ഇതുപോലെയായിരുന്നു ചന്ദ്രാ...എന്റെ കയ്യിൽനിന്ന് രണ്ട് അടി കിട്ടുമ്പോഴല്ലേ നീ നഖം വെട്ടാറുള്ളത്?" ഒട്ടും ശങ്കിക്കാതെ അപ്പൂപ്പൻ അച്ഛനോട് പറയുന്നത് കേട്ട് മനു ഊറിചിരിച്ചു.
അച്ഛൻ തന്റെ ജാള്യത മറച്ചുവെയ്ക്കുന്നതിനിയിൽ അമ്മൂമ്മയ്ക്ക് പോകുവാനുള്ള കാർ വന്നു. അമ്മൂമ്മയെ എല്ലാവരും കൂടി താങ്ങി കാറിലെത്തിച്ചു. "വേഗം കാറുവിട്ടോളൂ ശങ്കരാ....ആശുപത്രിയിൽ ഇപ്പോൾതന്നെ നല്ല തിരക്കായിരിക്കും.” അച്ഛൻ ഡ്രൈവറെ ഓർമ്മിപ്പിച്ചു. "എന്തൊരു ട്രാഫിക്... എപ്പോഴാണ് ഈ വണ്ടിയൊന്ന് ആശുപത്രിയിലെത്തുക" അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു. "അനുദിനം ധാരാളം വാഹനങ്ങൾ പെരുകി നാടിനെ ആപത്തിലാക്കിയിരിക്കുകയാണ്. അതിൽനിന്ന് പ്രകൃതിയെ നാം രക്ഷിക്കണം." ചന്തക്കുന്നു സെന്ററിൽ പരിസ്ഥിതി പ്രവർത്തകൻആദിത്യൻസാറിന്റെ പ്രസംഗം മൈക്കിലൂടെ മുഴങ്ങി.
വാഹനത്തിരക്ക് ഒരു വിധം മാറി വണ്ടി ആശുപത്രിയിലെത്തി.ആശുപത്രിയിൽ പറയത്തക്ക തിരക്കൊന്നുമില്ല. വേഗം തന്നെ ഡോക്ടറെ കാണുവാൻ സാധിച്ചു. "അമ്മൂമ്മയ്ക്ക് കുറെ ടെസ്റ്റുകൾ നടത്താനുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. നിന്നെ ഞാൻ നഴ്സുമാരുടെ അടുക്കൽ കൊണ്ടുചെന്നാക്കാം.‍ അല്ലെങ്കിൽ നിനക്ക് ഇവിടെ നിന്ന് കാൽ ‍കഴയ്ക്കും.” അമ്മ മനുവിനോട് പറഞ്ഞു. ”ഞാൻ ഒരു കഥ പറഞ്ഞുതരാം". മനുവിന് നേരം പോകുന്നില്ലെന്നറിഞ്ഞ നഴ്സാന്റി പറഞ്ഞു. "ഇത് വെറുമൊരു കഥയല്ല.അനുഭവകഥയാണ്." നഴ്സാന്റി തുടർന്നു ഞങ്ങളുടെ നാട്ടിൽ പണ്ടുകാലത്ത് ജനങ്ങൾക്കിടയിൽ ഏറെ സ്നേഹവും ഐക്യവും നിലനിന്നിരുന്നു. കൊച്ചുകൊച്ചുതർക്കങ്ങളും ഉണ്ടായിരുന്നു. എവിടെനിന്നോ പടർന്നുപിടിക്കുന്ന രോഗം ഞങ്ങളുടെ നാട്ടിൽ വന്നുപെട്ടു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചുനിന്നു. ദിനംതോറും മരണസംഖ്യ കൂടിവന്നു. എന്നാൽ വ്യക്തിശുചിത്വം കൊണ്ട് ഞങ്ങളുടെ നാട് രക്ഷപ്പെട്ടു. ജനിച്ച് അധികം ദിവസമാകാത്ത ഒരു കുഞ്ഞിനും രോഗം പിടിപെട്ടു. "എന്നിട്ട്?" ആകാംക്ഷയോടെ മനു ചോദിച്ചു. നാളുകൾക്കുശേഷം ആ കുഞ്ഞും രക്ഷപ്പെട്ടു. വ്യക്തിശുചിത്വവും ഒരുമ കൊണ്ടും എന്തു പ്രശ്നവും പരിഹരിക്കാമെന്നു ഞങ്ങൾക്കു ബോധ്യപ്പെട്ടു. "മോന് നഴ്സാന്റിയുടെ കഥ ഇഷ്ടപ്പെട്ടോ?" മനുവിനോട് നഴ്സാന്റി ചോദിച്ചു. "ഉം." ഒരു പുതിയ ഉൾകാഴ്ച കിട്ടിയതുപോലെ മനു തലയാട്ടി.
"മനൂ നീ എന്തെടുക്കുകയാ ....നമുക്ക് വീട്ടിലേക്ക് തിരിച്ചുപോകാം. അമ്മൂമ്മയുടെ ടെസ്റ്റുകളെല്ലാം കഴിഞ്ഞു. ഡോക്ടറെ കണ്ട് കുറച്ച് മരുന്നും തന്നിട്ടുണ്ട്. അടുത്ത ആഴ്ച വീണ്ടും ഡോക്ടറെ കാണണം എന്നു പറഞ്ഞിട്ടുണ്ട്."" ശരി അച്ഛാ, നമ്മുക്ക് വീട്ടിലേക്ക് പോകാം." ആശുപത്രിപടികൾ തിടുക്കത്തിൽ ഇറങ്ങുന്നതിനിടയിൽ മനു പറഞ്ഞു.


സോയ എ.പി.
7A പി.എം എം.യു.പി.എസ്.ചെന്ത്രാപ്പിന്നി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ