ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം
കരുനാഗപ്പള്ളി ഗേൾസ് സ്കൂൾ മികവിന്റെ നിറവിൽ
രണ്ടു വർഷത്തോളം നീണ്ട ആഘോഷ പരിപാടികളുടെ ഭാഗമായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നത്. 2015 ഫെബ്രുവരി 3ന് വി എസ് അച്ചുതാനന്ദൻ, വി എം സുധീരൻ, ജോർജ് ഓണക്കൂർ എന്നിവർ ചേർന്നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിച്ചത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റെപ്പും, ഗേൾസ് ഹൈസ്കൂളിൽ ആലിലയും, ബോയ്സ് ഹൈസ്കൂളിൽ ആലിസ് എന്ന പേരിലും നടപ്പാക്കിയ അക്കാദമിക് പദ്ധതികൾക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി പരീക്ഷകളിൽ മികച്ച വിജയശതമാനം നേടാനായി. അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിൽ വൻ മുന്നേറ്റം നടത്താനും സ്കൂളിനായി. 31000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിട സമുച്ചയം പൂർത്തീകരിച്ചു. ഇതുവഴി 50 പുതിയ ക്ളാസ് മുറികൾ സ്ഥാപിച്ചു. ഹയർ സെക്കൻഡറി കെട്ടിടം നവീകരിച്ചു. സ്ത്രീ സൌഹൃദ ടോയ്ലറ്റ്, ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക കഫേറിയ, ഗേൾസ് ഹൈസ്കൂളിൽ നടപ്പിലാക്കിയ ആധുനിക ശബ്ദ സംവിധാനം, ശലഭപാർക്ക്, സ്കൂൾ ക്യാമ്പസിന്റെ സൌന്ദര്യവൽക്കരണം. തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്ര വികാരത്തെ പ്രതിഫലിപ്പിക്കുന്ന 30 അടി ഉയരമുള്ള ശിൽപ്പവും സ്കൂളിൽ ഒരുങ്ങി കഴിഞ്ഞു. വിദ്യാർഥികൾ നടത്തിയ വേറിട്ട പ്രവർത്തനങ്ങളും ശ്രദ്ധേയമായി. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചുനൽകിയതും ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളും വേറിട്ട് നിൽക്കുന്നു. സ്കൂൾ മട്ടുപ്പാവിൽ നടത്തിയ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവെടുപ്പ് നടത്താനും കുട്ടികൾക്കായി. സ്കൂളിൽ 41ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. മെച്ചപ്പെട്ട കളിസ്ഥലവും ആധുനിക അടുക്കളയും ഡൈനിങ് ഹാളും പൂർത്തിയാക്കാൻ ലക്ഷ്യമിടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.