കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉള്‍ക്കാഴ്ച - പാരിസ്ഥിതിക കവിത
-പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)
സ്വച്ഛ സുന്ദരമാം നമ്മുടെ നാടിതിനെ
പട്ടടതുല്യമാക്കിതീര്‍ത്തല്ലോ ദുര്‍മതികള്‍.
സുഖലോലുപമാം ജീവിത നെട്ടോട്ടത്താല്‍
ഭൂമി തന്‍ ഹൃദയവും പിളര്‍ന്നു പോയിടുന്നു.
ലോകമാതാവായീടും പാരിതിന്‍ കദനങ്ങള്‍
കഥിക്കാനൊരു നാവ് ലഭിച്ചുവെന്നാല്‍
എന്തെന്ത് കഥകളാനാവിലൂറുമെന്നതോ
സന്തതം നിരൂപിച്ചാല്‍ നമുക്കു സിദ്ധമല്ലോ.
താന്തോന്നികളായീടും മക്കളാമാതാവിന്റെ
ഹരിതാഭമാം പട്ട് വീതിച്ചങ്ങെടുക്കുന്നു.
വിവസ്ത്രയായോരമ്മ സക്രോധമാക്രോശിച്ചു
വിരട്ടാറുണ്ടെന്നാലും നിര്‍ഭയരാണാമക്കള്‍.
വെട്ടുന്നു കുഴിക്കുന്നു മാന്തുന്നു നികത്തുന്നു
കിട്ടാവുന്നതത്ര തന്റെ കീശയിലാക്കീടുന്നു.
എന്നിട്ടും മതിവരാറുള്ളൊരാ നിന്ദ്യന്മാരോ
വില്‍ക്കുന്നു പണയത്തിലാക്കുന്നു തന്നമ്മയെ.
പുര വേവുമ്പോഴല്ലോ വാഴവെട്ടീടാനാവു
കടത്തില്‍ മുങ്ങി നില്‍ക്കും നമ്മുടെ നാടിതിനെ
രക്ഷിക്കാനെന്നുള്ളൊരു വ്യാജേന വന്നെത്തുന്നു
വിളിക്കാതെവിടെയും ചെന്നെത്തും കശ്മലന്മാര്‍.
ചെറിയോരിരകാട്ടി വശത്താക്കീടുന്നല്ലോ
വലിയോരു മത്സ്യത്തെ, വലയില്‍ കുടുങ്ങിയാല്‍
മോചനമില്ലാതുള്ള ജീവിതയാത്രയിങ്കല്‍
പാദസേവകരായി കഴിയാമന്ത്യംവരെ.
സര്‍വ്വവും സഹിക്കുമെന്നാകിലുമൊരുനാളില്‍
എടുത്തു കുടഞ്ഞീടാന്‍ സാദ്ധ്യതയേറുന്നല്ലോ.
ചൊവ്വോടെ ശുശ്രൂഷിച്ചാല്‍ ആയുസ്സുനീട്ടിക്കിട്ടും
അല്ലായ്കിലെന്തോതുവാന്‍ നമ്മുടെ വിധിയാവാം.
ഏറെ താമസിയാതെ നമ്മുടെ ഭൂമിമാതാ-
വിന്ദ്രസദസിങ്കലെ അതിഥിയായിത്തീരാം.
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>


പ്രാസാദലക്ഷ്മി - ഗാനം


- പി.ബി.ഉഷാദേവി (സയന്‍സ് അദ്ധ്യാപിക)
പ്രസാദ തുളസിക്കതിര്‍പോലെ - അവള്‍
പ്രണവമന്ത്രധ്വനിപോലെ
പ്രസീദയായി പടവിറങ്ങി - മാനസ
പ്രാസാദലക്ഷ്മിപോലെ.


പ്രസൂനമധുവുണ്ടു മയങ്ങും - ഞാന്‍
പ്രഥമോദലഹരികള്‍ തേടും.
പ്രതീക്ഷയായ് എന്നുള്ളിലുയരും - നവ
പ്രഭാതമായുയിരിന്റെ ഗിരിനിര ചൂടും.
പ്രണയം മീട്ടും തമ്പുരു ഞാന്‍ - നിന്‍
പ്രണമിതകമ്പിത ശലാക ഞാന്‍....


പ്രസൂനനിനവാര്‍ന്നുതിളങ്ങും - എന്‍
പ്രകാമനേദ്യമലരികളാടും.
പ്രകാശമായെന്നുള്ളില്‍ നിറയും - നിറ
പ്രപഞ്ചമായിന്നിന്റെ ഋതുശോഭ കൂടും.
പ്രണയം മീട്ടും തമ്പുരു ഞാന്‍ - നിന്‍
പ്രണമിതകമ്പിത ശലാക ഞാന്‍....
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>
ദര്‍ശനം .... ആത്മദര്‍ശനം കവിത
- പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)
പ്രതീക്ഷാ നിര്‍ഭരമിന്നുമെന്നന്തരംഗം
ദൗഷ്ട്യത്തിന്‍ മുള്‍മുനയൊടിയാതിരിക്കുമോ?
മാനവരാശിയെ ചൂഴ്ന്നിടും തമസ്സിനെ
ചാരുവാം പൗര്‍ണ്ണമി മായ്ക്കാതിരിക്കുമോ?
എന്തിങ്ങനെ മാനുഷവൃന്ദത്തെ
ദുര്‍വൃത്തചാരികളായി ചമയ്ക്കുന്നു
സുന്ദരമായിടുമീപ്പാരിടത്തിനെ
സുസ്മേര ശോഭതാന്‍ സേവിച്ചിടേണ്ടവര്‍
ഉള്‍ക്കണ്‍ തുറക്കുവാന്‍ വൈകുന്നതെന്തിതേ!
ഉള്‍ക്കാമ്പു തീരെ മുരടിച്ചു പോയിതോ?
വിരളമാമെങ്കിലും നിസ്വാര്‍ത്ഥരായുള്ള
സുമനസ്സുകളെ പാരിലങ്ങിങ്ങായി കണ്ടിടാം.
അവര്‍ തന്‍ ത്യാഗവും നന്മയും മൂല്യങ്ങളും
സ്വായത്തമാക്കുവിന്‍ ത്യജിക്കുവ്ന്‍ ക്രൂരത.
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>
സുനാമി കവിത
- ആര്‍.പ്രസന്നകുമാര്‍. (SITC)
തിരകളൊഴിഞ്ഞൊരു കടലാണെന്റെ സ്വപ്നം
തെരുതെരെ അലമുറയിടാത്തൊരു തീരവും
ഒരു നാളെന്റെ സ്വപ്നഭൂമിക തെളിഞ്ഞുവന്നു,
കരുതിയമോഹച്ചിന്തുകള്‍ ഞാനണിഞ്ഞു നിന്നു
പിന്‍വാങ്ങിയ കടലിനെ നോക്കിനില്കെയെന്‍
പിന്‍നിലാവിനു ശോഭകൂടി ... ഹൃദയം തുടികൊട്ടി
തീരത്തുനില്കുമെന്നെ കടന്നുപോയവര്‍ .. മുത്തുകള്‍
കോരിയെടുക്കുവാന്‍ കടലിന്‍ കുമ്പിളില്‍ ഇറങ്ങിയവര്‍
അകതാരിലെഴുതുമൊരോര്‍മ്മയായി ആഴിയിലൊടുങ്ങി
ശോകനെടുവീര്‍പ്പായി പ്രിയരുടെ നിലവിളി എങ്ങും മുഴങ്ങി
മാനംമുട്ടെ രാക്ഷസത്തിരകളിരമ്പിക്കയറിയിറങ്ങി
നാനാമതസ്ഥരുടെ ദേവാലയങ്ങള്‍ നിലം പൊത്തി
മനുഷ്യനും മൃഗങ്ങളുമൊന്നായൊഴുകിയൊലിക്കുമീ -
സുനാമി തന്‍ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞു
ബന്ധങ്ങള്‍ തകര്‍ക്കുമീ സര്‍വ്വനാശത്തിനെങ്ങനെ
ബന്ധുരമാം പേരു വന്നു ... സുനാമി !...സുനാമി!
ഒക്കെ മറക്കുവാന്‍ കൊതുക്കുന്നു ഞാന്‍ - പിന്നെ
ചേക്കേറുവാന്‍ മാനവര്‍ക്കു വീണ്ടും ചില്ല പണിയുവാനും
തിരകളൊഴിഞ്ഞൊരു കടലാണെന്റെ സ്വപ്നം
തെരുതെരെ അലമുറയിടാത്തൊരു തീരവും.
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>