പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/നാടോടി വിജ്ഞാനകോശം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം |
കളമെഴുത്ത്
ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്. തീയാട്ടുണ്ണികൾ, തീയാടി നമ്പ്യാന്മാർ, തെയ്യമ്പാടികൾ, പുള്ളുവൻ, വണ്ണാൻ, കണിശൻ തുടങ്ങിയ സമുദായക്കാർ പരമ്പരാഗതമായി കളം വരയുന്നവരാണ്. കുറുപ്പന്മാർ, തീയ്യർ, വേലന്മാർ, മണ്ണാൻ, മലയൻ, പാണൻ, പറയൻ, വേലൻ, മുന്നൂറ്റാൻ, കോപ്പാളൻ തുടങ്ങിയവരും കളം വരയാറുണ്ട്. അനുഷ്ഠാനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വരയുന്ന രൂപങ്ങൾക്ക് വ്യത്യാസമുണ്ടാകും. യക്ഷി, സർപ്പം, ഭദ്രകാളി, ഗന്ധർവൻ, ഗുളികൻ എന്നിങ്ങനെ നിരവധി കളങ്ങൾ വിവിധ അനുഷ്ഠാനങ്ങളിലായി വരയാറുണ്ട്. കളമെഴുത്തും പാട്ട്, മുടിയേറ്റു്, പാന, തീയാട്ട്, പുള്ളുവൻപാട്ട്, കെന്ത്രോൻപാട്ട്, ഗന്ധർവൻ തുള്ളൽ, മലയൻ കെട്ട്, ബലിക്കള, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങൾക്ക് വിവിധ തരത്തിലുള്ള കളങ്ങൾ എഴുതുന്നു. ചിത്രരചനയിൽ പരമ്പരാഗതമായി പകർന്നു കിട്ടിയ അറിവുകളും സങ്കേതങ്ങളും കളമെഴുത്തിൽ പ്രകടമാക്കപ്പെടുന്നു. കളം വരയുന്നതിനോടനുബന്ധിച്ച് പാട്ടുകളും പാടും. ഓരോ അനുഷ്ഠാനത്തിനും പ്രത്യേകം പാട്ടുകളാണ്. ഭദ്രകാളിക്കളവും പാട്ടും:
പാട്ട് കഴിഞ്ഞാൽ പിണിയാൾ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം. വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉറഞ്ഞു തുള്ളാറുമുണ്ട്. തുടർന്നുള്ള ചടങ്ങുകൾക്കു ശേഷം കളം മായ്ക്കും. കാളി ദാരികനെ വധിച്ച കഥയാണ് കളം പാട്ടിൽ പ്രധാനമായും പാടുന്നത്. ഇവയെ 'തോറ്റം' പാട്ടുകളെന്നും പറയാറുണ്ട്. കേരളത്തിന്റെ തനത് സംഗീതത്തിന്റെ വർണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. നാഗക്കളവും പുള്ളുവൻപാട്ടും:
നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാൽ ഗണപതി പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തിൽ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂർത്തിയായാൽ പഞ്ചാർച്ചന നടത്തും. ഇതിനെ തുടർന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയൽ' എന്ന ചടങ്ങാണ്. ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സർപ്പങ്ങൾക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടർന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും. അതോടെ വ്രതം അനുഷ്ഠിച്ച പെൺകുട്ടികൾ കളത്തിൽ പ്രവേശിച്ച് തുളളൽ നടത്തും. കൈയിൽ കവുങ്ങിൻ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികൾ ധരിച്ചിരിക്കും. ഈ സന്ദർഭത്തിൽ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടർന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖുപാലൻ, മഹാപത്മൻ, പത്മൻ, കാളിയൻ എന്നിവയാണ് അഷ്ടനാഗങ്ങൾ. കന്യകമാർ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും. കളം പാട്ട് അഥവാ കളമ്പാട്ട്:
പൂതനും തിറയും
പൂതത്തിന് തുടിയാണ് വാദ്യം. തിറയ്ക്ക് പ്രധാനമായും പറ വാദ്യോപകരണമായി ഉപയോഗിക്കുന്നു. തിറയുത്സവത്തിന്റെ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി പൂതം കെട്ടി വീടുകൾ കയറിയിറങ്ങുന്ന പതിവുണ്ട്. കാവേറ്റം അഥവാ കാവിൽ കയറൽ ചടങ്ങ് ഈ അനുഷ്ഠാനത്തിന്റെ പ്രധാനഭാഗമാണ്. തിറയുടെ മുടി അർദ്ധവൃത്താകൃതിയിലുള്ളതാണ്. മുടിക്കും 'തിറ' എന്നു പറയും. കനം കുറഞ്ഞ മരമുപയോഗിച്ചാണ് പൂതത്തിന്റെ മുടിയും മറ്റും നിർമ്മിക്കുന്നത്. നാവ് പുറത്തേക്കു തള്ളിനിൽക്കുന്ന രൂപത്തിലുള്ള മുഖം മൂടി ധരിക്കും. ചെങ്ങണപുല്ല്, പീലിത്തണ്ട്, പൂക്കണ്ണാടി വിവിധതരം ചായങ്ങൾ ഇവ അലങ്കാരത്തിനായി ഉപയോഗിക്കും. ധാരാളം ആഭരണങ്ങളും പൂതം അണിയാറുണ്ട്. കരിവള, കൈവള, തോൾവള, മാർത്താലി, അരത്താലി തുടങ്ങിയ ആഭരണങ്ങൾ അണിയാറുണ്ട്. കഥകളിയോടു സമാനമായ വസ്ത്രരീതിയാണ് പൂതത്തിന്റേത്. മഞ്ഞൾ മുക്കിയ അടിവസ്ത്രവും ഉടുത്തുകെട്ടുമാണ് വസ്ത്രധാരണരീതി. പൊന്തക്കോലും, പരിശയും കൈയിലുണ്ടാവും. നല്ല മെയ്വഴക്കമുളള കലാകാരന്മാരാണ് ഈ അനുഷ്ഠാനം അവതരിപ്പിക്കുന്നത്. അവതരണത്തിന്റെ ഭാഗമായി സങ്കീർണ്ണമായ ചുവടുകളും പ്രകടനങ്ങളും നടത്താറുണ്ട്. ചിലമ്പാട്ടം, തെരുപ്പറക്കൽ, കുതിരച്ചാട്ടം, മുതലച്ചാട്ടം, പിണങ്കാല്, അടിവാൾ, വെട്ടിമലക്കം തുടങ്ങിയ ചുവടുകൾ ഇതിന്റെ ഭാഗമായുള്ള പ്രകടനങ്ങളാണ്. കേരളത്തിലെ പല പ്രദേശങ്ങളിലും പൂതം എന്ന അനുഷാഠാനം കണ്ടുവരുന്നുണ്ട്. പാണ സമുദായക്കാരുടെ പൂതൻ, പറയ സമുദായക്കാരുടെ പറപൂതൻ, ചില ആദിവാസികളുടെ ഇടയിലുള്ള നായാടിപൂതം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഉത്തര കേരളത്തിലെ തെയ്യക്കോലങ്ങളുടെ ഇടയിലും വിവിധതരം പൂതങ്ങളുണ്ട്.
ക്ഷേത്രത്തിലെ കൂത്തുമാടത്തിലാണ് പരിപാടി അരേങ്ങറുന്നത്. മൂന്നുഭാഗവും മറച്ചിരിക്കും. മുൻഭാഗത്ത് തിരശ്ശീല ഇടും. തിരശ്ശീലയുടെ പകുതി ഭാഗം കറുപ്പും, ബാക്കി ഭാഗം വെളുപ്പും ആയിരിക്കും. കൂത്തുമാടത്തിൽ മുകളിലായി എണ്ണ നിറച്ച തേങ്ങ മുറിയിൽ തിരികൾ വെച്ചു കത്തിക്കും. ഈ ദീപങ്ങളുടെ മുമ്പിലാണ് പാവകളെ വെക്കുന്നത്. പാവകളുടെ നിഴൽ വെളുത്ത തിരശ്ശീലയിൽ വീഴുന്നു. പാവകളെ നിയന്ത്രിക്കുന്നത് മുളവടി കൊണ്ടാണ്. കമ്പരാമയണത്തിലെ വരികളാണ് പാടുന്നത്. രാമായണം കഥയാണ് തോൽപ്പാവക്കുത്തിന്റെ വിഷയം. പൂർണ്ണമായും അവതരിപ്പിക്കാൻ നാൽപ്പത്തൊന്നു ദിവസം വേണം. പാട്ട് അവസാനിച്ചാൽ സരസമായ വിവരണം ഉണ്ടാകും. പാവകൾക്ക് പ്രത്യേക സ്ഥാനവും നിശ്ചയിച്ചിട്ടുണ്ട്. ശ്രീരാമപക്ഷത്തുള്ള പാവകൾ വലതു വശത്താണ് അണിനിരക്കുന്നത്. ഇടത് വശത്ത് രാവണപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാവകളേയും നിരത്തും. പറയുടെ ആകൃതിയിലുള്ള ചെണ്ടയാണ് ഇതിന് ഉപയോഗിക്കുന്നത്. ചെണ്ട, മദ്ദളം എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. പാവകളിയിൽ പാരമ്പര്യമുള്ള പുലവർ കുടുംബമാണ് സാധാരണ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. കേരളത്തിലെ ഈ പാവകളി സമ്പ്രദായത്തിന് മുന്നൂറിലധികം വർഷത്തെ പഴക്കം അവകാശപ്പെടുന്നുണ്ട്. ദഫ് മുട്ട്
വൃത്തത്തിൽ നിന്നു കൊണ്ടാണ് കളിക്കുന്നത്. പ്രാർത്ഥനയോടു കൂടിയാണ് കളി ആരംഭിക്കുന്നത്. സംഘത്തലവൻ പാടിയ പാട്ട് മറ്റു കളിക്കാർ ചുവടുവെച്ചു കൊണ്ട് ഏറ്റുപാടുന്നു. ഇരുന്നും നിന്നും ചാഞ്ഞും ചെരിഞ്ഞും ചുറ്റിയും ഉള്ള ശരീര ചലനങ്ങൾ കളിയുടെ ഭാഗമാണ്. നിരവധി ഇനം കളികൾ ഇതിനുണ്ട്. മാലോന്റെ ചൊറ, വമ്പുറ്റന്റെ ചൊറ, മാലച്ചൊട്ട്, സലാത്തുള്ള സലാമുള്ളക്കളി, മുത്തിനബി മകൾ ഉത്താനെ എന്നിവ അവയിൽ ചിലതാണ്. ആദ്യകാലങ്ങളിൽ അറബി ഭാഷയിലുള്ള പാട്ടുകളാണ് ദഫ് കളിക്കു പാടിയിരുന്നത്. പിന്നീടാണ് ഇന്നു കാണുന്ന രീതിയിലുള്ള പാട്ടുകൾക്കു പ്രചാരം ലഭിച്ചത്. അറേബ്യയിൽ നിന്നാണു ദഫ് കളി കേരളത്തിലെത്തിയത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പും ദഫ് പ്രചാരത്തിലുണ്ടായിരുന്നുവത്രെ. നബിയുടെ ആശീർവാദത്തോടെയാണ് ദഫ്കളിക്കു പിന്നീട് പ്രചാരം ലഭിച്ചത്. മതപരമായ അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ദഫ്മുട്ടുകളിയാണ് ദപ്പ് റാത്തീബ്. മുസ്ലിംങ്ങൾ പ്രാർത്ഥനയായി ദപ്പ് റാത്തിബ് നടത്താറുണ്ട്. കുത്ത് റാത്തിബ് എന്നും ഇതിനു പേരുണ്ട്. അനുഷ്ഠാനമെന്നതിനു പുറമെ ഒരു സാമൂഹ്യവിനോദമായും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്. മുൻപു കാലങ്ങളിൽ ആണുങ്ങൾ മാത്രമായിരുന്നു ദഫ്മുട്ടുകളി അവതരിപ്പിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചില നിയന്ത്രണങ്ങളോടെ സ്ത്രീകളുടെ സംഘങ്ങളും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്.
പത്തൻപതാളുകൾ വട്ടത്തിൽ ചുറ്റിക്കൊ- ണ്ടുദ്രസമുത്സവവേളകളിൽ സൽക്കരക്കോലടി കൊണ്ടുതാളം പിടി- ച്ചിഗ്ഗാഥയോരോന്നുറക്കെപ്പാടി, ഒത്ത കാൽവെപ്പോടും മെയ്യഴകാർന്നൊരു- നൃത്തവിശേഷമുതിർക്കും നേരം ആവർത്ത്യരീത്യാ ചലിക്കുമൊരൂഞ്ഞാലി- ലാടുന്നു ഗീതിമാതെന്നു തോന്നും. എന്നു വള്ളത്തോൾ കൈകൊട്ടിക്കളിയെ വർണ്ണിച്ചിട്ടുണ്ട്.
അലങ്കരിച്ച പന്തലിൽ വച്ചാണ് പാന നടത്തുന്നത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകൾ വേണമെന്നാണ്. കുരുത്തോല, കുലവാഴ മുതലായവകൊണ്ടാണ് പന്തൽ അലങ്കരിക്കുന്നത്. പാനപ്പന്തലിന് നാലുമുഖങ്ങളും നാലുതട്ടകങ്ങളുമുണ്ടാവും. മധ്യത്തിലുള്ള പതിനാറു കാലിനുള്ളിലാണ് ഭദ്രകാളിത്തട്ടകം. അതിന് കിഴക്ക് വേട്ടയ്ക്കൊരുമകൻ തട്ടകവും വടക്ക് ശാസ്താവിന്റെ തട്ടകവും തെക്ക് വാദ്യക്കാർക്കുള്ള തട്ടകവും പടിഞ്ഞാറുഭാഗത്ത് കാണികൾക്ക് നിൽക്കാനുള്ള ഇടവും ഉണ്ടാകും. പന്തൽ ശുദ്ധി വരുത്തിയശേഷം വാദ്യഘോഷങ്ങളോടെ പാലമരത്തിന്റെ കൊമ്പ് എഴുന്നള്ളിച്ചു കൊണ്ടുവരും. പാനപ്പന്തലിൽ ഭദ്രകാളിത്തട്ടകത്തിന്റെ മധ്യത്തിൽ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുന്നത്. ആ തറയിൽ പഞ്ചവർണപ്പൊടികൊണ്ട് 'പത്മം' വരയ്ക്കും. പാലക്കൊമ്പിനു കിഴക്കുവശത്തുള്ള ഭദ്രകാളിയുടെ ശ്രീകോവിലിൽ പീഠം വയ്ക്കും. പിന്നീട് പാനക്കാരുടെ ആശാൻ പൂജ കഴിക്കും. നൃത്തംവച്ചാണ് പൂജ. തുടർന്ന് കുരുതി തർപ്പണം. തിരി ഉഴിച്ചിലാണ് പാനയുടെ മറ്റൊരു ചടങ്ങ്. കൈയിൽ ജ്വലിക്കുന്ന തിരികളും പന്തങ്ങളുമായി നൃത്തം ചെയ്തുകൊണ്ടാണ് തിരി ഉഴിച്ചിൽ നടത്തുന്നത്. തുടർന്ന് തോറ്റം ചൊല്ലും. തെക്കുഭാഗത്തിരുന്നാണ് തോറ്റം പാടുന്നത്. നാലുദിവസത്തെ ഉത്സവമാണെങ്കിൽ ആദ്യദിവസം ഗണപതിത്തോറ്റവും രണ്ടാം ദിവസം ശാസ്താംതോറ്റവും മൂന്നാം ദിവസം ദാരികത്തോറ്റവും ചെറിയ കാളിത്തോറ്റവും നാലാം ദിവസം വലിയ കാളിനാടകത്തോറ്റവും പാടും. തോറ്റം പാടിക്കഴിഞ്ഞാൽ വെള്ളിച്ചപ്പാടിന്റെ വെളിച്ചപ്പെടലും അരുളപ്പാടും നടക്കും. പറ, ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ് എന്നിവയാണ് പാനയ്ക്ക് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. |