ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/നാടോടി വിജ്ഞാനകോശം
ആമുഖം
നിലമ്പൂരിൽ എത്തുന്നതിന് തൊട്ട് മുമ്പായി നിലമ്പങ്ങളും, മറ്റുപലതരം വൃക്ഷങ്ങളും നിറഞ്ഞ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് അമരമ്പലം വഴി പൂക്കോട്ടുംപാടത്തെത്താം.അമരമ്പലം കോവിലകം പഴങ്കഥകളുടെ ചെപ്പുകൾ അടച്ചുവച്ചിരിക്കുന്ന ഭൂമിയാണ്.കോവിലകം വക പ്രധാന ക്ഷേത്രമായ അമരമ്പലം ശിവക്ഷേത്രം കോവിലകത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.ക്ഷേത്രവും കോവിലകവും ഉൾപ്പെടുന്ന ഇന്നത്തെ അമരമ്പലം പഞ്ചായത്ത് വൈവിധ്യം നിറഞ്ഞ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു പ്രദേശമാണ്.
ദൈവമക്കൾ
നിലമ്പൂർ കെ എസ് ആർ ടി സി ബസ്സ്റ്റേഷനു സമീപമുള്ള അരുവാക്കോട് എന്ന ഗ്രാമം നൂറ്റാണ്ടുകളായി കുംഭാരന്മാർ പാർത്തുവരുന്ന സ്ഥലമാണ്.പാത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും നിർമ്മിക്കുന്ന ഇവരെ നിലമ്പൂർ കോവിലകത്തെ തമ്പുരാൻ ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ചതാണെന്ന് ചരിത്രകാരൻമാർ പറയുന്നു.ഇവരുടെ കരവിരുതിൽ രൂപം കൊണ്ട മൺപാത്രങ്ങൾ ആകൃതിയിലും ഗുണത്തിലും അദ്വിതീയമാണ്.
അമരമ്പലം കോവിലകം
നിലമ്പൂർ കോവിലകത്തെ താങ്ങിനിർത്തിയ പ്രധാന തായ്‌വഴിയായ അമരമ്പലം കോവിലകത്തെ പറ്റി അധികം ആർക്കും അറിയില്ല . നിലമ്പൂർ കോവിലകത്തിന് ഒരു വനനയം ഉണ്ടായിരുന്നു. വീട് നിർമ്മാണത്തിന് പ്രതിഫലം വാങ്ങാതെ മരം കൊടുക്കും. മരം മുറിക്കുന്നവരോട് പകരമായി തേക്ക്, മുള എന്നിവ നടണമെന്ന് ആവഷ്യപ്പെടും. ഭരണ സൗകര്യാർത്ഥം കോവിലകത്തെ സഹായിക്കാൻ വിഭുലമായ ഭരണ സംവിധാനം ഉണ്ടായിരുന്നു. 12 ചേരികളാണ് അന്ന് ഉണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ചേരിയായിരുന്നു അമരമ്പലം. ഈ ചേരികൾ വഴിയാണ് പാട്ടം പിരിച്ചിരുന്നത്.കാച്ചിൽ കരങ്കാളി ദേവസ്വം എന്നത് അമരമ്പലത്തെ ജൻമിയുടെ പേരായിരുന്നു.കിഴക്ക് കാനന ശോഭയാർന്ന നീലഗിരിയും , പടിഞ്ഞാറ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നിലമ്പൂരും, വടക്ക് വന സമൃദ്ധിയിൽ സമ്പന്നമാർന്ന കുന്തിപ്പുഴയും ,തെക്ക് വെള്ള അരഞ്ഞാണം പോലെ കോട്ടപ്പുഴയും അതിരുകൾ തീർക്കുന്ന അമരമ്പലം ഗ്രാമ പഞ്ചായത്ത് പലതുകൊണ്ടും വിശിഷ്ടമാണ്.
അമരമ്പലം ശിവക്ഷേത്രം
പഴക്കം കൊണ്ടും നിർമ്മിതിയിലെ അപൂർവ്വതകൊണ്ടും കൊത്തുപണികളുടെ സവിശേഷതകൾ കൊണ്ടും പ്രദേശത്തെ മറ്റുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിൻെറ കൊത്തുപണികൾ ചേരശൈലിയിലുള്ളതാണെന്ന് പൊതുസമ്മതമായ കാര്യമാണ്.മലപ്പുറം ജില്ലയിലെ പ്രധാന ബലിതർപ്പണക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് ധാരാളം നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്.