എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൂത്താട്ടുകുളം

സ്ഥാനം

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കൂത്താട്ടുകുളം. കോട്ടയം, ഇടുക്കി ജില്ലകളോടു അതിർത്തി പങ്കിടുന്ന കൂത്താട്ടുകുളം നഗരസഭയുടെ വിസ്തീർണ്ണം 2318.71 ഹെൿടറാണു. ജനസംഖ്യ- 18970. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീ. തെക്കു മാറിയും കോട്ടയത്തു നിന്നും 38 കി.മീ. തെക്കു മാറിയും എം.സി. റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ എറണാകുളം നഗരത്തിൽ നിന്നും 47 കി.മീ തെക്കു കിഴക്കായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്.

കൂത്താട്ടുകുളം പട്ടണം ഒരു പഴയ ചിത്രം

ഭൂപ്രകൃതി

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്ക് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൂത്താട്ടുകുളം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.18 ചതുരശ്ര കിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പാലക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ, കിഴക്ക് കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത്, പാലക്കുഴ പഞ്ചായത്ത്, തെക്ക് ഇലഞ്ഞി പഞ്ചായത്ത്, കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത്, പടിഞ്ഞാറ് തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകൾ എന്നിവയാണ്. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീറ്റർ തെക്കും കോട്ടയത്തുനിന്ന് 38 കി.മീറ്റർ വടക്കും സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്തിൽകൂടി എം.സി.റോഡ് കടന്നു പോകുന്നു. ഇവിടെനിന്ന് എറണാകുളത്തിന് പിറവം വഴി 50 കി.മീറ്ററും പാലാ, തൊടുപുഴ പ്രദേശങ്ങളിലേക്ക് 18 കി.മീറ്ററുമാണ് ദൈർഘ്യം. എറണാകുളം ജില്ലയുടെ തെക്കു കിഴക്കേയറ്റത്ത് ഇടുക്കി ജില്ലകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പ്രധാന പട്ടണം കൂത്താട്ടുകുളമാണ്. ഒരിക്കൽ കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തിന്റെ അയൽപഞ്ചായത്തുകൾ പാലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയായിരുന്നു. നാണ്യവിളകൾ മുഖ്യമായി റബ്ബർ, നാളികേരം, അടക്ക, ഇഞ്ചി, മഞ്ഞൾ, കച്ചോലം, കുരുമുളക് തുടങ്ങിയവയാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഇടത്തരം കൃഷിക്കാരാണ്. തെക്കേ ഇന്ത്യയിലെ പ്രധാന മാംസസംസ്കരണശാല ഈ പഞ്ചായത്തിൽ ഇടയാറിൽ പ്രവർത്തിക്കുന്നു. പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന സി.ജെ.തോമസ്സും അദ്ദേഹത്തിന്റെ സഹോദരിയും കവയിത്രിയുമായ കൂത്താട്ടുകുളം മേരി ജോണും ഈ നാട്ടുകാരാണ്. പ്രശസ്ത ഫോട്ടോഗ്രാഫറും, കലാകാരനുമായിരുന്ന ജേക്കബ് ഫിലിപ്പ് കൂത്താട്ടുകുളത്തിന്റെ അഭിമാനമാണ്. കൂത്താട്ടുകുളം മഹാദേവക്ഷേത്രം, ഓണംകുന്ന് കാവ്, അർജ്ജുനൻമല ശിവക്ഷേത്രം, കിഴകൊമ്പ് ദേവീക്ഷേത്രം, വടകരയിലെ സെന്റ് ജോൺസ് യാക്കോ ബൈറ്റ് സിറിയൻ ചർച്ച് തുടങ്ങിയവയെല്ലാം ചിരപുരാതനങ്ങളായ ആരാധനാലയങ്ങളാണ്. സർവ്വമത ആരാധനാകേന്ദ്രമായ ഷിർദ്ദിസായ് ക്ഷേത്രങ്ങളും ഇവിടെ നിലകൊള്ളുന്നു. എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്തുള്ള അതിർത്തിഗ്രാമമാണ് കൂത്താട്ടുകുളം. സമുദ്രനിരപ്പിൽനിന്ന് 100 മീറ്ററിലധികം ഉയരം വരുന്ന കുന്നുകളും അതിനിടയിലെ രണ്ട് താഴ്വരകളും ചേർന്നാണ് ഈ ഗ്രാമപ്രദേശം രൂപപ്പെട്ടിരിക്കുന്നത്. കൂത്താട്ടുകുളം ഗ്രാമപ്രദേശത്തെ രണ്ട് താഴ്വരകളായി തിരിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കുന്നായ അർജ്ജുനൻ മലയ്ക്ക് സമുദ്രനിരപ്പിൽനിന്ന് 130 മീറ്റർ ഉയരമുണ്ട്. താഴ്വരകൾ രണ്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ക്രമേണ ഉയരം കുറഞ്ഞുവരുന്ന ചരിവു പ്രദേശമാണ്. തെക്കുഭാഗത്തുള്ള വലിയ താഴ്വര കോട്ടയം ജില്ലയിലെ ഉഴവൂർ പ്രദേശം വരെ നീണ്ടുകിടക്കുന്നു. ഇവിടെനിന്നുത്ഭവിക്കുന്ന ഉഴവൂർ തോട് വെളിയന്നൂർ പഞ്ചായത്ത് പ്രദേശം വരെ നീണ്ടുകിടക്കുന്നു. ഇവിടെ നിന്നുത്ഭവിക്കുന്ന ഉഴവൂർ തോട് വെളിയന്നൂർ പഞ്ചായത്ത് പ്രദേശവും കടന്ന് കൂത്താട്ടുകുളത്ത് എത്തുന്നു. അർജ്ജുനൻ മലയുടെ തെക്കൻ ചരിവിലുള്ള ചെറിയതോട് ചോരക്കുഴി ഭാഗത്ത് ഉഴവൂർ തോടുമായി ചേരുന്നു. പ്രധാന തോട് രാമപുരം പഞ്ചായത്തിലെ താമരക്കാടുനിന്ന് ഉത്ഭവിച്ച് കൂത്താട്ടുകുളം ടൌണിന് ഒരു കിലോമീറ്റർ താഴെ ഉഴവൂർ തോടുമായി ചേരുന്നു. രണ്ടു തോടും കൂടി വലിയതോട് എന്ന പേരിൽ ഈ പഞ്ചായത്തിലെ കിഴകൊമ്പ്, ഇടയാർ പ്രദേശത്തിലൂടെ കടന്ന് അടുത്ത പഞ്ചായത്ത് പ്രദേശങ്ങളായ തിരുമാറാടി, ഓണക്കൂർ, പിറവം എന്നിവിടങ്ങളിലൂടെ ഒഴുകി മൂവാറ്റുപുഴ നദിയിൽ ചേരുന്നു. വടക്കുഭാഗത്ത് കീരികുന്ന്, തളിക്കണ്ടം, കുങ്കുമശ്ശേരി, വാളായിക്കുന്ന് മലകളും, കിഴക്കുഭാഗത്ത് കോഴിപ്പിള്ളി, പൂവക്കുളം മലകളും, തെക്കുഭാഗത്ത് ചമ്പമലയും ആട്ടകുന്ന്-നരിപ്പാറ വേളുമലയും മദ്ധ്യഭാഗത്തായി അർജ്ജുനൻ മല, വള്ളിയാങ്കമല, എരുമക്കുളം, നെടുമ്പാറ, മുട്ടുമുഖം മലകളും അമ്പാട്ടുകുന്ന്, തുറപ്പാറ മുതലായ കുന്നിൻ പ്രദേശങ്ങളും ചോരക്കുഴി, കിഴകൊമ്പ്, ഇടയാർ, വടകര, പൈറ്റക്കുളം എന്നീ താഴ്വരകളും ചേർന്നതാണ് കൂത്താട്ടുകുളം പഞ്ചായത്ത് പ്രദേശം. കേരളത്തെ 13 കാർഷിക മേഖലകളായി തിരിച്ചിട്ടുള്ളതിൽ സെൻട്രൽ മിഡ്ലാൻഡ് സോൺ വിഭാഗത്തിൽ പെടുന്ന ഭൂപ്രകൃതിയാണ് കൂത്താട്ടുകുളത്തിന്റേത്. മലമുകളിലും ചെരിവുകളിലും പാറക്കെട്ടുകൾ ഉണ്ട്. പാറക്കെട്ടിനോട് ചേർന്ന ഭാഗങ്ങളിലെ മൺപാളികൾ കനം കുറഞ്ഞവയാണ്. കുന്നിൻമുകളിലും ചെരിവുകളിലും മുഴുവൻതന്നെ റബ്ബർ കൃഷി ചെയ്തിരിക്കുന്നു. ഇടയ്ക്ക് ഫലവൃക്ഷങ്ങളായ പ്ളാവ്, മാവ്, ആഞ്ഞിലി മുതലായവയും തേക്കും ഉണ്ട്. തോടിനോട് ചേർന്ന് നെൽപ്പാടങ്ങളും അതിനടുത്ത ഉയർന്ന തട്ടുകളിൽ തെങ്ങും റബ്ബറും ഇടകലർന്ന് കൃഷി ചെയ്തിട്ടുണ്ട്. താഴ്വരയുടെ മദ്ധ്യഭാഗത്തുനിന്ന് അല്പം കിഴക്കുമാറി തെക്കുവടക്കു കിടക്കുന്ന എം.സി.റോഡും പടിഞ്ഞാറ് പിറവം, എറണാകുളവുമായി യോജിക്കുന്ന റോഡും, കിഴക്ക് രാമപുരം പാല എന്നിവിടങ്ങളുമായി യോജിക്കുന്ന റോഡും ഇവിടെ സംഗമിക്കുന്നു. ഒരു വലിയ വാണിജ്യമേഖലയായി കൂത്താട്ടുകുളം ടൌൺ രൂപാന്തരപ്പെട്ടിരിക്കുന്നു.

പ്രാദേശിക ചരിത്രം

ഒരിക്കൽ അത്തിമണ്ണില്ലം, കൊറ്റനാട്, കട്ടിമുട്ടം, പരിയാരം എന്നീ ബ്രാഹ്മണ കുടുംബങ്ങളുടെ അധീനതയിലായിരുന്നു കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രദേശം. കൂത്താട്ടുകുളം, വടകര-പെറ്റക്കുളം, കിഴക്കൊമ്പ്, ഇടയാർ എന്നീ നാലു പ്രധാന കരകൾ ചേർന്നതാണ് ഈ പഞ്ചായത്ത്. ഈ കരകളുടെ പേരുകളുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങൾ നിലനില്ക്കുന്നു. മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം വിസ്തൃതമാക്കുന്നതിനു മുമ്പ് വടക്കുംകൂർ രാജാക്കൻമാരുടെ അധികാരപരിധിയിലായിരുന്നു കൂത്താട്ടുകുളം പ്രദേശം. ഓണക്കൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അവരുടെ ആയോധനക്കളരി നിലനിന്നിരുന്ന പ്രദേശം ക്രമേണ പയറ്റ്കളം പയറ്റക്കളം എന്നീ പേരുകളിലറിയപ്പെടുകയും അവസാനം പൈറ്റക്കുളമായി മാറുകയും ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. ആനപിടുത്തം തൊഴിലാക്കിയിരുന്ന കീഴക്കൊമ്പിൽ കുടുംബത്തിൽ പെട്ട ചിലർ ഇലഞ്ഞിയിൽ നിന്നും കുടിമാറ്റം നടത്തിയ സ്ഥലമാണ് പിന്നീട് കിഴകൊമ്പായി മാറിയെന്നതാണ് അവിടുത്തെ സ്ഥലപുരാണം. ആധുനിക രാഷ്ട്രീയ ചരിത്രങ്ങൾക്കപ്പുറം ബുദ്ധ, ജൈന കാലഘട്ടത്തിന്റെ സാംസ്ക്കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാനുള്ള ഒരു പ്രദേശമാണ് കൂത്താട്ടുകുളമെന്ന് പ്രശസ്ത ഗവേഷകനായ പി.വി.കെ.വാലത്ത് കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. നൂറു വർഷം മുമ്പ് മുതൽക്കുതന്നെ പകുതിച്ചേരി, ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ, അഞ്ചലാഫീസ്, സത്രം, റ്റി.ബി, ദേവസ്വം ഓഫീസ്, എക്സൈസ് ഇൻസ്പെക്ടർ ഓഫീസ് തുടങ്ങി ഒരു താലൂക്ക് ആസ്ഥാനത്തിനു താഴെയുള്ള ഭരണസംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂത്താട്ടുകുളം. പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നു. ജീർണ്ണപ്രായമായിക്കൊണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവക്ഷേത്രം മാർത്താണ്ഡവർമ്മയുടെ കാലത്ത് രാമയ്യൻ ദളവ പുതുക്കിപ്പണിതു. കൂത്താട്ടുകുളത്തെയും പരിസരപ്രദേശത്തെയും ഭൂസ്വത്തുക്കളത്രയും ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയ രേഖകൾ. ചിരപുരാതനവും പ്രശസ്തവുമായ വടകര പള്ളി ചരിത്രപ്രസിദ്ധമാണ്. കൂത്താട്ടുകുളത്തിന് അഭിമാനിക്കത്തക്ക ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. കേരളസംസ്ഥാനത്തിന്റെ തെക്കും വടക്കും പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എം.സി.റോഡിന്റെ 187.8 കിമീ. മുതൽ 192.5 കി.മീ. വരെയുള്ള ഭാഗം ഈ പഞ്ചായത്തതിർത്തിയിൽ വരുന്നു. പടിഞ്ഞാറ് വൈക്കം, പിറവം, എറണാകുളം, കിഴക്ക് രാമപുരം, പാല, തൊടുപുഴ ഭാഗങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡുകളും ഈ പ്രദേശത്തു കൂടി കടന്ന് പോകുന്നു. ഇങ്ങനെ രൂപപ്പെട്ട കവലകളും മാർക്കറ്റും കൂടിച്ചേർന്ന് എം.സി.റോഡിന്റെ ഇരുഭാഗങ്ങളും ടൌൺ പ്രദേശമായി തീർന്നിരിക്കുന്നു. പ്രധാനപ്പെട്ട ഈ റോഡുകളുടെ സംരക്ഷണം പി.ഡബ്ള്യൂ.ഡി റോഡ് വിഭാഗത്തിനാണ്. തിരുവിതാംകൂർ സർക്കാർ നാട്ടുഭാഷാ വിദ്യാഭ്യാസം പോഷിപ്പിക്കുവാൻ തീരുമാനിച്ച കാലത്താണ് കൂത്താട്ടുകുളത്ത് ആദ്യമായി ഒരു സ്കൂൾ ആരംഭിച്ചത്. 1912-ൽ പള്ളിക്കെട്ടിടത്തിലും സംഘം കെട്ടിടത്തിലുമായി (മൃഗാശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം) പ്രവർത്തിച്ചിരുന്ന വെർണാക്കുലർ മലയാളം സ്കൂൾ, വി.എം.സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നു. ഈ സ്കൂൾ പിന്നീട് 1914-ൽ ആരംഭം കുറിച്ച കൂത്താട്ടുകുളം ഗവ. യുപി.സ്കൂളിനോട് ചേർക്കപ്പെട്ടു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ തുടക്കംകുറിച്ച എലിമെന്ററി ഹിന്ദു മിഷൻ സ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂളായി മാറിയത്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യത്യസ്ത സ്വഭാവം പുലർത്തുന്ന മൂന്ന് ഹൈസ്കൂളുകൾ ഉൾപ്പെടെ ഒൻപത് സ്കൂളുകളും ഒരു സമാന്തര വിദ്യാലയവുമാണുള്ളത്.

കൂത്താട്ടുകുളത്തെ സാംസ്കാരിക വേദിയായിരുന്ന കൈമയുടെ സൈക്കിൾ സ്ലോറെയ്സ് മത്സരം (പഴയ സെന്ട്രൽ ജംഗ്ഷൻ)

പ്രാദേശിക സമര ചരിത്രം

കൊല്ലവർഷം 1074-ൽ റ്റി.കെ.മാധവന്റെ നേതൃത്വത്തിലുള്ള മദ്യവർജ്ജനപ്രസ്ഥാനത്തിന്റെ കടന്നുവരവോടെ ഈ പ്രദേശത്ത് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നാണ്യവിളകൾക്കൊപ്പം വിപ്ളവപുരോഗമനാശയങ്ങളും തഴച്ചു വളർന്ന ഈ മണ്ണ് നിരവധി രാഷ്ട്രീയസമരങ്ങളുടെ തീച്ചൂളയായിരുന്നു. കേരളത്തിലെ ഇരുപതിനായിരത്തോളം സ്വാതന്ത്ര്യസമരസേനാനികളിൽ ഇരുനൂറിലേറെ പേർ ഇന്നാട്ടുകാരായിരുന്നുവെന്നുള്ളത് ഈ നാടിന്റെ സമരപാരമ്പര്യത്തിന്റെ തെളിവാണ്. ഉത്തരവാദഭരണ പ്രക്ഷോഭകാലത്ത് അന്നത്തെ ദിവാൻ സർ.സി.പി.രാമസ്വാമിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടം നിരോധനം ലംഘിച്ച്, ചൊള്ളുമ്പേൽ പിള്ളയും (സി.ജെ.ജോസഫ്), റ്റി.കെ.നീലകണ്ഠനും, 1939 ജനുവരി 16-ന് കൂത്താട്ടുകുളം വി.എം.സ്കൂൾ മൈതാനത്ത് പരസ്യമായി വായിച്ചു. ഇരുവരെയും അറസ്റ്റു ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കി. പോലീസ് മർദ്ദനമേറ്റ് മരിച്ച ചൊള്ളുമ്പേൽ പിള്ള സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലെ ആദ്യത്തെ അറിയപ്പെടുന്ന രക്തസാക്ഷികളിൽ ഒരാളാണ്. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച പട്ടിണിയും ക്ഷാമവും നേരിടാൻ സർ.സി.പി.യുടെ സർക്കാർ ഏർപ്പെടുത്തിയ നെല്ലെടുപ്പ് നിയമത്തിനെതിരെ ഈ പ്രദേശത്തെ ചെറുകിടകർഷകർ ചേർന്നുണ്ടാക്കിയ കർഷകപ്രസ്ഥാനം ഈ നാടിന്റെ ഗതി മാറ്റി. അക്കാലത്തുതന്നെ എക്സൈസുകാരിൽനിന്നും ഷാപ്പുടമകളിൽനിന്നും നിരന്തരം ശല്യം സഹിച്ചുവന്നിരുന്ന ചെത്തുതൊഴിലാളികൾ 1945-ൽ കൂത്താട്ടുകുളത്ത് യോഗം ചേർന്ന് സംഘടിതകർഷകരോടും കർഷകതൊഴിലാളികളോടും അണിചേർന്നു. വൈകാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുപിടിച്ചു. പി.കൃഷ്ണപിള്ള, ഏ.കെ.ജി, ഇ.എം,എസ്, അച്യുതമേനോൻ, എം.എൻ.ഗോവിന്ദൻനായർ തുടങ്ങിയ നേതാക്കളെല്ലാം രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുണ്ട്. സി.പി.യുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ വടകര സെന്റ് ജോൺസ് ഹൈസ്കൂൾ 1947 ഓഗസ്റ്റ് 1-ന് പ്രതിഷേധപ്രകടനം നടത്തി.

സാംസ്കാരിക ചരിത്രം

കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ വടകരയിൽ നിന്നുള്ള കൃസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവർ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രചിച്ച വടകരപ്പള്ളിയിലെ ചുമർചിത്രങ്ങൾ കാല്പനിക സൗന്ദര്യാവിഷ്‌ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്.

വില്ലാളിവീരനായ അർജുനൻ പാശുപതാസ്ത്രത്തിന് വേണ്ടി തപസ്സനുഷ്ഠിച്ച അർജുനൻമല, ജൈനപാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോൾ ശ്രീധരീയം), കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശിൽപങ്ങൾ, തീർത്ഥാടകരുടെ ആകർഷണകേന്ദ്രമായ ആയിരംതിരികൾ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹയുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹൃദയ ദേവാലയം, ഒന്നരനൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാർഷിക സംസ്‌കാരത്തിന്റെ അടയാളമായ കാക്കൂർ കാളവയൽ, 1865 നോട് അടുത്ത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത, മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ, കമ്മ്യൂണിസ്റ്റ് നേതാവും കേരള റവന്യൂമന്ത്രിയുമായിരുന്ന കെ.ടി ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി.ജെ.തോമസ് എന്നീ ഉന്നത വ്യക്തികൾ പഠിച്ച വടകര സെന്റ് ജോൺസ് ഹൈസ്‌കുൾ, അൻപതുകളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രൂപം കൊണ്ട നവജീവൻ ആർട്‌സ് ക്ലബ്ബ് എന്ന നാടകസമിതി, ദേശപ്പഴമയുടെ പ്രകൃതിസ്‌നേഹികളുടെ മനംകുളിർപ്പിക്കുന്ന 200 ലേറെ വൻമരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീ കോവിലിൽ വനദുർഗ്ഗയുടെ പ്രതീകമായി പൂജിക്കുന്ന ബോൺസായി മാതൃകയിലുള്ള രണ്ടായിരം വർഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പവൃക്ഷവും കാവിനെ തഴുകി ഒഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു.

കായിക പാരമ്പര്യം

കൂത്താട്ടുകുളത്തിന്റെ കായികചരിത്രത്തിൽ മാർഷൽ, കൈമ, സ്പാർട്ടൻസ് എന്നീ പ്രാദേശിക ഫുട്‌ബോൾ ടീമുകളെ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളിൽ കൂത്താട്ടുകളത്ത് അഖിലേന്ത്യ ടൂർണമെന്റുകൾ നടന്നിരുന്നു എന്ന് പറയാതിരുന്നാൽ കൂത്താട്ടുകളുത്തിന്റെ കായിക ചരിത്രം പൂർണ്ണമാകുന്നില്ല. ചാക്കപ്പൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ വോളിബോൾ ടൂർണമെന്റായിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്ര പോലീസ്, എഫ്.എ.സി.റ്റി., ഇ.എം.ഇ.സെൻട്രൽ സെക്കന്തരാബാദ് എന്നിവയായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകൾ.

കലാസാഹിത്യ പാരമ്പര്യം

മലയാള നാടക സങ്കൽപ്പത്തിനും മലയാള നാടക സാഹിത്യത്തിനും ഒരു പുത്തൻ ദിശാബോധം നൽകിയ സി. ജെ. തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരിജോൺ കൂത്താട്ടുകുളം , കൂത്താട്ടുകുളത്തിന്റെ കല - സാംസ്‌കാരിക - സാമൂഹ്യ - രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ് കാരനും കേരള റവന്യൂ മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, കൂത്താട്ടകുളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേരവകാശികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന കെ. സി. സക്കറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സിൽ അദ്ധ്യാൽമികവിശുദ്ധിയുടെ പൊൻകിരണങ്ങൾ തൂകിയ കവയിത്രി സിസ്റ്റർ ബനീഞ്ഞ എന്ന മേരിജോൺ തോട്ടം, പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ. വി. എസ് . ഇളയത്, കവിയും സംസ്ക്രത പണ്ഡിതനും ആയുർവേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ. എൻ. വാസുദേവൻ നമ്പൂതിരി, നാടക - സിനിമ അഭിനയ കലയിലെ ചടുല പ്രതിഭയായിരുന്ന എൻ. എസ് . ഇട്ടൻ , പോലീസിന്റെ ക്രൂര മർദ്ദനമേറ്റ സമര നേതാക്കളും കമ്മ്യൂണിസ്റ്റ് കരുമായിരുന്ന കൂത്താട്ടുകുളം മേരി, കെ. വി. ജോൺ, എം. ജെ. ജോൺ , കേരളം സംസ്ഥാന മന്ത്രിയായിരുന്ന ടി. എം. ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം. ഫിലിപ്പ് ജോർജ് എന്നിവർ കൂത്താട്ടകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായാത്ത കാൽപ്പാടുകൾ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകൾ അവരുടെ പ്രോചോദനവുമാണ്. പാരമ്പര്യത്തിന്റെ തുടർച്ചയായി MLA യും മുൻകേരളമന്ത്രിയുമായ അനൂപ് ജേക്കബ്, കെപിസിസി സെക്രട്ടറി ആയിരുന്ന ജെയ്സൺ ജോസഫ്, സിനിമ സംവിധായകൻ ജിത്തു ജോസഫ്, സിനിമ - സീരിയൽ നടീനടന്മാരായ ടി. എസ് . രാജു, ധന്യ മേരി വർഗീസ്, ബിന്ദു രാമകൃഷ്ണൻ എന്നീ ഇളംതലമുറക്കാർ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് ഇന്നും നിറഞ്ഞു നിൽക്കുന്നു.