ജി.എച്ച്.എസ്.എസ്. അരീക്കോട്/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
നന്നങ്ങാടി
അരീക്കോട് ഉഗ്രപുരത്തുനിന്ന് കണ്ടെത്തിയ രണ്ടായിരത്തോളം വർഷം പഴക്കമുള്ള നന്നങ്ങാടി.ചാലിയാർ പുഴയുടെ തീരത്തായി ജനാർദനൻ കോട്ടപ്പുറത്ത് എന്നയാളുടെ പറമ്പിൽനിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ നന്നങ്ങാടി ലഭിച്ചത്. വസ്തുക്കൾ തൂക്കിയിടാൻ മണ്ണിൽ നിർമിച്ച കൊളുത്തുകളാണ് ഇവയുടെ പ്രത്യേകത. മധ്യഭാഗത്ത് 85 സെന്റീമീറ്ററാണ് വ്യാസം. കൊത്തിക്കിളച്ചെടുക്കുന്നതിനിടെ ഇവ പൊട്ടിത്തകർന്നിട്ടുണ്ട്. മരിച്ചയാളുടെ അസ്ഥിക്കഷ്ണങ്ങൾ, മൺപാത്രങ്ങൾ എന്നിവയും ഇതിനകത്തുണ്ടായിരുന്നു.ഇളയിടത്തുപറമ്പ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് മഹാശിലായുഗകാലത്തെ മനുഷ്യർ താമസിച്ചിരുന്നു. ഇവരുടെ ശവസംസ്‌കാരത്തിനുള്ളതാണ് നന്നങ്ങാടി. മരണാനന്തര ജീവിതത്തിലേക്ക് ഉപകരിക്കുന്നതെന്നുകരുതുന്ന വസ്തുക്കളാണ് നന്നങ്ങാടിയിൽ അടക്കംചെയ്യുക പതിവ്.
സ്ഥലനമോൽപത്തി
ഇവിടെ താമസിച്ചിരുന്ന ഒരു ജന്മികുടുംബം സൗജന്യമായി അരി വിതരണം നടത്തിയിരുന്നു എന്നും അങ്ങനെ അരീക്കോട് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് അടക്കകൃഷി കൂടുതലായുണ്ടായിരുന്ന പ്രദേശമായതിനാൽ ബ്രിട്ടീഷുകാരാൽ അരിക്കനട്ട് ൽ നിന്നും അരീക്കോട് എന്ന് നാമകരണം വന്നുവെന്നും പറയപ്പെടുന്നു. അരിമണൽ രൂപത്തിലുള്ള അയിരിൽ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്നും പറയപ്പെടുന്നു. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
കൊടക്കല്ലുകൾ
മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.
ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ
പെരുമ്പറമ്പിൽ പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ പല കാലങ്ങളിലായി ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ കാണപ്പെട്ടിട്ടുണ്ട്. അവിടെ രണ്ട് അറകളോട് കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകൾ എന്നു കേൾക്കുന്നു.
നമ്പൂതിരി ഇല്ലങ്ങൾ
ചാലിയാറിന്റെ ഇരുകരകളിലും നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നതിന്റെ തെളിവ് ചില അവശിഷ്ടങ്ങളിൽ നിന്നും മനസ്സിലാക്കാം. ഊർങ്ങാട്ടിരിയിലെ മൂർക്കനാട് എന്ന സ്ഥലത്ത് വല്യോലോത്ത് (വലിയകോവിലകത്ത്), ചെറിയോലോത്ത് (ചെറിയ കോവിലകത്ത്) എന്നീ പേരുകളുള്ള വീടുകളുണ്ട്. എളയേടത്ത്, തിരുമംഗലത്ത് എന്നീ പേരുകളിലുള്ള സ്ഥലങ്ങളുമുണ്ട്.
ഗതാഗതം
അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.