ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം
കടയ്ക്കൽ പേരും പൊരുളും
വനപ്രദേശവുമായി അടുത്തുകിടക്കുന്ന കടയ്ക്കൽ സഹ്യപർവതത്തിന്റെ ചുവട്ടിലായതിനാലാണ് കടയ്ക്കൽ (ചുവട്ടിൽ) എന്ന പേര് വന്നത് എന്നാണ് ഒരഭിപ്രായമുള്ളത്. ഏറ്റവും ചുവട്ടിലുള്ളത്-കടയ്ക്കൽ.
പണ്ട് ഇവിടം കാട്ടുപ്രദേശമായിരുന്നുവെന്നും മുനിമാർ തപസ്സുചെയ്യാനായി ഇവിടെ എത്തിരുന്നുവെന്നും ആലിൻ ചുവട്ടിൽ വേരിന്റെ പുറത്തിരുന്നു തപ്സസുചെയ്തിരുന്നു എന്നും മൂലോപലത്തിൽ (കടയ്ക്കൽ) ഇരുന്നതിനാൽ കടയ്ക്കൽ എന്ന പേരുവന്നതാണെന്നും മറ്റൊരഭിപ്രായവുമുണ്ട്.
വനം ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന എലുകക്കല്ലിന് കടയിക്കല്ല് എന്നു പറയുമായിരുന്നു. ആ കല്ലുണ്ടായിരുന്ന സ്ഥാലം കടയ്ക്കൽ എന്നു പറയുമായിരുന്നു എന്നു അനുമാനിക്കാം. കടയ്ക്കൽ പ്രദേശത്തോടു ചേർന്ന് വിവിധ ഭാഗങ്ങൾക്കുള്ള പേരുകൾ എങ്ങനെയുണ്ടായി എന്ന് നോക്കാം.
1.കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം കുറ്റിക്കാട് 2.കാരയ്ക്കാ മരങ്ങൾ നിറഞ്ഞ സ്ഥലം കാരയ്ക്കാട് 3.പാങ്ങൽ വൃക്ഷങ്ങൾ നിറയെ ഉള്ള സ്ഥലം പാങ്ങലുകാട് 4.നിറയെ ദർഭപ്പുല്ലുകൾ ഉള്ള ഇടം ദർഭക്കാട് 5.പുലികൾ ഉണ്ടായിരുന്ന ഇടം പുലിപ്പാറ 6.ആനയുടെ ആകൃതിയിലെ പാറകൾ ഉണ്ടായിരുന്ന സ്ഥലം ആനപ്പാറ 7.പുല്ലുകൾ വളർന്ന പണ പുല്ലുപണ 8.മാനുകൾ ഉണ്ടായിരുന്ന ഭാഗം മാങ്കോട് 9.കീരികൾ ധാരാളം കാണപ്പെട്ട സ്ഥലം കീരിപുറം 10.കാഞ്ഞിര മരങ്ങൾ ഇടതൂർന്ന സ്ഥലം കാഞ്ഞിരത്തുംമൂട് 11.വസ്ത്രങ്ങൾ എറ്റി ശുദ്ധിവുത്തിയിരുന്ന സ്ഥലം എറ്റിൻകടവ് 12.മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടുന്ന സ്ഥലം മാറ്റിടാംപാറ
ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം.
കാർഷിക പ്പെരുമയുടെ നാട്
കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കർഷക സമരങ്ങളും ഈ നാടിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽപോലും ഇടം നേടിക്കൊടുത്തിട്ടുണ്ട്.അതിനാൽതന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചൊല്ലുകളും കഥകളും പാട്ടുകളും ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്.ആധുനിക കാലത്ത് വയലേലകൾ അപ്രത്യക്ഷമായെങ്കിലും നമ്മുടെ നാട്ടിൽ ഈ സംസ്കാരം ഇന്നും നിലനിൽക്കുന്നു.കൊല്ലം ജില്ലാ വിത്തുത്പാദന കേന്ദ്രമായ സീഡ് ഫാം കടയ്ക്കൽ പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നത് ഒരർത്ഥത്തിൽ കാർഷിക സംസ്ക്കാരം ഇന്നും ജനജീവിതത്തിലായ്ക്ക് എത്തിയ്ക്കാൻ സഹായകമായിട്ടുണ്ട്.കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുവാൻ സഹായകമായിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട പല കഥകളും പാട്ടുകളും പഴമക്കാരോടൊപ്പം തന്നെ മൺമറഞ്ഞ ചരിത്രമാണുള്ളത്. ഇത്തരുണത്തിൽ 1991 കാലത്തെ സാക്ഷരതാ പഠനകേന്ദ്രത്തിലെ(ആനപ്പാറ ) ഒരു പഠിതാവായ ചെല്ലമ്മ ചൊല്ലി ക്കേൾപ്പിച്ച ഒരു ഞാറ്റുവേലപ്പാട്ട് ഇവിടെ പങ്കുവയ്ക്കുന്നു. പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ ഏഴുലകോം നങ്ങ കുഞ്ഞ് തേര് താത്ത് കുളിയ്ക്കാൻ വന്നു നിന്നെ ഞാനു കൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ എങ്ങനെന്നേയും കൊണ്ടുപോകും മൂത്തപാണോ പാണരാജാവേ മുണ്ടുതന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ മുണ്ടുതന്നുകൊണ്ടുപോകാൻ ചൂത്തരത്തി മകളല്ല ഞാൻ പട്ടു തന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ പട്ടു തന്നുകൊണ്ടു പോകാൻ പട്ടത്തി മകളല്ലാ ഞാൻ ചേലതന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ ചേലതന്നുകൊണ്ടു പോകാൻ ചെട്ടിച്ചി മകളല്ലാ ഞാൻ കല്ലുകെട്ടികൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ കല്ലുകെട്ടി കൊണ്ടു പോകാൻ കല്ലത്തി മകളല്ലാ ഞാൻ പിന്നെങ്ങനെ ഞാൻ കൊണ്ടുപോകും നങ്ങ കുഞ്ഞു ചിരുതേവിയേ നമ്മട്ടി കൊഴപിടിച്ചു കൂന്താലിവീതിയ്ക്ക് ഒരു മിന്നുതാലി കൊണ്ടു വന്നേ നങ്ങ കുഞ്ഞു ചിരുതേവിയേ.... കടലോളം നീളത്തിന്നും കൈലോളം വീതിയ്ക്കൊരു പട്ടുചേല കൊണ്ടുവരേണം മൂത്ത പാണോ പാണരാജാവേ കടലോളം നീളത്തിന്നും കൈലോളം വീതിയ്ക്കൊരു പട്ടുചേല കൊണ്ടു വന്നേ നങ്ങ കുഞ്ഞു ചിരുതേവിയേ.. അച്ഛനുണ്ടോ തനിയ്ക്കിപ്പോൾ അമ്മയുണ്ടോ തനിയ്ക്കിപ്പോൾ അച്ഛനുണ്ട് എനിയ്ക്കിപ്പോൾ അമ്മയുണ്ട്എനിയ്ക്കല്ലോ ചേട്ടനുണ്ടോ തനിയ്ക്കല്ലോ അനുജനുണ്ടോ തനിയ്ക്കല്ലോ ചേട്ടനുണ്ട് എനിയ്ക്കല്ലോ അനുജനുണ്ട് എനിയ്ക്കല്ലോ ഇളീന്നൊരു വാളെടുത്തേ മൂത്ത പാണോ പാണരാജാവേ ഇളീന്നൊരു വാളെടുത്തു നങ്ങ കുഞ്ഞു ചിരുതേവിയേ.. അച്ഛനേയും കൊന്നുവരിക അമ്മയേയും കൊന്നുവരിക ചേട്ടനേയും കൊന്നുവരേണം അനുജനേയും കൊന്നുവരേണം മൂത്ത പാണോ പാണരാജാവേ...... അച്ഛനേയും കൊന്നു ഞാനും അനുജനേയും കൊന്നു ഞാനും നങ്ങ കുഞ്ഞു ചിരുതേവിയേ.. ഇത്രയും കൊല കൊന്നോനേ മൂത്ത പാണോ പാണരാജാവേ ഇത്രയും കൊല കൊന്നോനേ എന്നേയും താൻ കൊന്നുകളയും താനിവിടെ നിന്നുകൊള്ളൂ തേരുകേറി മേലു ലോകത്തേയ്ക്ക് ഞാനും പോകുന്നിനി നങ്ങ കുഞ്ഞു ചിരുതേവിയേ.....