കെ. കെ. ബിജു
"വേടയുദ്ധം കഥകളി-അപനിർമ്മാണത്തിന്റെ പഴയ പാഠം" പഠനം
Author:
കെ. കെ. ബിജു .
വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1
മറ്റ് ആദിവാസിഗോത്രജനതയിൽ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമർക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങൾക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോൽക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകൾ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.
മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവർക്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പെ ഇവർ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടർന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളിൽ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തിൽ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമർ.
മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകൾക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാൽ മുള്ളക്കുറുമർക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളിൽ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരിൽ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.
മുൻകാലങ്ങളിൽ ധാരാളം ഗ്രന്ഥക്കെട്ടുകൾ തങ്ങളുടെ കുടികളിൽ ഉണ്ടായിരുന്നതായി ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തിൽ നഷ്ടപ്പെട്ടു. ഒരാൾ മരിക്കുമ്പോൾ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയിൽ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകൾ നഷ്ടപ്പെട്ടത്. പഴയ വീടുകൾ പൊളിച്ച് പുതിയവീടു പണിയുമ്പോൾ താളിയോലകൾ കളഞ്ഞതായും ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്.
മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു. രാമൻ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആൾക്കാര്...കാർന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളിൽ എഴുതി സൂക്ഷിക്കും. അച്ഛൻ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാൾക്കെടുക്കാൻ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളിൽ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചൻ (85) : പാട്ടുകൾക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാർന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ. പുരാണകൃതികളെ അവലംബമാക്കി പാട്ടുകൾ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമർ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാൽ ഈ പാട്ടുകൾ പുരാണ കഥാസന്ദർഭങ്ങളുടെ തനിയാവർത്തനം അല്ല. പുരാണ കഥാസന്ദർഭങ്ങളെ അപനിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ട് ഈ പാട്ടുകളിൽ. മഹാഭാരതകഥാസന്ദർഭത്തെ അപനിർമ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.
മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകൾ ഉൾപ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടൻ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയിൽ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റർ നീളവും 43.8 സെന്റീമീറ്റർ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങൾ വീതം ഓലകൾക്കുണ്ട്. പലകപ്പാളികൾ ഇരുവശത്തും വെച്ച് നൂലിൽ കോർത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളിൽ ഓരോ ഖണ്ഡം കഴിയുമ്പോൾ നമ്പരിനായി തമിഴ് അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലർത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികൾ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്. മുള്ളക്കുറുമർ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങൾ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലർച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകർ ഇത്തരത്തിലാണ് പറഞ്ഞുതന്നത്. ചെറുമൻ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്. ചൂച്ചൻ (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും. കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികൾ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിർത്തി അതിനുമുകളിൽ കൽവിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദർഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാൾ കഥാസന്ദർഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാർ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോൾ പാട്ടുപാടി ചുവടുകൾ വച്ച് കളിക്കുന്നു. ഒരാൾ പാടുകയും മറ്റുള്ള കളിക്കാർ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകൾ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോൾ അടുത്ത കഥയും പാട്ടും എന്ന ക്രമത്തിൽ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു. കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങൾക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തിൽ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്. ഒരു ദിവസം തന്നെ പല കഥകൾ കളിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കഥകൾ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടൻ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദർഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയിൽ നിന്നും വളരെ വ്യത്യാസം പുലർത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.
വേടയുദ്ധം കഥകളി
മഹാഭാരതകഥയിലെ കിരാതപർവ്വത്തെ അവലംബിച്ച് നിർമ്മിച്ചിട്ടുള്ളതാണ് വേടയുദ്ധം കഥകളി. പാശുപതാസ്ത്രത്തിനുവേണ്ടി അർജ്ജുനൻ തപസ്സു ചെയ്യുന്നു. അർജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവൻ വേടരൂപത്തിലും പാർവ്വതി വേടവത്തി3യുടെ രൂപത്തിലും ഗണപതിയും ഭൂതഗണങ്ങൾ വേടവന്മാരുടെ വേഷത്തിലും പുറപ്പെടുന്നു. ഒപ്പം നായ്ക്കളുമുണ്ട്. കാട്ടിലെത്തി ആദ്യം കണ്ട മൃഗത്തെ കൊന്ന് ഇറച്ചി ചുട്ടുതിന്നുന്നു. ധാരാളം മധുവും കുടിക്കുന്നു. ഇങ്ങനെ മദോന്മത്തരായ അവർ പരസ്പരം കലഹിക്കുകയും ചെയ്യുന്നു. തുടർന്ന് വേട്ടയ്ക്കായി കാട്ടിൽ വല വെയ്ക്കുന്നു. മുനി4യുടെ ശാപം മൂലം പന്നിയായിത്തീർന്ന മൂകാസുരനെ അമ്പെയ്യുന്നു. മൂകാസുരന്റെ മോക്ഷത്തിനാണ് അമ്പെയ്യുന്നത്. അമ്പുകൊണ്ട മൂകാസുരൻ അർജ്ജുനന്റെ കാല്ക്കൽ അഭയം തേടുന്നു. തന്നെ കൊലയ്ക്കു കൊടുക്കരുതെന്ന പന്നിയുടെ അപേക്ഷ സ്വീകരിച്ച അർജ്ജുനൻ പന്നിയെ സംരക്ഷിച്ചുകൊള്ളാമെന്നു ഉറപ്പുനൽകുന്നു. പന്നിയെ ആവശ്യപ്പെട്ട് വന്ന വേടന്മാരോട് പന്നിയെ വിട്ടുതരില്ലെന്നു അർജ്ജുനൻ പറയുന്നു. പെരിയ വേടൻ ആവശ്യപ്പെടുമ്പോഴും അർജ്ജുനൻ മുൻനിലപാട് ആവർത്തിക്കുന്നു. വാഗ്വാദത്തിനുശേഷം പരസ്പരം യുദ്ധം ചെയ്യുന്നു. അർജ്ജുനന്റെ അസ്ത്രപാടവം കണ്ട പാർവ്വതി ശപിക്കുന്നു. ശാപത്താൽ അർജ്ജുനനയക്കുന്ന അസ്ത്രങ്ങൾ പുഷ്പങ്ങളായി മാറുന്നു. ബാണങ്ങൾ തീർന്നപ്പോൾ അർജ്ജുനൻ വില്ലുകൊണ്ട് എറിയുന്നു. ഏറ് കൊണ്ടത് ഗംഗാദേവിയ്ക്കാണ്. പെട്ടെന്ന് വില്ല് അപ്രത്യക്ഷമായി. തുടർന്ന് കട്ടാരം5 കൊണ്ട് അർജ്ജുനൻ ആക്രമിക്കുന്നു. അതും അപ്രത്യക്ഷമായി. പിന്നീട് ചൊട്ടയെ6 വാങ്ങി ആക്രമിക്കുന്നു. അതും അപ്രത്യക്ഷമാക്കപ്പെടുന്നു. പിന്നീട് ഇരുവരും മൃഷ്ടി യുദ്ധത്തിലേർപ്പെടുന്നു. ശിവൻ വിൽക്കാൽ കൊണ്ട് അർജ്ജുനനെ ആകാശത്തേക്കെറിയുന്നു. വേടന്റെ ശക്തി മനസ്സിലാക്കിയ അർജ്ജുനൻ അത്ഭുതപ്പെടുന്നു. വേടന്റെ കാൽക്കൽ ' താണപ്പെടാൻ' തുടങ്ങുമ്പോഴാണ് വേടന്റെ തലയിൽ തിങ്കൾക്കലയും ജഡയും കഴുത്തിൽ പാമ്പിനെയും കാണുന്നത്. വേടൻ ശിവനാണെന്നു തിരിച്ചറിഞ്ഞ അർജ്ജുനൻ തനിക്ക് സംഭവിച്ച പിഴവ് പൊറുക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. തനിക്ക് മുമ്പിൽപ്രത്യക്ഷപ്പെട്ട ശിവനോട് വരമായി ആവശ്യപ്പെടുന്നത് പാശുപതാസ്ത്രമല്ല. പകരം ഇങ്ങനെയാണ്. ബാലിയെ കൊന്ന വരം വേണ്ട, താടകയെ നിഗ്രഹിച്ച വരവും വേണ്ട, രാവണനെ കൊന്ന വരവും വേണ്ട പാണ്ഡു രാജ്യം ഭരിക്കണം. കർണ്ണൻ ഒരു യന്ത്രത്താൽ തന്നെ വധിക്കും. അതിനു കുശലുണ്ടാക്കണം. വല്ലഭവും വീര്യവും നല്കണം. ഇപ്രകാരം അർജ്ജുനൻ ആവശ്യപ്പെടുന്ന സമയത്ത് പാർവ്വതിയാണ് വരം നൽകുന്നത്. നാറാഴ്ച കിഴക്കുനൊക്കി പടകുറിച്ച യുദ്ധങ്ങൾ പലവകയും നീ ചെയ്യുമ്പോൾ രഥം നാല് വിരൽ നാല് ചാൺ ഭൂമിയിൽ താണ് ജയിച്ചുകൊള്ളുമെന്ന് പാർവ്വതി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്നുള്ള ഭാഗം ശിവസ്തുതിയാണ്. ഇത്രയുമാണ് വേടയുദ്ധം കഥകളിയുടെ സാരം. മൂലകഥയുടെ അപനിർമ്മാണം ഭാഷാപരമായി തമിഴിന്റെ സ്വാധീനമുണ്ട്. ദീർഘാക്ഷരത്തിനു പകരം ഹ്രസ്വരൂപമാണ് കാണുന്നത്. 'വെഡയുദ്ധം കതകളി' എന്നാണ് ഓലയിൽ കാണുന്നത്. വെഡർ എന്നും വെടർ എന്നും കാണാം. വേടയുദ്ധം കഥകളിയുടെ പ്രത്യേകത അത് മൂലകൃതിയിൽ നിന്നു വലിയ അളവിൽ വ്യത്യാസം പുലർത്തുന്നു എന്നതാണ്. ഈ കഥ മഹാഭാരതയുദ്ധത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം പാശുപതാസ്ത്രം ആവശ്യപ്പെടുകയോ നല്ക്കുകയോ ചെയ്യുന്നില്ല. പകരം സമാധാനമാണ് അർജ്ജുനൻ കാംക്ഷിക്കുന്നത്. പ്രത്യാക്രമണം കൂടാതെയുള്ള വിജയമാണ് പാർവ്വതി വരമായും നല്കുന്നത്. <poem> …………… '-------- അമ്പെറ്റ പൊദമവനു ചാപം തീരാഞ്ഞായസുരൻ അരനടിക്കൽ കുമ്പിട്ടാനെ അമ്പിനെടെയിന്നു നീ പൊയി കരൊതലത്തിൽ അർജ്ജുനന്റെ അടുക്കളമായി കിടന്നു പന്നി' പിന്നീട്, തപസ്സ് ചെയ്യുന്ന അർജ്ജുനനടുത്തെത്തി ഇപ്രകാരം ആവശ്യപ്പെടുന്നു. 'തമ്പുരാനെ അംശർകൊനെ ഇന്ദ്രപുത്രാ ധനം ഞയനും അടുക്കളമായി പുകഴ്ന്താൻന്താനും അടുക്കളം കൊള്ളാമെങ്കിൽ ആമെന്നു ചൊല്ലൂ വിജയാ ആദിത്യൻ കണ്ണുസുതനടിമപുവാൻ കൊടുപ്പമായി വലകെട്ടി നായുമാടി കൊണ്ടാടിക്കൊണ്ടെ യിതൊരമ്പുകാന്മിൻ കടുക്കനെച്ചൊൽ കരുതിടുചില്ലാകൊടുലാ മൊടുവഴുകിലൊ കൊൽവൊരെന്നെ എടയുന്നുമനമിനിക്കു പന്നി ചൊല്ലി ഇന്ദ്രപുത്രൻ തപാ നൃത്തി പാർത്തനുടെ തൃക്കാൽക്കിൽ കിടന്നുപന്നി എൻ പിഴയു പെഴപെരികിലിന്നു തീരാ എന്നു ഞാ നിനക്കടിമ പുക്കാൻ പിന്നെ എന്നെയുകൊല കൊടാതെ എന്നു പന്നി' ഇങ്ങനെ അഭയം യാചിച്ചെത്തിയ പന്നിയെ ആണ് അർജ്ജുനൻ സംരക്ഷിക്കുന്നത്. 'ശ്രീ നീലകണ്ഠൻ മകൻ തുണയെങ്കിലോ കൊടുക്കുന്നില്ല ഞാനിവർക്കും പന്നിയെ' എന്നിങ്ങനെ ഉറച്ച തീരുമാനവും അർജ്ജുനൻ കൈകൊള്ളുന്നു. ഇവിടെ മൂലകഥയെ അപനിർമ്മിച്ചിരിക്കുന്നു. കാരണം താപസന്മാർ പൊതുവെ മാംസാഹാരികളോ, ഹിംസിക്കുന്നവരോ അല്ല. ഫലമൂലാദികൾ ഭക്ഷിക്കുന്നവരും സൗമ്യശീലരുമാണ്. ഇത്തരത്തിൽ ഭാവപരിണാമം സംഭവിച്ചിട്ടുണ്ട് സന്യാസം കൊണ്ട് അർജ്ജുനനും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നുവരും. സന്യാസിയായ അർജ്ജുനൻ, പന്നിയ്ക്കുവേണ്ടി-ഇറച്ചിയ്ക്കുവേണ്ടി-എന്തിനാണ് ശിവനോട് യുദ്ധം ചെയ്തത് എന്ന്. തനിക്കാവശ്യമില്ലാത്ത ഒന്നിനാണ് അർജ്ജുനൻ കലഹിക്കുന്നത്. അവകാശപ്പെട്ടവർ വേട്ടക്കാരുമാണ്. മൂലകഥയിലെ ഈയൊരു കാര്യം പുനർവായനയിൽ യുക്തിയില്ലായ്മയായി മുള്ളക്കുറുമർക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം.അതുകൊണ്ടാവാം മൂലകഥയിൽ നിന്ന് വ്യത്യസ്തമായി പൂതിയൊരു കാരണം അർജ്ജുന-ശിവയുദ്ധത്തിനു കല്പിച്ചിരിക്കുന്നത്. അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കേണ്ടത് ക്ഷത്രിയരുടെ കർത്തവ്യം കൂടിയാണല്ലോ. ഈ ബോധ്യം അർജ്ജുനനിൽ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. വേടരുമായുള്ള യുദ്ധത്തിൽ താൻ മരിച്ചുപോയാൽ ഭാരതരാജ്യം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നുണ്ട്. എങ്കിലും അതിനേക്കാൾ നല്ലത് ഇപ്പോൾ പന്നിയെ രക്ഷിക്കുന്നതാണെന്ന് അർജ്ജുനൻ കരുതുന്നു. <poem> .-------വില്ലുമമ്പുകൊണ്ടാടി പൊമെകയർക്കെണ്ടാ പെരുവെഡർ പലരുമുണ്ട അവർ----- വന്നു കഴ്കിയൊ കൊൾവൊനിശ്ശയം ഞങ്ങളിന്നി പന്നിചൊല്ലിചത്തുപൊയാൽ ഇന്നിയൊരു ഭാരതപൊരയി പൊരില്ലാ ഭാരതപ്പൊരയിവന്നിന്നൊരാശയില്ല പന്നിതന്നെ രക്ഷിക്ക നല്ലതിപ്പൊൾ ഇങ്ങനെയൊരു കർത്തവ്യബൊധം അർജ്ജുനനുള്ളതുകൊണ്ടാണ് പന്നിയെ രക്ഷിക്കാൻ ശിവനോട് യുദ്ധം ചെയ്യുന്നത്. യുദ്ധത്തിനുമുമ്പ് വേടന്മാർ അർജ്ജുനനെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഗണപ്രതിയാൽ നിന്റെ അവളെയിങ്ങു പിടിച്ചുകൊണ്ട പാർത്തലത്തിലന്നടിയൻ ബ്രഡനിക്കു ഭാർയ്യയാക്കി വാങ്ങിയിങ്ങുകൊടുപ്പെൻ നിശ്ചയം നിശ്ചയം നിങ്ങളിന്നു പന്നികൊണ്ടുപൊവെൻ നിന്നെ ഒരു മരത്തൊടുകെട്ടിവെപ്പെൻ വെച്ചുകൊടുചാപലം കിഴങ്ങുംതെനും പന്നിയുടെ എറച്ചിയുമായി ചുട്ടുതിന്മെൻ മെച്ചമെ വേടന്മാർക്ക് അനുയോജ്യമായ ഭീഷണിതന്നെയാണ്. പരാജയപ്പെട്ടവന്റെ സ്വത്തും പെണ്ണും വിജയിക്കവകാശപ്പെട്ടതാണ്. പരാജിതനെ ശിക്ഷിക്കാനുള്ള അവകാശവും വിജയിക്കുണ്ട്. ഈയൊരു പ്രാചീന നീതിബോധം തന്നെയാകണം ഇവിടെയും പ്രകടമാകുന്നത്. മറിച്ച് വേടർ നരഭോജികളാണെന്ന അർത്ഥത്തെ ആയിരിക്കില്ല ഈ ഭീഷണി രൂപപ്പെടുത്തുന്നത് എന്ന് കരുതാം. ഈ ഭീഷണിക്കു മുമ്പിലും അർജ്ജുനൻ പതറുന്നില്ല. യുദ്ധത്തിനായി അടുത്ത വേടന്മാരെ അസ്ത്രം കൊണ്ടു തടുക്കുന്നു. അടുത്തുകണ്ടർജ്ജുനനും കൊപത്തോടെ തടുത്തു തിരിച്ചമ്പിനുടെ വിഷം കളഞ്ഞ തൻ കയ്യാൽ ചെരമെടുത്തൊനെയിതാൻ വെഡർ ഉമച്ച കണ്ണു തുറക്കുമതു വൈകുമുമ്പെ അനെകം നൂറായിരം ശരമെയിതാൻ പാർത്താൻ ഇത്തരത്തിൽ ശരപ്രയോഗം കണ്ടാണ് പാർവ്വതി അർജ്ജുനനെ ശപിക്കുന്നത്. കാണട്ടെ വമ്പതന്നു പറയുന്നെരം പാർത്ഥം കെ കണ്ടു പെരുവെഡുവത്തി വസ്ഥിമെയായി മനമഴിഞ്ഞു ചപിച്ചാളപ്പൊൾ ബാണമെല്ലാം പുഷ്പമായി പൊകയെന്ന വരി ശപിച്ചു വെഡുവത്തി ചപിച്ചാളപ്പൊൾ തുടർന്ന് അസ്ത്രങ്ങൾ പുഷ്പങ്ങളായി മാറുന്നു. പുഷ്പബാണങ്ങൾ തീർന്നപ്പോൾ ആർത്തരിശപ്പെട്ട് വിൽക്കാൽ കൊണ്ട് എറിയുന്നു. തിരുമുടിയിലിരുന്ന ഗംഗ ഏറ് കൊണ്ട് ഒളിക്കുന്നു. തുടർന്ന് വിൽക്കാൽ കൊണ്ട് ശിവൻ അർജ്ജുനനെ പ്രഹരിക്കുന്നു. ഈ സമയത്തും ശിവൻ താനെയ്ത പന്നിയെ മാത്രമാണ് ആവശ്യപ്പെടുന്നത്. വിൽക്കാൽ കൊണ്ടടുത്തറിഞ്ഞതിൽ തിരുമുടിയിലിരുന്നഗെങ്ങാ വിളിച്ചൊളിച്ചാ എടുത്താൻ വെഡൻ ഉയർന്നാൻ വിജയൻ എടുത്ത വില്ലാലെക്കുരച്ചാനെന്ന വിൽക്കാലടി കൊള്ളുമൻന്നെ വിജയാ ഞാനെയിതൊരു പന്നിത്തരിക തരിക എൻ സുഹരത്തെ ഇങ്ങനെ ആവശ്യപ്പെടുമ്പോഴും യുദ്ധം തുടരാൻ തന്നെയാണ് അർജ്ജുനനു താത്പര്യം. തന്റെ ഇഷ്ടദേവനായ ശിവൻ തനിക്ക് തുണയുണ്ടെന്നു പറഞ്ഞ് യുദ്ധം തുടരുന്നു. വില്ല് നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്നും കട്ടാരം ഊരി കുത്തുമെന്ന് അർജ്ജുനൻ പരയുന്നു. പിന്നീട് കട്ടാരവും അപ്രത്യക്ഷമാകുന്നു. കട്ടാരം പോയാൽ ചൊട്ടയെ വാങ്കികുത്തുമെന്ന് പറഞ്ഞ് അതിനൊരുമ്പെടുന്നു. അപ്പോഴും പഴയതുതന്നെ സംഭവിക്കുന്നു. തുടർന്ന് തണ്ടകൊണ്ട് യുദ്ധത്തിനൊരുങ്ങുന്നു. ആ ഭാഗം ഇങ്ങനെ വിവരിച്ചിരിക്കുന്നു. 'കണ്ടളവിൽ തണ്ട കൊണ്ടു യുദ്ധം ചെയ്യിതെ കൊപിച്ചു വിൽക്കാൽ കൊണ്ടടുത്തറിഞ്ഞ അരിമയിലാകാശത്തൊടണയ ചെന്ന അരിമയിലാഗിന്ത മാനവെളിവുകണ്ട അപ്പോഴതെ ധനഞ്ഞയനും സുഖം കെട്ടിട്ട തപ്പൊത തരുത്തവനു കാൽക്കിൽ താണപ്പെട്ടുകൊൾവാൻ പണിയപ്പൊൾ എന്നു ചൊല്ലി വന്നൊരുമ്പെട്ടാർ വിശ്വരൂപി തമ്പുരാനെ മാനം കണ്ടുതെ മലരടി കണ്ടുതെ ദെശം കണ്ടുതെ ദെശപായം കണ്ടുതെ ഉടനെ തിങ്കളും ജഡയും കണ്ടുതെ ഉടനുടെ നെറ്റി തടവും കണ്ടുതെ ഉടെ കണ്ടിണ മിഴികെ കണ്ടുതെ അയകിയ പുറവടി വിരലുകണ്ടുതെ വിൽക്കാൽ കൊണ്ട് എടുത്തെറിയപ്പെട്ട അർജ്ജുനൻ ആകാശത്തെത്തി. താഴേക്കുപോരാൻ നിർവ്വാഹമില്ലാതെയായി. അസുഖകരമായി അനുഭവപ്പെട്ടപ്പോഴാണ് വെളിവുണ്ടായത് താൻ യുദ്ധം ചെയ്തത് ശിവനോടാണെന്ന്. തുടർന്നു ശിവനെ സ്തുതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പിന്നീട് വരം ആവശ്യപ്പെടുന്നു. പൊറുത്തുകൊൾക പുരവൈരി പുരാണനാഥ തഹൊലിച്ചടിയനുടെ പിഴകളെല്ലാം തമ്പുരാനെ താരമാക നിനന്തുകൊൾക നൂറ്റുവരുകുറ്റൊരു പടയുമെ കൊപ്പല്ലാ കൊപിച്ചു വന്നതിനെ അടക്കം വെപ്പാൻ മറ്റാരെകൊന്നൊടുക്കി ധനം ജയിപ്പാൻ വരന്തരരണം ദിജവരം----ന്ന തമ്പുരാനെ ബാലിയെക്കൊന്നൊരു വരവും വെണ്ടാ വെണ്ടാ താടകയെ നിഗ്രഹിച്ച വരവൊണ്ടാ ലങ്കാപുര ബാഴു രാവണ രാക്ഷസനെ കൊന്നൊരു വരവും വെണ്ടടിയത്തിന്ന എടുക്കുമ്പൊഴൊന്നു തൊടുക്കുമ്പൊ തൊള്ളായിരം തൊട വിടുമ്പോൾ കൊടി നൂറായിരം കൊള്ളുമ്പൊഴൊന്നാന്നായിരിക്കാം ശരമെയു വരവുവെണ്ടടിയത്തിന്ന അല്ലൽ കൂടാതെ ഗുരു നാടു വാഴ്കവെണം അടിയനുടെ ജഡയെനിക്കു മൂടിവെക്കണം കൊല്ലുമെവൻ കർണ്ണനെന്നെ യൊരന്ത്രത്താലെ അതിനുകുശലുണ്ടാക്കവെണം പാണ്ണുരാജ്യം നാടുവാണങ്ങിരിക്കവെണം ഈ സമയം പാർവ്വതിയാണ് വരം നൽക്കുന്നത്. അന്നെരം ശ്രീപാർവ്വതി താനരുളിയിത നാറാഴ്ച കിഴക്കുനൊക്കി പട കുറിച്ച യുദ്ധങ്ങൾ പലവകെയും നീ ചെയ്യുമ്പൊൾ നാൽച്ചാണു നാൽ വെരലു ഭൂമി താണു കൊൾക എന്ന പണ്ടുമണ്ടതിരുമിടിയിലിരുന്നത്രെ പാണ്ഡവെർക്കും ജെയം വരുവാൻ കൊടത്തിതപ്പൊൾ ഇവിടെ മൂലകഥയെ അപനിർമ്മിച്ചിരിക്കുന്നു. തനിക്ക് ജയിക്കുന്നതിനായി എല്ലാവരെയും കൊന്നൊടുക്കാൻ പാകത്തിനുള്ള വരമല്ല വേണ്ടത്. ബാലിയെ കൊന്ന വരമൊ, താടകയെ നിഗ്രഹിച്ച വരമൊ രാവണനെ വധിച്ച വരമോ അല്ല വേണ്ടത്. അസാമാന്യമായ അസ്ത്രപാടവവും വരമായി അർജ്ജുനൻ ആവശ്യപ്പെടുന്നില്ല. പകരം കർണ്ണൻ നേടിയ യന്ത്രം കൊണ്ട് കൊല്ലപ്പെടാതിരിക്കാനുള്ള ഉപായമാണ് അർജ്ജുനൻ ആവശ്യപ്പെടുന്നത്. സ്വയരക്ഷയാണ് അർജ്ജുനൻ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റേതായ ഭാവിയും അർജ്ജുനൻ പ്രതീക്ഷിക്കുന്നുണ്ട്. പാർവ്വതി നൽകിയ വരവും ശ്രദ്ധേയമാണ്. രഥം ഭൂമിയിൽ താണ് രക്ഷപ്പെടുമെന്ന് ആശംസിക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്പരം ഹിംസിക്കാതെ വിജയം വരിക്കാനുള്ള അനുഗ്രഹം, കർണ്ണൻ യന്ത്രം പ്രയോഗിക്കുമ്പോൾ പ്രതിരോധിക്കുകപോലും ചെയ്യാതെ വിഫലമാകുമെന്ന് കരുതാം. ആയുധം നഷ്ടപ്പെട്ടവൻ സ്വയം കീഴടങ്ങിക്കൊള്ളുമെന്നായിരിക്കും പാർവ്വതി കരുതുന്നത്. ഇത്തരത്തിൽ കിരാതകഥയെ അപനിർമ്മിച്ചിരിക്കുന്നത് യുദ്ധം സർവനാശമാണ് വിതയ്ക്കുക എന്ന അനുഭവപാഠം മുള്ളക്കുറുമർക്കുള്ളതുകൊണ്ടുകൂടിയായിരിക്കാം. അപനിർമ്മാണത്തിനായി രാമായണ പാഠമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാലിവധം, താടകാനിഗ്രഹം, രാവണവധം ഇവ മൂന്നുമാണ് രാമായണത്തിലെ പ്രധാനസംഭവങ്ങൾ. ഇവ ഏറ്റവും പൈശാചികവും സാമാന്യനീതിയ്ക്ക് ന്യായീകരിക്കാൻ കഴിയാത്തതുമാണ്. ഈയൊരു പാഠം കിരാതകഥാ സന്ദർഭത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഇവിടെ അപനിർമ്മാണം സാധ്യമാക്കിയിരിക്കുന്നത്.
നായാട്ടിന്റെ വിവരണം അപനിർമ്മാണത്തിനുപുറമെ ഈ പാട്ടിൽ നായാട്ടുജീവിതത്തിന്റെ വലിയ വിവരണമുണ്ട്. ഇതിനുമുള്ളക്കുറുമരുടെ നായാട്ടുരീതിയോട് ഏറെ അടുപ്പമുണ്ട്. മുള്ളക്കുറുമർ നായാട്ട് വിളിച്ചാണ് പോകുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. അതിനെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു. രാമൻ (65) : നായാട്ടു വിളിച്ചുതന്നെ പോകുന്നത്. ഇവടെ പല തെരഞ്ഞെടുത്തപോലെ ഒര് വല്യ മൂപ്പ നൊണ്ടാകും. അയാള് ഇവിടെ വന്ന് വിളിച്ചു പറയും. അങ്ങനെ ഇവടൊള്ളവരെല്ലാം കൂടി കഞ്ഞിയൊക്കെ കുടിച്ച് നായാട്ടിനു പോകും. എല്ലാവരും വന്നു കഴിയുമ്പം കാട് കേറും. ചൂച്ചൻ (80): അത് കാർന്നോന്മാര് വിളിക്കും അവർ ഇന്നസ്ഥലത്ത് ശിക്കാരിക്ക് പോകണം. കാർന്നോന്മാര് സ്ഥാനം വച്ച് വിളിക്കും. എവടാ വിളിക്കുന്നതെന്ന് വച്ചാ അവടെ ചെല്ലണം വേണ്ടപ്പട്ടവര് ചെല്ലും. അവടെ വെച്ച് പറയും ഇന്ന ദിവസം നായാട്ട്.അങ്ങനാണ് നായാട്ട് വിളിക്കുന്നത്. നായാട്ട് വിളിച്ച് കാട്ടിൽ കയറുന്ന മുള്ളക്കുറുമർ നായാട്ടാരംഭിക്കുന്നതിനെക്കുറിച്ച് രമേഷ് എം. ആർ. ഇങ്ങനെ എഴുതിയിട്ടുണ്ട്: ഒരു നായാട്ടുസംഘത്തിൽ മുപ്പതോളം ആളുകളും പതിനഞ്ചോളം നായ്ക്കളുമാണുണ്ടാവുക----കാട്ടുപന്നികളും കലമാനുകളുമാണ് നായാട്ടിനു മുഖ്യമായും ഇരയാവാറുള്ളത്-----വേട്ടയാടാൻ ഉൾവനത്തിലെത്തിയാൽ നായ്ക്കൾ മൃഗങ്ങളുള്ള സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി അവയെ പുറത്തുചാടിക്കുകയും ചെയ്യുന്നു.7 മുള്ളക്കുറുമരുടെ നായാട്ടുരീതിയ്ക്ക് സമാനമാണ് ഈ പാട്ട#ിൽ പ്രതിപാദിക്കപ്പെടുന്ന നായാട്ടും. നായാട്ടുവിളിയും നായ്ക്കളുമായി വനത്തിൽ പ്രവേശിക്കുന്നതും നോക്കുക. ------നെരത്തെഴുന്നള്ളിപെരുവെഡൻന്താൻ കാൽകൊണ്ടു തട്ടിയവരെ എഴുന്നേൽപ്പിച്ചു ഉറുക്കുപാടിയുക്കുവിനെ പന്നി നിങ്ങൾ നായാട്ടു വിളിയവരും വിളിച്ചാരെല്ലൊ ചംതമൊടെ പറഞ്ഞുറച്ചു പന്നികാചാൻ ------------------------------------ മലമാൻ മുരുകത്തെ വഴിതെടി വന്ന കണ്ട കണ്ടാ പിരികത്തെ വളവിനെടൊ ചുമടുള്ളാ നായിക്കെളെ കയറൂറിൻ ചുമടിളക്കി ക്കാടു തിരവിനെടൊ ഇങ്ങനെ നായ്ക്കളുടെ സഹായത്തോടെയാണ് വേടർ മൃഗങ്ങളെ കണ്ടെത്തുന്നത്. കാട്ടിൽ കാണുന്ന കാല്പാടുകൾ നോക്കി ഏതേത് മൃഗത്തിന്റേതെന്ന് മനസ്സിലാക്കാൻ വേടന്മാർക്ക് കഴിയുന്നുണ്ട്. ഓരോ കാല്പാടും ഏത് മൃഗത്തിന്റേതെന്ന് ഈ പാട്ടിൽ വിവരിക്കുന്നുണ്ട്. അമ്പുകൊണ്ട പന്നിയെ (മൂകാസുരനെ) വേടർ പിന്തുടരുന്നതും കാല്പാടുകൾ നോക്കിയാണ്. ഇവിടെ പ്രതിപാദിക്കുന്ന നായാട്ടുരീതി, നായാട്ടുവിളി, കാല്പാടുകൾ പിന്തുടർന്നു മൃഗങ്ങളെ കണ്ടെത്തുന്നത്, നായ്ക്കളെ ഉപയോഗിച്ച് കാടിളക്കി മൃഗങ്ങളെ പുറത്തുചാടിക്കുന്നത്. ഇവയെല്ലാം മുള്ളക്കുറുമരുടെ നായാട്ടുരീതിയാണ്. കാല്പാടുകൾ നോക്കി മൃഗങ്ങളെ തിരിച്ചറിയാൻ കഴിയുന്നത് വനവുമായുള്ള നിരന്തരബന്ധത്തെയും വന്യജീവികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെയും തെളിവുകളാണ്. കൃത്യമായി പറഞ്ഞാൽ ഓരോ ജീവിയേയും തിരിച്ചറിയാൻ അവയുടെ കാല്പാടുകൾ മതി എന്ന അിറവിലേക്ക് മുള്ളക്കുറുമർ വളർന്നിട്ടുണ്ടെന്ന് കരുതണം. സാമാന്യമായ അറിവ് എന്നതിനപ്പുറത്തേക്ക് വൈജ്ഞാനികമായി ഏറെക്കാലം മുമ്പെ അവർ ഉയർന്നതായി കരുതാം. മുള്ളക്കുറുമരുടെ ഉത്പത്തിയുമായി ബന്ധപ്പെട്ട് കിരാതം കഥയാണ് അവർക്കിടയിൽ പ്രചാരത്തിലുള്ളത്. ശിവൻ വേട്ടയ്ക്കായി സൃഷ്ടിച്ച വേടന്മാരുടെ അനന്തരതലമുറയാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. എന്തുകൊണ്ട് തങ്ങളുടെ ഉത്പത്തിയെ കിരാതകഥയുമായി ബന്ധിപ്പിക്കുന്നു? തങ്ങളുടെ അനുദിനജീവിതത്തെ കണ്ടെത്താൻ പൗരാണികമായ ഈ കഥാസന്ദർത്തിൽ കഴിഞ്ഞതുകൊണ്ടാണോ കിരാതകഥയ്ക്ക് ഇത്രയധികം പ്രാധാന്യം മുള്ളക്കുറുമർ നല്കുന്നത്? കാരണമെന്താണെങ്കിലും പുരാണകഥാസന്ദർഭങ്ങളിലേക്ക് തങ്ങളുടെ അനുദിനജീവിതത്തെ പറിച്ചുനട്ടുകൊണ്ട് ആദിവാസി എന്ന സാമാന്യവ്യവഹാരത്തിനു പുരത്താണ് തങ്ങളെന്ന് സ്ഥാപിക്കാൻ ഇവർക്കു കഴിയുന്നുണ്ട്. ഇതര ജാതിക്കൂട്ടായ്മകളേക്കാൾ ഉന്നതമാണ്തങ്ങളുടെ സ്ഥാനമെന്ന് സ്ഥാപിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരിക്കണം ഈ കഥാസന്ദർഭത്തെ ഇത്തരത്തിൽ ക്രമപ്പെടുത്തിയതിന്റെ പിന്നിലുള്ള യുക്തിയെന്ന കരുതാം. സാമൂഹികമായും വൈജ്ഞാനികമായും മുള്ളക്കുറുമർക്കുണ്ടായ പുരോഗതി ദൈവദത്തമാണെന്ന് സ്ഥാപിക്കാൻ കൂടി ആയിരിക്കണം ഇത്തരം പുരാവൃത്തങ്ങളെ കണ്ടെടുത്ത് തങ്ങളുടെ ഉല്പത്തിയോട് കണ്ണിചേർക്കുന്നതെന്ന് കരുതാം. മുള്ളക്കുറുമർ മറ്റു ജാതി കൂട്ടായ്മകളേക്കാൾ വൈജ്ഞാനികമായി വളർച്ച നേടിയതിന്റെ തെളിവായി വേണം വേടയുദ്ധം കഥകളിയെ കാണാൻ. കാരണം കഥാസന്ദർഭത്തെയും കഥാപാത്രത്തിന്റെ സ്വഭാവത്തെയും അപനിർമ്മിച്ചിരിക്കുന്നു. മഹാഭാരതത്തിലെ ധീരനും യുദ്ധോത്സാഹിയുമായ അർജ്ജുനനുപകരം സമാധാനപ്രിയനും പക്വമതിയുമായ ഒരാളായി അർജ്ജുനനെ രൂപപ്പെടുത്തുന്നു. ഏകാന്തമായ തപസ്സ് ആത്മജ്ഞാനം വളർത്തുമെങ്കിൽ അർജ്ജുനനിലും അതുണ്ടായതായി മുള്ളക്കുറുമർ കരുതുന്നു. ഈ ധാരണ കൊണ്ടായിരിക്കാം അർജ്ജുനൻ അപനിർമ്മിക്കപ്പെട്ടത്. പുരാണേതിഹാസകഥാസന്ദർഭങ്ങളെ അപനിർമ്മിക്കാനുള്ള പ്രവണത മുള്ളക്കുറുരമരിൽ ദൃശ്യമാണ്. ഇതിനു പിൻബലമായി പ്രവർത്തിക്കുന്നത് യുക്തിബോധമാണ്. യുക്തിയുടെ പിൻബലത്തോടെ കാര്യകാരണങ്ങളെ അന്വേഷിക്കുമ്പോഴാണ് പുതിയ ആശയങ്ങൾ രൂപപ്പെടുന്നത്. ഈ ആശയബോധമാണ് പുരാണകഥാസന്ദർഭങ്ങളെ അപനിർമ്മിക്കാൻ മുള്ളക്കുറുമർക്ക് പ്രേരണയായിട്ടുണ്ടാവുക. ആവേദസൂചി 1.ഗോവിന്ദൻ 65 മടൂർ വാകേരി പി. ഒ സുൽത്താൻ ബത്തേരി 2.ചൂച്ചൻ 85 കല്ലൂർ മൂടക്കൊല്ലി പി.ഒ സുൽത്താൻ ബത്തേരി 3. രാമൻ 65 വലിയകൊല്ലി മൂടകൊല്ലി പി.ഒ സുൽത്താൻ ബത്തേരി കുറിപ്പുകൾ 1. നായാട്ടും കൃഷിയുമാണ് മുഖ്യജീവനോപാധികൾ. കാർഷികവും ഗാർഹികവുമായ ആവശ്യത്തിനു ധാരാളം കന്നുകാലികളെയും വളർത്തിയിരുന്നു. 'കുടി' എന്ന ധാരാളം വീടുകളടങ്ങിയ ആവാസകേന്ദ്രങ്ങളിൽ കൂട്ടമായാണ് ഇവർ കഴിഞ്ഞിരുന്നത്. ഓരോ കുടിയും സ്വയം സമ്പൂർണ്ണമായിരുന്നു. നിക്ഷിപ്താധികാരങ്ങളുള്ള കുടിമൂപ്പനാണ് നേതാവ്. 2. ടശിഴ ഗ.ട: 1994, ഠവല ടവലറൗഹലറ ഠൃശയല:െ അി അിവേൃീുീഹീഴശരമഹ ടൗൃ്‌ല്യ ീള കിറശമ, ഛഃളീൃറ ഡിശ്‌ലൃശെ്യേ ജൃല,ൈ ചലം ഉലഹവശ. 3. ഈ രൂപമാണ് ഓലയിൽ കാണുന്നത് വേടൻ വേടവത്തി. 4. ശാപകാരണം പാട്ടിൽ വ്യക്തമാക്കുന്നില്ല. 5. കട്ടാരം-അർത്ഥസൂചനയില്ല. 6. ചൊട്ട-കടാരി 7. രമേഷ് എം. ആർ: നായാട്ട്- ആദിവാസി ചിത്രകാരന്റെ വര, എഴുത്ത്, ജീവിതം-സാംസ്‌കാരിക പൈതൃകം, പുസ്തകം 2, ലക്കം-9, ഓഗസ്റ്റ് 2008