"വേടയുദ്ധം കഥകളി-അപനിര്‍മ്മാണത്തിന്റെ പഴയ പാഠം" പഠനം
Author: 
കെ. കെ. ബിജു .

വൈവിധ്യമാര്‍ന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമര്‍. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോല്‍ക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകള്‍. ഈ കലകള്‍ക്കുവേണ്ടിയാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയില്‍ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപര്‍വ്വത്തിന്റെ അപനിര്‍മ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിര്‍മ്മിതിയാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമര്‍ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവര്‍ക്കുണ്ട്.1

മറ്റ് ആദിവാസിഗോത്രജനതയില്‍ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമര്‍ക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങള്‍ക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോല്‍ക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകള്‍ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.

മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവര്‍ക്കുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇവര്‍ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടര്‍ന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളില്‍ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തില്‍ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമര്‍.

മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകള്‍ക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാല്‍ മുള്ളക്കുറുമര്‍ക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരില്‍ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.

മുന്‍കാലങ്ങളില്‍ ധാരാളം ഗ്രന്ഥക്കെട്ടുകള്‍ തങ്ങളുടെ കുടികളില്‍ ഉണ്ടായിരുന്നതായി ആവേദകര്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തില്‍ നഷ്ടപ്പെട്ടു. ഒരാള്‍ മരിക്കുമ്പോള്‍ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകള്‍ നഷ്ടപ്പെട്ടത്. പഴയ വീടുകള്‍ പൊളിച്ച് പുതിയവീടു പണിയുമ്പോള്‍ താളിയോലകള്‍ കളഞ്ഞതായും ആവേദകര്‍ സൂചിപ്പിച്ചിട്ടുണ്ട്.

മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകര്‍ ഇങ്ങനെ പറയുന്നു. രാമന്‍ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആള്‍ക്കാര്...കാര്‍ന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളില്‍ എഴുതി സൂക്ഷിക്കും. അച്ഛന്‍ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാള്‍ക്കെടുക്കാന്‍ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളില്‍ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചന്‍ (85) : പാട്ടുകള്‍ക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാര്‍ന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ.       പുരാണകൃതികളെ അവലംബമാക്കി പാട്ടുകള്‍ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമര്‍ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാല്‍ ഈ പാട്ടുകള്‍ പുരാണ കഥാസന്ദര്‍ഭങ്ങളുടെ തനിയാവര്‍ത്തനം അല്ല. പുരാണ കഥാസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കുക കൂടി ചെയ്തിട്ടുണ്ട്  ഈ പാട്ടുകളില്‍. മഹാഭാരതകഥാസന്ദര്‍ഭത്തെ അപനിര്‍മ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.

മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടന്‍ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയില്‍ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റര്‍ നീളവും 43.8 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങള്‍ വീതം ഓലകള്‍ക്കുണ്ട്. പലകപ്പാളികള്‍ ഇരുവശത്തും വെച്ച് നൂലില്‍ കോര്‍ത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളില്‍ ഓരോ ഖണ്ഡം കഴിയുമ്പോള്‍ നമ്പരിനായി തമിഴ് അക്ഷരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികള്‍ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്. മുള്ളക്കുറുമര്‍ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങള്‍ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലര്‍ച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകര്‍ ഇത്തരത്തിലാണ് പറഞ്ഞുതന്നത്.  ചെറുമന്‍ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്. ചൂച്ചന്‍   (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും.      കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികള്‍ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിര്‍ത്തി അതിനുമുകളില്‍ കല്‍വിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദര്‍ഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാള്‍ കഥാസന്ദര്‍ഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാര്‍ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോള്‍ പാട്ടുപാടി ചുവടുകള്‍ വച്ച് കളിക്കുന്നു. ഒരാള്‍ പാടുകയും മറ്റുള്ള കളിക്കാര്‍ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകള്‍ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോള്‍ അടുത്ത കഥയും പാട്ടും എന്ന ക്രമത്തില്‍ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു. കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങള്‍ക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തില്‍ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്. ഒരു ദിവസം തന്നെ പല കഥകള്‍ കളിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട കഥകള്‍ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടന്‍ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദര്‍ഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയില്‍ നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.

വേടയുദ്ധം കഥകളി

     മഹാഭാരതകഥയിലെ കിരാതപര്‍വ്വത്തെ അവലംബിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് വേടയുദ്ധം കഥകളി. പാശുപതാസ്ത്രത്തിനുവേണ്ടി അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്നു. അര്‍ജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവന്‍ വേടരൂപത്തിലും പാര്‍വ്വതി വേടവത്തി3യുടെ രൂപത്തിലും ഗണപതിയും ഭൂതഗണങ്ങള്‍ വേടവന്മാരുടെ വേഷത്തിലും പുറപ്പെടുന്നു. ഒപ്പം നായ്ക്കളുമുണ്ട്. കാട്ടിലെത്തി ആദ്യം കണ്ട മൃഗത്തെ കൊന്ന് ഇറച്ചി ചുട്ടുതിന്നുന്നു. ധാരാളം മധുവും കുടിക്കുന്നു. ഇങ്ങനെ മദോന്മത്തരായ അവര്‍ പരസ്പരം കലഹിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വേട്ടയ്ക്കായി കാട്ടില്‍ വല വെയ്ക്കുന്നു. മുനി4യുടെ ശാപം മൂലം പന്നിയായിത്തീര്‍ന്ന മൂകാസുരനെ അമ്പെയ്യുന്നു. മൂകാസുരന്റെ മോക്ഷത്തിനാണ് അമ്പെയ്യുന്നത്. അമ്പുകൊണ്ട മൂകാസുരന്‍ അര്‍ജ്ജുനന്റെ കാല്ക്കല്‍ അഭയം തേടുന്നു. തന്നെ കൊലയ്ക്കു കൊടുക്കരുതെന്ന പന്നിയുടെ അപേക്ഷ സ്വീകരിച്ച അര്‍ജ്ജുനന്‍ പന്നിയെ സംരക്ഷിച്ചുകൊള്ളാമെന്നു ഉറപ്പുനല്‍കുന്നു. പന്നിയെ ആവശ്യപ്പെട്ട്  വന്ന വേടന്മാരോട് പന്നിയെ വിട്ടുതരില്ലെന്നു അര്‍ജ്ജുനന്‍ പറയുന്നു. പെരിയ വേടന്‍ ആവശ്യപ്പെടുമ്പോഴും അര്‍ജ്ജുനന്‍ മുന്‍നിലപാട് ആവര്‍ത്തിക്കുന്നു. വാഗ്വാദത്തിനുശേഷം പരസ്പരം യുദ്ധം ചെയ്യുന്നു. അര്‍ജ്ജുനന്റെ അസ്ത്രപാടവം കണ്ട പാര്‍വ്വതി ശപിക്കുന്നു. ശാപത്താല്‍ അര്‍ജ്ജുനനയക്കുന്ന അസ്ത്രങ്ങള്‍ പുഷ്പങ്ങളായി മാറുന്നു. ബാണങ്ങള്‍ തീര്‍ന്നപ്പോള്‍ അര്‍ജ്ജുനന്‍ വില്ലുകൊണ്ട് എറിയുന്നു. ഏറ് കൊണ്ടത് ഗംഗാദേവിയ്ക്കാണ്. പെട്ടെന്ന് വില്ല് അപ്രത്യക്ഷമായി. തുടര്‍ന്ന് കട്ടാരം5 കൊണ്ട് അര്‍ജ്ജുനന്‍ ആക്രമിക്കുന്നു. അതും അപ്രത്യക്ഷമായി. പിന്നീട് ചൊട്ടയെ6 വാങ്ങി ആക്രമിക്കുന്നു. അതും അപ്രത്യക്ഷമാക്കപ്പെടുന്നു. പിന്നീട് ഇരുവരും മൃഷ്ടി യുദ്ധത്തിലേര്‍പ്പെടുന്നു. ശിവന്‍ വില്‍ക്കാല്‍ കൊണ്ട് അര്‍ജ്ജുനനെ ആകാശത്തേക്കെറിയുന്നു. വേടന്റെ ശക്തി മനസ്സിലാക്കിയ അര്‍ജ്ജുനന്‍ അത്ഭുതപ്പെടുന്നു. വേടന്റെ കാല്‍ക്കല്‍ ' താണപ്പെടാന്‍' തുടങ്ങുമ്പോഴാണ് വേടന്റെ തലയില്‍ തിങ്കള്‍ക്കലയും ജഡയും കഴുത്തില്‍ പാമ്പിനെയും കാണുന്നത്. വേടന്‍ ശിവനാണെന്നു തിരിച്ചറിഞ്ഞ അര്‍ജ്ജുനന്‍ തനിക്ക് സംഭവിച്ച പിഴവ് പൊറുക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. തനിക്ക് മുമ്പില്‍പ്രത്യക്ഷപ്പെട്ട ശിവനോട് വരമായി ആവശ്യപ്പെടുന്നത് പാശുപതാസ്ത്രമല്ല. പകരം ഇങ്ങനെയാണ്. ബാലിയെ കൊന്ന വരം വേണ്ട, താടകയെ നിഗ്രഹിച്ച വരവും വേണ്ട, രാവണനെ കൊന്ന വരവും വേണ്ട പാണ്ഡു രാജ്യം ഭരിക്കണം. കര്‍ണ്ണന്‍ ഒരു യന്ത്രത്താല്‍ തന്നെ വധിക്കും. അതിനു കുശലുണ്ടാക്കണം. വല്ലഭവും വീര്യവും നല്കണം. ഇപ്രകാരം അര്‍ജ്ജുനന്‍ ആവശ്യപ്പെടുന്ന സമയത്ത് പാര്‍വ്വതിയാണ് വരം നല്‍കുന്നത്. നാറാഴ്ച കിഴക്കുനൊക്കി പടകുറിച്ച യുദ്ധങ്ങള്‍ പലവകയും നീ ചെയ്യുമ്പോള്‍ രഥം നാല് വിരല്‍ നാല് ചാണ്‍ ഭൂമിയില്‍ താണ് ജയിച്ചുകൊള്ളുമെന്ന് പാര്‍വ്വതി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ഭാഗം ശിവസ്തുതിയാണ്. ഇത്രയുമാണ് വേടയുദ്ധം കഥകളിയുടെ സാരം. മൂലകഥയുടെ അപനിര്‍മ്മാണം   ഭാഷാപരമായി തമിഴിന്റെ സ്വാധീനമുണ്ട്. ദീര്‍ഘാക്ഷരത്തിനു പകരം ഹ്രസ്വരൂപമാണ് കാണുന്നത്. 'വെഡയുദ്ധം കതകളി' എന്നാണ് ഓലയില്‍ കാണുന്നത്. വെഡര്‍ എന്നും വെടര്‍ എന്നും കാണാം. വേടയുദ്ധം കഥകളിയുടെ പ്രത്യേകത അത് മൂലകൃതിയില്‍ നിന്നു വലിയ അളവില്‍ വ്യത്യാസം പുലര്‍ത്തുന്നു എന്നതാണ്. ഈ കഥ മഹാഭാരതയുദ്ധത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം പാശുപതാസ്ത്രം ആവശ്യപ്പെടുകയോ നല്ക്കുകയോ ചെയ്യുന്നില്ല. പകരം സമാധാനമാണ് അര്‍ജ്ജുനന്‍ കാംക്ഷിക്കുന്നത്. പ്രത്യാക്രമണം കൂടാതെയുള്ള വിജയമാണ് പാര്‍വ്വതി വരമായും നല്കുന്നത്. <poem>            ……………    '-------- അമ്പെറ്റ പൊദമവനു ചാപം                        തീരാഞ്ഞായസുരന്‍ അരനടിക്കല്‍                       കുമ്പിട്ടാനെ അമ്പിനെടെയിന്നു നീ                       പൊയി കരൊതലത്തില്‍ അര്‍ജ്ജുനന്റെ                       അടുക്കളമായി കിടന്നു പന്നി' പിന്നീട്, തപസ്സ് ചെയ്യുന്ന അര്‍ജ്ജുനനടുത്തെത്തി ഇപ്രകാരം ആവശ്യപ്പെടുന്നു.                      'തമ്പുരാനെ അംശര്‍കൊനെ ഇന്ദ്രപുത്രാ                       ധനം ഞയനും അടുക്കളമായി പുകഴ്ന്താന്‍ന്താനും                       അടുക്കളം കൊള്ളാമെങ്കില്‍ ആമെന്നു ചൊല്ലൂ                       വിജയാ ആദിത്യന്‍ കണ്ണുസുതനടിമപുവാന്‍                       കൊടുപ്പമായി വലകെട്ടി നായുമാടി കൊണ്ടാടിക്കൊണ്ടെ                       യിതൊരമ്പുകാന്മിന്‍ കടുക്കനെച്ചൊല്‍                       കരുതിടുചില്ലാകൊടുലാ മൊടുവഴുകിലൊ                       കൊല്‍വൊരെന്നെ എടയുന്നുമനമിനിക്കു                       പന്നി ചൊല്ലി ഇന്ദ്രപുത്രന്‍ തപാ നൃത്തി                       പാര്‍ത്തനുടെ തൃക്കാല്‍ക്കില്‍ കിടന്നുപന്നി                       എന്‍ പിഴയു പെഴപെരികിലിന്നു തീരാ                       എന്നു ഞാ നിനക്കടിമ പുക്കാന്‍ പിന്നെ                       എന്നെയുകൊല കൊടാതെ എന്നു പന്നി'  ഇങ്ങനെ അഭയം യാചിച്ചെത്തിയ പന്നിയെ ആണ് അര്‍ജ്ജുനന്‍ സംരക്ഷിക്കുന്നത്.                       'ശ്രീ നീലകണ്ഠന്‍ മകന്‍ തുണയെങ്കിലോ                         കൊടുക്കുന്നില്ല ഞാനിവര്‍ക്കും പന്നിയെ' എന്നിങ്ങനെ ഉറച്ച തീരുമാനവും അര്‍ജ്ജുനന്‍ കൈകൊള്ളുന്നു. ഇവിടെ മൂലകഥയെ അപനിര്‍മ്മിച്ചിരിക്കുന്നു. കാരണം താപസന്മാര്‍ പൊതുവെ മാംസാഹാരികളോ, ഹിംസിക്കുന്നവരോ അല്ല. ഫലമൂലാദികള്‍ ഭക്ഷിക്കുന്നവരും സൗമ്യശീലരുമാണ്. ഇത്തരത്തില്‍ ഭാവപരിണാമം സംഭവിച്ചിട്ടുണ്ട് സന്യാസം കൊണ്ട് അര്‍ജ്ജുനനും. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും. സന്യാസിയായ അര്‍ജ്ജുനന്‍, പന്നിയ്ക്കുവേണ്ടി-ഇറച്ചിയ്ക്കുവേണ്ടി-എന്തിനാണ് ശിവനോട് യുദ്ധം ചെയ്തത് എന്ന്. തനിക്കാവശ്യമില്ലാത്ത ഒന്നിനാണ് അര്‍ജ്ജുനന്‍ കലഹിക്കുന്നത്. അവകാശപ്പെട്ടവര്‍ വേട്ടക്കാരുമാണ്. മൂലകഥയിലെ ഈയൊരു കാര്യം പുനര്‍വായനയില്‍ യുക്തിയില്ലായ്മയായി മുള്ളക്കുറുമര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം.അതുകൊണ്ടാവാം മൂലകഥയില്‍ നിന്ന് വ്യത്യസ്തമായി പൂതിയൊരു കാരണം അര്‍ജ്ജുന-ശിവയുദ്ധത്തിനു കല്പിച്ചിരിക്കുന്നത്. അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കേണ്ടത് ക്ഷത്രിയരുടെ കര്‍ത്തവ്യം കൂടിയാണല്ലോ. ഈ ബോധ്യം അര്‍ജ്ജുനനില്‍ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. വേടരുമായുള്ള യുദ്ധത്തില്‍ താന്‍ മരിച്ചുപോയാല്‍ ഭാരതരാജ്യം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നുണ്ട്. എങ്കിലും അതിനേക്കാള്‍ നല്ലത് ഇപ്പോള്‍ പന്നിയെ രക്ഷിക്കുന്നതാണെന്ന് അര്‍ജ്ജുനന്‍ കരുതുന്നു. <poem>                         .-------വില്ലുമമ്പുകൊണ്ടാടി പൊമെകയര്‍ക്കെണ്ടാ                          പെരുവെഡര്‍ പലരുമുണ്ട അവര്‍-----                          വന്നു കഴ്കിയൊ കൊള്‍വൊനിശ്ശയം                          ഞങ്ങളിന്നി പന്നിചൊല്ലിചത്തുപൊയാല്‍                          ഇന്നിയൊരു ഭാരതപൊരയി പൊരില്ലാ                          ഭാരതപ്പൊരയിവന്നിന്നൊരാശയില്ല                          പന്നിതന്നെ രക്ഷിക്ക നല്ലതിപ്പൊള്‍ ഇങ്ങനെയൊരു കര്‍ത്തവ്യബൊധം അര്‍ജ്ജുനനുള്ളതുകൊണ്ടാണ് പന്നിയെ രക്ഷിക്കാന്‍ ശിവനോട് യുദ്ധം ചെയ്യുന്നത്. യുദ്ധത്തിനുമുമ്പ് വേടന്മാര്‍ അര്‍ജ്ജുനനെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.                          ഗണപ്രതിയാല്‍ നിന്റെ അവളെയിങ്ങു                          പിടിച്ചുകൊണ്ട പാര്‍ത്തലത്തിലന്നടിയന്‍                          ബ്രഡനിക്കു ഭാര്‍യ്യയാക്കി വാങ്ങിയിങ്ങുകൊടുപ്പെന്‍                          നിശ്ചയം നിശ്ചയം നിങ്ങളിന്നു                          പന്നികൊണ്ടുപൊവെന്‍ നിന്നെ                          ഒരു മരത്തൊടുകെട്ടിവെപ്പെന്‍                          വെച്ചുകൊടുചാപലം കിഴങ്ങുംതെനും                          പന്നിയുടെ എറച്ചിയുമായി ചുട്ടുതിന്മെന്‍ മെച്ചമെ വേടന്മാര്‍ക്ക് അനുയോജ്യമായ ഭീഷണിതന്നെയാണ്. പരാജയപ്പെട്ടവന്റെ സ്വത്തും പെണ്ണും വിജയിക്കവകാശപ്പെട്ടതാണ്. പരാജിതനെ ശിക്ഷിക്കാനുള്ള അവകാശവും വിജയിക്കുണ്ട്. ഈയൊരു പ്രാചീന നീതിബോധം തന്നെയാകണം ഇവിടെയും പ്രകടമാകുന്നത്. മറിച്ച് വേടര്‍ നരഭോജികളാണെന്ന അര്‍ത്ഥത്തെ ആയിരിക്കില്ല ഈ ഭീഷണി രൂപപ്പെടുത്തുന്നത് എന്ന് കരുതാം. ഈ ഭീഷണിക്കു മുമ്പിലും അര്‍ജ്ജുനന്‍ പതറുന്നില്ല. യുദ്ധത്തിനായി അടുത്ത വേടന്മാരെ അസ്ത്രം കൊണ്ടു തടുക്കുന്നു.                          അടുത്തുകണ്ടര്‍ജ്ജുനനും കൊപത്തോടെ                          തടുത്തു തിരിച്ചമ്പിനുടെ വിഷം കളഞ്ഞ                          തന്‍ കയ്യാല്‍ ചെരമെടുത്തൊനെയിതാന്‍                          വെഡര്‍ ഉമച്ച കണ്ണു തുറക്കുമതു വൈകുമുമ്പെ                          അനെകം നൂറായിരം ശരമെയിതാന്‍ പാര്‍ത്താന്‍ ഇത്തരത്തില്‍ ശരപ്രയോഗം കണ്ടാണ് പാര്‍വ്വതി അര്‍ജ്ജുനനെ ശപിക്കുന്നത്.                          കാണട്ടെ വമ്പതന്നു പറയുന്നെരം                           പാര്‍ത്ഥം കെ കണ്ടു പെരുവെഡുവത്തി                           വസ്ഥിമെയായി മനമഴിഞ്ഞു ചപിച്ചാളപ്പൊള്‍                           ബാണമെല്ലാം പുഷ്പമായി പൊകയെന്ന വരി                           ശപിച്ചു വെഡുവത്തി ചപിച്ചാളപ്പൊള്‍ തുടര്‍ന്ന് അസ്ത്രങ്ങള്‍ പുഷ്പങ്ങളായി മാറുന്നു. പുഷ്പബാണങ്ങള്‍ തീര്‍ന്നപ്പോള്‍ ആര്‍ത്തരിശപ്പെട്ട് വില്‍ക്കാല്‍ കൊണ്ട് എറിയുന്നു. തിരുമുടിയിലിരുന്ന ഗംഗ ഏറ് കൊണ്ട് ഒളിക്കുന്നു. തുടര്‍ന്ന് വില്‍ക്കാല്‍ കൊണ്ട് ശിവന്‍ അര്‍ജ്ജുനനെ പ്രഹരിക്കുന്നു. ഈ സമയത്തും ശിവന്‍ താനെയ്ത പന്നിയെ മാത്രമാണ് ആവശ്യപ്പെടുന്നത്.                           വില്‍ക്കാല്‍ കൊണ്ടടുത്തറിഞ്ഞതില്‍                            തിരുമുടിയിലിരുന്നഗെങ്ങാ വിളിച്ചൊളിച്ചാ                            എടുത്താന്‍ വെഡന്‍ ഉയര്‍ന്നാന്‍ വിജയന്‍                            എടുത്ത വില്ലാലെക്കുരച്ചാനെന്ന വില്‍ക്കാലടി                            കൊള്ളുമന്‍ന്നെ വിജയാ ഞാനെയിതൊരു                            പന്നിത്തരിക തരിക എന്‍ സുഹരത്തെ ഇങ്ങനെ ആവശ്യപ്പെടുമ്പോഴും യുദ്ധം തുടരാന്‍ തന്നെയാണ് അര്‍ജ്ജുനനു താത്പര്യം. തന്റെ ഇഷ്ടദേവനായ ശിവന്‍ തനിക്ക് തുണയുണ്ടെന്നു പറഞ്ഞ് യുദ്ധം തുടരുന്നു. വില്ല് നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്നും കട്ടാരം ഊരി കുത്തുമെന്ന് അര്‍ജ്ജുനന്‍ പരയുന്നു. പിന്നീട് കട്ടാരവും അപ്രത്യക്ഷമാകുന്നു. കട്ടാരം പോയാല്‍ ചൊട്ടയെ വാങ്കികുത്തുമെന്ന് പറഞ്ഞ് അതിനൊരുമ്പെടുന്നു. അപ്പോഴും പഴയതുതന്നെ സംഭവിക്കുന്നു. തുടര്‍ന്ന് തണ്ടകൊണ്ട് യുദ്ധത്തിനൊരുങ്ങുന്നു. ആ ഭാഗം ഇങ്ങനെ വിവരിച്ചിരിക്കുന്നു.                            'കണ്ടളവില്‍ തണ്ട കൊണ്ടു യുദ്ധം ചെയ്യിതെ                             കൊപിച്ചു വില്‍ക്കാല്‍ കൊണ്ടടുത്തറിഞ്ഞ                             അരിമയിലാകാശത്തൊടണയ ചെന്ന                             അരിമയിലാഗിന്ത മാനവെളിവുകണ്ട                             അപ്പോഴതെ ധനഞ്ഞയനും സുഖം കെട്ടിട്ട                             തപ്പൊത തരുത്തവനു കാല്‍ക്കില്‍                             താണപ്പെട്ടുകൊള്‍വാന്‍ പണിയപ്പൊള്‍                             എന്നു ചൊല്ലി വന്നൊരുമ്പെട്ടാര്‍                             വിശ്വരൂപി തമ്പുരാനെ മാനം കണ്ടുതെ                             മലരടി കണ്ടുതെ ദെശം കണ്ടുതെ ദെശപായം                             കണ്ടുതെ ഉടനെ തിങ്കളും ജഡയും കണ്ടുതെ                             ഉടനുടെ നെറ്റി തടവും കണ്ടുതെ ഉടെ കണ്ടിണ                             മിഴികെ കണ്ടുതെ അയകിയ പുറവടി വിരലുകണ്ടുതെ വില്‍ക്കാല്‍ കൊണ്ട് എടുത്തെറിയപ്പെട്ട അര്‍ജ്ജുനന്‍ ആകാശത്തെത്തി. താഴേക്കുപോരാന്‍ നിര്‍വ്വാഹമില്ലാതെയായി. അസുഖകരമായി അനുഭവപ്പെട്ടപ്പോഴാണ് വെളിവുണ്ടായത് താന്‍ യുദ്ധം ചെയ്തത് ശിവനോടാണെന്ന്. തുടര്‍ന്നു ശിവനെ സ്തുതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പിന്നീട് വരം ആവശ്യപ്പെടുന്നു.                             പൊറുത്തുകൊള്‍ക പുരവൈരി പുരാണനാഥ                              തഹൊലിച്ചടിയനുടെ പിഴകളെല്ലാം തമ്പുരാനെ                              താരമാക നിനന്തുകൊള്‍ക നൂറ്റുവരുകുറ്റൊരു                              പടയുമെ കൊപ്പല്ലാ കൊപിച്ചു വന്നതിനെ                              അടക്കം വെപ്പാന്‍ മറ്റാരെകൊന്നൊടുക്കി                              ധനം ജയിപ്പാന്‍ വരന്തരരണം                              ദിജവരം----ന്ന തമ്പുരാനെ                              ബാലിയെക്കൊന്നൊരു വരവും വെണ്ടാ                              വെണ്ടാ താടകയെ നിഗ്രഹിച്ച വരവൊണ്ടാ                              ലങ്കാപുര ബാഴു രാവണ രാക്ഷസനെ                              കൊന്നൊരു വരവും വെണ്ടടിയത്തിന്ന                              എടുക്കുമ്പൊഴൊന്നു തൊടുക്കുമ്പൊ തൊള്ളായിരം                              തൊട വിടുമ്പോള്‍ കൊടി നൂറായിരം                              കൊള്ളുമ്പൊഴൊന്നാന്നായിരിക്കാം                              ശരമെയു വരവുവെണ്ടടിയത്തിന്ന                              അല്ലല്‍ കൂടാതെ ഗുരു നാടു വാഴ്കവെണം                              അടിയനുടെ ജഡയെനിക്കു മൂടിവെക്കണം                              കൊല്ലുമെവന്‍ കര്‍ണ്ണനെന്നെ യൊരന്ത്രത്താലെ                              അതിനുകുശലുണ്ടാക്കവെണം                              പാണ്ണുരാജ്യം നാടുവാണങ്ങിരിക്കവെണം ഈ സമയം പാര്‍വ്വതിയാണ് വരം നല്‍ക്കുന്നത്.                              അന്നെരം ശ്രീപാര്‍വ്വതി താനരുളിയിത                              നാറാഴ്ച കിഴക്കുനൊക്കി പട കുറിച്ച യുദ്ധങ്ങള്‍                              പലവകെയും നീ ചെയ്യുമ്പൊള്‍ നാല്‍ച്ചാണു                              നാല്‍ വെരലു ഭൂമി താണു കൊള്‍ക എന്ന                              പണ്ടുമണ്ടതിരുമിടിയിലിരുന്നത്രെ                              പാണ്ഡവെര്‍ക്കും ജെയം വരുവാന്‍ കൊടത്തിതപ്പൊള്‍ ഇവിടെ മൂലകഥയെ അപനിര്‍മ്മിച്ചിരിക്കുന്നു. തനിക്ക് ജയിക്കുന്നതിനായി എല്ലാവരെയും കൊന്നൊടുക്കാന്‍ പാകത്തിനുള്ള വരമല്ല വേണ്ടത്. ബാലിയെ കൊന്ന വരമൊ, താടകയെ നിഗ്രഹിച്ച വരമൊ രാവണനെ വധിച്ച വരമോ അല്ല വേണ്ടത്. അസാമാന്യമായ അസ്ത്രപാടവവും വരമായി അര്‍ജ്ജുനന്‍ ആവശ്യപ്പെടുന്നില്ല. പകരം കര്‍ണ്ണന്‍ നേടിയ യന്ത്രം കൊണ്ട് കൊല്ലപ്പെടാതിരിക്കാനുള്ള ഉപായമാണ് അര്‍ജ്ജുനന്‍ ആവശ്യപ്പെടുന്നത്. സ്വയരക്ഷയാണ് അര്‍ജ്ജുനന്‍ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റേതായ ഭാവിയും അര്‍ജ്ജുനന്‍ പ്രതീക്ഷിക്കുന്നുണ്ട്. പാര്‍വ്വതി നല്‍കിയ വരവും ശ്രദ്ധേയമാണ്. രഥം ഭൂമിയില്‍ താണ് രക്ഷപ്പെടുമെന്ന് ആശംസിക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്പരം ഹിംസിക്കാതെ വിജയം വരിക്കാനുള്ള അനുഗ്രഹം, കര്‍ണ്ണന്‍ യന്ത്രം പ്രയോഗിക്കുമ്പോള്‍ പ്രതിരോധിക്കുകപോലും ചെയ്യാതെ വിഫലമാകുമെന്ന് കരുതാം. ആയുധം നഷ്ടപ്പെട്ടവന്‍ സ്വയം കീഴടങ്ങിക്കൊള്ളുമെന്നായിരിക്കും പാര്‍വ്വതി കരുതുന്നത്. ഇത്തരത്തില്‍ കിരാതകഥയെ അപനിര്‍മ്മിച്ചിരിക്കുന്നത് യുദ്ധം സര്‍വനാശമാണ് വിതയ്ക്കുക എന്ന അനുഭവപാഠം മുള്ളക്കുറുമര്‍ക്കുള്ളതുകൊണ്ടുകൂടിയായിരിക്കാം. അപനിര്‍മ്മാണത്തിനായി രാമായണ പാഠമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാലിവധം, താടകാനിഗ്രഹം, രാവണവധം ഇവ മൂന്നുമാണ് രാമായണത്തിലെ പ്രധാനസംഭവങ്ങള്‍. ഇവ ഏറ്റവും പൈശാചികവും സാമാന്യനീതിയ്ക്ക് ന്യായീകരിക്കാന്‍ കഴിയാത്തതുമാണ്. ഈയൊരു പാഠം കിരാതകഥാ സന്ദര്‍ഭത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഇവിടെ അപനിര്‍മ്മാണം സാധ്യമാക്കിയിരിക്കുന്നത്.

നായാട്ടിന്റെ വിവരണം     അപനിര്‍മ്മാണത്തിനുപുറമെ ഈ പാട്ടില്‍ നായാട്ടുജീവിതത്തിന്റെ വലിയ വിവരണമുണ്ട്. ഇതിനുമുള്ളക്കുറുമരുടെ നായാട്ടുരീതിയോട് ഏറെ അടുപ്പമുണ്ട്. മുള്ളക്കുറുമര്‍ നായാട്ട് വിളിച്ചാണ് പോകുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. അതിനെക്കുറിച്ച് ആവേദകര്‍ ഇങ്ങനെ പറയുന്നു. രാമന്‍ (65) : നായാട്ടു വിളിച്ചുതന്നെ പോകുന്നത്. ഇവടെ പല തെരഞ്ഞെടുത്തപോലെ ഒര് വല്യ മൂപ്പ നൊണ്ടാകും. അയാള് ഇവിടെ വന്ന് വിളിച്ചു പറയും. അങ്ങനെ ഇവടൊള്ളവരെല്ലാം കൂടി കഞ്ഞിയൊക്കെ കുടിച്ച് നായാട്ടിനു പോകും. എല്ലാവരും വന്നു കഴിയുമ്പം കാട് കേറും. ചൂച്ചന്‍ (80): അത് കാര്‍ന്നോന്മാര് വിളിക്കും അവര്‍ ഇന്നസ്ഥലത്ത് ശിക്കാരിക്ക് പോകണം. കാര്‍ന്നോന്മാര്  സ്ഥാനം വച്ച് വിളിക്കും. എവടാ വിളിക്കുന്നതെന്ന് വച്ചാ അവടെ ചെല്ലണം വേണ്ടപ്പട്ടവര് ചെല്ലും. അവടെ വെച്ച് പറയും ഇന്ന ദിവസം നായാട്ട്.അങ്ങനാണ് നായാട്ട് വിളിക്കുന്നത്. നായാട്ട് വിളിച്ച് കാട്ടില്‍ കയറുന്ന മുള്ളക്കുറുമര്‍ നായാട്ടാരംഭിക്കുന്നതിനെക്കുറിച്ച് രമേഷ് എം. ആര്‍. ഇങ്ങനെ എഴുതിയിട്ടുണ്ട്:       ഒരു നായാട്ടുസംഘത്തില്‍ മുപ്പതോളം ആളുകളും പതിനഞ്ചോളം നായ്ക്കളുമാണുണ്ടാവുക----കാട്ടുപന്നികളും കലമാനുകളുമാണ് നായാട്ടിനു മുഖ്യമായും ഇരയാവാറുള്ളത്-----വേട്ടയാടാന്‍ ഉള്‍വനത്തിലെത്തിയാല്‍ നായ്ക്കള്‍ മൃഗങ്ങളുള്ള സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി അവയെ പുറത്തുചാടിക്കുകയും ചെയ്യുന്നു.7      മുള്ളക്കുറുമരുടെ നായാട്ടുരീതിയ്ക്ക് സമാനമാണ് ഈ പാട്ട#ില്‍ പ്രതിപാദിക്കപ്പെടുന്ന നായാട്ടും. നായാട്ടുവിളിയും നായ്ക്കളുമായി വനത്തില്‍ പ്രവേശിക്കുന്നതും നോക്കുക.                              ------നെരത്തെഴുന്നള്ളിപെരുവെഡന്‍ന്താന്‍                               കാല്‍കൊണ്ടു തട്ടിയവരെ എഴുന്നേല്‍പ്പിച്ചു                               ഉറുക്കുപാടിയുക്കുവിനെ പന്നി നിങ്ങള്‍                               നായാട്ടു വിളിയവരും വിളിച്ചാരെല്ലൊ                               ചംതമൊടെ പറഞ്ഞുറച്ചു പന്നികാചാന്‍                               ------------------------------------                               മലമാന്‍ മുരുകത്തെ വഴിതെടി വന്ന                               കണ്ട കണ്ടാ പിരികത്തെ വളവിനെടൊ                               ചുമടുള്ളാ നായിക്കെളെ കയറൂറിന്‍                               ചുമടിളക്കി ക്കാടു തിരവിനെടൊ  ഇങ്ങനെ നായ്ക്കളുടെ സഹായത്തോടെയാണ് വേടര്‍ മൃഗങ്ങളെ കണ്ടെത്തുന്നത്. കാട്ടില്‍ കാണുന്ന കാല്പാടുകള്‍ നോക്കി ഏതേത് മൃഗത്തിന്റേതെന്ന് മനസ്സിലാക്കാന്‍ വേടന്മാര്‍ക്ക് കഴിയുന്നുണ്ട്. ഓരോ കാല്പാടും ഏത് മൃഗത്തിന്റേതെന്ന് ഈ പാട്ടില്‍ വിവരിക്കുന്നുണ്ട്. അമ്പുകൊണ്ട പന്നിയെ (മൂകാസുരനെ) വേടര്‍ പിന്തുടരുന്നതും കാല്പാടുകള്‍ നോക്കിയാണ്.  ഇവിടെ പ്രതിപാദിക്കുന്ന നായാട്ടുരീതി, നായാട്ടുവിളി, കാല്പാടുകള്‍ പിന്തുടര്‍ന്നു മൃഗങ്ങളെ കണ്ടെത്തുന്നത്, നായ്ക്കളെ ഉപയോഗിച്ച് കാടിളക്കി മൃഗങ്ങളെ പുറത്തുചാടിക്കുന്നത്. ഇവയെല്ലാം മുള്ളക്കുറുമരുടെ നായാട്ടുരീതിയാണ്. കാല്പാടുകള്‍ നോക്കി മൃഗങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നത് വനവുമായുള്ള നിരന്തരബന്ധത്തെയും വന്യജീവികളെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെയും തെളിവുകളാണ്. കൃത്യമായി പറഞ്ഞാല്‍ ഓരോ ജീവിയേയും തിരിച്ചറിയാന്‍ അവയുടെ കാല്പാടുകള്‍ മതി എന്ന അിറവിലേക്ക് മുള്ളക്കുറുമര്‍ വളര്‍ന്നിട്ടുണ്ടെന്ന് കരുതണം. സാമാന്യമായ അറിവ് എന്നതിനപ്പുറത്തേക്ക് വൈജ്ഞാനികമായി ഏറെക്കാലം മുമ്പെ അവര്‍ ഉയര്‍ന്നതായി കരുതാം.  മുള്ളക്കുറുമരുടെ ഉത്പത്തിയുമായി ബന്ധപ്പെട്ട് കിരാതം കഥയാണ് അവര്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. ശിവന്‍ വേട്ടയ്ക്കായി സൃഷ്ടിച്ച വേടന്മാരുടെ അനന്തരതലമുറയാണ് തങ്ങളെന്ന് ഇവര്‍ വിശ്വസിക്കുന്നു. എന്തുകൊണ്ട് തങ്ങളുടെ ഉത്പത്തിയെ കിരാതകഥയുമായി ബന്ധിപ്പിക്കുന്നു? തങ്ങളുടെ അനുദിനജീവിതത്തെ കണ്ടെത്താന്‍ പൗരാണികമായ ഈ കഥാസന്ദര്‍ത്തില്‍ കഴിഞ്ഞതുകൊണ്ടാണോ കിരാതകഥയ്ക്ക് ഇത്രയധികം പ്രാധാന്യം മുള്ളക്കുറുമര്‍ നല്കുന്നത്?    കാരണമെന്താണെങ്കിലും പുരാണകഥാസന്ദര്‍ഭങ്ങളിലേക്ക് തങ്ങളുടെ അനുദിനജീവിതത്തെ പറിച്ചുനട്ടുകൊണ്ട് ആദിവാസി എന്ന സാമാന്യവ്യവഹാരത്തിനു പുരത്താണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ ഇവര്‍ക്കു കഴിയുന്നുണ്ട്. ഇതര ജാതിക്കൂട്ടായ്മകളേക്കാള്‍ ഉന്നതമാണ്തങ്ങളുടെ സ്ഥാനമെന്ന് സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരിക്കണം ഈ കഥാസന്ദര്‍ഭത്തെ ഇത്തരത്തില്‍ ക്രമപ്പെടുത്തിയതിന്റെ പിന്നിലുള്ള യുക്തിയെന്ന കരുതാം. സാമൂഹികമായും വൈജ്ഞാനികമായും മുള്ളക്കുറുമര്‍ക്കുണ്ടായ പുരോഗതി ദൈവദത്തമാണെന്ന് സ്ഥാപിക്കാന്‍ കൂടി ആയിരിക്കണം ഇത്തരം പുരാവൃത്തങ്ങളെ കണ്ടെടുത്ത് തങ്ങളുടെ ഉല്പത്തിയോട് കണ്ണിചേര്‍ക്കുന്നതെന്ന് കരുതാം.   മുള്ളക്കുറുമര്‍ മറ്റു ജാതി കൂട്ടായ്മകളേക്കാള്‍ വൈജ്ഞാനികമായി വളര്‍ച്ച നേടിയതിന്റെ തെളിവായി വേണം വേടയുദ്ധം കഥകളിയെ കാണാന്‍. കാരണം കഥാസന്ദര്‍ഭത്തെയും കഥാപാത്രത്തിന്റെ സ്വഭാവത്തെയും അപനിര്‍മ്മിച്ചിരിക്കുന്നു. മഹാഭാരതത്തിലെ ധീരനും യുദ്ധോത്സാഹിയുമായ അര്‍ജ്ജുനനുപകരം സമാധാനപ്രിയനും പക്വമതിയുമായ ഒരാളായി അര്‍ജ്ജുനനെ രൂപപ്പെടുത്തുന്നു. ഏകാന്തമായ തപസ്സ് ആത്മജ്ഞാനം വളര്‍ത്തുമെങ്കില്‍ അര്‍ജ്ജുനനിലും അതുണ്ടായതായി മുള്ളക്കുറുമര്‍ കരുതുന്നു. ഈ ധാരണ കൊണ്ടായിരിക്കാം അര്‍ജ്ജുനന്‍ അപനിര്‍മ്മിക്കപ്പെട്ടത്.     പുരാണേതിഹാസകഥാസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കാനുള്ള പ്രവണത മുള്ളക്കുറുരമരില്‍ ദൃശ്യമാണ്. ഇതിനു പിന്‍ബലമായി പ്രവര്‍ത്തിക്കുന്നത് യുക്തിബോധമാണ്. യുക്തിയുടെ പിന്‍ബലത്തോടെ കാര്യകാരണങ്ങളെ അന്വേഷിക്കുമ്പോഴാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നത്. ഈ ആശയബോധമാണ് പുരാണകഥാസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കാന്‍ മുള്ളക്കുറുമര്‍ക്ക് പ്രേരണയായിട്ടുണ്ടാവുക.   ആവേദസൂചി 1.ഗോവിന്ദന്‍         65      മടൂര്‍                          വാകേരി പി. ഒ    സുല്‍ത്താന്‍ ബത്തേരി 2.ചൂച്ചന്‍             85      കല്ലൂര്‍                         മൂടക്കൊല്ലി പി.ഒ  സുല്‍ത്താന്‍ ബത്തേരി 3. രാമന്‍             65      വലിയകൊല്ലി                 മൂടകൊല്ലി പി.ഒ   സുല്‍ത്താന്‍ ബത്തേരി   കുറിപ്പുകള്‍ 1.  നായാട്ടും കൃഷിയുമാണ് മുഖ്യജീവനോപാധികള്‍. കാര്‍ഷികവും ഗാര്‍ഹികവുമായ ആവശ്യത്തിനു ധാരാളം കന്നുകാലികളെയും വളര്‍ത്തിയിരുന്നു. 'കുടി' എന്ന ധാരാളം വീടുകളടങ്ങിയ ആവാസകേന്ദ്രങ്ങളില്‍ കൂട്ടമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഓരോ കുടിയും സ്വയം സമ്പൂര്‍ണ്ണമായിരുന്നു. നിക്ഷിപ്താധികാരങ്ങളുള്ള കുടിമൂപ്പനാണ് നേതാവ്. 2.  ടശിഴ ഗ.ട: 1994, ഠവല ടവലറൗഹലറ ഠൃശയല:െ അി അിവേൃീുീഹീഴശരമഹ ടൗൃ്‌ല്യ ീള കിറശമ, ഛഃളീൃറ ഡിശ്‌ലൃശെ്യേ ജൃല,ൈ ചലം ഉലഹവശ. 3. ഈ രൂപമാണ് ഓലയില്‍ കാണുന്നത് വേടന്‍ വേടവത്തി. 4.  ശാപകാരണം പാട്ടില്‍ വ്യക്തമാക്കുന്നില്ല. 5.  കട്ടാരം-അര്‍ത്ഥസൂചനയില്ല. 6.  ചൊട്ട-കടാരി 7.  രമേഷ് എം. ആര്‍: നായാട്ട്- ആദിവാസി ചിത്രകാരന്റെ വര, എഴുത്ത്, ജീവിതം-സാംസ്‌കാരിക പൈതൃകം, പുസ്തകം 2, ലക്കം-9, ഓഗസ്റ്റ് 2008                      

"https://schoolwiki.in/index.php?title=കെ._കെ._ബിജു&oldid=265838" എന്ന താളിൽനിന്ന് ശേഖരിച്ചത്