കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആർ.പ്രസന്നകുമാർ.
ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - നാട്ടുപഴമ
-ആര്‍.പ്രസന്നകുമാര്‍.
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടംതറയില്‍ നിന്ന് (ഭട്ടന്‍തറ എന്നത് പഴയ നാമം) പടിഞ്ഞാറോട്ടുമാറി തെക്കു വടക്കു ഭാഗങ്ങളിലായിട്ടുള്ള രണ്ടു വാര്‍ഡുകളിലായി ഐക്കാട് എന്ന ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നു. വയലേലകളും ഇടത്തോടുകളും അവയുടെ ഇരുകരകളിലും ഓലകൈകളാട്ടുന്ന തെങ്ങുകളും പഴമയുടെ പ്രതീകങ്ങളായ കാവുകളും യക്ഷിപ്പനകളും നിറഞ്ഞ സമൃദ്ധഭൂതലം. ആധുനികതയുടെ മിന്നലാട്ടങ്ങളായി മണിമന്ദിരങ്ങളും റബ്ബര്‍ തോട്ടങ്ങളും വിവിധ വാഹന നിരകളും ഇന്ന് അവിടെ സര്‍വസാധാരണമായിരിക്കുന്നു. എങ്കിലും പഴങ്കഥയുടെ ചിറകേറി ഇന്നും ചില നാട്ടറിവുകള്‍ പെരുമയുടെ കോലം കെട്ടുന്നു. വീശുന്ന കാറ്റിലും മൂളുന്നത് പഴമക്കാര്‍ വാമൊഴിയായി തന്ന ശാപഗ്രസ്ഥമായ ഒരു നാടിന്റെ കഥയാണ്. ഒരുവിധത്തില്‍ ഇതെല്ലാവരുടെയും കൂടിയുള്ള ജീവിതവുമാണ്.
ഐക്കാട് പ്രദേശം വളരെ പണ്ട് വാണിരുന്നത് ചരിത്രപുരുഷനായ ഓണമ്പള്ളി തമ്പുരാനായിരുന്നു. തമ്പുരാന്റെ ഭരണം നാട്ടുകൂട്ടായ്മക്ക് വിരുദ്ധവും ജനദ്രോഹപരവുമായിരുന്നു. പ്രജാക്ഷേമം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ ദുഷ്ഭരണം അവസാനിപ്പിക്കുവാന്‍ ദേശത്തുടനീളം ചലനങ്ങള്‍ അരങ്ങേറി. സ്ത്രീകള്‍ വരെ വീടുവിട്ടിറങ്ങി ആ പ്രക്ഷോഭപരമ്പരയില്‍ അണിനിരന്നു. നാടിനു ശാപമായി തീര്‍ന്ന തമ്പുരാന്‍ ഗത്യന്തരമില്ലാതെ നാടുവിടാന്‍ തീരുമാനിച്ചു. യാത്രക്കൊരുങ്ങിയ തമ്പുരാന്റെ മുന്നില്‍ പുത്രന്‍ പ്രത്യക്ഷപ്പെട്ടു. യാത്രാമൊഴിയായി തമ്പുരാന്‍ സസ്നേഹം പുത്രനെ തഴുകി. പുത്രന്‍, പരപ്രേരണയാല്‍ തമ്പുരാന്‍ നടക്കാനും അധികാരചിഹ്നമായും ഉപയോഗിച്ചിരുന്ന ഊന്നുവടി ആവശ്യപ്പെട്ടു. അതൊരു വിശേഷപ്പെട്ട വടിയായിരുന്നു. ആനക്കൊമ്പ് പിടിയുള്ള, പൊന്നു കെട്ടിയ, അല്ല വടിയുടെ ഉള്ളു നിറയെ പൊന്നു നിറച്ച ഊന്നുവടി. പടിയിറക്കിവിടാന്‍ ആക്രോശിച്ചു നില്‍ക്കുന്ന നാട്ടുകൂട്ടം വടിയും മുറുക്കെ പിടിച്ചു നില്‍ക്കുന്ന തമ്പുരാനെ വല്ലാതെ പരിഹസിച്ചു. ആട്ടും കുത്തും അസഹനീയമായപ്പോള്‍ തമ്പുരാന്‍ മനസ്സില്ലാ മനസ്സോടെ പരമ്പരയായി കാത്തുകൊള്ളുന്ന മഹത്തായ ഊന്നുവടി മകനു നല്‍കി അനുഗ്രഹിച്ചു.
'നിനക്ക് മുട്ടുകയുമില്ല മുഴുക്കുകയുമില്ല'
ഇന്നും തമ്പുരാന്റെ മകന്റെ കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ആ ശാപം വിഷസര്‍പ്പമായി ചുറ്റിനില്‍ക്കുന്നു. വലിയ ഉയര്‍ച്ചയുമില്ല, എന്നാല്‍ താഴ്ചയുമില്ല. അതേ മുട്ടുകയുമില്ല, മുഴുക്കുകയുമില്ല. ലോകത്ത് മിക്ക കുടുംബങ്ങളിലേയും അവസ്ഥ ഇതു തന്നെയാണ്. അസംതൃപ്തിയുടെ ആകെത്തുകയാണ് ജീവിതം...!
ചിലപ്പോള്‍ ഈ കഥ കേവലം കെട്ടുകഥയാവാം. പഴമയുടെ ഭാണ്ഡക്കെട്ടുകള്‍ ചികഞ്ഞാല്‍ മിത്തുകളും അര്‍ദ്ധസത്യങ്ങളും ഭാവനാവിലാസങ്ങളും സത്യവുമായി ഇഴപിരിഞ്ഞു കിടക്കുന്നതു കാണാം. ഇതാണ് ഐക്കാട്ടെ ഓമ്പള്ളിതമ്പുരാന്റെ ചരിതം.
ഐക്കാട് പെരുമ ഇവിടെ അവസാനിക്കുന്നില്ല. ഭരണരീതിയില്‍ തന്നെ ആധുനിക ജനാധിപത്യത്തിന്റെ സ്ഫുരണങ്ങള്‍ കാണാം. ഒരോ കരകളിലും നാടുവാഴിയുടെ നേരിട്ടുള്ള ഭരണവും നിയന്ത്രണവുമായിരുന്നു. ചെറിയ നാടുവാഴിക്കുപോലും വിപുലമായ ഭരണസ്വാതന്ത്രമുണ്ടായിരുന്നു. അതുപോലെ ഓരോ ദേശത്തിനും ദേശവാഴികള്‍ ഉണ്ടായിരുന്നു. 'മുണ്ടറ്റുവര്‍', 'അണ്ടറ്റുവര്‍' തുടങ്ങിയ പലദേശനാമങ്ങളും പ്രാചീനകൃതികളില്‍ പരാമര്‍ശിതമായിട്ടുണ്ട്. ദേശങ്ങളുടെ ഭരണാധികാരികളെ 'വാഴ്കൈവാഴികള്‍'
എന്നാണ് വിളിച്ചിരുന്നത്. തറകളും കൂട്ടങ്ങളും ചേരികളും ആയി ഭരണസൗകര്യം മുന്‍നിര്‍ത്തി തിരിച്ചിട്ടുണ്ടായിരുന്നു. ഐക്കാട് പഴമയില്‍ ജനാധിപത്യം പൂര്‍ണ്ണപ്രകാശത്തോടെ ആധുനിക കാപട്യവത്യത്തെ പരിഹസിക്കുന്നതായി കാണാം.
ഇവിടെ പ്രസ്താവിതമായ ചരിത്രപുരുഷന്‍ ഒരുപക്ഷേ ഏതെങ്കിലും ദേശവാഴി ആവാം. മലയാളികള്‍ക്ക് മാവേലിത്തമ്പുരാന്‍ പോലെ ഐക്കാടുകാര്‍ക്ക് ഓണമ്പള്ളി തമ്പുരാന്‍ വീരസ്യം നിറഞ്ഞ ഒരോര്‍മ്മയാണ്. പടിയിറക്കപ്പെട്ട കുറ്റാരോപിതനായ കാരണവരാണ്.
ഓമ്പള്ളിത്തമ്പുരാന്റെ ആസ്ഥാനമായി കരുതുന്ന ഐക്കാട്ടുള്ള കീഴടത്തു (കീഴെമഠം) കൊട്ടാരവും അദ്ദേഹത്തിന്റെ കോട്ടകൊത്തളങ്ങള്‍ സ്ഥിതി ചെയ്തിരുന്ന കോട്ടൂര്‍ എന്ന ഗൃഹനാമവും തമ്പുരാന്റെ സൈന്യങ്ങള്‍ (ചാവേര്‍പട) അഭ്യാസങ്ങള്‍ നടത്തിയിരുന്ന ചാവരുപടി എന്ന സ്ഥലനാമവും തമ്പുരാന്റെ ഉപദേശി വര്‍ഗ്ഗങ്ങളുടെ കേന്ദ്രമായിരുന്ന ഉടയാന്‍മുറ്റവും, പൊട്ടന്റയ്യവും (ഭട്ടന്റെ അയ്യം), മഠത്തിനാലും, മഠത്തിലയ്യത്തും, മഠത്തിലും, മാടത്തിട്ടയും ഐക്കാട് പഴമയുടെ പരിഛേദങ്ങളാണ്.