ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 48134-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48134 |
| യൂണിറ്റ് നമ്പർ | LK/2018/48134 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീകോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിദ്ധീഖലി പി സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിജിമോൾ കെ |
| അവസാനം തിരുത്തിയത് | |
| 19-05-2026 | Sidhiqueali |


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി നടന്നു. ജൂൺ 25-ന് ബുധനാഴ്ച നടന്ന പരീക്ഷയിൽ എട്ടാം ക്ലാസിലെ ആകെയുള്ള 205 കുട്ടികളിൽ 146 വിദ്യാർത്ഥികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കാളിത്തം ഉറപ്പാക്കി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ചോദിച്ചത്. സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത്. വിദ്യാർത്ഥികളെ ക്ലാസ് ഡിവിഷൻ അനുസരിച്ച് അഞ്ചു ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഫലം അപ്‌ലോഡ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു. കൈറ്റ് മിസ്ട്രസ് ഷിജിമോൾ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, മറ്റ് ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
അഭിരുചി പരീക്ഷ ഫലം
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കടുത്ത മത്സരമാണ് ഇത്തവണ സ്കൂൾ തലത്തിൽ നടന്നത്. പരീക്ഷയെഴുതിയ 146 പേരിൽ നിന്ന് 40 പേർക്കാണ് പുതിയ ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക. ഒരേ മാർക്ക് നേടിയ വിദ്യാർഥികളെ സമയക്രമം അടിസ്ഥാനമാക്കിയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ റാങ്ക് ജേതാക്കൾ
1.ശ്രീകാർത്തിക എം.എസ് - 8 ഡി
2.ഹുദ നൗറിൻ കെ - 8 ഇ
3.ഹഷ്മിയ കെ 8 - A
ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
10/07/25

പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഈ കാലഘട്ടത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, കൈറ്റ് മെൻ്റർമാരായ കെ. ഷിജിമോൾ, പി.സി. സിദ്ധിഖ് അലി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
പ്രിലിമിനറി ക്യാമ്പ്


18/09/2025 പന്നിപ്പാറ ഹൈസ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം ജില്ലാ കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.
ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി നിർമ്മിച്ച ആനിമേഷൻ വീഡിയോകളും സ്‌ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.
കൈറ്റ് മെൻ്റർമാരായ കെ ഷിജിമോൾ, പിസി സിദ്ധീഖലി, സ്റ്റാഫ് സെക്രട്ടറി സി അബൂബക്കർ, സീനിയർ അധ്യാപകരായ സുരേഷ് ബാബു, എ ഹബീബ് റഹ്മാൻ, പി അബ്ദുറഹ്മാൻ, കെ കെ ഷീജ, റോഷ്നി, സ്കൂൾ എസ്ഐടിസി സബിത, ആർ സജീവ് വിദ്യാർത്ഥി പ്രതിനിധികളായ കെ റിഷ ഷെറിൻ, കെ ഹഷ്മിയ, എം സി ഫാത്തിമ നാജിയ തുടങ്ങിയവർ സംസാരിച്ചു.
സാങ്കേതിക ലോകത്തെ മാറ്റങ്ങൾ അറിഞ്ഞ് ലിറ്റിൽ കൈറ്റ്സ്; എടവണ്ണ എഡ്യൂക്കേഷൻ കോൺക്ലേവിൽ പന്നിപ്പാറ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു
15/11/25
എടവണ്ണ: 'അറിവ് കൊണ്ട് സജ്ജരാകാം ടെക്നോളജിയുടെ ലോകത്തേക്ക്' എന്ന പ്രമേയത്തിൽ ചന്ദ്രിക ദിനപത്രവും ടാൽറോപ്പും സംയുക്തമായി സംഘടിപ്പിച്ച എഡ്യൂക്കേഷൻ കോൺക്ലേവിൽ പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ സാന്നിധ്യമായി. എടവണ്ണ ചെമ്പക്കുത്ത് ടി.പി റോയൽ പാലസിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂളിലെ 2025-28, 2024-27 ബാച്ചുകളിലെ അംഗങ്ങളാണ് പങ്കെടുത്തത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ഭാഗമായാണ് ഏറനാട് മണ്ഡലത്തിൽ ഈ പരിപാടി നടന്നത്. മാറുന്ന ലോകത്തെ സാങ്കേതിക വിദ്യകളെക്കുറിച്ചും, അതിനനുസരിച്ച് പഠനരീതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പ്രമുഖർ ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് അറിവ് നേടാൻ സഹായിക്കുന്ന വിവിധ മാതൃകകൾ കോൺക്ലേവിൽ അവതരിപ്പിച്ചു. സ്കൂളിൽ നിന്നും നൽകിയ പ്രത്യേക എൻട്രി പാസുകൾ ഉപയോഗിച്ച് രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടികൾ എത്തിയത്. സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചത് തങ്ങളുടെ ഐടി പഠനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നവംബർ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിച്ചു.
സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു
16/05/2026

പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ (2025-28 ബാച്ച്) ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ്, റീൽ ക്രിയേഷൻ, വീഡിയോ ഡോക്യുമെന്റേഷൻ, പ്രൊഡക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പരിശീലനം നൽകി. എച്ച്.എം ഇൻ ചാർജ് പി. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി ടി. സബിത ടീച്ചർ സംസാരിച്ചു. കെ. ഷിജിമോൾ, പി.സി സിദ്ധീഖലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികളായ ഹിബി ഫാത്തിമ സി.ടി, ഇഷ ഫാത്തിമ വി.കെ, റസിൻ കെ, തീർത്ഥ വി.പി എന്നിവർ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയായിരുന്നു ക്യാമ്പ്.
രക്ഷിതാക്കൾക്ക് എഐ പരിശീലനം സംഘടിപ്പിച്ചു
[[പ്പ്രമാണം:48134-AI-Camp.jpeg|ലഘുചിത്രം|വലത്ത്|രക്ഷിതാക്കൾക്കുള്ള എഐ പരിശീലന പരിപാടിയുടെ സദസ്സ്] 28/02/26
പന്നിപ്പാറ: ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ രക്ഷിതാക്കൾക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ് പന്നിപ്പാറയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) പരിശീലന പരിപാടി സംഘടിപ്പിച്ചു. 'സർവ്വം എഐ മയം' എന്ന പ്രമേയത്തിൽ സ്കൂൾ ഐ.ടി ലാബിൽ വെച്ചാണ് ക്ലാസുകൾ നടന്നത്. ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസ രംഗത്തും നിർമ്മിത ബുദ്ധി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, അത് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതായിരുന്നു സെഷനുകൾ. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് എന്നത് ഈ പരിപാടിയുടെ സവിശേഷതയായി. രണ്ട് സെഷനുകളിലായി നടന്ന പരിശീലനത്തിൽ കെ. ഫാത്തിമ ഹെസ്സ, എ. ഫാത്തിമ റന എന്നീ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിഷയാവതരണം നടത്തി. 2024-27 , 2025-28 ബാച്ചുകളിലെ വിദ്യാർത്ഥികൾ ഓരോ രക്ഷിതാക്കൾക്കും സഹായത്തിനായി കൂടെനിന്നു. സ്കൂളിലെ കൈറ്റ് മെൻ്റർമാരായ പി.സി സിദ്ധീഖലി, കെ. ഷിജി മോൾ എന്നിവർ പരിപാടിക്ക് മേൽനോട്ടം വഹിച്ചു. സാങ്കേതിക വിദ്യയെ പേടിയോടെ നോക്കിക്കണ്ടിരുന്ന പല രക്ഷിതാക്കൾക്കും പുതിയ അറിവുകൾ ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സ്കൂൾ അധികൃതരും പി.ടി.എ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.