മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം 2026.
മർകസ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം കുന്നമംഗലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉത്ഘാടനം ചെയ്തു .ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ മുഖ്യാതിഥി ആയി പങ്കെടുത്തു. പാഠ്യവിഷയങ്ങൾക്കൊപ്പം ധാർമികതയും മൂല്യങ്ങളും ശീലിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മർകസ് സ്കൂളുകൾ. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ പുരോഗമനാടിസ്ഥാനം എന്ന ഉറച്ച വിശ്വാസമാണ്, വിദ്യാഭ്യാസ വിപ്ലവങ്ങളിൽ ഇത്രമേൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മർകസിനെ പ്രചോദിപ്പിച്ചത്. എന്നദ്ദേഹം പരാമർശിച്ചു. ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ നവാഗതരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്തു സംസാരിച്ച ചടങ്ങിന് പിടിഎ പ്രസിഡന്റ് ഷമീം കെകെ അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ മൂസ കോയ, വാർഡ് മെമ്പർ ജസീല ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി. നവാഗതരായ അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ഫസൽ അമീൻ നന്ദി പറഞ്ഞു. നവാഗതരെ തോരണ ങ്ങൾ ചാർത്തിയ ക്ലാസ്സ് റൂമിലേക്ക് അധ്യാപകർ സ്വീകരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
പ്രവേശനോത്സവ വിഡിയോ ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പരിസ്ഥിതി ദിനാഘോഷം.
മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ നാച്ചുറൽ ക്ലബ്ബ് സ്കൂൾ ഫോറസ്റ്റ് ക്ലബ്ബ്, ജീവശാസ്ത്രം വിഭാഗം എന്നിവരുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ വായന, പരിസ്ഥിതി ദിന പ്രശ്നോത്തരി, പരിസ്ഥിതി ദിന സെമിനാർ, പരിസ്ഥിതി ദിന ചിത്രരചന, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു.
പരിസ്ഥിതി സന്ദേശ വായന.
സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനക്ക് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ മലയാളത്തിലും ഇംഗ്ലീഷിലും പരിസ്ഥിതി ദിന സന്ദേശം പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക" എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾ മറ്റു കുട്ടികൾക്ക് നൽകി. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം ഗ്രഹത്തിന്റെ എല്ലാ കോണുകളിലും - മൈക്രോപ്ലാസ്റ്റിക് രൂപത്തിൽ നമ്മുടെ ശരീരത്തിൽ പോലും - വ്യാപിച്ചിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് 2025 ലെ ലോക പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഗ്രഹത്തെ ശ്വാസം മുട്ടിക്കുന്നു - അത് ആവാസവ്യവസ്ഥയെയും ക്ഷേമത്തെയും കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു.
പരിസ്ഥിതി ദിന പ്രശ്നോത്തരി.

ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ജീവ ശാസ്ത്ര അധ്യാപകൻ മുസ്തഫ പി തയ്യാറാക്കി നൽകിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിൽ നിന്നും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾതല പരിസ്ഥിതി ദിന പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുപ്പിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂൾ ക്ലാസ് തല പ്രശ്നോത്തരിയിൽ വിജയിച്ച വിദ്യാർത്ഥികളെ മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ പ്രശ്നോത്തരി മത്സരം നടത്തി. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പാൾ വിജയികൾക്ക് സമ്മാനദാനം നടത്തി.
പരിസ്ഥിതി ദിന സെമിനാർ.

മർകസ് ഹയർസെക്കൻഡറി വിഭാഗം സുവോളജി അധ്യാപകൻ ഗവേഷകനുമായ ഡോക്ടർ സുബൈർ 'നമ്മുടെ അയലത്തെ പക്ഷികൾ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് സെമിനാർ സംഘടിപ്പിച്ചു. പ്രകൃതിയിലുള്ള വ്യത്യസ്ത പക്ഷികളും അവയുടെ ധർമ്മങ്ങളും വളരെ പ്രധാനപ്പെട്ടതാണ് എന്ന് അദ്ദേഹം ആമുഖമായി സംസാരിച്ചു. പരാഗണം നടത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ആയതിനാൽ നമ്മുടെ നാടുകളിൽ കാണുന്ന എല്ലാത്തരം പക്ഷികളെയും നാം സംരക്ഷിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.നമ്മുടെ നാട്ടിലുള്ള വ്യത്യസ്ത ഇനം പക്ഷികളുടെ ആവാസ വ്യവസ്ഥ ഭക്ഷണരീതി പ്രജനനം തുടങ്ങിയ വ്യത്യസ്ത ആശയങ്ങൾ കുട്ടികളുമായി അദ്ദേഹം അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ഷമീം എന്നിവരുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മലയാളം വിഭാഗം അധ്യാപകൻ എം എ സാജിദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ സ്വാഗതം നിർവഹിച്ച പരിസ്ഥിതി ദിന സെമിനാറിന് സ്കൂൾ നാച്ചുറൽ ക്ലബ് കൺവീനർ അബ്ദുൽ കരീം നന്ദി അർപ്പിച്ചു സംസാരിച്ചു.
വൃക്ഷത്തൈ നടൽ.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ പ്രിൻസിപ്പാൾ പ്രഥമ അധ്യാപകൻ എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഹൈസ്കൂൾ വിഭാഗം എസ്ആർ.ജി കൺവീനർ പിഞ്ചുകുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയത്തിൽ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിനത്തിൽ മരങ്ങൾ മുറിക്കുന്നതിന് പകരം ധാരാളം ചെടികളും വൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിന്റെ ആവശ്യകത സ്കൂൾ ഫോറസ്റ്റട്രീ ക്ലബ് കൺവീനർ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് തൈ വിതരണം നടത്തി.