ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂളിൻറെ വെഞ്ചരിപ്പ് കർമ്മത്തോടെ ആരംഭിച്ചു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം റവ. ഫാ. മാർട്ടിൻ കിഴക്കേതലക്കൽ നിർവഹിച്ചു . അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ കവാടത്തിൽ വച്ച് നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ച‍ു . പ്രവേശന ഗാനം ആലപിച്ച് ആനയിച്ച‍ു. ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ച പ്രഭാഷണം നടത്തി തുടർന്ന് വിദ്യാർത്ഥികളും ചേർന്ന് പ്രവേശനോത്സവം റാലി നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

സ്‍ക‍ൂൾ ഉച്ചഭക്ഷണ പദ്ധതി

സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് നമ്മുടെ സ്കൂളിൽ എട്ടാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം കൊണ്ടുവരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന 9 , 10 ക്ലാസുകളിലെ കുട്ടികൾക്കും രുചികരവും ആരോഗ്യകരവ‍ും ആയ ഉച്ചഭക്ഷണം നൽകിവരുന്നു. അതോടൊപ്പം കുട്ടികൾക്കുള്ള അരി വിതരണവും വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കി .ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഹെഡ്‍മാസ്റ്ററ‍ുടേയും ശ്രീമതി പ്രിയങ്ക ജോർജിന്റേയും നേതൃത്വത്തിൽ ഉച്ചഭക്ഷണ പദ്ധതി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . O R C (Our Responsibility To Children ) Project

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മാനസികസമ്മർദ്ദം ലഘുകരിക്കുന്നതിനും വിവിധ മേഖലകളിലുള്ള അവരുടെ സർഗ്ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം പലവിധ വിഷമതകളും പ്രതിസന്ധികളുംമൂലം പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും മനസ്സിലാക്കുകയും ആവശ്യമായ പിന്തുണയും കരുതലും നൽകി അവരെ മുൻപന്തിയിലെത്തിക്കുന്നതിനുമായി കേരള സർക്കാരിന്റെ വനിതാ - ശിശു വികസനവകുപ്പും ജില്ലാ ചൈൽഡ്പ്രൊട്ടക്ഷൻ യൂണിറ്റും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയാണ് ORC. ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ശാക്തീകരണത്തിനായി വിവിധ ക്ലാസ്സുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചുവരുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കുമായി വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികളും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറുകളും നടത്തിവരുന്നു. കൂടാതെ മാനസിക പിന്തുണയും കരുതലും പ്രത്യേക പരിഗണനയും ആവശ്യമുള്ള വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ സന്ദർശിക്കുകയും കൂടാതെ അവർക്കും മാതാപിതാക്കൾക്കുമായി ORC ട്രൈനർമാർ ആവശ്യപ്പെടുന്നതനുസരിച്ച് ഇവിടെയെത്തി കൗൺസിലിംഗും ലഭ്യമാക്കുന്നു. കുട്ടികളുടെ പഠനപ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുകയും ജില്ലാതലത്തിലുള്ള കോഡിനേറ്റർമാരെ അറിയിക്കുകയും ചെയ്യാറുണ്ട്.സ്കൂൾ തലത്തിലുള്ള ORC നോഡൽ ഓഫീസറായി ശ്രീ ജെനീഷ് ജോൺ പ്രവർത്തിച്ചുവരുന്നു.


സഹപാഠിക്ക് ഒരു കൈത്താങ്ങ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ‘സഹപാഠിക്ക് ഒരു കൈത്താങ്ങ്’ എന്ന പേരിൽ ഒരു പദ്ധതി നടത്തിവരുന്നു . സുമനസ്സുകളായ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പണവും മറ്റ് പഠനോപകരണങ്ങളും ശേഖരിച്ച് അർഹരായ മുപ്പതോളം കുട്ടികൾക്ക് യൂണിഫോം, കുട ,ബാഗ് ,നോട്ട് ബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു വരുന്നു . ഇത് കുട്ടികളിൽ സഹപാഠികളോടുള്ള കരുതലും സ്നേഹവും പങ്കുവെക്കാനുള്ള മനോഭാവം വളർത്താനും സഹായിക്കുന്നു . ഒപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വലിയ സഹായവും ആകുന്നു . സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ , സീനിയർ ടീച്ചർ സി . ജെസ്സി ജോസഫ് , ഫിനാൻസ് ഓഫീസർ സി.മിനിമോൾ എം . ഇ എന്നിവർ നേതൃത്വം നൽകിവരുന്നു. ഭവന സന്ദർശനം

അവധിക്കാലത്തും ഈ അധ്യയന വർഷത്തിൽ പലതവണയും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് എല്ലാ വിദ്യാർത്ഥികളുടെയും വീടുകളും കോളനികളും സന്ദർശിച്ച് അവരുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കി നല്ലൊരു ബന്ധം സ്ഥാപിക്കുന്നതിന് പരിശ്രമിച്ചു വരുന്നു. അത് കുട്ടികളുടെ പഠനത്തെ വളരെയേറെ സ്വാധീനിക്കുന്നു. വിദ്യാർത്ഥികളോ അവരുടെ മാതാപിതാക്കളോ മരണപ്പെടുകയോ രോഗാവസ്ഥയിലോ ആണെങ്കിൽ അവരുടെ ഭവനം സന്ദർശിക്കുകയും സാന്ത്വനപ്പെടുത്തുകയും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. പഠനയാത്ര

നവംബർ 26 , 27 തീയതികളിൽ രണ്ടുദിവസങ്ങളായി നടന്ന പഠനയാത്രയിൽ പത്താം ക്ലാസിലെ 43 കുട്ടികളും അഞ്ച് അധ്യാപകരും പങ്കെടുത്തു. വയനാട് ജില്ലയിലെ ബാണാസുര എർത്ത് ഡാം , കാരാപ്പുഴ , കള്ളാർതടാകം , ഊട്ടി എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന തരത്തിൽ ആയിരുന്നു .എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള മികച്ച യാത്രാനുഭവമാണ് ഈ പഠനയാത്ര കുട്ടികൾക്ക് സമ്മാനിച്ചത് .

ജീനിയസ് NAS / PRESS

വിദ്യാർഥികളുടെ പഠന നേട്ടങ്ങളെ കുറിച്ച് വിവരങ്ങൾ നേടുന്നതിനായി നടത്തുന്ന ദേശീയ തലത്തിലുള്ള വിലയിരുത്തലാണ് നാഷണൽ അച്ചീവ്മെന്റ് സർവ്വേ National Achievement Survey ( NAS ) . നമ്മുടെ വിദ്യാർത്ഥികളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനും വിവിധ മത്സരപരീക്ഷകളിൽ മുൻപന്തിയിൽ എത്തിക്കുവാനും ഇത് സഹായിക്കുന്നു. ഈ സർവേയിൽ പ്രതിവാര പരീക്ഷകളും മോഡൽ പരീക്ഷകളും OMR മാതൃകയിൽ നടത്തുന്നു. എല്ലാ പരീക്ഷകളും വിലയിരുത്തൽ നടത്തി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അതാത് വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു. നേതൃത്വം നൽകുന്നത് ഹെഡ്‍മാസ്റ്റർ ശ്രീ ജോഷി സാറും ശ്രീമതി ജ‍ൂലി എൻ . സ് കറിയയ‍ും ആണ്.

കൈത്താങ്ങ് പദ്ധതി

പഠനപിന്നാക്കാവസ്ഥയിലായിരിക്കുന്ന 8 , 9 , 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് നടത്തുന്ന പ്രവർത്തനമാണ് പഠന കൈത്താങ്ങ് ( Helping Hand ). വിഷയാടിസ്ഥാനത്തിൽ ഇത് ക്രമീകരിച്ചിരിക്കുന്നു.


         		എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന പഠന പരിപോഷണ പദ്ധതിയാണ് അക്ഷരം തെളിച്ചം - വായന തെളിച്ചം . അക്ഷരങ്ങളും ചിഹ്നങ്ങളും മനസ്സിലാക്കുന്നതിനും കൂട്ടിയെഴുതുന്നതിനും അത് വായിച്ചെടുക്കുന്നതിനും കഴിയാത്ത പഠന വൈകല്യങ്ങൾ പരിഹരിച്ച് എഴുത്തിന്റെ പ്രകാശിത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി അവർക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പ്രദാനം ചെയ്യുന്ന ഒരു പ്രവർത്തന പദ്ധതിയാണ് ഇത്. 8, 9, 10 ക്ലാസുകളിൽ നിന്നായി 65 ഓളം കുട്ടികൾ തുടർച്ചയായി ക്ലാസുകളിൽ സംബന്ധിക്കുന്നതിൻ്റെ ഭാഗമായി ഗുണപ്രദമായ മാറ്റം കൊണ്ടുവരാൻ സാധിച്ചു . മലയാളം അധ്യാപകരായ ശ്രീമതി ഡയാന ഗ്രെയ്സ് , ശ്രീ ജോസഫ് കെ . സി, ശ്രീമതി സിന്ധു ചാക്കോ എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് .

ഗണിത ക്ലിനിക് ( ഗണിതം )

ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ഗണിതാധ്യാപകരും ഗണിത ക്ലബ്ബിലെ കുട്ടികളും ചേർന്ന് ഗണിത ക്ലിനിക് എന്ന പദ്ധതി നടത്തിവരുന്നു. 8 - 9 - 10 ക്ലാസുകളിലെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പരിശീലനം നൽകുന്നു.


LUMINOUS HELPING HAND ( ENGLISH )

ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്ന പഠന പരിപോഷണ പദ്ധതിയാണ് ലൂമിനസ് ഹെൽപ്പിംഗ് ഹാൻഡ് . ഇംഗ്ലീഷ് ഭാഷയിൽ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ തെരഞ്ഞെടുത്ത് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും മറ്റ് ഒഴിവുസമയങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു . ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ശ്രീമതി പ്രിയ മാത്യു , ശ്രീ ക്ലിൻ്റ് ജെറി , ശ്രീമതി ജ്യോതി മാത്യു എന്നിവർ ഇതിന് നേതൃത്വം നൽകി വരുന്നു .


വിജയോത്സവം

SSLC , PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘വിജയോത്സവം - 2024’ പേരാവൂർ MLA ശ്രീ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു . ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ . പി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. മാർട്ടിൻ കിഴക്കേ തലയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി . തുടർച്ചയായി ഈ വർഷവും ഹൈസ്കൂളിനെ 100% വിജയത്തിൽ എത്തി ക്കുവാൻ അക്ഷീണം പരിശ്രമിച്ച ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോണിനെയും അധ്യാപകരെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു . ഹൈസ്കൂൾ വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളെയും 9 A+ നേടിയവരെയും ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും 5 A+ നേടിയവരെയും ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു .

സബ്‍ജില്ലാ കലോത്സവം


മുൻ വർഷങ്ങളിലേതു പോലെത്തന്നെ സബ് ജില്ലാതലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ജില്ലാതലത്തിലേക്ക് മത്സരിക്കുവാൻ നിരവധി വിദ്യാർത്ഥികൾ യോഗ്യത നേടുകയും ചെയ്തു .മംഗലം കളി , പളിയ ന‍ൃത്തം, നാടോടി ന‍ൃത്തം, മാപ്പിളപ്പാട്ട് എന്നീ ഇൻങ്ങൾ ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേട‍ുകയും ചെയ്ത‍ു . വിജയികളെ പ്രത്യേകം അസംബ്ലി നടത്തി അഭിനന്ദിക്കുകയും തുടർന്ന് റാലി സംഘടിപ്പിക്കുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷം

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെയും വെളിമാനം യു പി - ഹൈസ്കൂൾ - ഹയർസെക്കൻഡറി സ്കൂളുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി . പതാക വന്ദനത്തോടെ നടത്തിയ പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി കേഡറ്റുകളുടെ പരേഡും ദേശഭക്തിഗാനവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. നാടിനെ നടുക്കിയ മുണ്ടക്കൈ - ചൂരൽ മല ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും വെള്ളാർ മല സ്‌കൂളിലെ മൺമറഞ്ഞ വിദ്യാർത്ഥികൾക്കും സ്മരണാഞ്‌ജലി അർപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു . കോർപ്പറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ MLA ശ്രീ സണ്ണി ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . സ്കൂൾ മാനേജർ റവ.ഫാ. മാർട്ടിൻ കിഴക്കേത്തലക്കൽ സ്വാഗതം ആശംസിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു .