സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 -24

38102 Third - St. Thomas HSS. Kadampanad.

കടമ്പനാട് സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി.......

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം കടമ്പനാട് സെൻ്റ് തോമസ് സ്കൂൾ കരസ്ഥമാക്കി .

8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി. 2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ,  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ്  സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ  ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.    ആനിമേഷൻ  , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ്  , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു.

പ്രവേശനോത്സവം 2024-25

ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്, ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .

ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.

പരിസ്ഥിതി സംരക്ഷണം

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുത്ത് ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനപരിപാടികൾ PTA പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്  ഉദ്ഘാടനം നടത്തി. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറിത്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവ കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും വെള്ളത്തുണിയിൽ മരത്തിന്റെ ഔട്ട്ലൈൻ വരച്ച് ഒരു കലാപരിപാടി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.  പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് അത് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി . വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ  വെച്ചുപിടിപ്പിച്ചു. കുട്ടികളുടെ സ്ക്രിപ്റ്റ് അവതരണം,  പരിസ്ഥിതി ഗാനങ്ങൾ , പ്രസംഗം , പോസ്റ്റർ മത്സരം എന്നിവയും സ്കൂളിൽ നടത്തി. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവക്ക് സമ്മാനം നൽകി.

വായനാദിനം

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി 2024 ജൂൺ 19ന് കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ  അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു . ഡിജിറ്റൽ വായന ,  ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ  സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .സ്കൂൾ ലൈബ്രറി മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു .  ആയിരത്തിലധികം പുസ്തകങ്ങൾ കഥ ,കവിത ,നോവൽ , ചരിത്രഗ്രന്ഥങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ബാലസാഹിത്യങ്ങൾ , തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ , മംഗളം , മാതൃഭൂമി തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട് . മാസികകളും ആഴ്ചപ്പതിപ്പുകളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടുകളാണ് . ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥസമാഹാരങ്ങളും ഇതിൽ  ഉൾപ്പെടുന്നുണ്ട് . കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ലൈബ്രറി മുന്നോട്ടു പോകുന്നത്.

വായനാദിനവുമായി ബന്ധപ്പെട്ട് LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച ഹൈക്കു കവിതകൾ

പ്രസന്റേഷനായി പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .

യോഗദിനം ആചരിച്ചു

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം . യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളേയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു . ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. 2024 ജൂൺ 21ന് സെന്റ് തോമസ് സ്കൂളിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു . എൻസിസി, റെ‍ഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും പരിശീലനവും നൽകി . കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമ മുറകൾ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് കുട്ടികളെ ബോധവൽക്കരിച്ചു .സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം

ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.

പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ലഹരി വിരുദ്ധ ദിനം

ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

SSK LEAP Assessment.

  കടമ്പനാട് സെൻതോമസ് സ്കൂളിലെ കുട്ടികൾക്ക് ബി ആർ സി തലത്തിൽ ലീപ് അസെസ്മെന്റ് ടെസ്റ്റ് നടത്തി. കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്,  അവരുടെ പഠനശീലങ്ങളെക്കുറിച്ചു മാർഗ്ഗനിർദ്ദേശം നൽകാനും ഭാവിയിലെ ജോലിസാധ്യതകളെക്കുറിച്ച് അവബോധം നൽകാനും സഹായകമായ ഒരു ഓൺലൈൻ ടെസ്റ്റാണ് SSK LEAP Assessment. നിരവധി തൊഴിലവസരങ്ങൾ ഉള്ള ഇക്കാലത്ത് ഏതുതൊഴിലാണ് ഓരോരുത്തർക്കും യോജിച്ചതെന്നു മനസ്സിലാക്കാൻ ഈ ടെസ്റ്റ് സഹായിക്കുന്നു. ഓരോരുത്തരുടേയും കഴിവുകളും താൽപര്യങ്ങളും സ്വഭാവ സവിശേഷതകളും മനസ്സിലാക്കുന്നതിനു സഹായിക്കുന്ന ശാസ്ത്രീയമായ ഒരു ടെസ്റ്റ് ആണിത്.

         സമയക്രമീകരണം, പഠനം മെച്ചപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, പ്രചോദനം, ഓർമ്മശക്തി എന്നിങ്ങനെയുള്ള വിവിധ പഠന രീതികളാണ് SSK LEAP Assessment വിലയിരുത്തുന്നത്.

നാഗസാക്കി  ദിനാചരണം

Social  Science  club ന്റെ ആഭിമുഖ്യത്തിൽ, Little Kites unit, Red Cross unit  തുടങ്ങിയവരുടെ  സഹകരണത്തോടെ  Aug 9 ന്  ഹിരോഷിമ ,നാഗസാക്കി  ദിനാചരണം നടത്തി . അന്നത്തെ പ്രത്യേക  അസംബ്ലിയിൽ  കുട്ടികൾ തയ്യാറാക്കിയ  യുദ്ധവിരുദ്ധ  സന്ദേശങ്ങൾ  എഴുതിയ  പ്ലക്കാർഡുകൾ, ഡിജിന്റൽ പോസ്‌റ്ററുകൾ  എന്നിവ  പ്രദർശിപ്പിച്ച് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികളുടെ  പ്രസംഗം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന്  U. P,  H.S  കുട്ടികൾക്കായി Quiz  മത്സരം  നടത്തുകയും  വിജയികളെ  അനുമോദിക്കുകയും ചെയ്തു.

ചിത്രതാളിലൂടെ

ബഷീർ ദിനം

സെന്റ് തോമസ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും , കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും , അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗവും , വായനക്കുറിപ്പും , ചിത്രരചന ,ക്വിസ് മത്സരം എന്നിവയും നടത്തി. എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൃതികളും കഥാപാത്രങ്ങളെയും ഉള്ളടക്കം ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു . രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്ന ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ LK യൂണിറ്റിന്റെ നേതൃത്വത്തിൽ

2024 ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ ജൊഹാന സൂസൻ ബി എന്ന കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലൻസ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷി പുരട്ടി വോട്ട് രേഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു . തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

ശ്രദ്ധയിലൂടെ മുന്നോട്ട്

പഠനനിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ഉള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങൾ ആണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകി വരുന്നത്. എല്ലാ വിഷയങ്ങളുടെയും അധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് .

പഠനത്തോടൊപ്പം കാർഷിക പ്രവർത്തനവും

കാർഷികവൃത്തിയിലൂന്നിയ ഒരു സംസ്കാരമാണ് നമ്മുടേത് . നമ്മുടെ നിത്യ ആഹാരത്തിൽ പച്ചക്കറികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത് . മുൻപ് നമ്മുടെ വീട്ടുവളപ്പിൽ വിവിധതരം പച്ചക്കറികൾ നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്യ്തുണ്ടാക്കുന്ന പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. സെന്റ് തോമസ് സ്കൂളിലെ രണ്ട് കുട്ടികളെ കുട്ടി കർഷകരായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട പച്ചക്കറിതൈകൾ, ബി ആർ സി ട്രെയിനർ ഉബൈദുള്ള ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ റൈസ് ,റജീന, ശോഭ, പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു . കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുവച്ച് ,കാർഷികവിളകൾ പരിപാലിക്കാനും, അധ്വാനശീലം , സഹകരണ മനോഭാവം എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗികമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിക്കർഷകരെ സ്കൂളിൽ തെരഞ്ഞെടുത്തത്.

സംസ്കൃതദിനാഘോഷം

സംസ്കൃതത്തിന്റെ മഹത്വം വിളിച്ചോതുന്ന വിധത്തിൽ സെന്റ് തോമസ് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും അവിടെ സംസ്കൃതത്തിൽ പ്രതിജ്ഞ ,സംസ്കൃതത്തിൽ വാർത്ത , സംസ്കൃത സംഘഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

കായികവിദ്യാഭ്യാസം

യുവ മനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും കായിക രംഗത്തിന്റെ അസാമാന്യമായ ശക്തി മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും കടമ്പനാട് സെൻതോമസ് സ്കൂൾ അഭിമാനിക്കുന്നു . ശാരീരിക വിദ്യാഭ്യാസം ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിന്റെ ഒഴിച്ചുകൂടാൻ ആവാത്ത ഭാഗമാണെന്ന വിശ്വാസത്തോടെ സ്കൂളിൽ മികച്ച പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട് . ക്ലാസ് മുറിക്കപ്പുറമുള്ള ആവശ്യമൂല്യങ്ങൾ ഇവിടുത്തെ സ്പോർട്സ് പരിശീലനത്തിലൂടെ വളർത്തുന്നു . ടീം വർക്ക് , അച്ചടക്കം, സ്ഥിരോൽസാഹം നേതൃപാടവം എന്നിവ മൈതാനത്തും ജീവിതത്തിലും ഉയർത്തിപ്പിടിക്കുന്നു . സ്പോർട്സിൽ പരാജയം നേരിടുന്ന വിദ്യാർത്ഥികൾ വിജയം നേടുന്നതിനുള്ള ഒരു ചവിട്ടുപടിയായി അതിനെ കാണാനുള്ള കഴിവ് വികസിപ്പിക്കുന്നു . സ്പോർട്സിലൂടെ വികസിപ്പിച്ചെടുത്ത ഈ പ്രതിരോധശേഷി ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ നിശ്ചയദാർഢ്യത്തോടെ നേരിടാൻ അവരെ ഈ പരിശീലനത്തിലൂടെ സജ്ജരാക്കുന്നു. വോളിബോൾ, ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ , ഫുട്ബോൾ എന്നിങ്ങനെ വിവിധ മത്സരങ്ങൾക്കുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട്. സബ്ജില്ലാതലം , ജില്ലാതലം, സംസ്ഥാനതലം എന്നിവിടങ്ങളിൽ മത്സരങ്ങളിൽ വിജയിക്കുവാൻ കഴിഞ്ഞിട്ടുണ്ട് . വിദ്യാഭ്യാസം ഒരു ക്ലാസ് മുറിയുടെ നാല് ചുമരുകളിൽ ഒതുങ്ങുന്നില്ല , അത് കളിസ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതിന്റെ തെളിവാണ് സെന്റ് തോമസിലെ വിദ്യാർത്ഥികൾ . ഞങ്ങളുടെ വിദ്യാർഥികൾക്ക് കായിക വിദ്യാഭ്യാസത്തിൽ ഏറ്റവും മികച്ചത് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു . ഇതിനെല്ലാം മുൻപിൽ കായിക അധ്യാപകനായ ലിനു എബ്രഹാം നേതൃത്വം വഹിക്കുന്നു.

പുസ്തകമേള

പി. എൻ. പണിക്കരുടെ അനുസ്മരണത്തിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് എച്ച് .എസ് .എസിൽ മനോരമ നല്ലപാഠവും സയൻസ് ക്ലബ്ബും ചേർന്ന് മാവേലിക്കര ഗ്ലോബൽ ബുക്സിന്റെ പുസ്തകോത്സവം, സ്കൂൾ അസംബ്ലിയിൽ പി. ടി. എ .പ്രസിഡന്റ് ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. 2024 ഓഗസ്റ്റ് 29 ,30 ,സെപ്റ്റംബർ 1 തീയതികളിലാണ് പുസ്തകോത്സവം നടന്നത്. ഡി സി ബുക്സ് , മാതൃഭൂമി ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും ഉണ്ടായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു . കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ അവിടെ നിന്നും അവർ തെരെഞ്ഞെടുത്തു.അവർക്ക് ഏറെ പ്രയോജനപ്രദമായ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുസ്തകോത്സവം സ്കൂളിൽ സംഘടിപ്പിച്ചത്.

ചിത്രതാളിലൂടെ

ലാബ് നവീകരണം

കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുക , ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ അപകടരഹിതമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലാബ് വിപുലീകരിക്കുക എന്ന ആശയത്തിലേക്ക് സ്കൂൾ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും എത്തിചേർന്നു.നവീകരണത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക സഹായം നൽകിയത് 1973 - 74 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് .പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബോബൻ വി ജോർജ് സ്കൂൾ ലാബ് നവീകരണം ആശയം മുന്നിൽ കണ്ടുകൊണ്ട് അതിന്റെ സാമ്പത്തിക സ്രോതസ്സിനായി പൂർവ്വ വിദ്യാർത്ഥികളെ സമീപിക്കുകയും അവരുടെ മുൻപിൽ ഈ ആശയം അവതരിപ്പിക്കുകയും ചെയ്തു.അതിന്റെ ഫലമായി 2024 മെയ് മാസം കൂടിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഈ ആശയം പരിഗണിക്കുകയും അവരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ പഠിക്കുകയും വിലയിരുത്തുകയും നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. അതിനുള്ള പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. കാലാനുസൃതമായിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലാബ് നവീകരണം പൂർത്തിയാവുകയും 2024സെപ്റ്റംബർ 10ന് സ്കൂളിന്റെ മാനേജരായ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത ലാബിന്റെ ഉദ്ഘാടനം നടത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്

ഐ ടി പരമായ മത്സരങ്ങളുടെ വാർത്തകളും വിജ്ഞാനപ്രദമായ അറിവുകളും ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ചുമതല ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ഓണമുറ്റത്ത്

കടമ്പനാട് സെൻതോമസ് സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം 'ഓണമുറ്റത്ത് 'എന്ന പേരിൽ സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ മഹാബലിത്തമ്പുരാന്റെ അകമ്പടിയോടുകൂടി ആഘോഷങ്ങൾ നടന്നു .പിടിഎ പ്രസിഡണ്ട് ശ്രീ ബിനുമോൻ എസ്, പ്രധാന അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ ആരംഭിച്ചു. അത്തപ്പൂക്കളം ,ബലൂൺകളി, തിരുവാതിര , കസേരകളി, ഉറിയടി, വടംവലി ഇങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഫോട്ടോസ് എടുക്കുകയും ഡോക്കുമെന്റ് തയ്യാറാക്കുകയും ചെയ്തു. ഇതിനു മുന്നേ തന്നെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി സമ്മാനങ്ങൾ നേടിയിരുന്നു. എല്ലാ കുട്ടികൾക്കും ഓണസദ്യ ഒരുക്കിയിരുന്നു. പിടിഎയുടെയും അധ്യാപക അനധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.

കേരള യൂണിസെഫ് ലൈഫ് 24

സമഗ്ര ശിക്ഷാ കേരള യൂണിസെഫുമായി ചേർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ലൈഫ് 24 എന്ന  പ്രോഗ്രാമിന്റെ ബിആർസി തല ക്യാമ്പ് അടൂർ ബി ആർ സി സെപ്റ്റംബർ 28 ,29 ,30 തീയതികളിൽ സെന്റ് തോമസ് ഹൈസ്കൂൾ കല്ലുകുഴിയിൽ വെച്ച് നടത്തി . പ്രസ്തുത ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു . ഉബൈദുള്ള ,രേഖ, അന്നമ്മ എന്നീ അധ്യാപകർ ക്യാമ്പിന്റെ ആർപി മാരായി പ്രവർത്തിച്ചു . കുട്ടികളിൽ പാചക നൈപുണി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നാം ദിവസ ക്യാമ്പ് പോഷകാഹാരത്തെ കുറിച്ചും പാചകം ലിംഗ സമത്വത്തോടെ ചെയ്യേണ്ടതാണ് എന്നുമുള്ള അവബോധം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു . രണ്ടാം ദിവസം വിഷ രഹിത പച്ചക്കറികൾ എങ്ങനെ സ്വയം ഉല്പാദിപ്പിക്കാം എന്ന സെഷനിലൂടെ കടന്നുപോയി. മൂന്നാം ദിവസം ഹൈഡ്രോപോണിക്സ് കൃഷി രീതി പരിചയപ്പെടുത്തുന്നതായിരുന്നു . തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ ക്യാമ്പസിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. ഗെയിമുകളിലൂടെയും ഗൗരവുമായ പ്രവർത്തനങ്ങളിലൂടെയും നടന്ന മൂന്നു ദിവസ ക്യാമ്പ് കുട്ടികൾക്ക് തികച്ചും ആകർഷകം ആയിരുന്നു. സ്കൂൾ പ്രഥാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വാർഡ് മെമ്പർ സാറാമ്മ വർഗീസ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബി ആർ സി ട്രെയിനർ ഉബൈദുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്യാമ്പിന് സമാപനം കുറിച്ചു.

വയോജന ദിനം

കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് .പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം.   വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു. ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും ചെയ്തു . കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്.

ഭിന്നശേഷി സാക്ഷരത ക്ലാസ്സ്

വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു.

സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ

കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ' സൈബർ ക്രൈമുകളും ജാഗ്രതയും ' എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി. പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ‍ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.

വിദ്യാരംഗം സർഗോത്സവം

വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് സ് തലത്തിലും മത്സരങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .അതിലൊന്നും രണ്ടു സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും, പ്രഥമ അധ്യാപകൻ സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.

സ്കൂൾ കലോത്സവം രചന മത്സരങ്ങൾ

സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി രചന മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കഥാ രചന , കവിത രചന ,ഉപന്യാസം ,ചിത്രരചന തുടങ്ങിയ മത്സരങ്ങൾ യുപി തലത്തിലും എച്ച് എസ് തലത്തിലും നടത്തി. അതിലൊന്നും രണ്ടു സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും പ്രഥമ അധ്യാപകൻ സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.

ചിത്രതാളിലൂടെ

ഐടി മേള

ഐടി മേളയോട് അനുബന്ധിച്ച് യുപി കുട്ടികൾക്കും പരിശീലനം നൽകി. മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിൻ്റിംഗ് എന്നീ മത്സരങ്ങൾക്കാണ് യുപിയിലെ കൊച്ചു കൂട്ടുകാർക്ക് ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരിശീലനം നൽകിയത്. ഡിജിറ്റൽ പെയിൻറിങിൽ അടൂർ സബ് ജില്ലയിൽ യുപി വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷര കെ. എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ ആറാം ക്ലാസിലെ മിഥുന എം. ആർ മൂന്നാം സ്ഥാനം എ ഗ്രേഡ് നേടാനും സാധിച്ചു.

സ്കൂൾ കലോത്സവം

കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. പി .റ്റി . എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ് ഉദ്ഘാടനം നിർവഹിച്ചു. അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.

Awarness Section ക്ലാസ്

 ബി.എഡ്  കരികുലത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂൾ വിഭാഗം 8 ആം ക്ലാസ്സിലെ കുട്ടികൾക്കായി ഒക്ടോബർ 28 ന് awarness Section ക്ളാസ് നടത്തി. *'Peer Pressure and Substance Abuse, Learning to Say No " * എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കു ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവയുടെ ദൂഷ്യഫലങ്ങളും ഉൾകൊളിച്ചുള്ള ക്ലാസ്സായിരുന്നു നടത്തിയത്.

ക്ലാസ്സിൽ  welcome speech,വീഡിയോ പ്രസന്റേഷൻ, awarness class, quiz, Pledge, Vote of thanks തുടങ്ങിയ പരിപാടികളും ഉൾപെടുത്തിയിരുന്നു. കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു.

കേരളപ്പിറവി ദിനം

ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.

സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024

കമ്മ്യൂണിറ്റി പ്രശ്നങ്ങൾ തരം തിരിച്ചറിയുന്നതിനും അവയ്ക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രോഗ്രാമാണ് സ്കൂൾ ഇന്നവേഷൻ മാരത്തോൺ. ഹൈസ്കൂൾ , യുപി തലത്തിൽ നിന്നും 6 കുട്ടികളെ ഇതിലേക്ക് രജിസ്റ്റർ ചെയ്തു. ഇത് രജിസ്റ്റർ ചെയ്യാനും മറ്റും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ഇവരോടൊപ്പം പങ്കുചേർന്നു.

ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം

മനുഷ്യനും പരിസ്ഥിതിയ്ക്കും, പരമാവധി ഉപദ്രവരഹിതമായി ,മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം, അതിനായി സ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ ക്ലീൻ ക്യാമ്പസ് രൂപീകരിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചു. സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട് .മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്.

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറൽ, മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ മാസത്തിൽ ഒരു ദിവസം ക്ലീൻ ക്യാമ്പസ് എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട്. സ്കൂളിലെ ജെ ആർ സി , എൻ സി സി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് . വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും , തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.

ലക്ഷ്യം

മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ അജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികൾ പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു. സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം ലഭിക്കുന്നു. വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കാനും സാധിക്കുന്നുണ്ട്.

നാസ് എക്സാം

സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ കടമ്പനാട് സെന്റ് തോമസ് സ്കൂളിലും നടന്നു. ഇത്തവണ 6, 9 ക്ലാസുകളിൽ പ്രതിവാര പരീക്ഷകളും, മോഡൽ പരീക്ഷകളും സ്കൂളിൽ നടത്തി. ഇതിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കി കുട്ടികൾക്ക് എല്ലാദിവസവും ചോദ്യങ്ങൾ നൽകി പരിശീലിപ്പിക്കുന്നുണ്ട് . ആദ്യത്തെ മോഡൽ പരീക്ഷ നവംബർ 11 ന് സ്കൂളിൽ വെച്ച് നടന്നു. ഓരോ ക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഫ്രീഡം ഫെസ്റ്റ് 2K 24

കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ‍ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു.

ഗുരു വന്ദനം . പ്ലാറ്റിനം ജൂബിലി ആഘോഷം

'മാതാ പിതാ ഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ ഗുരുവിനേയും ഈശ്വരതുല്യം ബഹുമാനിക്കുക എന്ന ആർഷ ഭാരത സംസ്കാരമാണ് നമുക്കുള്ളത്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2024 നവംബർ 27 തീയതി ഗുരു വന്ദനവും വിദ്യാർത്ഥി സംഗമവും സെന്റ് തോമസ് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ അഭി. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ, എം.എൽ.എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു . പൂർവ്വവിദ്യാർഥികൾ, സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും , സ്കൂൾ മാനേജർ അഭി. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മെമന്റോ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി മഞ്ജു വർഗീസ് എല്ലാവർക്കും നന്ദി അർപ്പിച്ചു.

ഗുരുക്കന്മാരെ ആദരിക്കുന്നതിലൂടെ വിദ്യാർഥികൾ മൂല്യങ്ങളുടെയും ആദരവിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നു. തങ്ങളുടെ പഠനത്തിനും വളർച്ചയ്ക്കും അധ്യാപകർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഗുരുവന്ദനം. ഇത് വിദ്യാർത്ഥികളെ സാംസ്കാരിക അപബോധം വളർത്തുകയും നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹവും ആശീർവാദവും വിദ്യാർഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.