ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം (ജൂൺ 3 )
2024 -2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ് എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ് കെ വി ആയിരുന്നു .
പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .
അക്കാദമിക മാസ്റ്റർ പ്ലാൻ
2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനാചരണം (ജൂൺ 5)
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു.ആമ്പലൂർ പഞ്ചായത്തിലെ പച്ചമരത്തണൽ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കീച്ചേരി സ്കൂളിൽ വച്ചു നടന്നു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം ചെയ്തു . തുടർന്ന് പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ പഞ്ചായത്തംഗം നയിച്ചു .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ യദുലാൽ ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ ആഫിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായന വാരാചരണം
2024 -2025 വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും വായനശാല പ്രസിഡന്റും പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച് പ്രഭാഷണം നടത്തി . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു .