നൊച്ചാട് എച്ച്. എസ്സ്.എസ്സ്./തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക്

പതിനെട്ട് മാസത്തിലധികം നീണ്ട ഇടവേളയ്ക്കൊടുവിൽ സ്കൂൾ മുറ്റത്ത് ആഹ്ളാദാരവമുയർത്തി പ്രവേശനോൽസവത്തോടെ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. വിദ്യാർത്ഥികളെ വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നര വർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കളിയാടുമ്പോൾ മധുരവും സമ്മാനങ്ങളും നൽകി കരുതലോടെ ചേർത്തുനിർത്തി, സാനിറ്റൈസറും തെർമൽസ്‍കാനറുമൊക്കെയായി അധ്യാപകരും കുട്ടികളെ  സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 50% വിദ്യാർത്ഥികളാണ് ആദ്യദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബ്ൾ സംവിധാനത്തിൽ ക്ലാസ്സുകൾ ക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.

കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്‍കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ  കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതി കളാവിഷ്കരിച്ച് പ്രശ്നപരിഹാര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി, ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അധ്യാപകരായ ഞങ്ങളിപ്പോൾ.

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ ആഹ്ളാദത്തോടെ തിരികെ സ്കൂളിലെത്തിയ മുഴുവൻ കുട്ടികളും കളിച്ചും ചിരിച്ചും കൂട്ട് കൂടാതെ പഠിച്ചും സിഗ്‌നൽ മുറിയാത്ത ക്ലാസ് മുറികളിൽ പൂമ്പാറ്റകളെപ്പോലെ ചിറകുകൾ വീശി പറക്കാനുള്ള ശ്രമത്തിലാണ്.