സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ചരിത്രം
വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം.
നിബിഢമായി വളർന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാൽനടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ മാനേജ്‌മെന്റിന് കീഴിൽ 1951 സെപ്തംബർ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എൽ.എ. ശ്രീ. പി.സി. ബാലകൃഷ്ണൻ നമ്പ്യാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ. സി. രാമൻ നിർവ്വഹിച്ചു. 15 വിദ്യാർത്ഥികൾ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലൻ മാസ്റ്ററും. സർവ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.
ഏച്ചോത്ത് ഒരു സ്‌കൂൾ എന്ന ആശയം ശ്രീ. എ.ഗോപാലൻ നമ്പ്യാർ മാസ്റ്റർ എന്ന സർക്കാർ സ്‌കൂൾ അധ്യാപകനിലാണ് അങ്കുരിച്ചത്. സ്‌കൂൾ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗോപാലൻ നമ്പ്യാർ മാസ്റ്ററെക്കുറിച്ച് സ്മരിക്കുന്നത് വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു.
അരിഞ്ചേർമലയിലെ വയലിൽ കുടുംബക്കാർ ഇന്ന് താമസിക്കുന്ന സ്ഥലമായിരുന്നു ഗോപാലൻ മാസ്റ്ററുടെ താമസസ്ഥലം. ഇവിടെ നിന്ന് സ്ഥലം മാറി പാലൂർകുന്ന് എന്നറിയപ്പെടുന്ന, ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് അദ്ദേഹം താമസമാരംഭിച്ചു.
കേരളത്തിന്റെ പല ഭാഗത്തു നിന്നും കുടിയേറിവന്ന പലർക്കും ഗോപാലൻ മാസ്റ്റർ അത്താണിയായിരുന്നു. സർക്കാർ തലത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന്, കാപ്പി വിൽക്കുന്നതിന് ആവശ്യമായ ടി.പി. ഫോം പൂരിപ്പിക്കുന്നതിന്, കത്തിടപാടുകൾ നടത്തുന്നതിന്, ടെലഗ്രാം, മണിയോഡർ തുടങ്ങിയവ അയക്കുന്നതിന്... ഇത്തരത്തിൽ എല്ലാ കാര്യങ്ങൾക്കും മാസ്റ്ററെ സമീപിച്ചായിരുന്നു അക്ഷരഭ്യാസമില്ലാത്തവർ കാര്യങ്ങൾ നടത്തിയിരുന്നത്. വായനശാല, പോസ്‌റ്റോഫീസ് എന്നിവ മാസ്റ്ററുടെ അധ്വാനത്താൽ ഏച്ചോത്തിന് കൈവന്നതാണ്.
ദേശവാസികളും കുടിയേറ്റക്കാരുമായി ധാരാളം പേർ ഇവിടെ താമസം തുടങ്ങി. സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ ഗോപാലൻ മാസ്റ്ററുടെ തീവ്രമായ ആഗ്രഹം സഫലമാകുവാൻ അധികകാലം വേണ്ടി വന്നില്ല.
1950കളിൽ ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ വയനാട്ടിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഗോപാലൻ മാസ്റ്ററുടെ ബന്ധുവായ കുഞ്ഞികൃഷ്ണൻ നായർ ഒരു ജന്മി കൂടിയായിരുന്നു. നേതൃത്വനിരയിലേയ്ക്ക് ഉയർന്നു വരുന്ന കുഞ്ഞികൃഷ്ണൻ നായരുടെ സഹായം സ്‌കൂളിന്റെ തുടക്കത്തിന് സഹായകമാകുമെന്ന് മനസ്സിലാക്കിയ മാസ്റ്റർ ശ്രീ. സി.പി. നായരേയും കൂട്ടി കുഞ്ഞികൃഷ്ണൻ നായരെ കണ്ട് വിവരം ധരിപ്പിച്ചു. ഗോപാലൻ മാസ്റ്ററുടെ ആവശ്യം കേട്ട എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ സ്‌കൂൾ തുടങ്ങാമെന്ന് തീരുമാനിച്ചു. സ്‌കൂൾ ആരംഭിക്കുന്നതിന് മുൻപു തന്നെ കുട്ടികളെയടക്കം കൂട്ടി ഗോപാലൻ മാസ്റ്റർ പഠനകളരി ആരംഭിച്ചിരുന്നു. അങ്ങനെ മാസ്റ്ററുടെയും മറ്റും നിരന്തരമായ കഠിനപരിശ്രമത്താലും കുഞ്ഞികൃഷ്ണൻ നായരുടെ രാഷ്ട്രീയ-സാമൂഹ്യ ബന്ധങ്ങളുടെ സ്വാധീനത്താലും ഇന്നത്തെ സർവ്വോദയ സ്‌കൂൾ എന്ന മഹത്തായ പ്രസ്ഥാനത്തിന് തുടക്കമായി.
ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്നു എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ. അതുകൊണ്ടുതന്നെ സർവ്വോദയ പ്രസ്ഥാനത്തിന്റെ നെടുതൂണും പ്രമുഖ ഗാന്ധിയനുമായിരുന്ന ശ്രീ. ജയപ്രകാശ് നാരായണന്റെ സർവ്വോദയ പ്രസ്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് കേരളത്തിലെ അന്നത്തെ സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവ് ശ്രീ. എൻ.പി. മൻമഥൻ സർവ്വോദയ എന്ന പേര് നിർദ്ദേശിക്കുകയും ഈ സ്‌കൂളിന് സർവ്വോദയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
തനിക്കുണ്ടായിരുന്ന സർക്കാർ ജോലി രാജി വെച്ച് ഗോപാലൻ മാസ്റ്റർ പ്രഥമാധ്യാപകനായി ചുമതലയേറ്റു. വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമായിരുന്നു സ്‌കൂളിൽ ഉണ്ടായിരുന്നത്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററായിരുന്നു ഈ സ്‌കൂൾ രജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. ഇദ്ദേഹം സ്ഥാപക മാനേജരായ എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ പുത്രനാണ്.
ഇന്ന് കാണുന്ന സർവ്വോദയ സ്‌കൂളിന്റെ വിശാലമായ മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് ഏതാണ്ട് മധ്യത്തിലായി പുല്ല് മേഞ്ഞ ഒരു ഷെഡിലായിരുന്നു സ്‌കൂളിന്റെ തുടക്കം. ആവശ്യത്തിന് ബെഞ്ചോ, ഡെസ്‌കോ യാതൊരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
1955ൽ സ്‌കൂൾ പൂർണ എൽ.പി. സ്‌കൂളായി ഉയർന്നു വന്നു. മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്നു സ്‌കൂൾ. മീനങ്ങാടി സ്വദേശിനിയായ സലോമി ടീച്ചർ ഹെഡ്മിസ്ട്രസ്സായി. സ്‌കൂളിലെ പല ദിവസങ്ങളിലും കുട്ടികൾ കുറവായിരുന്നു. അന്നത്തെ സാഹചര്യമതായിരുന്നു. ഗോപാലൻ മാസ്റ്റർ ദിവസവും കുട്ടികളുടെ വീട്ടിൽ പോയിരുന്നു. ഇന്നത്തെപ്പോലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അന്നുണ്ടായിരുന്നില്ല. കുട്ടികൾ ഏറെയും പട്ടിണിക്കാരായിരുന്നു. ഗോപാലൻ മാസ്റ്ററും മറ്റുള്ളവരും ചേർന്ന് സ്‌കൂളിൽ കഞ്ഞിയും പുഴുക്കും വിതരണം ചെയ്തിരുന്നു. 1960ൽ എൽ.പി. സ്‌കൂൾ യു.പി.യായി ഉയർന്നു. ശ്രീ. കെ.പി. രാമക്കുറുപ്പ്, ശ്രീ. നാരായണൻ മാസ്റ്റർ തുടങ്ങിയവർ ഈ സ്‌കൂളിലെ അധ്യാപകരായി ചുമതലയേറ്റു.
കുറച്ചുകാലം ഹെഡ്മിസ്ട്രസ്സായിരുന്ന സലോമി ടീച്ചർ ഗവൺമെന്റ് സ്‌കൂളിലേയ്ക്ക് തിരിച്ചു പോയി. ശ്രീ. നാരായണൻ നമ്പ്യാർ മാസ്റ്റർ പുതിയ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. ഇദ്ദേഹം ഏതാനും മാസങ്ങൾ മാത്രമേ ഇവിടെ ജോലി ചെയ്തുള്ളു.
1960ൽ ശ്രീ. പി.കെ. ഗംഗാധരൻ നമ്പ്യാർ ഈ സ്‌കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 1982ൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർന്നതുവരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ.കുറച്ചു കാലങ്ങൾക്കു ശേഷം മാനേജരുടെ മകനും ഇവിടെ അധ്യാപകനുമായ ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററാവുകയും ഗംഗാധരൻ മാസ്റ്റർ അധ്യാപകനായി തുടരുകയും ചെയ്തു.
സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു.
സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ .ഡൊമിനിക് മാടത്താനിയിൽ എസ്.ജെയാണ് ഇപ്പോൾ സർവ്വോദയയുടെ മാനേജർ പദവി അലങ്കരിക്കുന്നത്.
2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ.
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ സർവ്വോദയ മുന്നിട്ടു നിൽക്കുന്നു. ഉപജില്ല-ജില്ല-സംസ്ഥാന പ്രവൃത്തി പരിചയ മേളകളിൽ വർഷങ്ങളായി സർവ്വോദയ സ്‌കൂൾ സാന്നിധ്യമറിയിക്കുന്നുണ്ട്. കലാ-കായിക രംഗത്തും സ്‌കൂൾ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്‌കൂൾ നേതൃത്വം നൽകി എല്ലാ വർഷവും നടത്തിവരുന്ന അഖില വയനാട് സ്‌കൂൾ തല ഫുട്‌ബോൾ ടൂർണ്ണമെന്റാണ് സർവ്വോദയ കപ്പ്. ധാരാളം സ്‌കൂളുകൾ ഈ മത്സരത്തിൽ പങ്കെടുക്കാറുണ്ട്. ഇതിലൂടെ വിദ്യാലയത്തിലെ ഫുട്‌ബോൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു.
വിദ്യാലയത്തിലെ അടൽ ടിങ്കറിംഗ് ലാബ് ഈ മേഖലയുടെ വികസനത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. വയനാട്ടിലെ ഏറ്റവും ശക്തമായ സ്‌കൗട്ട്-ഗൈഡ് പ്രസ്ഥാനം സർവ്വോദയ സ്‌കൂളിലുണ്ട്. ധൈര്യവും അർപ്പണ ബോധവുമുള്ള ധാരാളം വിദ്യാർത്ഥികളെ രാഷ്ട്രപതി, രാജ്യപുരസ്‌കാർ, സ്‌കൗട്ട്-ഗൈഡ്കളായി വളർത്തിയെടുക്കാൻ ഇവരുടെ ശ്രമഫലമായി സാധിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്‌സ്, സഞ്ചയിക, പെൻബൂത്ത്, വിവിധ നേതൃത്വ പരിശീലന ശിബിരങ്ങൾ, എൻ.എം.എം.എസ്. സ്‌കോളർഷിപ്പിനു കുട്ടികളെ തയ്യാറാക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ അനുദിനം വളർച്ചയുടെ പാതയിലാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മൂന്ന് സയൻസ് ലാബുകൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ മാധ്യമ ശ്രദ്ധ നേടി. ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്‌സപിരിമെന്റ്, സയൻസ് സെമിനാർ തുടങ്ങിയ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഇൻസ്‌പെയർ അവാർഡിന് അർഹനായി സോണൽ, സംസ്ഥാന മത്സരത്തിനും മികവ് തെളിയിക്കുയുണ്ടായി. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയുള്ള ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹമാണ്. ദൂരെ സ്ഥലത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ നാല് ബസ്സുകൾ സർവ്വോദയയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതിയും യാത്രാ പ്രശ്‌നത്തിന് പരിഹാരമാണ്.
ഗോത്ര സമൂഹത്തിന്റെ പുരോഗതി സർവ്വോദയയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. നാൽപ്പത് ശതമാനത്തിനു മേൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനമാണ് തുടി നാട്ടറിവ് പഠന കേന്ദ്രം. വരും തലമുറയെ അച്ചടക്കവും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉള്ള നല്ല വ്യക്തികളായി വാർത്തെടുക്കുക എന്ന ദൗത്യത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനം വളർച്ചയുടെ പാതയിലാണ്. ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകർ ഈ വളർച്ചയ്ക്ക് നേതൃത്വം നൽകുമ്പോൾ അർപ്പണ ബോധമുള്ള മാനേജ്‌മെന്റും അവശ്യ ബോധമുള്ള രക്ഷിതാക്കളും ഉത്തരവാദിത്വമുള്ള കുട്ടികളും വിദ്യാലയത്തിന്റെ ലക്ഷ്യം പ്രാപിക്കാൻ കരുത്തു പകരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ സർവ്വോദയയെ മികച്ചതാക്കുന്നു...
ഡിജിറ്റൽ മാഗസിൻ ↓
https://drive.google.com/file/d/1luPjym1fhxLWR-VOXfohXo0jszRGJgR-/view?usp=drivesdk
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |