ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം
ലോക സഞ്ചാരി,മൊയ്തു കിഴിശ്ശേരി
10ാം വയസ്സിൽ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വർഷങ്ങൾ നീണ്ട സഞ്ചാരം, 20 ഭാഷകൾ പഠിച്ചു,ആറ് പ്രണയിനികൾ: *മൊയ്തുവിൻറെ ഓർമ്മകളോടൊപ്പം ലോകം ചുറ്റിയ മൊയ്തു കിഴിശ്ശേരിയുടെ മൊഞ്ചേറിയ ജീവിതകഥ അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാവൂ. വിസയുംപാസ്‌പോർട്ടും ഇല്ലാതെ മൊയ്തു 24 രാജ്യങ്ങളിലേക്കാണ് നുഴഞ്ഞുകയറിയത്
കുറെ വർഷത്തെ അലച്ചിലിന് ശേഷം വാഗാ അതിർത്തിയുടെ പാകിസ്ഥാൻ ഭാഗത്താണ് മൊയ്തു എത്തിപ്പെട്ടത്. 1983-ലാണത്. കയ്യിലുണ്ടായിരുന്ന പാസ്പോർട്ട് തുർക്കിയിലെ ഇൻഡ്യൻ എംബസിയിൽ നിന്നുള്ളതായിരുന്നുഎങ്ങനെ പാകിസ്ഥാനിലെത്തിയെന്ന് അതിർത്തിയിൽ ഇൻഡ്യൻ സൈനിക ഓഫീസർക്ക് സംശയം തോന്നി. ‘തുർക്കിയിലെ ഉദ്യോഗസ്ഥൽ ഇറാനിലേക്ക് കയറ്റി വിട്ടു, ഇറാൻ പാകിസ്താനിലേക്കും’ എന്ന് മറുപടി. അതുകേട്ട് ഉദ്യോഗസ്ഥന് ചിരിക്കാതിരിക്കാനായില്ല.പാസ്പോർട്ടും വീസയുമില്ലാതെ പിന്നിട്ട വർഷങ്ങൾ നീളുന്ന യാത്രാവഴി മുഴുവൻ പറഞ്ഞിരുന്നെങ്കിൽ ആ ഓഫീസർ ഒരു പക്ഷേ, വാപൊളിച്ച് നിന്നുപോയേനെ.അദ്ദേഹം പാകിസ്ഥാനിലേക്ക് തന്നെ തിരിച്ചുവിട്ടു. അധികം വൈകാതെ പാകിസ്ഥാൻ ഉദ്യോഗസ്ഥർ മൊയ്തുവിനേയും കൂട്ടി വന്ന് ഇൻഡ്യൻ സൈനിക ഉദ്യോഗസ്ഥനെ ചീത്തവിളിച്ചു. ‘ഇവനെ ഞങ്ങൾക്ക് വേണ്ട, നിങ്ങള് തന്നെ എടുത്തോ’ എന്ന മട്ടിൽ. സംഭവബഹുലമാണ് മൊയ്തുവിൻറെ ജീവിതം. എത്രയെഴുതിയാലും തീരാത്ത അനുഭവങ്ങൾ. ആ യാത്ര ശരിക്കും തുടങ്ങുന്നത് മലപ്പുറത്ത് കീഴിശ്ശേരിയിലാണ്.1959-ൽ ഇല്ല്യൻ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി കിഴിശ്ശേരിയിലാണ് മൊയ്തുവിൻറെ ജനനം. വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോയ മൊയ്തുവിൻറെ പിതാവ് പിന്നീട് മക്കയിലേക്ക് കച്ചവടത്തിന് പോയി. സമ്പാദിച്ചതെല്ലാം വിറ്റ് നാട്ടിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിൻറെ മരണത്തോടെ സ്വത്തെല്ലാം അന്യാധീനപ്പെട്ടു.വലിയ മാളികപ്പുരയിൽ അന്നത്തിന് വകയില്ലാതായതോടെ നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന മൊയ്തുവിനെ ഉമ്മ പള്ളി ദർസിൽ കൊണ്ടു പോയി ചേർത്തു. അവിടെ വച്ചാണ് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകൃതി വായിച്ചത്.
പൊന്നാനി ദർസിൽ പഠിച്ചു കൊണ്ടിരിക്കെ ഗുരുവര്യൻ നരിപ്പറമ്പ് മുഹമ്മദ് മുസ്ലിരാണ് സൂഫി ദർശനങ്ങൾ പകർന്നു നൽകിയത്. ‘നീ ഭൂമിയിൽ സഞ്ചരിക്കുക’ എന്ന ഖുർആൻ വാക്യം മനസിനെ അലട്ടിത്തുടങ്ങി.അങ്ങിനെ 1969-ൽ പത്താം വയസിൽ ആദ്യയാത്ര.മൊയ്തു കിഴിശ്ശേരി ഒരു പഴയ ചിത്രം. നാദാപുരത്തെയും കൽപറ്റയിലെയും മറ്റ് ഒട്ടനവധി ദർസുകളിലേക്കുമുള്ള മടങ്ങി വരവിനിടയിൽ കള്ളവണ്ടി കയറി ഏഴു വർഷം കൊണ്ട് ഇന്ത്യ മുഴുവൻ കണ്ടു തീർത്തു. പതിനേഴാം വയസിൽ വീണ്ടും ഉൾവിളി. യാത്രയാണ് നല്ല മനുഷ്യർക്കുള്ള സാരോപദേശം.അങ്ങനെ വീണ്ടും പുറപ്പെട്ടു. ആ യാത്രകൾ ഒരു ദശകത്തോളം നീണ്ടു. പല നാടുകൾ, ഭൂഖണ്ഡങ്ങൾ!
വിദ്യാർത്ഥി, അധ്യാപകൻ, പത്രപ്രവർത്തകൻ, യാത്രകൾക്കിടയിൽ മൊയ്തു ചെയ്യാത്ത ജോലികളില്ല, കെട്ടാത്ത വേഷമില്ല. ചങ്ങാടം, കുതിരവണ്ടി, ലോറി, സൈക്കിൾ തുടങ്ങി ഏതെല്ലാം സഞ്ചാര മാർഗങ്ങൾ ഉണ്ടോ അതിലെല്ലാം സഞ്ചരിച്ചു. ആരാധനാലയങ്ങളിലും വഴിയരികിലുമെല്ലാം അന്തിയുറങ്ങി. പേമാരിയും കൊടുങ്കാറ്റും പകർച്ചവ്യാധികളുമെല്ലാം അതിജീവിച്ച യാത്രകൾ.ഇസ്താംബൂളിൽ. 1976 ഡിസംബറിലെ ആദ്യതിങ്കളാഴ്ച. രാവിലെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ തല കുമ്പിട്ട് കുത്തിയിരിക്കുകയായിരുന്നു ആ സഞ്ചാരി. ആകെ കയ്യിലുണ്ടായിരുന്ന 200 രൂപയിൽ 150 രൂപയും പാവങ്ങൾക്ക് ദാനം ചെയ്തതിനാൽ ബാക്കി 50 രൂപ മാത്രം.ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനാൽ റെയിൽവെ കോടതിയിൽ 15 രൂപ പിഴയടക്കേണ്ടി വന്നു. പുറത്തിറങ്ങിയപ്പോൾ ന്യൂഡെൽഹിയിലേക്കുള്ള നിസാമുദ്ദീൻ എക്‌സ്പ്രസ് നീങ്ങിത്തുടങ്ങിയിരുന്നു. രണ്ടര ദിവസത്തെ ട്രെയിൻ യാത്രയിൽ ഡൽഹിയിലെത്തി. നഗര കാഴ്ച്ചകൾ കണ്ട് വീണ്ടും ട്രെയിനിൽ അമൃത്സറിലേക്ക്. അവിടെ നിന്ന് കശ്മീർ, വീണ്ടും അമൃത്സർ. എട്ടു രൂപ കൊടുത്ത് ബസിൽ വാഗാ അതിർത്തിയിലെത്തി.ലാഹോറിലേക്ക് 27 കിലോമീറ്ററെന്ന ബോർഡ് കണ്ട് നേരേ നടന്നു.
അതിർത്തികൾ കടന്നുള്ള യാത്രകൾക്കിടയില പെട്ടെന്നാണ് സൈനികർ പിടികൂടിയത്. ഒരിക്കലും സ്വന്തം ഐഡെൻറിറ്റി വെളിപ്പെടുത്തരുതെന്നും ഊമയായി അഭിനയിക്കുകയാണ് നല്ലതെന്നുമുള്ള പിതാവിൻറെ പഴയ ഉപദേശം ഓർമ്മ വന്നു. പട്ടാളക്കാർ പിടിച്ചു തള്ളിയപ്പോൾ റെയിൽവെ വഴി കടക്കാൻ പറ്റുമോ എന്നായി പിന്നീടുള്ള ആലോചന. അവിടെയും പിടിവീണു.“പട്ടാളക്കാരുടെ ക്രൂര മർദ്ദനത്തിനിടയിൽ ക്യാപ്റ്റൻറെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന് കഴിക്കാൻ നൽകിയ ചപ്പാത്തിയും ചായയും നൽകി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ക്യാപ്റ്റൻറെ ദയയിൽ മോചിതനായി ചെറുനാരങ്ങ തോട്ടത്തിലൂടെ ഇറങ്ങി നടന്നു,” ആദ്യമായി രാജ്യാതിർത്തി ഭേദിക്കാനുള്ള ശ്രമങ്ങൾ മൊയ്തു ഓർത്തെടുക്കുകയാണ്.പല ജോലികളും ചെയ്തു.
മുട്ടുകുത്തിയും നിലത്തിഴഞ്ഞുമെല്ലാം ഇന്ത്യൻ അതിർത്തി കടന്നതും പാക്ക് പട്ടാളത്തിൻറെ പിടിയിലായി. മീശ മുളച്ചിട്ടില്ലാത്ത പയ്യനെ തിരിച്ചയക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഗുൽബർഗിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഒരാഴ്ചത്തെ തടവിന് ശേഷം ഇന്ത്യൻ അതിർത്തിയിൽ കൊണ്ടു പോയി വിട്ടു.ഒപ്പമുണ്ടായിരുന്ന മൂന്ന് ബംഗാളി കുട്ടികളെ ഇന്ത്യൻ സൈന്യം പിടികൂടി. കൊയ്ത്ത് കഴിഞ്ഞ ഗോതമ്പു വയലിലെ പൊന്തക്കാടുകൾക്കിടയിൽ പതുങ്ങി നിന്നപതിനേഴുകാരനെ ആരും കണ്ടില്ല. ഇരുട്ടിൻറെ മറപറ്റി വീണ്ടും പാക്ക് മണ്ണിൽ.കരിമ്പോലക്കാട്ടിൽ കിടന്നുറങ്ങി പുലർച്ചെ ഗോതമ്പു വയലുകളിലെ ഉയരം കൂടിയ വരമ്പുകളിലൂടെ നടന്നപ്പോൾ കർഷകർ കണ്ടു. മരച്ചുവട്ടിൽ കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകൻറെ അടുത്തേക്ക് അവർ കൂട്ടിക്കൊണ്ട് പോയി. വിവരണം കേട്ട് അദ്ദേഹം ഒരു കസ്റ്റംസ് ഓഫീസറുടെ അടുത്തെത്തിച്ചു എന്തോ സ്വകാര്യം പറഞ്ഞു.സംശയദൃഷ്ടിയോടെ നിന്നപ്പോൾ ‘ലാഹോറിലേക്ക് പോയ്‌ക്കൊള്ളു, ദൈവം സഹായിക്കു’മെന്ന് പറഞ്ഞ് ഓഫീസർ ഒരു കാറിൽ കയറ്റിവിട്ടു. ലാഹോറിലെ റെയിൽവെ സ്റ്റേഷനു മുന്നിൽ കാർ നിർത്തി കുറച്ചു പണം സമ്മാനിച്ച ശേഷം എങ്ങോട്ടു പോവാനും ട്രെയിൻ ഇവിടെ വരുമെന്ന് പറഞ്ഞ് അയാൾ യാത്രയായി.മൊയ്തു എന്ന ലോക സഞ്ചാരിക്കായി അവർ വാതിൽ തുറന്നിടുകയായിരുന്നു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് പ്രതിബന്ധവും നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടുമെന്ന സൂഫി വാക്യം മൊയ്തു നന്ദിയോടെ ഓർത്തു.
നഗരം കണ്ട് മോഹൻ ജോദാരോയും തക്ഷശിലയും കണ്ട് റാവൽപിണ്ടിയിലെത്തി. ഇനിയെങ്ങോട്ട് പോവണമെന്ന് ജീവിതത്തിലാദ്യമായി ആശയമില്ലാതെ മനസ് മരിച്ച സമയമായിരുന്നു അതെന്ന് മൊയ്തു.പലകാലം, പല നാടുകൾ, പല വേഷങ്ങൾ: മൊയ്തു വർഷങ്ങളിലൂടെ അപ്പോഴാണ് ഭൂപടങ്ങൾ തൂക്കിയിട്ട ഒരു ഫ്ലാറ്റ് കണ്ട് കയറി ചെന്നത്. കോളേജു പഠനത്തിനായി രണ്ട് കൗമാരക്കാരികളും സഹോദരനും വാടകക്ക് താമസിക്കുന്ന ഫ്ലാറ്റായിരുന്നുവത്. ലോകയാത്രയെ കുറിച്ച് പറഞ്ഞപ്പോൾ ഭക്ഷണം നൽകിയ ശേഷം സഞ്ചാര പാതയെക്കുറിച്ചുള്ള മാർഗരേഖ അവർ സമ്മാനിച്ചു.പിറ്റേ ആഴ്ചയാണ് പെഷവാറിലേക്കുള്ള വണ്ടി കയറിയത്. അവിടെ നിന്ന് 40 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഖൈബർ ചുരത്തിലെത്തി. ചുരം കയറിയിറങ്ങിയാൽ കാബൂളിലെത്താം. മലമ്പാതകളിലൂടെ ചൈനയിലെത്താം. ഹിന്ദുക്കുഷ് പർവതത്തിൻറെ 1,067 മീറ്റർ ഉയരം താണ്ടി തണുത്ത് വിറച്ച് താഴേക്ക് നോക്കി നിന്നു.ചൈനീസ് പട്ടാളക്കാരെ വെട്ടിച്ച് മലയിറങ്ങി ചരക്ക് ലോറിയിലും കാളവണ്ടിയിലുമായി അഫ്ഗാൻ പ്രവിശ്യയിലൂടെ തുർക്കിസ്ഥാനടുത്തുള്ള ഗോത്രവർഗക്കാരുടെ ഇടയിലാണ് ചെന്നുപെട്ടത്. വിശപ്പിൻറെ കാഠ്യന്യത്താൽ എലിയിറച്ചി കഴിക്കേണ്ടി വന്നു.
ദൂർ കാ മുസാഫർ എന്ന പുസ്തകമടക്കം ഒരു പിടി പുസ്തകങ്ങളിലൂടെ മൊയ്തുവിൻറെ യാത്രാനുഭവങ്ങൾ വായനക്കാരിലെത്തി.“ചൈനയിലേക്ക് കടക്കണമെങ്കിൽ മുന്നിലെ നദി കടക്കണമെന്ന് മൂപ്പൻ ആംഗ്യ ഭാഷയിൽ പറഞ്ഞു. അവർ മുളകൾ കൊണ്ട് കെട്ടിത്തന്ന ചങ്ങാടത്തിൽ മറുകരയെത്തി. ഏറെ ദൂരം നടന്നപ്പോഴാണ് മരുഭൂമിയിലെ ടാർ ചെയ്ത റോഡ് ശ്രദ്ധയിൽപ്പെട്ടത്.“കുതിച്ചു വരുന്ന ലോറി കണ്ട് ഉറക്കെ വിളിച്ച് കൂവി കൈ വീശിയപ്പോൾ ഡ്രൈവർ ലോറി നിർത്തി. അങ്ങിനെ യാർഗന്ദിലെത്തി. അവിടെ നിന്നാണ് 1977 ജനുവരി 25-ന് സ്വപ്നഭൂമിയായ ബെയ്ജിംഗിലെത്തിയത്. തിബത്ത്, ബർമ്മ, ഉത്തര കൊറിയ, മംഗോളിയയും കണ്ടാണ് യാത്ര അവസാനിച്ചത്. വീണ്ടും പാക്കിസ്ഥാനിൽ തിരിച്ചെത്തി,” അദ്ദേഹത്തിൻറെ ഓർമ്മകളിൽ ഇന്നും ആ വഴികൾ മങ്ങാതെ നിൽക്കുന്നു.മൊയ്തുവിൻറെ ഏഴ് വർഷം നീണ്ടുനിന്ന രണ്ടാംയാത്രയുടെ ആദ്യ എപ്പിസോഡാണിത്. അഫ്ഗാൻ, റഷ്യ, തുർക്കി, ഇറാൻ, ഇറാഖ്, അസർബെയ്ജാൻ, തുർക്ക്‌മെനിസ്ഥാൻ, സ്വിറ്റ്‌സർലാന്ഡ്, ജോർജ്ജിയ, ബൾഗേറിയ, പോളണ്ട്, ലബനാൻ, ഇസ്രായേൽ, നേപ്പാൾ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഉക്രൈൻ, ചെച്‌നിയ, ലിബിയ, ടുണീഷ്യ, ജോർദാൻ, അൾജീരിയ, ഈജിപ്ത്, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, അർമീനിയ, തുർക്കി, ഫ്രാൻസ്, ജർമനി, ലക്‌സംബർഗ്….അങ്ങനെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വൻകരകളിലായി 43 രാജ്യാതിർത്തികൾ ഭേദിച്ചാണ് മൊയ്തുവെന്ന ഏകാന്ത പഥികൻ തിരിച്ച് മലപ്പുറത്തെ വീട്ടിലെത്തിയത്. രാജ്യത്തിനകത്തും പുറത്തുമായി നീണ്ട പതിനാല് വർഷത്തെ യാത്രാനുഭവങ്ങൾ. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള.ഡൽഹി യാത്രയ്ക്കിടയിൽ കണ്ട യുവതിയുടെ സതിയനുഷ്ഠാനം മുതൽ തെഹ്‌റാനിലെ പള്ളിയിലെ കൂട്ടക്കൊലയിലും ഇറാൻ, അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം യുദ്ധമുഖത്തെ ഷെൽവർഷങ്ങൾക്കിടയിൽ ചോരയും മാംസവും ചിതറി തെറിച്ചതും ഇന്നലെയെന്നോണം നടുക്കത്തോടെ മൊയതു ദ് ബെറ്റർ ഇൻഡ്യക്ക് വേണ്ടി ഓർത്തെടുത്തു.
20 ഭാഷകൾ പഠിച്ചെടുത്തു. 24 രാജ്യങ്ങളിലാണ് നുഴഞ്ഞു കയറിയത്. ബാക്കിയുള്ളിടത്ത് കള്ള പാസ്‌പോർട്ടും കൃത്രിമ പൗരത്വ രേഖകളുമെല്ലാം യാത്രക്ക് കൂട്ടായി. അഞ്ച് ദിവസം മരുഭൂമിയിൽ പട്ടിണി കിടന്നപ്പോൾ ദൈവദൂതരെ പോലെ ഗോത്രവർഗക്കാർ ഭക്ഷണം കൊണ്ടുവന്നു. അതെല്ലാം സൂഫി ദർശനം മുറുകെ പിടിച്ചതു കൊണ്ടാണെന്ന് മൊയ്തു പറയുന്നു. യാത്രക്കിടയിൽ പല പ്രലോഭനങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും മദ്യം, മയക്ക് മരുന്ന്, പുകവലി, ലൈംഗികത എന്നിവയിൽ ആസ്വാദനം കണ്ടെത്തിയിട്ടില്ലെന്നും മൊയ്തു. സന്യാസിമാർക്കൊപ്പം ഗീതയും പാതിരിമാർക്കിടയിലുള്ള താമസത്തിനൊപ്പം ബൈബിളും പഠിച്ചെടുത്തു. ചെല്ലുന്നിടത്തെല്ലാം ദിവസങ്ങളോളം അവിടുത്തെ സിനിമകൾ കാണും. അങ്ങനെയാണ് അത്യാവശ്യം നിന്നുപറ്റാനുള്ള ഭാഷ പഠിച്ചെടുക്കുന്നത്. കൊറിയയിൽ അഭിസാരികമാർക്കൊപ്പം പോലീസ് പിടിച്ച് മൂന്നാം ദിവസമാണ് സത്യം അറിയിച്ച് പുറത്തിറങ്ങാനായത്. പഠിക്കാനുള്ള ഒരവസരവും പാഴാക്കരുതെന്ന മെഹർ നൂശിൻറെ മന്ത്രണത്തിലാണ് മൊയ്തു തുർക്കിയിൽ പഠനം നടത്തിയത്. ചിത്രം: ഇസ്താംബൂൾ, ടർക്കി. പൂജ്യം ഡിഗ്രിയിലെ തണുപ്പിൽ ബ്രിട്ടീഷ് നദിയിൽ ചാടി പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെട്ട കഥയുണ്ട്. രണ്ടാഴ്ച്ച തുർക്കി ജയിലിൽ കിടന്നിട്ടുമുണ്ട്. അങ്ങനെ പറഞ്ഞാലും തീരാത്ത കഥകൾ. 1979 നവംബർ 15- നാണ് ജീവിതത്തിലെ ഏറ്റവും വലിയ മറ്റൊരു ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇറാൻ അതിർത്തിയായ ബന്ദർ ബാസിൽ നിന്ന് 5,000 ഇറാനി റിയാൽ കൊടുത്ത് (അന്നത്തെ ഇൻഡ്യൻ രൂപ 500 വരും) ദുബൈയിലേക്ക് പായ്കപ്പലിൽ കള്ള യാത്ര. ഹോർമുസ് കടലിടുക്കിൽ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞു. ശിയാക്കളായ പാക്കിസ്ഥാനികൾ ഏക സുന്നിയായ മൊയ്തുവിനെ ശകുനം മുടക്കിയായി കണ്ട് കടലിലെറിയാൻ പറഞ്ഞു. ഖുർആൻ സൂക്തങ്ങൾ ഓതിയാണ് അവരിൽ നിന്ന് രക്ഷപ്പെട്ടത് എന്ന് മൊയ്തു. ഒടുവിൽ കടൽ ശാന്തമായി. മൊയ്തു കിഴിശ്ശേരി ദുബൈ നഗരത്തിൻറെ വെളിച്ചം കണ്ടപ്പോൾ കപ്പിത്താൻ കടലിൽ ചാടി നീന്താൻ പറഞ്ഞു. ഒരു കിലോമീറ്ററോളം നീന്തി. പേശികൾ കോച്ചുന്ന കൊടുംതണുപ്പും വിശപ്പും കാരണം തിരിച്ച് കപ്പലിലേക്ക് നീന്തി. അഞ്ചു പേരേ കാണാതായി. അവർക്ക് ജീവഹാനി സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ തിരിച്ച് തെഹ്‌റാനിലേക്ക് മടങ്ങി. പറഞ്ഞു നിർത്തുമ്പോൾ വികാര വിക്ഷോഭത്താൽ മൊയ്തുക്ക കിതക്കുന്നുണ്ടായിരുന്നു.ഇറാഖിലെ ബസ്‌റയിലേക്ക് വഴി ചോദിച്ചപ്പോഴാണ് ഇറാൻ പട്ടാളം പിടികൂടിയത്. നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടു. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു ശത്രു രാജ്യത്തെ ബസ്‌റയിലേക്ക് പോകില്ലെന്ന് പറഞ്ഞ് ഒപ്പിടണം. അതിന് തയ്യാറാവാത്തതിനാൽ വീണ്ടും ജയിലിലായി. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പനി ബാധിച്ച് കിടപ്പിലായി. ഈ സമയത്ത് മൊയ്തുവിൻറെ അതിമനോഹരമായ ഖുർആൻ പാരായണം കേട്ട് പട്ടാള ക്യാപ്റ്റൻ സൈനികരുടെ ഉസ്താദായി നിയമിച്ചു. സംഭവ ബഹുലമായ ആ കഥകൾ എഴുതി തീർക്കാനാവില്ല.വീട്ടിലെ പുസ്തക ശേഖരത്തിനരികെ ആറ് രാജ്യങ്ങളിലെ സുന്ദരിമാരുമായുള്ള പ്രണയം സൂഫി ജീവിതത്തിന് നിരക്കുന്നതായിരുന്നില്ലെങ്കിലും അക്കാലത്തും ബ്രഹ്മചര്യം കൈവിട്ടില്ല എന്ന് മൊയ്തു. പാകിസ്ഥാനിലെ ഗുൽബർഗയിലെ ഫിദയായിരുന്നു ആദ്യ കാമുകി. അവൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണെന്ന് മൊയ്തുക്ക. “ആദ്യ ലോകയാത്ര കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും പാക്കിസ്ഥാനിലെത്തിയപ്പോൾ എന്നെ ദത്തുപുത്രനായി കൂടെ കൂട്ടിയ നൗറോസ് ഖാൻറെ മകളായിരുന്നു ഫിദ.” വെണ്ണക്കൽ പ്രതിമ പോലെ കൊത്തിയെടുത്ത പതിനഞ്ചുകാരി സുന്ദരിയായിരുന്നു ഫിദ. എല്ലാവരും അവളുടെ ഭാവിവരനായി മൊയ്തുവിനെ കണ്ടു. പക്ഷേ, കുറച്ച് കാലത്തിന് ശേഷം യാത്ര പറഞ്ഞിറങ്ങേണ്ടി വന്നു.ലോകയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ, ഏഴു വർഷങ്ങൾക്ക് ശേഷം, അവളെ വീണ്ടും കാണാനായി മൊയ്തു ചെന്നു. മൊയ്തുവിൻറെ അറബ് കാലിഗ്രാഫി. തുർക്കിയിൽ നിന്നാണ് ഇത് പഠിച്ചത്അപ്പോഴേക്കും അവൾ വിവാഹിതയായി ഒരു മകന് ജന്മം നൽകിയിരുന്നു. മൊയ്തുവിൻറെ പേരിന് സമാനമായ അറബി പേര് മുഹിദീൻ എന്നാണ് ഫിദ മകന് പേരിട്ടിരുന്നത്. അവൾ വിധവയായിക്കഴിഞ്ഞിരുന്നു. റഷ്യയിലെ ഗലീന, സിറിയയിലെ സൈറൂസി, പ്രണയ നൈരാശ്യത്താൽ മയക്കു മരുന്നിന് അടിമയായി മരണത്തോളമെത്തിയ ജോർദാനിലെ അദീബ, നീലാകാശം എന്ന് പേരുള്ള തുർക്കി പെൺകുട്ടി ഗോക്ചെൻ, ഇറാൻ പട്ടാളത്തിൽ ഒപ്പമുണ്ടായിരുന്ന നഴ്‌സ് മെഹർ നൂശ്…ആറ് രാജ്യങ്ങളിലെ പ്രണയമിനാരങ്ങൾ. യാത്രയോടായിരുന്നു എക്കാലത്തേയും പ്രണയം. അതുകൊണ്ട് മറ്റ് പ്രണയാനുഭവങ്ങൾക്ക് അയാളെ എവിടെയും പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നില്ല. ഇറാൻ-ഇറാഖ് യുദ്ധക്കാലത്ത് ഷെൽ വർഷമേറ്റ് പരിക്കേറ്റ് കിടന്നപ്പോൾ വജ്രമോതിരം നൽകി രക്ഷപ്പെടാൻ നിർദേശിച്ചവളാണ് മെഹർ നൂശ്. പഠിക്കാനുള്ള ഒരവസരവും പാഴാക്കരുതെന്ന അവളുടെ മന്ത്രണത്തിലാണ് ആ മോതിരം വിറ്റ് തുർക്കിയിൽ പഠനം നടത്തിയത്. 1983 ഡിസംബർ 23-നായിരുന്നു ലോക യാത്ര കഴിഞ്ഞ് മടങ്ങി വാഗാ അതിർത്തിയിലെത്തിയത്. അങ്കാറയിലെ ഇന്ത്യൻ എംബസിയിൽ നിന്നെടുത്ത പാസ്‌പോർട്ട് കാണിച്ചപ്പോൾ വിസയടിക്കാതെ എങ്ങിനെ പാക്കിസ്ഥാനിലെത്തിയെന്ന് ചോദ്യം. തുർക്കി ഇറാനിലേക്കും ഇറാൻ പട്ടാളം പാകിസ്ഥാനിലേക്കും നാടുകടത്തിയെന്ന മറുപടി അവരെ ചിരിപ്പിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള കൗതുകവസ്തുക്കൾ മൊയ്തുവിൻറെ വീട്ടിലുണ്ടായിരുന്നു. അതെല്ലാം മ്യൂസിയത്തിന് കൈമാറി ഇന്ത്യൻ ഓഫീസർ പക്ഷെ പാകിസ്ഥാനിലേക്ക് തന്നെ മടക്കി. പാക് ഓഫീസർ അതിർത്തിയിലെത്തി ഇന്ത്യൻ ഓഫീസറോട് കയർത്തപ്പോൾ കടത്തിവിട്ടു. അഠാരിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പാകിസ്ഥാനിൽ റഷ്യൻ ക്യാമറ വിറ്റ പണം പോക്കറ്റടിക്കപ്പെട്ടു. കയ്യിൽ ഡയറിയും പാസ്‌പോർട്ടും മാത്രം മിച്ചം. യാത്രയിലുടനീളെ അങ്ങനെയായിരുന്നല്ലോ. ആരെങ്കിലും തരുന്നതോ ജോലി ചെയ്ത് കിട്ടിയതോ ആയ ചെറിയ തുകക്കാണ് സഞ്ചരിച്ചതൊക്കെയുമെന്ന് മൊയ്തു. “കൗതുകം തോന്നി വാങ്ങിയ സാധനങ്ങളൊക്കെ യാത്രാകൂലിയായി പലർക്കും കൊടുത്തു തീർന്നിരുന്നു. അദീബ സമ്മാനിച്ച 3,000 രൂപ വിലയുള്ള കോട്ടിന് 150 രൂപയിൽ കൂടുതൽ വില കിട്ടിയില്ല. ഡൽഹി ജുമാ മസ്ജിദിൽ ഇമാം പിരിച്ചുതന്ന തുകക്കാണ് പുതുവർഷത്തലേന്ന് കോഴിക്കോട് വണ്ടിയിറങ്ങിയത്,” അങ്ങനെയാണ് അദ്ദേഹം തിരികെ നാട്ടിലെത്തുന്നത്. 1984 ജനുവരി ഒന്നിന് നാടണഞ്ഞു. അഞ്ചാം നാൾ വീണ്ടും കൊൽക്കത്തയിലേക്ക്. ഒടുവിൽ അമൃത്‌സറിലെത്തി പഴയ കൂട്ടുക്കാർക്കൊപ്പം ഇഷ്ടിക കമ്പനിയിൽ. ലഹളയിൽ സമ്പാദ്യമെല്ലാം നഷ്ടമായപ്പോൾ വീണ്ടും നാട്ടിലേക്ക്. സെപ്തംബറിൽ ചാവക്കാട് ഇംഗ്ലീഷ് ട്യൂഷനെടുപ്പ് തുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ അനിയൻ അബുവെത്തി ഉമ്മാക്ക് സുഖമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് കൂട്ടി. 1984 നവംബർ ഒന്നിന് വീട്ടുക്കാർ നിശ്ചയിച്ച സോഫിയയുമായി കല്യാണം. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗോക് ചെനുമായി വിവാഹം നടക്കേണ്ട അതേ തിയതി. അവളുടെ തുർക്കിയിലെ വീടിൻറെ അതേ മോഡലിലാണ് ഇപ്പോഴത്തെ വീട് പണികഴിപ്പിച്ചതെന്ന് മൊയ്തു. അദ്ദേഹം തന്നെയാണ് വീടുവരച്ചത്. പിന്നീട് നാട്ടിൽ പലർക്കും വിവിധ മോഡലുകൾ വരച്ചു നൽകിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾ കഴിഞ്ഞ് പിറന്ന മകൾക്ക് ഫിദയെന്ന പേരിട്ടു. മകൻ നാദിർഷാനും പേരു കണ്ടെത്തിയതും യാത്രകളുടെ സ്മരണകളിൽ നിന്നുതന്നെ.ഏഴു പുസ്തകങ്ങളെഴുതി–‘തുർക്കിയിലൊരു സാഹസിക യാത്ര’, ‘ചരിത്ര ഭൂമികളിലൂടെ’, ‘സൂഫികളുടെ നാട്ടിൽ’ എന്നിവ പൂങ്കാവനം ബുക്‌സാണ് പുറത്തിറക്കിയത്. ‘ലിവിംഗ് ഓൺ ദ എഡ്ജും’ ‘ദർദേ ജൂതാഈ യും’ ( യാത്രികൻറെ പ്രണയാനുഭവങ്ങൾ ) കൈരളി ബുക്ക്‌സും പുറത്തിറക്കി. ‘ദൂർ കെ മുസാഫിർ’ മാതൃഭൂമി ബുക്ക്‌സിൻറെതാണ്. ‘മരുഭൂ കാഴ്ച്ചകൾ’ പുറത്തിറക്കിയത് ഒലിവ് ആണ്. പേരക്കുട്ടിക്കൊപ്പം യാത്രാ മോഹം 1990-ൽ വീണ്ടും ഉംറ വിസയിൽ സഊദിയിലെത്തിച്ചുയമനിലും ഒമാനിലും എത്തിയെങ്കിലും യാത്ര പരാജയമായി. 2005-ലെ മറ്റൊരു യാത്രയിൽ സഊദിയിൽ നിന്ന് ജോർദാൻ വരെ എത്തിയെങ്കിലും നിയമങ്ങൾ തടസം നിന്നു. നാട്ടിലെത്തിയതിൽ പിന്നെ ജീവിത സമരമായിരുന്നു. ഇലക്ട്രീഷനായും പ്ലംബറായും മുസ്ല്യാരായും ജോലി ചെയ്തു. ദാമ്പത്യ ബന്ധങ്ങൾ കൂട്ടിയിണക്കുന്ന കൗൺസലറായി. ഇക്കാലത്ത് പുരാവസ്തുക്കൾ വാങ്ങിക്കൂട്ടി. ആയിരത്തിലധികം അമൂല്യ വസ്തുക്കളാൽ വീട് നിറഞ്ഞു. പ്രമേഹരോഗിയായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതാണ് ജീവിതം കീഴ്‌മേൽ മറിച്ചത്. അമിതമായ ഇൻസുലിൻ കുത്തിവെപ്പ് പഞ്ചസാരയുടെ അളവ് മുപ്പതിലെത്തിച്ചു. ലോ ഷുഗറിൻറെ അപകടകരമായ അവസ്ഥ മരണത്തിൻറെ വക്കോളമെത്തിച്ച നിമിഷങ്ങൾ.ആശുപത്രി വിട്ടപ്പോഴേക്കും രണ്ട് കിഡ്‌നിയും തകരാറിലായിരുന്നു. ഇപ്പോൾ ആഴ്ച്ചയിൽ മൂന്നു തവണ ഡയാലിസിസ് വേണം. ചികിത്സക്ക് പണമില്ലാതായതോടെ മുൻപ് കോടികൾ വില പറഞ്ഞിട്ടും കൊടുക്കാതിരുന്ന പുരാവസ്തുക്കൾ കൊണ്ടോട്ടി വൈദ്യർ അക്കാദമിക്ക് മ്യൂസിയം നിർമ്മിക്കാനായി നൽകി. ലോക യാത്രയിലെ രണ്ട് ഫോട്ടോകളൊഴികെ ബൈൻറ് ചെയ്യാനേൽപ്പിച്ചിടത്ത് വച്ച് കേടായത് മറ്റൊരു നഷ്ടം. തുർക്കിയിൽ വച്ച് പഠിച്ച അറബിക് കാലിഗ്രാഫി രചനകൾ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. തുർക്കിയിലെ ബദിയു സമാൻ സാഹിദ് നുർഗിയെന്ന സൂഫിവര്യൻറെ ജീവിച്ചിരിക്കുന്ന അവസാന ശിഷ്യനാണ് താനെന്ന് മൊയ്തു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കോഴിക്കോട് വന്നെങ്കിലും കാണാനായില്ലെന്നത് മറ്റൊരു നഷ്ടം. “ഇസ്താംബൂളിലെ സുൽത്താൻ അഹമ്മദ് ജാമി മസ്ജിദിലെ ജാലകങ്ങൾക്കിടയിലൂടെ പുറത്തേക്ക് നോക്കി ഇംറുൽ ഖൈസിൻറെ വരികൾക്ക് ഈണമിടണം.” വ ലൈലിൻ ക മൗജിൽ ബഹ്രി അർഖാ സുദൂല ഹു അലയ്യ ബി അൻവാഇൽ ഹുമൂമി ലി യബ്ത ലീ (സമുദ്രത്തിലെ തിരമാലകൾ കണക്കെ, രാത്രി അതിൻറെ വിരികൾ എൻറെ മേൽ താഴ്ത്തിയിട്ടു; നിരവധി ദുഃഖങ്ങളാൽ എന്നെ പരീക്ഷിക്കൂ. 2020 ഒക്ടോബർ 10 ന് മൊയ്തു കിഴിശ്ശേരി അന്തരിച്ചു.