നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൈറ്റ് വിക്ടേഴ്സ് ചാനൽ
കൈറ്റ് വിക്ടേഴ്‍സ് - വിദ്യാഭ്യാസ ചാനൽ
കേരളത്തിലെ സ്‍കൂൾ വിദ്യാഭ്യാസ മേഖലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‍കരിച്ച് നടപ്പിലാക്കിയ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് വിക്ടേഴ്‍സ്. V.I.C.T.E.R.S എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന "വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ്" (Versatile ICT Enabled Resource for Students). വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്.
ഉടമ - പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ.
മുദ്രാവാക്യം - ആദ്യ വിനോദ വിദ്യാഭ്യാസ ചാനൽ.
പ്രക്ഷേപണമേഖല - ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ.
മുഖ്യകാര്യാലയം - തിരുവനന്തപുരം, കേരളം, ഇന്ത്യ
2001 ൽ നായനാർ സർക്കാർ തുടക്കമിട്ട ഐടി അറ്റ് സ്‌കൂൾ പദ്ധതിയെ പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ പ്രോൽസാഹിപ്പിക്കുകയും വിക്ടേഴ്‌സ് ചാനലിന്റെ ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കുകയുമുണ്ടായി. അതിനു ശേഷം 2006 ൽ വി.എസ്. അച്ച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ചാനലിനെ ഇപ്പോൾ കാണുന്ന രീതിയിൽ, ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കി മാറ്റി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) കീഴിലുള്ള വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസ്സുകൾ തത്സമയ സംപ്രേഷണം നടത്തുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക്ടീവ് നെറ്റ് വർക്കായ ഇതിന്റെ ഉദ്ഘാടനം 2005 ജൂലൈ 28-ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം നിർവ്വഹിച്ചു. തിരുവനന്തപുരത്ത് ഗോർക്കി ഭവനത്തിൽ ഐ.റ്റി അറ്റ് സ്കൂൾ പ്രോജക്ട്, സി-ഡിറ്റ് സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും സാറ്റലൈറ്റ് ഇന്ററാക്ടീവ് ടെർമിനലുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്.