ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവേശനോത്സവം
പ്രവേശനോത്സവം
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയ രാജ്യമാണ് നമ്മുടേത്. അതോടെ വിദ്യാഭ്യാസം ഓരോ പൗരന്റേയും ജന്മാവകാശമാണ്. സർവ്വരും പഠിക്കുക, സർവ്വരും വളരുക' ഇതാണ് ലക്ഷ്യം. 6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളേയും വിദ്യാലയത്തിലെത്തിക്കുക. അതിനായി മികവാർന്നതും വർണ്ണമനോഹരവുമായ നൂതന മാർഗ്ഗങ്ങൾ സംഘടിപ്പിക്കാനാകണം. അതിന്റെ ഭാഗമായിട്ടാണ് നവാഗതരുടെ ആദ്യ സ്കൂൾ പ്രവേശന ദിനം പ്രവേശനോത്സവമായി സംഘടിപ്പിക്കുന്നത്.വർണ്ണമനോഹരവും നയനാനന്ദകരവുമായ പ്രവേശനോത്സവ പരിപാടികളോടെയാണ് നമ്മുടെ വിദ്യാലയത്തിലേക്ക് നവാഗതരായ കുഞ്ഞുങ്ങളെ നാം സ്വാഗതം ചെയ്യുന്നത്. വാദ്യമേളത്തിന്റെ അകമ്പടിയോടെ നവാഗതരും പഴയവരുമായ വിദ്യാർത്ഥികൾക്കു നാം സ്വാഗതമരുളുന്നു. മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷകർ ത്താക്കൾക്കും നാട്ടുകാർക്കും മധുരപലഹാര വിതരണം നടത്തി, പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഈ നാടിന്റെ ഉത്സവമായിട്ടാണ് നമ്മുടെ വിദ്യാലയത്തിൽ നടത്തുന്നത്.
പ്രവേശനോത്സവ ദിവസം പുതിയ വിദ്യാലയ വർഷാരംഭം വിളംബരം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടിക്ക് തുടക്കമിടും. അക്ഷര ജ്യോതി പ്രയാണം, അക്ഷര ധ്വജ പ്രയാണം, ഗുരു സംഗമം, അനുമോദന സമ്മേളനം , കലാപരിപാടികൾ, ഉച്ചഭക്ഷണം എന്നിവയാണ് പ്രധാന കാര്യപരിപാടികൾ. എസ് പി സി കേഡറ്റുകൾ കോട്ടുവള്ളി യു പി സ്കൂൾ പ്രധാനാധ്യാപകയിൽ നിന്നും ദീപശിഖ സ്വീകരിച്ച് സൈക്കിൾ റാലിയായി നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുന്നു. അതേസമയം തന്നെ വള്ളുവള്ളി ഗവൺമെൻറ് യുപി സ്കൂളിൽ നിന്നും, കിഴക്കേപ്രം ഗവൺമെൻറ് യുപി സ്കൂളിൽ നിന്നും, സ്കൂൾ പതാക പ്രസ്തുത സ്കൂൾ പ്രധാനാധ്യാപകരിൽ നിന്ന് സ്വീകരിച്ച് വാഹനറാലി ആയി സ്കൂളിൽ എത്തിച്ചേരുന്നു.കൈതാരം സ്കൂൾ വിദ്യാലയ കവാടത്തിൽ വെച്ച് സ്കൂൾ പ്രധാനാധ്യാപിക ദീപശിഖയും പതാകയും ഏറ്റുവാങ്ങി വിദ്യാലയ അങ്കണത്തിൽ സ്ഥാപിക്കുന്നു. തുടർന്ന് ഒന്നാം ക്ലാസിൽ ആദ്യമായി പ്രവേശനം നേടിയ കുട്ടി നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിൽ പൂർവ്വാ അധ്യാപകർ എത്തിച്ചേരുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. തുടർന്ന് മുഖ്യാതിഥി മുൻവർഷം പൊതു പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളാണ്. ഉച്ചയോടെ എല്ലാ കലാപരിപാടികളും അവസാനിപ്പിക്കുകയും സന്നിഹിതരായ എല്ലാവർക്കും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നൽകി പരിപാടി അവസാനിപ്പിക്കുന്നു.
കൊറോണ മൂലം 2020 2021 വർഷങ്ങളിൽ പൂർണതോതിൽ പ്രവേശനോത്സവം നടത്താൻ സാധിച്ചില്ല. 2019 ലാണ് മേൽപ്പറഞ്ഞ രീതിയിൽ അവസാനമായി പൂർണതോതിൽ പ്രവേശനോത്സവം നടന്നത്. നോർത്ത് പറവൂർ ഉപജില്ലാ തല പ്രവേശനോത്സവം "മികവ് 2019" എന്ന പേരിൽ നമ്മുടെ വിദ്യാലയത്തിൽ നാടിൻറെ ഉത്സവമായി നടന്നു. അക്ഷര ജ്യോതിപ്രയാണം, പതാക ജാഥ, കലാവിരുന്ന് എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു . പരിപാടിയുടെ ഉദ്ഘാടനം നോർത്ത് പറവൂർ എംഎൽഎ വിഡി സതീശൻനാണ് നടത്തിയത് . സംസ്ഥാന പോലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർമാൻ റിട്ടയേഡ് ജസ്റ്റിസ് മോഹൻ വി കെ ആയിരുന്നു മുഖ്യാതിഥി.
2020 കൊറോണ വ്യാപനം മൂലം ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത് . 2021 നവംബർ ഒന്നിന് വളരെ ശ്രദ്ധേയമായ കാവ്യാഞ്ജലി എന്ന കലാ പ്രകടനത്തോടെയാണ് നവാഗതരെ വരവേറ്റത്.