ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/മറികടക്കും ഈ ദുരന്തകാലത്തെയും

Schoolwiki സംരംഭത്തിൽ നിന്ന്
മറികടക്കും ഈ ദുരന്തകാലത്തെയും

ലോകത്തെമ്പാടുമുള്ള ജനങ്ങൾ “2020 "എന്ന പുതുവർഷത്തെ വരവേൽക്കാൻ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, എല്ലാ സന്തോഷങ്ങളും പ്രതീക്ഷകളും തകർന്നടിഞ്ഞത് നിമിഷനേരംകൊണ്ടായിരുന്നു. ജനസംഖ്യയിൽ ലോകത്ത്‌ ഒന്നാമനായ ചൈനയിലെ മോട്ടോർ സിറ്റി എന്നറിയപ്പെടുന്ന വുഹാൻ നഗരത്തിൽ "കൊറോണ" എന്ന ഇത്തിരികുഞ്ഞൻ മഹാമാരിയായി അവതരിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം കവർന്നെടുത്തു. വൈകാതെ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19 . ഭൂമിയിൽ സ്വാഭാവികമായ ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ് 19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന ഈ പകർച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിച്ചു . സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് 19 . പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ കടുത്ത ശ്വാസതടസം തുടങ്ങിയവ അനുഭവപ്പെടും. ഈ രോഗത്തിന് മരുന്നോ,പ്രേധിരോധവാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി. ശ്വസന കണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. വൈറസ് ഉള്ളിൽ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണം പ്രകടമാകാൻ 2 മുതൽ 14 ദിവസം വരെ എടുക്കാം. അതിനാൽ രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരോട് 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു. കടുത്ത രോഗ സാധ്യതയുള്ളവരും രോഗികളും 28 ദിവസം വരെ ഒറ്റപ്പെട്ടു നിൽക്കണമെന്നതാണ് ഏറ്റവും സുരക്ഷിതമായ കരുതൽ നിർദേശം. ഇത്രയൊക്കെ കരുതൽ നിർദ്ദേശങ്ങൾ എടുത്തിട്ടും കൊറോണ വൈറസ് അതിന്റെ ദുരന്തങ്ങൾ വിതച്ചുള്ള യാത്ര തുടരുകയാണ്. അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞു കൊണ്ടാണ് 2 വര്ഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടിവെളുക്കുന്ന നേരംകൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി. ഇപ്പോഴിതാ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നമ്മുടെ കൊച്ചുകേരളത്തിലും എത്തി കോവിഡ് 19 എന്ന മഹാമാരി. കേരളത്തിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്തു അതീവജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരിലും എത്തിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ നമ്മുടെ സർക്കാരും, ആരോഗ്യപ്രവർത്തകരും, നിയമപാലകരും കേരളത്തിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 എന്ന വിപത്തിനെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് അവിടെ തുടക്കം കുറിച്ചു. എസ്എസ് എൽ സീ ,ഹയർ സെക്കന്ററി ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ത്യ ഒട്ടാകെ ഈ പോരാട്ടത്തിൽ പങ്കാളികളായി . നമ്മുടെ പ്രധാനമന്ത്രി മാർച്ച് 22 ന് ജനാതാ കർഫ്യൂ പ്രഖ്യാപിച്ചു..ഇന്ത്യയിലേക്കുള്ള എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തി.. ജനാതാ കർഫ്യൂവിനു പിന്നാലെ രാജ്യം മുഴുവനും 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനങ്ങളൊക്കെ നിലച്ചു. ജനങ്ങളെല്ലാം വീട്ടിനുള്ളിൽ അടച്ചിരിക്കാൻ തുടങ്ങി. യാത്രകൾ അത്യാവശ്യങ്ങൾക്കു മാത്രമായി ചുരുങ്ങി. "വർക്ക് ഫ്രം ഹോം " എന്ന പ്രവണത പ്രാബല്യത്തിൽ വന്നു. പൊതുചടങ്ങുകളും ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ മാറ്റിവച്ചു. ഒരിക്കലും ആളൊഴിയാത്ത തീർത്ഥാടന കേന്ദ്രങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും വരെ അടച്ചുപൂട്ടി. അങ്ങനെ ഇത്തിരി ഇല്ലാത്ത ഈ വൈറസിനു്മുന്നിൽ ഈ ലോകം നിശ്ചലം. ഏതൊരു മഹാവിപത്തിനെയും നേരിട്ടതുപോലെ കോവിഡ് 19 നെയും ചെറുക്കാൻ സജ്ജരായി ലോകത്തിനു മാതൃകയാകാൻ നമ്മുടെ കേരളം ഒരുങ്ങി. രാപ്പകൽ വ്യത്യാസമില്ലാതെ രോഗബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരും അവരുടെ നേതാവായി ഒരു ടീച്ചറമ്മയും-നമ്മുടെ ആരോഗ്യമന്ത്രി . സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു ലോക്ക്ഡൗൺ വിജയിപ്പിക്കുവാനായി കൃത്യനിർവഹണം നടത്തി നിയമപാലകർ. എല്ലാവർക്കും മുന്നിൽനിന്നു ഊർജം പകരാൻ നമ്മുടെ മുഖ്യമന്ത്രി. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള മാർഗ്ഗം സാമൂഹിക അകലവും , ശുചിത്വവും പാലിക്കുക എന്നതാണ്. കോവിഡിനെ നേരിടാൻ കേരളം നിരവധി മാർഗ്ഗങ്ങൾ സ്വീകരിച്ചു. ഈ മഹാമാരിയുടെ പ്രശ്നങ്ങളും അവയെ എങ്ങനെ ചെറുക്കാമെന്നും നവമാധ്യമങ്ങളിലൂടെ നൃത്ത സംഗീത ആവിഷ്കാരങ്ങളുടെ രൂപത്തിൽ ജനങ്ങളിലെത്തിച്ച് അവരെ ജാഗരൂകരാക്കി. കോവിഡ് 19 നേപ്പറ്റി അറിയുന്നതിന് ഗവൺമെന്റ് ഒരു മൊബൈൽ "ആപ്പ് " കൊണ്ടുവന്നു. "ബ്രേക്ക് ദി ചെയിൻ" എന്ന ആശയം സാമൂഹികവും വ്യക്തിപരവുമായ ശുചിത്വം നിലനിർത്തുക എന്ന ലക്‌ഷ്യം മുന്നോട്ടുവച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പൂരിഭാഗം പൊതുസ്ഥലങ്ങളിലും വാട്ടർ പൈപ്പുകളും ഹാൻഡ് വാഷും സജ്ജമാക്കി. പടിപടിയായി കടകൾ ,വ്യവസായശാലകൾ,ബിവറേജസ് ഔട്‍ലെറ്റുകൾ തുടങ്ങി എല്ലാം അടഞ്ഞു. സർക്കാർ എല്ലാവർക്കുംസൗജന്യ റേഷൻ ഏർപ്പെടുത്തി. ഇതുപോലെ ഒട്ടനവധി സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗങ്ങളും നാം സ്വീകരിച്ചു. നമ്മുടെ ജാഗ്രതയുടെ തെളിവാണ് കേരളത്തിലെ കുറഞ്ഞ മരണ നിരക്ക്. ഇവിടെ കേവലം 2 പേർ മാത്രമാണ് മരണത്തിനു കീഴടങ്ങിയത്. ഒരു നാണയത്തിനെന്നപോലെ എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങളുണ്ട് . നല്ലതും ചീത്തയും. കോവിഡ് 19 നിന്റെ ചീത്തവശമാണ് ഇന്ന് നമ്മൾ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ കോവിഡ് കാലത്ത് ലോകം മുഴുവൻ നിശ്ചലമായപ്പോൾ പ്രകൃതിക്കു് തന്റെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാനുള്ള അവസരം ലഭ്യമായിരിക്കുകയാണ്. ഫാക്ടറികൾ നിശ്ചലമായപ്പോൾ അവിടെനിന്നും നദികളിലേക്ക് ഒഴുക്കിവിട്ടുകൊണ്ടിരുന്ന വിഷമയമായ ദ്രാവകങ്ങളുടെ ഒഴുക്ക് നിലച്ചു. ജലാശയങ്ങൾ അവയുടെ തെളിമയും ഒഴുക്കും വീണ്ടെടുക്കുവാനാരംഭിച്ചു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തു വന്നുകൊണ്ടിരുന്ന പുകപടലങ്ങൾ ഇല്ലാതായപ്പോൾ അന്തരീക്ഷം ശുദ്ധിയായി.. കൂടുതൽ തെളിമ വന്നു. കറുത്തിരുണ്ട ആകാശം കണ്ടുണർന്നിരുന്ന പല നഗരങ്ങളിലും തെളിഞ്ഞ നീലാകാശം പ്രത്യക്ഷപ്പെടാൻ തുടങ്ങി. പറന്നകന്ന പല പക്ഷികളും തിരിച്ചുവരാൻ തുടങ്ങി. ഈ മഹാവിപത്തിന്റെ പശ്ചാത്തലത്തിൽ നാം കൈക്കൊണ്ട ചില നല്ല ശീലങ്ങൾ ഇനിയും തുടർന്നാൽ പ്രകൃതി കൂടുതൽ സുന്ദരിയാകും, ആരോഗ്യവതിയാകും,അത് നാം മനുഷ്യർക്കും നാലൊരു നാളേക്ക് വഴിതെളിക്കും. നിപ്പയെയും പ്രളയത്തെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ച നമ്മൾ മലയാളികൾക്ക് ഈ അവസരത്തിലും ഒറ്റക്കെട്ടായി പ്രവർത്തിച്ചു കോവിഡ് 19 നെയും ചെറുക്കാം. അങ്ങനെ ലോകത്തിനുതന്നെ മാതൃകയാകാം. അതോടൊപ്പം ലോകമെമ്പാടുമുള്ള ജനങ്ങളുടെ രക്ഷക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ശ്യാമിലി ശ്യാം
പ്ലസ് ടു സയൻസ് ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം