സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ
2018 - 2019 ദിനാചരണങ്ങൾ
പ്രവേശനോത്സവം.
ജൂൺ 1 ന് പ്രവേശനോത്സവം നടന്നു.വാർഡു മെമ്പർ മേഴ്സിമോൾ ബെന്നി മുഖ്യ അതിഥി ആയിരുന്നു. സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക സിസ്റ്റർ ലീല ബഞ്ചമിൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
ജൂൺ 5 - ലോക പരിസ്ഥിതി ദിനം.
ഇരവിപേരൂർ കൃഷി ഓഫീസർ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വനംവകുപ്പ് നൽകിയ വൃക്ഷത്തെകൾ കുട്ടികൾക്കും നൽകി. സ്കൂൾ വളപ്പിൽ പ്രഥമാധ്യാപിക ബ്ലോസം ടീച്ചർ വൃക്ഷത്തെ നട്ടു.
ജൂൺ 19 വായനാദിനം:
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എൻ.പണിക്കരുടെ ചരമദിനം. കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.രാവിലെ 10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബ്ലോസം സാം എല്ലാവർക്കും സ്വാഗതം ആശംസിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീമതി മേഴ്സിമോൾ ബെന്നി അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിലൂടെ വ്യക്തമാക്കി. വായനാദിനം,വായനാ വാരാചരണം -എന്നിവയോടൊപ്പം തന്നെ വിദ്യാരംഗം, ഫോക് ലോർ ക്ലബ് എന്നിവയുടെ സകൂൾ തല ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു സകൂൾ എസ്സ്.എസ്സ്.ജി.അംഗവും കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തകനുമായ ശ്രീ.പ്രകാശ് വള്ളംകുളം ദീപം തെളിയിച്ച് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പുസ്തകവായനയോടൊപ്പം പ്രകൃതിയെ വായിക്കുവാൻ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നാടൻ കലകളെ സംരക്ഷിക്കേണ്ടതിന്റെ (പാധാന്യത്തെക്കുറിച്ചും അദ്ദേഹം കൂട്ടികളെ ഉദ്ബോധിപ്പിച്ചു.തുടർന്ന് വായനാദിന പ്രതിജ്ഞ എല്ലാവരും എടുത്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. പ്രശസ്ത എഴുത്തുകാരുടെ ബാലസാഹിത്യ കൃതികളും മറ്റു പുസ്തകങ്ങളുടെയും പ്രദർശനം ഉണ്ടായിരുന്നു. വായനാ മത്സരം വായനാദിന ക്വിസ് - തുടങ്ങിയവ നടത്തി. പോസ്റ്റർ രചന, പ്രസംഗ മത്സരം ഉപന്യാസ രചന - തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഈ വായനാ വാരത്തിൽ നടത്തുന്നതാണ്. വായനാദിനത്തിൽ നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കി.
ജൂലൈ 5 ബഷീർ ചരമ ദിനം.
ബേപ്പൂർ സുൽത്താൻ ' എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി അവതരിപ്പിച്ചു. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തി .ബഷീർദിനക്വിസ് നടത്തി .
ജൂലൈ 21 ചാന്ദ്രദിനം.
ജൂലൈ 21ശനിയാഴ്ച ആയതിനാൽ 23 തിങ്കളാഴ്ചയാണ് ദിനം ആച രിച്ചത്.പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ തയ്യാറാക്കിയ ചാർട്ട്, മോഡൽ എന്നിവയുടെ പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള കവിതകൾ, കടങ്കഥകൾ എന്നിവ അവതരിപ്പിച്ചു.പിന്നീട് ചാന്ദ്രദിനക്വിസ് നടത്തി വിജയികൾ ക്ക് സമ്മാനം നൽകി.
ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് ബ്ലോസ്സം ടീച്ചർ സംസാരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗം കേൾപ്പിക്കുകയും ചാർട്ടുകൾ , മഹദ് വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ, ഇന്ത്യ 2020-എന്നീ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
നാഗസാക്കി ദിനം, ലോക പുനരുപയോഗ ദിനം.
10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി.സ്കൂൾ എച്ച്.എം.ശ്രീമതി ബ്ലോസ്സം സാം അധ്യക്ഷത വഹിച്ചു. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും സമാധനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു.ശ്രീമതി ഡോളി ജോർജ് ,ശ്രീമതി സുനിത ജോർജ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. മീറ്റിംഗിനു ശേഷം യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഉച്ചയ്ക്കുശേഷം ലോക പുനരുപയോഗ ദിനത്തിന്റെ സബ് ജില്ലാതല ഉദ്ഘാടനം നടന്നു.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും സ്കൂൾ പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി.മേഴ്സിമോൾബെന്നി യോഗത്തിൽ അധ്യക്ഷത വഹിച്ചു.കടമ്മനിട്ട ഗവ.ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ.എം.എം. ജോസഫ് യോഗം ഔപചാരികമായി ഉദ്ഘാഗനം ചെയ്തു ജോസഫ് സാറിന്റെ നേതൃത്വത്തിലുള്ള ഭൈരവി പാവനാടക സംഘം പ്രകൃതിസംരക്ഷണം, വായന- എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പാവനാടകങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കും അധ്യാപകർക്കും ഇത് വേറിട്ട അനുഭവമായിരുന്നു. തുടർന്ന് ജോസഫ് സാർ പാവനിർമ്മാണത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുകയും പേപ്പർ പൾപ് ഉയോഗിച്ച് പാവ നിർമ്മി ക്കുകയും ചെയ്തു-ഉണ്ടാക്കിയ പാവകൾ എങ്ങനെയാണ് പാവനാടകത്തിൽ ഉപയോഗിക്കേണ്ടതെന്നും കാണിച്ചു തന്നു.സ്കൂളിലെ കുട്ടികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വസ്തുക്കളുടെ പ്രദർശനവും നടത്തി. 4 മണിയോടെ ക്ലാസ്സ് സമാപിച്ചു.
സെപ്റ്റംബർ 22 ശനി: ചരിത്രാന്വേഷണ പഠനയാത്ര.
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം യൂണിറ്റ് 1ലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വേലുത്തമ്പിദളവ സ്മാരക മ്യൂസിയം അടൂർ,മണ്ണടി,പത്തനംതിട്ട-യിലേക്ക് ചരിത്രാന്വേഷണയാത്ര നടത്തി യത്.ഹെഡ്മിസ്ട്രസ് ശ്രീമതി.ബ്ലോസ്സം സാം, പി.ടി.എ. പ്രസിഡന്റ് ശ്രീമതി.മേഴ്സിമോൾ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ 57 കുട്ടികളും 2 ടീച്ചേഴ്‌സും ഈ പഠനയാത്രയിൽ പങ്കെടുത്തു.10 മണിക്ക് സ്കൂൾ ബസ്സിൽ യാത്ര തിരിച്ചു. 11.30 ന് മണ്ണടിയിലെത്തി. മ്യൂസിയം ചാർജ് ഓഫീസർ ശ്രീ.അച്ചൻകുഞ്ഞ്, ശ്രീ.സുനിൽ എന്നിവർ ഞങ്ങളെ സ്വീകരിക്കുകയും വേലുത്തമ്പി, ദളവാസ്ഥാനത്ത് എത്തിയ ചരിത്രവും അദ്ദേഹം ബ്രിട്ടീഷുകാരോട് പടപൊരുതി വീരചരമം പ്രാപിച്ചതുമെല്ലാം വിശദീകരിച്ചു.തുടർന്ന് സ്മാരകത്തിൽ പ്രദർശിപ്പിച്ച വസ്തുക്കളും നാണയ ഗ്യാലറിയും കണ്ടു. നൂറ്റാണ്ടുകൾക്കു മുമ്പ് നമ്മുടെ മണ്ണിൽ വീര ചരമം പ്രാപിച്ച ദേശാഭിമാനിയുടെ വീര ചരിത്രം ഞങ്ങൾ ഉൾപ്പുളകത്തോടെയാണ് കേട്ടത്. വരും തലമുറകൾക്ക് കാണുവാനും പഠിക്കുവാനും ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന് ഞങ്ങ ൾക്ക് മനസ്സിലായി.
ഗാന്ധി വാരാഘോഷം- ബി.ആർ.സി.തല ഉദ്ഘാടനം.
ഒക്ടോബർ 1നാണ് ഗാന്ധി വാരാഘോഷങ്ങളുടെ ബി.ആർ.സി.തല ഉദ്ഘാടനം സ്കൂളിൽ നടത്തപ്പെട്ടത്.സ്കൂൾ പി.ടി.എ പ്രസിഡന്റ ശ്രീമതി. മേഴ്സിമോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അന്നപൂർണ ദേവി വാരാഘോഷങ്ങൾ ഔപചാരി കമായി ഉദ്ഘാടനം ചെയ്തു.ഗാന്ധി ദർശനങ്ങൾ നമ്മുടെ ജീവിത രീതി യാക്കി മാറ്റണമെന്ന് അവർ ഉദ്ബോധിപ്പിച്ചു.എസ്സ്.എസ്സ്.എ.ജില്ല പ്രോജക്ട് ഓഫീസർ, ഡോ.വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി - ആശാലത, ശ്രീമതി ശോഭനാകുമാരി എന്നിവർ ആശംസകൾ അറിയിച്ചു.പുല്ലാട് ബി.പി.ഒ-ശ്രീ. ഷാജി.എ.സലാം സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ബ്ലോസ്സം സാം കൃതജ്ഞതയും അർപ്പിച്ചു. പുല്ലാട് ബി.ആർ.സിയിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പുല്ലാട് ബി.ആർ.സി. തയ്യാറക്കിയ പ്രദർശനം ഉണ്ടായിരുന്നു. ഗാന്ധിജിയുടെ കണ്ണടയിലൂടെ തന്നെയും സമൂഹത്തെയും ലോകത്തെയും കാണുക എന്ന സന്ദേശം നൽകിയ പ്രദർശനം ആത്മവിമർശനം നടത്തുവാൻ പര്യാപ്തമായിരുന്നു.
കേരളപ്പിറവി, മലയാള ദിനാഘോഷം.
സ്കൂളിൽ കേരളപ്പിറവിയും മലയാള ദിനവും സംയുക്തമായി ആഘോഷിച്ചു .ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബ്ലോസ്സം സാം ദീപം തെളിയിച്ച് നിർ
വഹിച്ചു.തുടർന്ന് അധ്യാപികമാരും കുട്ടികളൂം മൺചിരാതുകൾ തെളിയിച്ച് നവകേരളത്തിനായി പ്രാർത്ഥിച്ചു. പിന്നീട് മാതൃഭാഷാപ്രതിജ്ഞ ചൊല്ലി . മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതകളൂം ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്വന്തം നാടിനെയും ഭാഷയെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ശ്രീമതി ബ്ലോസ്സ് സാം ,ശ്രീമതി സുനിത ജോർജ്, കുമാരി സാന്ദ്രാ സതീഷ്, കുമാരി അലീഷാമറിയം അനിൽ -എന്നിവർ പ്രസംഗിച്ചു.വൈവിധ്യമാർന്ന ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ,മത സൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കാഹളം മുഴക്കുന്ന നവകേരളത്തിന്റെ പ്രതീകാത്മകത വിളിച്ചോതുന്ന കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
ശിശുദിനം 2020-21 ചിത്രങ്ങളിലൂടെ