സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം
എന്റെ നാട്
ചരിത്രം
താമരശ്ശേരി താലൂക്കിന്റെ കിഴക്കൻ മലയോരത്തു മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി. ഇരുവഴിഞ്ഞി പുഴയോട് ചേരുന്ന ചെറുപുഴയാണ് കൂടരഞ്ഞിപ്പുഴ. കൊമ്മയിൽ കയവും , കോവിലിനടുത്തു കടവുമുള്ള കൂടരഞ്ഞിപ്പുഴയുടെ വടക്കേക്കരയിൽ കിടക്കപ്പാറക്ക് കിഴക്കുള്ള കൊച്ചു സമതല പ്രദേശമാണ് കൂടരഞ്ഞി എന്ന് അറിയപ്പെട്ടിരുന്നത്. കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. അതിനു മുൻപ് പനക്കച്ചാൽ മലമുകളിൽ ആദിവാസികൾ അധിവസിച്ചിരുന്നു. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി പഞ്ചായത്തിന്റെ രണ്ടുവാർഡുകളായിരുന്നു ആദ്യകാലത്തു കൂടരഞ്ഞി പ്രദേശം. കൂടരഞ്ഞിപ്പുഴയുടെ വീട്ടിപ്പാറ ഭാഗത്തിനു കിഴക്കുള്ള പ്രദേശങ്ങളായ വീട്ടിപ്പാറ, പനക്കച്ചാൽ,കൽപ്പിനി, മങ്കയം, ആനയോട്,കൂമ്പാറ, മരഞ്ചാട്ടി, കള്ളിപ്പാറ, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളെല്ലാം രണ്ടാം വാർഡിലും, പടിഞ്ഞാറുള്ള പ്രദേശങ്ങളായ താഴെ കൂടരഞ്ഞി, കൂടരഞ്ഞി,കരിങ്കുറ്റി, കുളിരാമുട്ടി, പെരുംപൂള,മഞ്ഞക്കടവ്,പൂവാറന്തോട് എന്നെ സ്ഥലങ്ങൾ മൂന്നാം വാർഡിലും ഉൾപ്പെട്ടിട്ടിരുന്നു. മൂനാം വാർഡ് എസ് സി / എസ് ടി , ജനറൽ എന്ന നിലയിൽ ദ്വയാങ്ക വാർദ്ദ് ആയിരുന്നു. 1963 ലാണ് പഞ്ചായത്തിൽ ആദ്യ തിരഞ്ഞെടുപ്പ് വരുന്നത്. ആ തിരഞ്ഞെടുപ്പിൽ മാളിയേക്കൽ തോമസ് പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ തിരുവമ്പാടി പഞ്ചായത്ത് വിഭജിച്ചു കൂടരഞ്ഞി പഞ്ചായത്ത് രൂപീകരിച്ചു. തിരുവമ്പാടി പഞ്ചായത്തിന്റെ ഒന്നാം വാർഡ് ആയ തൊണ്ടിമേൽ പ്രദേശവും, രണ്ടും മൂണും വാർഡുകളായ കൂടരഞ്ഞി പ്രദേശവും ചെർട്ടാണ് പുതിയ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത് . വി കെ കൊച്ചെറുക്കൻ പ്രസിഡന്റും തോമസ് മാളിയേക്കൽ,മാത്യു കരിക്കാട്ടിൽ,വളന്തോട് രാമൻ എന്നിവർ മെമ്പർമാരുടെ പുതിയ ഭരണസമിതി ഉണ്ടായി. കൂടരഞ്ഞി പ്രദേശവുമായി ബന്ധമില്ലാത്ത തൊണ്ടിമ്മൽ തിരുവമ്പാടി പഞ്ചായത്തിന് വിട്ടുകൊടുത്തുകൊണ്ടുംകൂടരഞ്ഞി പ്രദേശത്തെ രണ്ടു വാർഡുകൾ ആറു വാർഡുകൾ ആയി വിഭജിച്ചുകൊണ്ടും യഥാർത്ഥ കൂടരഞ്ഞി പഞ്ചായത്ത് പിന്നീട് നിലവിൽ വന്നു.1973 ൽ ശ്രീ വി വി ജോർജ് വണ്ടാനത് പ്രസിഡന്റ് ആയി സർക്കാർ നോമിനേറ്റ് ചെയ്ത ആദ്യത്തെ ഭരണ സമിതി ഉണ്ടായി.
സാമൂഹിക സ്ഥാപനങ്ങൾ
- പ്രാഥമികാരോഗ്യകേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- കൃഷി ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ
- സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ
- സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂൾ
- ദാറുൽ ഉലൂം എൽ പി സ്കൂൾ, താഴെ കൂടരഞ്ഞി
- സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (സി ബി എസ് സി ), കരിംകുറ്റി
കൃഷി
മരച്ചീനി, കുരുമുളക്, ഇഞ്ചി, വാഴ, പുൽതൈലം, റബ്ബർ എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്തു വരുന്നു.
അതിരുകൾ
തെക്ക് – കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.
വടക്ക് – തിരുവമ്പാടി പഞ്ചായത്ത്
കിഴക്ക് – മലപ്പുറം ജില്ലയിലെ ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.
പടിഞ്ഞാറ് – കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ