ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

ആലപ്പുഴ ജില്ലയിലെ വളരെ പുരാതനമായ ഒരു നഗരമാണ് കായംകുളം.കായൽ കുളം ആണ് കായംകുളമായി മാറിയത് എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കായംകുളം.മത്സ്യബന്ധനം,വിനോദസഞ്ചാരം എന്നിവയ്ക്ക് വളരെ പ്രശസ്തമാമണ് ഈ പട്ടണം.കാർഷിക പാരമ്പര്യം കായംകുളത്തിൻറെ മുഖമുദ്രയാണ്.

ഒട്ടനവധി ചരിത്രപുരുഷന്മാർക്ക് ഈ പട്ടണം ജന്മം നൽകിയിട്ടുണ്ട്.ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ ഈ നാടിൻറെ സന്തതിയാണ്. 1902ൽ കായംകുളം ഇല്ലിക്കുളത്ത് തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്.കേരള സംസ്ഥാനത്തിൻറെ ആദ്യത്തെ ധനകാര്യ വകുപ്പ് മന്ത്രി ജനാബ് പി.കെ. കു‍ഞ്ഞ് സാഹിബ് കായുകുളത്തിൻറെ സന്തതിയാണ്.തച്ചടി പ്രഭാകരൻ, അഡ്വ. ഹേമചന്ദ്രൻ എന്നീ മറ്റ് രണ്ട് ധനകാര്യ മന്ത്രിമാരെ കൂടി കായംകുളം പട്ടണം സംസ്ഥാനത്തിന് സംഭാവന നൽകുകയുണ്ടായി.കായംകുളത്തിൻറെ സ്വന്തം കവിയാണ്.പി.മുരളി.അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞുപോയ യുവകവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ കായംകുളത്തിൻറെ അഭിമാനമാണ്.ശബ്ദമിശ്രണം കൊണ്ട് ലോക സിനിമയിൽ അത്ഭുതം സൃഷ്ടിച്ച് ഓസ്കാർ അവാർഡ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന റസൂൽ പൂക്കുട്ടിയും കായംകുളത്തിൻറെ സന്തതിയാണ്.

കായംകുളം എന്ന് പറയുമ്പോൾ തന്നെ മനുഷ്യ മനസ്സിലേക്ക് എത്തുന്ന ഒരു കലാക്ഷേത്രമാണ് കായംകുളം കെ.പി.എ.സി എന്ന നാടകസമിതി. കേരളത്തിൻറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഒട്ടനവധി നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ച ഈ കലാക്ഷത്രം ഇന്നും പ്രൗഢിയോട് കായംകുളത്തിൻരെ അഭിമാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

കായുകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം.തിരുവിതാംകൂർ രാജവംശത്തിലെ അനിഴം തിരുനാൾ മാർത്താണ്ഡവ‍ർമ്മ 18-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ ചരിത്ര സ്മാരകം. കേരളത്തിൻറെ പുരാവസ്തു വകുപ്പാണ് ഇപ്പോൾ ഇത് കാത്തു സൂക്ഷിക്കുന്നത്.കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്.

നഗരമധ്യത്തിലൂടെ ഒഴുകി പോകുന്ന കായംകുളം കായൽ കായംകുളത്തിൻറെ സാംസ്കാരിക പൈതൃകത്തിൻറെ നേർക്കാഴ്ചയാണ്.കായംകുളം കായലിൽ വെച്ചു നടക്കുന്ന കായംകുളം വള്ളംകളി കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തിന് മറ്റൊരു മുതൽക്കൂട്ടാണ്. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നീതിമാനായ മോഷ്ടാവ് എന്നറിയപ്പെട്ടിരുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലവും കായംകുളം തന്നെയാണ്.പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന കൊച്ചുണ്ണിയെ സ്ഥിതി സമത്വവാദിയും സാമൂഹ്യപരിഷ്കർത്താവായും ചിത്രീകരിക്കുന്നു. ഇപ്രകാരം കായംകുളം പട്ടണത്തെ കുറിച്ച് ഒരുപാട് പറയുവാനുണ്ട്.