പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണിവിടെ."ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനി യാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത് ഉചിതമായിരിക്കും.
.മനുഷ്യന്റെ സമഗ്ര വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി മാർ ഈവാനിയോസ് തിരുമേനി തികച്ചും ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക് പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.
കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ വൈദീകനായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ മലയാളം മിഡിൽ സ്കൂളായി ഉയർന്നു.
തിരുമേനി ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ സഹായസഹകരണത്തോടുകൂടി 1934-ൽ പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന് ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു. അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു അത്യാഡംബര ജീവിതശൈലിയായിരിന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഈ സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും അനേകർ പഠനത്തിനായി എത്തിച്ചേർന്നു. ഇവർക്ക് താമസിച്ച് പഠിക്കുന്നതിനായി ഒരുബോർഡിംഗ് 1945-ൽ സ്ഥാപിതമായി.
1984 ജൂലൈ മാസത്തിൽ ചേർന്ന അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച് സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും, രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളും സന്തോഷമായി നൽകിയ സംഭാവനയായ ഒന്നരലക്ഷത്തിൽപരംരൂപ ചെലവ് ചെയ്ത് സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബ്രറി ഹാളും നിർമ്മിച്ചു.
1916-ൽ ആരംഭിച്ച പ്രൈമറി സ്കൂൾ 1934 -ൽ ഹൈ സ്കൂളായും 1998 -ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
സ്കൂളിനോട് ചേർന്ന് വിശാലമായ ഗ്രൗണ്ട് കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നു. അതോടൊപ്പം സ്കൂളിനോട് ചേർന്ന് ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും ഉണ്ട്. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ ദേശിയ ടിമിലേയ്ക്ക തെരഞ്ഞടുക്കപ്പെട്ട കായിക പ്രതിഭകൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ദിർഘകാലം പോപ്പ് പയസ് സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രി. മണ്ണന്തല വേലായുധൻ നായർ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് നേടി യു ട്ടുണ്ട്. അതുപോലെ അദ്യാപകനായിരുന്ന ശ്രീ. പി. ഒ. ജോർജ് ദേശിയ - സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്.
കേരളത്തിൽ നിലവിലുള്ള പ്ലസ് ടു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു പറയാവുന്നതാണ്.