ഓർമക്കുറിപ്പിലേക്ക് - ഫാ. വർഗീസ് കോളുതറ സി.എം.ഐ.
ഞാൻ എൻ്റെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെൻറ് തെരേസാസ് യു. പി. സ്കൂളിൽ ആണു പൂർത്തിയാക്കിയത്. ഈ സ്കൂളിലെ എല്ലാ അധ്യാപകരേയും ഞാൻ ഹൃദയപുർവ്വം നന്ദിയോടെ ഓർക്കുന്നു. ഏറെ പ്രത്യേകമായി എൻ്റെ സ്വന്തം സഹോദരിയും മണപ്പുറത്തെ എൻ്റെ ഏറ്റവും നല്ല അധ്യാപികയും ആയിരുന്ന ലീലാമ്മ ടീച്ചറിനേയും ഏറെ സ്നേഹത്തോടെ ഓർക്കുന്നു. എൻ്റെ ഹൈസ്കൂൾ പഠനം മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പൂർത്തിയാക്കിയ ശേഷം 1970 - ൽ ഞാൻ കളമശ്ശേരിയിലെ രാജഗിരിയിലുള്ള സിഎംഐ മൈനർ സെമിനാരിയിൽ സന്യാസ വൈദിക വിദ്യാർത്ഥിയായി പ്രീനൊവിഷിയേറ്റ് പരിശീലനം ആരംഭിച്ചു. 1975 ൽ സന്യാസവ്രതാർപ്പണത്തിലൂടെ സിഎംഐ സഭയിൽ അംഗമായ ഞാൻ ബാംഗ്ലൂർ ധർമാരാം കോളേജിൽ മേജർ സെമിനാരി പഠനങ്ങൾക്കായി അയക്കപ്പെട്ടു.
ദൈവകൃപയാൽ 1983 ൽ പൗരോഹിത്യം സ്വീകരിക്കുവാനും ആദ്യത്തെ രണ്ട് വർഷക്കാലം സഹവികാരിയായും വികാരിയായും മാനന്തവാടി രൂപതയിൽ സേവനം അനുഷ്ഠിക്കുവാനും എനിക്കു സാധിച്ചു. അതിനു ശേഷം ധർമാരാം കോളേജിൽ തിയോളജി പഠിപ്പിക്കുവാനായി 1985 ൽ എന്നെ ധർമാരാമിൽ ഉപരിപഠനത്തിനായി വിളിച്ചു. ആ പഠനം പൂർത്തിയാക്കിയപ്പോൾ 1987 ൽ എന്നോട് കാനൻ നിയമത്തിൽ അവഗാഹം നേടാനായി സഭാധികാരികൾ ആവശ്യപ്പെടുകയും ഇറ്റലിയിലെ റോമിലേക്ക് അയക്കുകയും ചെയ്തു. 1990 ൽ ധർമ്മാരാമിൽ ഒരു വർഷത്തെ അധ്യാപക പരിശീലനത്തിനായി തിരിച്ചെത്തുകയും അതിനുശേഷം 1991 ൽ വീണ്ടും റോമിൽ പോയി 1994 ൽ ഡോക്ടറേറ്റ് പൂർത്തിയാക്കുകയും ചെയ്തു. 1994 മുതൽ ഞാൻ ധർമാരാമിൽ കാനൻ നിയമാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
1995 മുതൽ 1997 വരെ ധർമാരാമിലെ ഫോർമേറ്റേഷസ് കോഴ്സിൻ്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു. 1999 ൽ ആദ്യമായി റോമിനു പുറത്തു സ്ഥാപിതമായ ധർമാരാമിലെ ഓറിയൻ്റെൽ കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപക ഡയറക്ടർ ആയി എന്നെ നിയമിക്കുകയുണ്ടായി. 2008 ൽ സിഎംഐ മൈസൂർ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിൻഷ്യൽ കാലാവധി പൂർത്തിയായ ശേഷം 2011 ൽ ഞാൻ ധർമാരാമിൽ തിരിച്ചെത്തി അധ്യാപക ജീവിതം തുടരുന്നു.
2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ എന്നെ നിയമിക്കുകയും പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു. ധർമാരാമിലെ അധ്യാപകവൃത്തി തുടരുന്നതോടൊപ്പം ഇപ്പോൾ, മാണ്ഡ്യ-ബാംഗ്ലൂർ സിറോ മലബാർ രൂപതയുടെ ജുഡീഷ്യൽ വികാരി ആയിക്കൂടി സേവനം അനുഷ്ഠിക്കുന്നു.