ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കോവിഡ് കാല ചിന്തകളിലൂടെ.......

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാല ചിന്തകളിലൂടെ.......

രാവിലെ എഴുന്നേറ്റ് ഒരു ചായയുമായി ഞാൻ പതിവു പത്രം വായനക്കിരുന്നു. എന്തൊക്കെയാണ് നാം കാണുന്ന വാർത്തകൾ - കോവിഡ് - ലോകത്ത് മരണം ഒരു ലക്ഷം കടന്നു - ആകെ രോഗബാധിതർ ഇരുപത്തൊന്നു ലക്ഷം ആയി. ഏതു ദിവസവും സ്ഥിതി ഇതു തന്നെ. ഇത്രയും വികസിതമായ രാജ്യങ്ങൾക്കു വരെ ഈ ഇത്തിരി ഭീകരനെ നേരിടാൻ സാധിക്കാത്തതെന്തെന്ന് എനിക്കതിശയം തോന്നി. ഈ ദുരിതാവസ്ഥ എന്തുകൊണ്ട് അവസാനിക്കുന്നില്ല? ഇനി എന്നാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചു വരുക? ജനങ്ങളുടെ ജോലി പഴയ അവസ്ഥയിലാവുമോ? വരുമാനം പഴയപടി ആവുമോ? പുറത്തിറങ്ങാൻ പറ്റുമോ? അടുത്ത വർഷത്തെ എന്റെ പഠനം എന്താവും? ഓരോ ദിവസവും മനസ്സിൽ നീറിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഇത്തരം ചിന്തകൾ കൊണ്ട് മാത്രം ഇരുന്നാൽ ഇതിനൊന്നും ഒരന്ത്യം ഉണ്ടാവില്ല എന്നും അറിയാം. പിന്നെ നാമെന്താണ് ചെയ്യേണ്ടത് എന്ന് ഇപ്പോഴും പലർക്കും അറിയില്ല. ഈ വൈറസിനെക്കുറിച്ച് ബോധവാനാന്മാരുകകയാണ് വേണ്ടത്. അല്ലാതെ സ്വന്തം ജീവൻ പോലും മറന്ന് ഇതിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടേയും പോലീസിന്റയും നേരെ അതിക്രമം കാണിക്കുകയല്ല വേണ്ടത്. പരസ്പരം സ്നേഹിച്ചും അബദ്ധങ്ങൾ കാണിക്കാതെ അവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കൂ എന്ന് വിളിച്ചു കൂവാൻ തോന്നി. ഈ മഹാമാരിയെ ചെറുത്തു തോല്പിക്കൂ. എന്താണ് വൈറസ് എന്ന് പലർക്കും അറിയില്ല. നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ സാധിക്കില്ല എന്നത് തന്നെയാണല്ലോ ഇതിന്റെ ഏറ്റവും വലിയ അപകടം. എവിടെ ഇവ പതുങ്ങിയിരിക്കുന്നു എന്ന് നമുക്ക് കണ്ടെത്താനാവില്ലല്ലോ. വൈറസിനെക്കുറിച്ച് കണ്ട വീ‍ഡിയോ ഓർമ്മ വരുന്നു. മനുഷ്യശരീരം പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ്. വൈറസുകൾക്ക് ജീവൻ നിലനിർത്തണമെങ്കിൽ ഈ പറഞ്ഞ പ്രോട്ടീൻ വളരെ അത്യാവശ്യമാണ്.അതുകൊണ്ടാണ് ഇവ മനുഷ്യശരീരത്തിൽ പെരുകുന്നതും. വൈറസിന്റെ കൂർത്ത മുനകൾക്ക് മനുഷ്യകോശങ്ങളിലേയ്ക്ക് കടക്കുവാനും ഈ പ്രോട്ടീൻ വലിച്ചു അകത്താക്കാനും കഴിയും. അങ്ങനെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ യാഥാർത്ഥ്യങ്ങളൊന്നും മനസ്സിലാക്കാതെ നാം ചെയ്യുന്ന അബദ്ധങ്ങൾ നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടവരുടേയും ജീവന് ഭീ‍ഷണിയാകും എന്ന് നാം ഓർക്കണം.ഈ പ്രതിസന്ധിയേയും നമ്മുടെ കൊച്ചു കേരളം മറികടക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. നമ്മുടെ മുതിർന്ന പൗരന്മാരേയും ചെറിയ കുട്ടികളേയും നമുക്ക് സുരക്ഷയുടെ കവചമൊരുക്കി കാത്തു പരിപാലിക്കാം. "ടാ ഇന്ന് ചായയൊന്നും വേണ്ടേ? വലിയ പത്രവായനയാണല്ലോ?” അമ്മയുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി. അതാ മേശപ്പുറത്ത് ആവി പറക്കുന്ന അപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും. "ഈ അമ്മ അടിപൊളിയാട്ടാ" കോവിഡിനെ മനസ്സിൽ നിന്നും പായിച്ച് ഞാൻ മേശയ്കക്കരികിലേക്കോടി. "ടാ സോപ്പിട്ട് കൈ കഴുക് "അമ്മ കണ്ണുരുട്ടുന്നു. ഇത്രയും നേരം വലിയ ചിന്തകൾ പറഞ്ഞ ഞാനിപ്പോൾ ആരാ? ചമ്മിപ്പോയി.

ബേസിൽ ജയ്ജു
9 ജി എച് എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ