അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ യാത്ര
ഉണ്ണിക്കുട്ടന്റെ യാത്ര
സ്കൂൾ അടയ്‌ക്കുകയാണ്. സ്കൂൾ തുറന്നു വന്നാൽ ഇനി രണ്ടാം ക്ലാസ്സിൽ. പലതുകൊണ്ടും ഉണ്ണിക്കുട്ടൻ ഒന്നാം ക്ലാസിനെ സ്നേഹിച്ചിരുന്നു. അവന്റെ പ്രിയപ്പെട്ട ടീച്ചർമാർ... പ്രിയപ്പെട്ട കൂട്ടുകാർ... അങ്ങനെ പലതും... സ്കൂൾ അടയ്ക്കുന്ന കാര്യം ഓർത്തപ്പോൾ അവന് സങ്കടമായി. ഇനി ആരുടെ കൂടെയാണ് പോയി കളിക്കുക? ആരോടാണ് സംശയം ചോദിക്കുക? ടീച്ചർമാരും സ്കൂളിൽ വരില്ലല്ലോ, കൂട്ടുകാരും വരില്ല. ഇനി എന്ത് ചെയ്യും? ഇങ്ങനെ സങ്കടപ്പെട്ട് സ്കൂളിൽ നിന്നും വൈകുന്നേരം വീട്ടിലേയ്ക്ക് പോകുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. ഒരു പൂന്തോട്ടം നിറയെ പൂമ്പാറ്റകൾ. പല നിറങ്ങളിൽ. പൂക്കൾക്കു ചുറ്റും അവ പാറിപ്പറന്നു നടക്കുകയാണ്. പലതരം പൂമ്പാറ്റകൾ. ചില പൂമ്പാറ്റകൾ പറക്കുന്നുണ്ട്. ചിലത് പൂക്കളിൽ ഇരിക്കുകയാണ്. എന്തായിരിക്കും പൂക്കൾക്ക് ചുറ്റും ഈ പൂമ്പാറ്റകൾ പറക്കുന്നത്? ഇടയ്ക്കിടെ ചെറു കുരുവികളും പൂക്കളിൽ വന്നിരിപ്പുണ്ട്. അല്ല അവ പൂക്കളിൽ ഇരിക്കുന്നില്ല, അവ ചിറകടിക്കുന്നുണ്ട്. അതിനർത്ഥം അവ പറക്കുകയാണെന്നല്ലേ. പക്ഷേ അവ നീങ്ങുന്നില്ലല്ലോ? അതെന്താ? ഈ കാഴ്ച അവന് കൗതുകം ഉണ്ടാക്കി. എല്ലാ ദിവസവും ഉണ്ണിക്കുട്ടൻ ഈ വഴിക്ക് തന്നെയാണ് വീട്ടിലേക്ക് പോകുന്നതെങ്കിലും അവിടെ ഇത്രയും പൂമ്പാറ്റകളെ അവൻ ആദ്യമായി കാണുകയായിരുന്നു. അപ്പോൾ ഒരു പൂമ്പാറ്റ, ഒരു മഞ്ഞ പൂമ്പാറ്റ അവന്റെ അരികിലേക്ക് പറന്നു വന്നു. അവൻ അതിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അത് അതി വിദഗ്ധമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. അവനെ ഒന്ന് വട്ടം വച്ച് പൂമ്പാറ്റ വീണ്ടും പൂന്തോട്ടത്തിലേക്ക് പറന്നുപോയി. പൂന്തോട്ടത്തിലെ ഈ രസകരമായ കാഴ്ച കണ്ടു അവൻ നിന്നു. സമയം പോയത്ഉണ്ണിക്കുട്ടൻ അറിഞ്ഞില്ല. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഇനിയും താമസിച്ചാൽ അമ്മയുടെ കൈയിൽ നിന്ന് അടി കിട്ടുമെന്ന് തീർച്ച. ഉണ്ണിക്കുട്ടൻ വീട്ടിലേക്ക് ഓടി. അന്നത്തെ കാഴ്ച ഉണ്ണിക്കുട്ടനെ അത്ഭുതപ്പെടുത്തി യിരുന്നു. അവൻ അത് അമ്മയോട് പറഞ്ഞു. പൂക്കളിൽ നിന്നും തേൻ കുടിക്കാൻ ആണ് പൂമ്പാറ്റകൾ വരുന്നത് എന്ന് അമ്മ പറഞ്ഞു. എങ്കിലും അവന്റെ കൗതുകം മാറിയില്ല. അപ്പോൾ പൂക്കളിൽ തേൻ എവിടെയാ ശേഖരിച്ചിട്ടുള്ളത്? പൂക്കളിലോ? അതോ തണ്ടിലോ? ഉണ്ണിക്കുട്ടന് വീണ്ടും സംശയമായി. അവൻ പൂമ്പാറ്റകളെ പറ്റി ആലോചിച്ചിരുന്നു. ഉണ്ണിക്കുട്ടന് അന്ന് ഉറക്കം വന്നതേയില്ല. അവന്റെ ചിന്ത മുഴുവൻ പൂമ്പാറ്റ ലോകത്തെപ്പറ്റി ആയിരുന്നു. സ്കൂളിൽ പോകണ്ട എങ്കിലും ഉണ്ണിക്കുട്ടൻ രാവിലെതന്നെ എഴുന്നേറ്റിരുന്നു. പൂമ്പാറ്റയെ കാണാൻ പോകണം എന്നുള്ളതായിരുന്നു അവന്റെ ആഗ്രഹം. ഉണ്ണിക്കുട്ടൻ കാത്തിരുന്നു. വൈകുന്നേരമായപ്പോൾ അവൻ ആ പൂന്തോട്ടത്തിലേക്ക് ഓടി. കൈയിലൊരു പെൻസിലും ഒരു ബുക്കും എടുക്കുവാൻ അവൻ മറന്നില്ല. ഉണ്ണിക്കുട്ടൻ പെട്ടെന്ന് പൂന്തോട്ടത്തിൽ എത്തി. എല്ലാ ദിവസത്തെക്കാളും പൂന്തോട്ടത്തിലേക്കുള്ള ദൂരം കുറഞ്ഞതായാണ് അന്ന് അവനു തോന്നിയത്. അവൻ ശബ്ദമുണ്ടാക്കാതെ പൂന്തോട്ടത്തിന് ഒരു മൂലയിൽ ഇരുന്നു. ഉണ്ണിക്കുട്ടൻ പൂന്തോട്ടത്തിൽ എത്തിയപ്പോഴേക്കും പൂമ്പാറ്റകളും അവിടെ എത്തിയിരുന്നു. ഉണ്ണിക്കുട്ടൻ ഓരോ പൂമ്പാറ്റകളെയും വരച്ചു തുടങ്ങി. ചെറിയതും വലുതുമായ എല്ലാ പൂമ്പാറ്റകളെയും അവൻ വരച്ചു. മഞ്ഞ പൂമ്പാറ്റകളെയും ചുവന്ന പൂമ്പാറ്റകളെയും ചിറകിൽ കണ്ണുള്ള പൂമ്പാറ്റകളെയും കറുത്ത പൂമ്പാറ്റകളെയും പുള്ളികളുള്ള പൂമ്പാറ്റകളെയും വരച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കുറേ പൂമ്പാറ്റകൾ തങ്ങളുടെ പടങ്ങൾ കാണാൻ വേണ്ടിയിട്ടെന്ന കണക്കെ ഉണ്ണിക്കുട്ടന്റെ അരികിലേക്ക് വന്നു. ഉണ്ണിക്കുട്ടനെ അവ വട്ടംചുറ്റി. പൂവിൽ എങ്ങനെയാണോ പൂമ്പാറ്റകൾ വട്ടം വയ്ക്കുന്നത് അതുപോലെ. അപ്പോഴേക്കും പൂമ്പാറ്റകൾ ഉണ്ണിക്കുട്ടന്റെ കൂട്ടുകാരായി മാറിയിരുന്നു. ഉണ്ണിക്കുട്ടന്റെ വരെയൊക്കെ കഴിഞ്ഞു അവൻ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. പൂമ്പാറ്റയോട് അവൻ യാത്ര പറഞ്ഞു. ഉണ്ണിക്കുട്ടൻ വീട്ടിലേക്കു നടന്നു. അവന്റെ ജീവിതത്തിലെ ആദ്യത്തെ യാത്രയായിരുന്നു അത്. പൂക്കളുടെ ലോകത്തേക്ക്...പൂമ്പാറ്റകളുടെ ലോകത്തേക്ക്... നിറഞ്ഞ പ്രകൃതിയിലേക്ക്...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ