അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വേണം പരിസ്ഥിതി ബോധം
വേണം പരിസ്ഥിതി ബോധം
ഈ ഭൂമിയും അതിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധിതമായാണ് നിലനിൽക്കുന്നത്. ഇവിടെ ജീവൻ നിലനിൽക്കുന്നതിന് കാരണമായ പ്രാണവായു നിർമ്മിക്കാൻ സസ്യങ്ങളുടെ ഇലകൾക്കേ കഴിയൂ. നമ്മുടെ ഭക്ഷ്യശൃംഖലയിൽ മത്സ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും എത്രമാത്രം പങ്കുണ്ടെന്ന് നമുക്ക് ശാസ്ത്രം പഠിപ്പിച്ചു തരുന്നു. പരിസ്ഥിതി വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ശേഷി കുറഞ്ഞ ജീവിയാണ് മനുഷ്യൻ. മറ്റെല്ലാ ജീവജാലങ്ങളും ഈ മണ്ണിൽ ജനിച്ചു ജീവിച്ചു മണ്ണടിയുമ്പോൾ അവർ ഉപയോഗിച്ചത് പലമടങ്ങായി ഭൂമിക്ക് തിരിച്ചുനൽകുകയാണ് ചെയ്യുന്നത്. മനുഷ്യന് അതിനുള്ള ശേഷിയില്ല. ഇവിടെയുള്ള വിഭവങ്ങൾ നശിപ്പിക്കാനേ മനുഷ്യനറിയൂ. മറ്റു ജീവികൾ ഭൂമിയിൽ ഉപയോഗിക്കാത്ത വിഭവങ്ങൾ പലതും മനുഷ്യരായ നാം ഉപയോഗിക്കുന്നു. അനിയന്ത്രിതമായ ഉപയോഗം കൊണ്ട് നശിച്ചു പോയവ പലതും പെട്ടെന്ന് ഉത്പാദിപ്പിക്കുവാൻ സാധിക്കാത്തവയാണ്. കൽക്കരി, പ്രകൃതിവാതകം മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. ഇന്ന് ശുദ്ധജലം, ശുദ്ധവായു എന്നിവയെല്ലാം കിട്ടാക്കനി ആകുന്നു. ഇത് മനുഷ്യരെ മാത്രമല്ല മറ്റു സസ്യ ജീവജാലങ്ങളെയും നശിപ്പിക്കുന്നു. ഇത് ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ അസ്ഥിരമാക്കുന്നു. അതുകൊണ്ട് ഇനി വരുന്ന ഒരു തലമുറയ്ക്ക് മാത്രമല്ല ഈ തലമുറയ്ക്ക് പോലും ഇവിടെ വാസം സാധ്യമല്ലാതാകുന്നു. സ്വർണ്ണത്തേക്കാൾ ശ്രേഷ്ഠമായ ആരോഗ്യത്തെ സംരക്ഷിക്കാൻ ദൈവം നമുക്കായി നമ്മുടെ തൊടിയിൽ കരുതിവച്ചിരിക്കുന്നു. ആരോഗ്യത്തിന്റെ രഹസ്യങ്ങളെ തിരിച്ചറിയാതെ അവയെല്ലാം വെട്ടി നശിപ്പിക്കുന്നു. പ്രകൃതിയെ വേദനിപ്പിക്കുന്ന ഇത്തരം പ്രവർത്തികളിലൂടെ ദുഃഖിക്കേണ്ടി വരുന്നത് ഭൂവാസികൾ മുഴുവനും ആണെന്നുള്ള വസ്തുത നാം എപ്പോഴാണ് മനസ്സിലാക്കുക? വേദനിപ്പിച്ചുകൊണ്ട് നമുക്കൊന്നും നേടാനാകില്ല. സൗഭാഗ്യങ്ങൾ എത്രയൊക്കെ വെട്ടി പിടിച്ചാലും പ്രകൃതിയെ എത്രയൊക്കെ ചൂഷണം ചെയ്താലും നന്മ നിറഞ്ഞവളായ പ്രകൃതിയിൽ വേണം നമ്മൾ ഓരോരുത്തരും അലിഞ്ഞു ചേരാൻ. എത്ര വലിയ ആളാണെങ്കിലും വെറും ആറടി മണ്ണു മാത്രമാണ് അവസാനം അവനോടുകൂടെ ഉണ്ടാവുകയെന്ന യാഥാർത്ഥ്യം പലപ്പോഴും നാം വിസ്മരിക്കുന്നത് മൂലമാണ് നാം ഈ ക്രൂരത എല്ലാം ചെയ്തുകൂട്ടുന്നത്. ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യൻ മാത്രമാണ് നീചവും വിവേക രഹിതവുമായി പ്രകൃതിയിൽ പ്രവർത്തിക്കുന്നത്. ബുദ്ധി മാത്രം പോരാ വിവേകം കൂടി വേണം മനുഷ്യന്. എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഈ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെ അത്യാഗ്രഹത്തിനുള്ള വിഭവങ്ങൾ ഇവിടെയില്ലെന്ന് മഹാത്മജി ഏറെ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു. ഇതാവണം നമ്മുടെ മനസ്സിൽ ഉറയ്ക്കേണ്ട തത്വശാസ്ത്രം. ഇനിയും അനേകം തലമുറകൾ കടന്നു പോകേണ്ട ഈ മണ്ണിൽ അവർക്ക് ജീവിക്കാൻ കഴിയാത്ത വിധം എല്ലാം ഉപയോഗിച്ച് തീർക്കാൻ ആരാണ് അധികാരം തന്നത്? എന്ന ചോദ്യത്തിന് മറുപടി നൽകാൻ നാം കടപ്പെട്ടിരിക്കുന്നു. വരുംതലമുറയ്‌ക്കുവേണ്ടി കൂടി കരുതി വെക്കുക. അങ്ങനെ ചെയ്യുന്നവരാണ് യഥാർത്ഥ പ്രകൃതിസ്നേഹികൾ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം