സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ദുരിതകാല അതിജീവനം
ദുരിതകാല അതിജീവനം
ആതുര സേവനത്തിന്റെ ഹൃദയമന്ത്രവുമായി കോവിഡ് രോഗികൾക്ക് കാവലിരിക്കുകയാണ് ഓരോ ആശുപത്രിയിലും ഡോക്ടർമാരും നേഴ്സുമാരും. രോഗിയുടെ നെഞ്ചിലെമിടിപ്പും സ്വന്തം ജീവന്റെ താളവും ഒന്നാണെന്ന് തിരിച്ചറിയുന്ന ഒട്ടേറെ ഡോക്ടർമാരുടെ പ്രതിബന്ധത ഈ ദുരിതകാലത്ത് നമുക്ക് നൽകുന്ന ആത്മധൈര്യം വലുതാണ്. ആധുനിക നഴ്സിങ്ങിന്റെ മാതാവെന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സേവനപാരമ്പര്യം ഇപ്പോഴത്തെ സാഹചര്യത്തിലും സമർപ്പണത്തോടെ നിരവഹിക്കുന്ന എത്രയോ നേഴ്സുമാരെ കനിവാർന്ന നയനങ്ങളാൽ കാണുകയാണ് കേരളം. ദൈവത്തെക്കുറിച്ച് പറയാനാവശ്യപ്പെട്ടപ്പോൾ മറുപടിയായി സ്വയം പൂവിട്ട മരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗ്രീക്ക് ചിന്തകനും എഴുത്തുകാരനുമായ നിക്കോസ് കസൻദ് സാക്കിസ്. ഈ രോഗ കാലത്ത് നന്മയെക്കുറിച്ചും കരുതലിനെക്കുറിച്ചും പറയാനാവശ്യപ്പെടുമ്പോൾ പൂവിടുന്ന ആയിരക്കണക്കിന് പൂമരങ്ങളെ നേരിൽ കാണുകയാണ് കേരളം. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയാണ് കേരളം നേഴ്സുമാരെ അയയ്ക്കുന്നത്. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയിൽ രോഗം ബാധിച്ച കോട്ടയെ മെഡിക്കൽ കോളജിലെ നഴ്സ് സുഖപ്പെട്ട് ആശുപത്രി വിടുമ്പോൾ ആത്മവിശ്വാസത്തോടെ പറഞ്ഞത് വിശ്രമശേഷം കോവിഡ് വാർഡിലേക്ക് വീണ്ടും വരുമെന്നാണ്. ആരോഗ്യപ്രവർത്തകർക്ക് കേരളം നൽകുന്ന സുരക്ഷയുടെ തെളിവാണ് ഈ വാക്കുകൾ. അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തിലെ മാലാഖമാരാണ് ആതുരസേവകർ. ലോകത്തിന്റെ ഏത് മൂലയിലും ഒരു മലയാളി ഉണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ നമുക്കിപ്പോൾ ഇവരെയോർത്ത് ആധിയാണ്. കൊറൊണ വൈറസ് ലോകമാകെ മരണം വിതയ്ക്കുമ്പോൾ പിറന്ന മണ്ണിലേക്ക് കൂടണയാൻ ഓരോ പ്രവാസിയും കൊതിക്കുന്നുണ്ട്. അനിയന്ത്രിതമായ കൊറൊണ വൈറസ് വ്യാപനം തടഞ്ഞു നിർത്താൻ സമ്പൂർണ്ണ അടച്ചിടൽ അല്ലാതെ ലോകരാജ്യങ്ങൾക്ക് മുമ്പിൽ മറ്റ് മാർഗങ്ങളൊന്നുമില്ല. എന്നാൽ രോഗവ്യാപനത്തിന്റെ നില പരിശോധിച്ച് യഥാസമയം നടപടികൾ സ്വീകരിക്കുന്നതിൽ സംഭവിച്ച വീഴ്ചകളാണ് ചില രാഷ്ട്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വികസിതരാജ്യങ്ങളിൽ പ്രായമേറിയവർ കൊറൊണ വൈറസിനു മുമ്പിൽ ബലിയാടാകുമ്പോൾ കേരളം ജീവന്റെ പച്ചത്തുരുത്തായി മാറുന്നു. ഒരുരോഗിക്കു മുമ്പിലും ഈ നാടിന്റെ വാതിൽ കൊട്ടിയടയ്ക്കപ്പെടില്ല. ഒരാളും പട്ടിണികിടക്കരുതെന്ന് കരുതുന്ന കരുതലിന്റെ നാട്. അവിടെ നമുക്ക് നല്ലൊരു നാളേയ്ക്കായി പുനർജനിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം