ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

അപ്രതീക്ഷിതമായാണ് 'നമുക്ക് ഒരു അവധിക്കാലം വന്നു ചേർന്നത്. സ്കൂളുകളിൽ വാർഷിക പരീക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന സമയത്താണ് SSLC പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചു കൊണ്ട് ലോകത്താകെ പടർന്ന് പിടിക്കുന്ന കോറോണാ വൈറസ് എന്ന മഹാമാരിയുടെ പേരിൽ പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ തീരുമാനിക്കുന്നത്. 2019 ഡിസംബറിൻ്റെ അവസാനത്തോടു കൂടി ചൈനയിലെ വുഹാൻ പട്ടണത്തിൽ പ്രത്യക്ഷപ്പെട്ട കോറോണ വൈറസ് എന്ന മഹാമാരി അനുദിനം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലേക്കുമുള്ള പ്രയാണത്തിലാണ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഈ വൈറസ് കാരണം ലോകത്തിലെ 2 ലക്ഷത്തോളം ജീവൻ അപഹരിക്കാൻ നാമമാത്രമായ സമയമാണ് വേണ്ടി വന്നത് .ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയായ അമേരിക്ക ഉൾപ്പെടെ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൺ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ലോകത്തിനു മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് ദൃശ്യമാധ്യമങ്ങളിൽ ക്കൂടി കാണാൻ സാധിച്ചത്. നമ്മുടെ രാജ്യത്ത് കോറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സംവിധാനവും പതിരോധ പ്രവർത്തനങ്ങളും ലോകത്തിനു തന്നെ മാതൃകയാണ്. Break The Chain, Lock Down, Stay a tHome തുടങ്ങിയ പദ്ധതികളിലൂടെ ഈ മഹാമാരിയെ പിടിച്ചുകെട്ടാനള്ള ശ്രമത്തിലാണ് നാം. വലിയ ആശങ്കകൾക്കിടയിലാണ് ഈ അനുഭവക്കുറിപ്പ് ഞാനിവിടെ പങ്കു വയ്ക്കുന്നത്. Lock Down ആരംഭിച്ചതു മുതൽ അച്ഛനും അമ്മയും വീട്ടിലിരിപ്പാണ്. സാധനങ്ങൾ വളണ്ടിയർമാർ ഹോംഡലിവറിയായി വീട്ടിൽ എത്തിച്ചു തരികയാണ്. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാനിടയായത്. മുഖ്യമന്ത്രി പങ്കുവച്ച നിർദ്ദേശം ഈ ഒഴിവു സമയത്ത് പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു. വീടിന്റെ അടുക്കള ഭാഗത്ത് തരിശായി കിടക്കുന്ന സ്ഥലം പച്ചക്കറിക്കൃഷിക്കു വേണ്ടി അച്ഛന്റെ സഹായത്തോടു കൂടി ഞാൻ തയ്യാറാക്കി. വീട്ടിൽ ആവശ്യത്തിനു വേണ്ട വെള്ളരി, കുമ്പളം, പയർ, പാവയ്ക്ക, തക്കാളി, പച്ചമുളക്, നനക്കിഴങ്ങ്, ചീര എന്നിവയാണ് കൃഷി ചെയ്തത്. ഒഴിവുള്ള സ്ഥലങ്ങളിൽ നേന്ത്രവാഴയും കൃഷി ചെയ്തു. ജലക്ഷാമം ഉണ്ടെങ്കിലും പുതുതായി കുഴിച്ച കിണറിലെ വീട്ടാവശ്യത്തിന് ഉപയോഗിക്കാത്ത വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ വിളവ് ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ ക്ഷാമത്തിന് പരിഹാരമാവുകയുള്ളൂ. മത്സ്യ മാംസാദികൾ ലഭിക്കാതായി. പച്ചക്കറികൾ മാത്രമാണ് ആഹാരത്തിന് കൂട്ട്. വീട്ടുപറമ്പിലുള്ള മുരിങ്ങയും ചക്കയും മാങ്ങയും എല്ലാം പ്രിയപ്പെട്ടതായി .ഒരു ദിവസം അവിയൽ, പിന്നെ ചക്ക, മാങ്ങാച്ചമന്തി ഇങ്ങനെ പോകുന്നു ഭക്ഷണത്തിൻ്റെ മെനു. പച്ചക്കറി കൃഷിക്ക് വളമായി ഇതിനിടയിൽ ജൈവവളവും ചാണകവും വെണ്ണീരും മാത്രമാണ് ഉപയോഗിച്ചത്. ഇതിനിടയിലും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഞാൻ വിടാതെ പിന്തുടർന്നു. കടകൾ അടഞ്ഞതോടു കൂടി ചായയ്ക്ക് ബേക്കറി സാധനങ്ങൾ അപ്രത്യക്ഷമായി. കൊള്ളിക്കിഴങ്ങ് വേവിച്ചതും മറ്റുമായിരുന്നു ചായയ്ക്ക് കൂട്ടായ് ഉണ്ടായിരുന്നത്. ഇതിനിടയിൽ പാവയ്ക്ക, താന്നോലിക്ക എന്നിവയ്ക്ക് പന്തലൊരുക്കാനും സമയം കണ്ടെത്തി. ലോക്ക് ഡൗൺ 40 ദിവസം പിന്നിടുമ്പോഴേക്കും ഈ കൃഷിയൊക്കെ പൂർണതയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഓരോ ദിവസവും നമ്മുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന പച്ചക്കറി അയൽ വീടുകളിൽ കൊടുക്കാനും ഞാൻ ആഗ്രഹിക്കുന്നു. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്കാവട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് നല്ലൊരു പുലരിക്കായ് കാത്തിരിക്കുന്നു .

നവശ്രീ എൻ പി
7 C ശങ്കരവിലാസം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം