ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്/അക്ഷരവൃക്ഷം/ചിലമ്പൊലി

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിലമ്പൊലി

തേനീച്ചകൂട്ടത്തിൽ അകപ്പെട്ടതുപോലെ ആ സ്ഥലം സ്നേഹയ്ക്ക് അനുഭവപ്പെട്ടു . എങ്കിലും വീർപ്പുമുട്ടിക്കുന്ന ബഹളവും ആൾക്കൂട്ടവും അവൾ ആസ്വദിക്കുകയായിരുന്നു. അമ്മൂമ്മ ചന്തയിൽ നിന്ന് മാലയും വളയും അവൾക്കു വാങ്ങിക്കൊടുത്തു. കുഞ്ഞൂട്ടന് രണ്ടു വണ്ടിയും അവളുടെ ആവശ്യപ്രകാരം വാങ്ങി.

അമ്മൂമ്മ അവളെ നിർബന്ധപൂർവ്വം വലിച്ചുപിടിച്ചാണ് തെയ്യംകെട്ടിനു കൊണ്ടുപോയത്. എന്നാൽ ആ അന്തരീക്ഷം അവൾക്ക് നന്നേ പിടിച്ചു. കുട്ടികളുടെ പീപ്പിവിളി, കാതടപ്പിക്കുന്ന പടക്കങ്ങൾ, ഉച്ചത്തിൽ ഉയരുന്ന ചെണ്ടകൂട്ടു, അന്നൗൺസ്‌മെന്റ്; ഒരുപാടാളുകൾ.

"മിന്നൂ ..വാ നമുക്ക് അങ്ങോട്ട് പോവാ.. തോ വ്വണ്ടേ...കുളിയൻ ആവാനായി എന്ന് തോന്നുന്നു . " അവൾ അമ്മുമ്മയുടെ പിന്നാലെ വച്ചുപിടിച്ചു.

"തെയ്യക്കാലത്തിന് ഒരു പ്രത്യേക മണം ആണല്ലേ , അമ്മൂമ്മേ ...മനം കൊതിപ്പിക്കുന്ന മണം."

അവൾ മറ്റേതോ ലോകത്ത് എത്തിയപോലെ, ഒരു തത്വം ഉരുവിടുന്ന രീതിയിൽ, ആരോടെന്നില്ലാതെ പറഞ്ഞു .

"ഏ.. അതെന്ത് കിറുക്കാ ,എന്തെ ഇപ്പൊ അങ്ങനെ തോന്നാൻ? വെടിയുടെ മനം ഉണ്ട് . പിന്നെ പൊടിക്കാറ്റും . ഇതാണോ പ്രത്യേക മനം ...."

പരിഹാസരൂപേണ അവർ പറഞ്ഞു.

കളത്തിൽ വിഷ്ണുമൂർത്തി ഉറയുകയാണ്. മുതിർന്നവർ ഇരു കൈകളും കൂപ്പി കണ്ണുകൾ അടച്ചു എന്തൊക്കെയോ മന്ത്രിക്കുന്നത് അവൾ കണ്ടു; അമ്മൂമ്മ അടക്കം. ഇടയ്ക്ക് ക്യാമറ കണ്ണുകൾ അവിടിവിടെയായി ചിമ്മുന്നുണ്ടായിരുന്നു. എന്നാൽ കുട്ടികളുടെ കണ്ണുകൾ ചമയ ഇടുന്ന അറയിൽ ഉറച്ചിരുന്നു. ആ കണ്ണുകൾ ആരെയോ കാത്തുനിൽക്കുകയായിരുന്നു. മിക്ക കുട്ടികളും കൂവൽ തുടങ്ങിയിരുന്നു. സ്നേഹയും ആവേശഭരിതയായി... അവൾ ആവേശം മൂത്തു മുന്നോട്ട് നീങ്ങി.

"മിന്നൂ....എങ്ങോട്ടാ...വേണ്ട നീ ഇങ്ങു വന്നേ .. അത് അപകടം പിടിച്ച പണിയാ...പോണ്ടാ." എന്നാൽ ആ ശബ്ദം ചെണ്ടക്കുറ്റിനിടയിൽ പെട്ട് ചിതറിവീണു.

പെട്ടെന്ന് മുഖത്തു കരിയും പുരട്ടിയ ഗുളികൻ രംഗത്തിറങ്ങി. മുഖപ്പാള എടുത്ത് അണിഞ്ഞു . ശൂലവും പൊക്കി , ചൂട്ടും വീശി, മാണിയും കുലുക്കിനടന്നുവന്നു . അരങ്ങത്തു കുട്ടികളുടെ കൂവലുകൾ ഉയർന്നു , അതിന്റെ ഉന്നതിയിൽ എത്തി പ്രതിധ്വനിച്ചു. ചെണ്ടക്കൂറ്റ് ഉച്ചത്തിൽ എത്തി എല്ലാ മതിൽക്കെട്ടിനെയും തകർത്തു ഉയർന്നു .

സ്നേഹയിൽ എവിടെ നിന്നെന്നു അറിയാതെ ഭീതി അരിച്ചിറങ്ങി .മനസ്സ് ചൂട്ടുപോലെ കത്തിയെരിഞ്ഞു . ആൾക്കൂട്ടം ആർത്തിരമ്പി. തിരകൾക്കിടയിൽ പെട്ട് അവൾക്ക് ശ്വാസംമുട്ടി . പെട്ടെന്ന് ആ ശൂലം പൊടിക്കാറ്റിന് കീറിമുറിച്ചു മിന്നൽ വേഗത്തിൽ അവളെ ലക്ഷ്യമിട്ട് വരുന്നത് അവൾ കണ്ടു . നൂറായിരം പന്തങ്ങൾ അവളിൽ ഒരുമിച്ച് ആളി.

വീശിയെറിഞ്ഞ ചൂട്ടിന്റെ കനൽ കൊണ്ടപോലെ സ്നേഹ പിടഞ്ഞെണീറ്റു. പൊള്ളലേറ്റ്‌ ഉരുകിയത് പോലെ കൈകൾ വിറയാർന്നു. അവൾ ഇരുകരങ്ങളിലേക്കും ശക്തമായി ഊതി. നിശ്വാസങ്ങൾ ചിലമ്പ് പോലെ കൈകൾ വിറയാർന്നു. സ്നേഹ കർട്ടന്റെ ശീലകൾ മെല്ലെ വകഞ്ഞു . തന്നെ ഇരയാക്കാനായി കണ്ണും കാതും കൂർപ്പിച്ചു നിൽക്കുന്ന ഭീകരനെ നോക്കുന്ന പേടമാനെപ്പോലെ ഒളികണ്ണിട്ടു അവൾ പുറത്തേക്ക് നോക്കി . ആ ശൂലം! ഉറക്കത്തിന്റെ ഓരോ ചുഴിയിൽ നിന്നും അവളെ പുറത്തേക്ക് വലിച്ചിടുന്ന പേടിസ്വപ്നം.

നാളത്തെ ദിവസത്തെ എങ്ങനെ നേരിടും എന്ന വലിയൊരു ചോദ്യം ദിവസങ്ങളായി അവളെ വേട്ടയാടുന്നു . അവൾ കിടക്കയിൽ നിന്ന് പിടഞ്ഞെണീറ്റു . സ്റ്റെപ്പുകൾ ഇറങ്ങി അമ്മയുടെ മുറി ലക്ഷ്യമിട്ട് നടന്നു . ചെണ്ടക്കുറ്റിന്റെ കാതടപ്പിക്കുന്ന താളം നിലതെറ്റി അവളെ പിന്തുടർന്നു. ഇരുകാതുകൾക്കും മേൽ കൈവച്ചു മുറിയിലേക്ക് കുതിച്ചു . എന്നിട്ട് അമ്മയുടെ ചൂടിനുള്ളിലേക്ക് ചൂഴ്ന്നു . മുറിയാകെ ചെമ്പപ്പൂവിന്റെ ഗന്ധം പറന്നു .

കാതടപ്പിക്കുന്ന മിക്സിയുടെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. പേടിപ്പെടുത്തുന്ന പല ചിത്രങ്ങൾ അവളുടെ അബോധമനസ്സിൽ അവ്വ്യക്തമായി മിന്നിമറഞ്ഞു .

" മിന്നൂ .. നിനക്കിന്ന് സ്കൂളിലൊന്നും പോണ്ടേ. സമയം എത്രയായി ...ഉം എണീക്ക്..." ഒരു തൂവൽ എന്ന പോലെ അവൾ കിടക്കവിരികളിൽ നിന്ന് കൊഴിഞ്ഞു . വിരിപ്പുകൾ കുടഞ്ഞു, ഏതോ ഒരു മൂളിപ്പാട്ട് അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു.

" ആ.... എണീറ്റോ.....ഇന്നലെയും നീ പേടിച്ചു എന്റെയടുത്തുവന്ന കിടന്നല്ലേ..ഇതിനുമാത്രം പേടിക്കാൻ എന്താ ഉള്ളേ..." അവൾ നിലത്തിരുന്ന് ടൈൽസിന്റെ കളങ്ങളിൽ വിരലുകൊണ്ടു വരഞ്ഞു.

" നിന്റെ ഈ പേടി എങ്ങനെയെങ്കിലും മാറ്റണം. ഇൻ ഏതായാലും ഗുളികത്തറയിൽ തെയ്യം അല്ലെ. ഒരു തേങ്ങാ നേർച്ച നേരണം. ഭഗവാൻ തലേൽ കൈ വച്ചാ തന്നെ എല്ലാം ശെരിയാവും."

ഒരു ഉൾക്കിടിലത്തോടെ സ്നേഹ തരിച്ചു. പരീക്ഷാക്കാലങ്ങളെകാളും വിജയൻ മാഷിന്റെ ചൂരൽചൂട് അറിഞ്ഞ ദിവസങ്ങളെ കാളും ജില്ലാതലമത്സരങ്ങളെ കാളും എല്ലാം അവൾ ഭയപ്പെട്ട ദിവസം. എല്ലാ വർഷവും അവളുടെ സുഖാപരമായ നിദ്രയെ ചൂട്ടിന്റെ തീനാളവുമായി ആ ദുസ്വപ്നം വെണ്ണീരാക്കി.

"ഏയ് മിന്നൂ , നിന്ന് ദിവാസ്വപ്നം കാണാതെ പോയി കുളിക്ക പെണ്ണെ...സ്കൂളിൽ പോണ്ടേ "

ഗാഢമായ ചിന്തകളുടെ ഗർത്തങ്ങളിൽ നിന്ന് അവളെ പിടിച്ചു പുറത്തിടുകയായിരുന്നു അവർ .

സത്യം എന്തെന്നാൽ, അവളുടെ അമ്മൂമ്മ തന്നെയാവാം അവളിൽ ഭീതിയുടെ വിത് പാകിയത് . ആ സ്ഥാനത്തിൻറെയും വേഷത്തിന്റെയും നിഴലുകൾക്ക് വെള്ളം ഒഴിച്ച് , വളമിട്ട് അതിനെ ഭീകരതയുടെ വന്മരമാക്കി, അവളുടെ മനസ്സിനെ അന്ധകാരത്തിലേക്ക് തള്ളിയിട്ടു. അന്ന് സ്‌കൂളിൽ പോയെങ്കിലും ചിന്തകളുടെ മറ്റൊരു ലോകത്ത് നിർവികാരയായി അവൾ വിഹരിച്ചു . അവളുടെ മനസ്സിൽ കറുത്തിരുണ്ട കാർമേഘങ്ങൾ വെല്ലുവിളി ഉയർത്തി . കൂട്ടുകാർ പറഞ്ഞ തമാശകൾക്ക് ഗീത തന്ന പിറന്നാൾമധുരത്തിനും പ്രിൻസിപ്പൽ സാറിന്റെ വഴക്കുപറച്ചിലുമെല്ലാം അവൾക്കു ഒരൊറ്റ മറുപടി മാത്രമായിരുന്നു . മൗനം. ആ മൗനത്തിന്റെ ഉള്ളറകളിലെ ഏതോ ഒരു കോണിൽ അവൾ ഒളിച്ചിരുന്നു . ഒരു വാക്കുപോലും ഉരിയാടാതെ .

വൈകുന്നേരത്തെ ബെല്ലിൽ അവൾക്കുള്ളിൽ ഭയത്തിന്റെ ഉൾക്കകൽ വീണ പ്രഹരമുണ്ടാക്കി . കാലാകാലങ്ങളായി കല്ലിൽ കൊത്തിവച്ച മഴ നനഞ്ഞ ശിൽപം പോലെ നിശ്ചലയായി അവൾ നിന്ന് വിയർത്തു .

"സ്നേഹ.. വാ ... നീയെന്തിനാ ഇങ്ങിനെ നിൽക്കുന്നെ ..വരൂ പോകേണ്ടെ .." കൂട്ടുകാരി ആര്യ..അവളെ തട്ടി വിളിച്ചു ...:നിന്റെ വീടിനടുത്ത് ഇന്ന് കുളിയനുള്ളതല്ലേ? ഞാനും വരുന്നുണ്ട് . തുടങ്ങിയിട്ടുണ്ടാവുമല്ലോ .... അവൾ തിടുക്കപ്പെട്ടു . എന്നാൽ സ്നേഹയുടെ ഉള്ളിൽ ആ വാക്കുകൾ ഭീതിയുടെ മൂർച്ചയേറിയ ശരങ്ങളായി തുളച്ചുകയറി . വീട്ടിലേക്കു നടന്ന ഓരോ ചുവടിലും താൻ ഇരുട്ടിന്റെ അഗാതതയിലേക്കുള്ള പടികൾ ഓരോന്നായി ഇറങ്ങുന്നതായി അവൾക്കു തോന്നി .

" മിന്നൂ...വേഗം എല്ലാം കഴിക്കൂ ..ഇല്ലേൽ അങ്ങേരു രാത്രി ചൂട്ടും പിടിച്ചു . കത്തിയാളുന്ന കണ്ണും കൂർപ്പിച്ചിട്ടു വരും ..."

" ഡീ ..ത്തരം പറയുന്നോ .. രാത്രി വരും ചിലമ്പും കുലുക്കി ..ശൂലം കൊണ്ട് കുത്താൻ ... കനൽ വിരിച്ച പടികൾ ഓരോന്നായ്‌യി ഇറങ്ങി ഇരുട്ട് അവളെ പുണരുമ്പോഴും അമ്മൂമ്മ പറഞ്ഞ ഓരോ വാക്കുകളും കഥകളുമെല്ലാം വെല്ലുവിളിയുടെ ചോദ്യചിഹ്നങ്ങളായി അവൾക്കു ചുറ്റും കറങ്ങി .

എങ്ങുനിന്നോ ചെമ്പകപ്പൂവിന്റെ മണം പരന്നു. ഇരുളിനെ കീറിമുറിച്ചു ആ ശൂലം വീണ്ടുമവളുടെ കൃഷ്ണമണി തുളയ്ക്കുമാറ് ഉയർന്നു നിന്നു അന്തരീക്ഷത്തിൽ പുകയുടെ കാലം വരച്ചു ചൂട്ടു നിറഞ്ഞാടി ; ചിലമ്പ് ഉറഞ്ഞു തുള്ളി . ആ കനൽ വെളിച്ചത്തെ വകഞ്ഞുമാറ്റി മുഖപ്പാള അലറി . "ഗുണം വരണം ..........."".

മീനാക്ഷി ജയൻ
11 ഹ്യൂമാനിറ്റീസ് ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത