ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/അക്ഷരവൃക്ഷം/നാം അതിജീവിക്കും ....

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം അതിജീവിക്കും ....
                                                                                    നാം അതിജീവിക്കും ....
                                  ജീവിതം ഇരമ്പിയിരുന്ന ലോകത്തെങ്ങുമുള്ള നഗരങ്ങളും തെരുവുകളും നിശബ്ദവും ശൂന്യവുമായിരിക്കുന്നു. ആഘോഷങ്ങളും ആഹ്ലാദവും ആരവങ്ങളും എങ്ങുമില്ല. മനുഷ്യരെല്ലാം അവരവരുടെ മാളങ്ങളിൽ ഒതുങ്ങി കഴിയുകയാണ്. വികസിത രാജ്യങ്ങളായ അമേരിക്കയും ചൈനയും ഇംഗ്ലണ്ടുമൊക്കെ കൊറോണയ്ക്കു മുൻപിൽ എന്തുചെയ്യണമെന്നറിയാതെ വിയർക്കുന്നു. യൂറോപ്പ്യൻ രാജ്യങ്ങൾ കൊറോണാമരണങ്ങളാൽ നിശ്ചലമായിരിക്കുന്നു. പടക്കോപ്പുകൾക്കും ആധുനിക സംവിധാനങ്ങൾക്കുമൊന്നും കൊറോണയെന്ന വില്ലനെ തൊടാൻ പോലും കഴിയുന്നില്ല. കൊറോണയെ തടുക്കാൻ മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ധനികനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ പ്രമുഖനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസം ഇല്ലാതെ കിരീടിമേന്തിയ അജയ്യനായ ആ സൂക്ഷ്മജീവി എല്ലാവരെയും പിടിച്ചുകെട്ടുന്നു. 210 രാജ്യങ്ങളിൽ നിന്നായി ഒന്നരലക്ഷത്തോളം പേർ ഈ മഹാമാരിയുടെ ഇരകളായി ഈ ലോകത്തിൽ നിന്ന് ഇതിനോടകം മാറ്റപ്പെട്ടുകഴിഞ്ഞു. കോവിഡ്-19 എന്ന ഈ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമ്പോൾ അരിസ്റ്റോട്ടിൽ പറഞ്ഞ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം ..."ഇരുണ്ട നിമിഷങ്ങളിലാണ് വെളിച്ചത്തെ പറ്റി ചിന്തിക്കേണ്ടത്." മാനവചരിത്രത്തിൽ അനേകം മഹാമാരികൾ ഉണ്ടായിട്ടുണ്ട് .എന്നാൽ അതിനെയൊക്കെ തോൽപിച്ച ചരിത്രമേ മനുഷ്യനുള്ളൂ. ഭയവും നിരാശയും അല്ല ഈ നിമിഷങ്ങളിൽ നമ്മെ ഭരിക്കേണ്ടത്. ഏതു ഘോരവിപത്തും നേരിടാനുള്ള അറിവും ശക്തിയും വിഭവങ്ങളും നമുക്കുണ്ട് എന്ന ആത്മവിശ്വാസമാണ് നമുക്കിപ്പോൾ ആവശ്യം. 
                                    കേരളം അതിജീവനത്തിന്റെ പാതയിലാണ്. കൊറോണയുടെ രണ്ടാം വരവിൽ തുടക്കത്തിൽ പതറിയെങ്കിലും നാമതിനെ തരണം ചെയ്തിരിക്കുന്നു. രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒരുപാട് പേർക്ക് രോഗം ഭേദമായിരിക്കുന്നു. കൊറോണാക്കാലത്തെ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ വളരെ മാതൃകാപരമാണ്. അതിജീവനത്തിന്റെ വിത്ത് മനുഷ്യമനസ്സുകളിൽ വിതയ്ക്കുവാൻ നമ്മുടെ ഭരണകർത്താക്കൾക്ക് കഴിഞ്ഞു. സദാ കർമ്മനിരതരായിരിക്കുന്ന ആരോഗ്യപ്രവർത്തകരും ഭരണകർത്താക്കളും ഉള്ളപ്പോൾ നാമെന്തിന് പേടിക്കണം. നിയമങ്ങൾ പാലിച്ചു വീടിനുള്ളിൽ കഴിയുന്ന നമ്മളാണ് അതിജീവനത്തിന്റെ മാതൃകകൾ. ലോകത്തെമ്പാടും ഇന്ത്യയിൽ തന്നെ പല ഭാഗങ്ങളിലും ഇപ്പോഴും രോഗം പരക്കുകയാണ്. മനുഷ്യകുലത്തിന്റെ അതിജീവനവഴിയിലെ മറ്റൊരു സന്ദിഗ്ധഘട്ടമാണിത്. ക്ഷമയും ഉൾക്കരുത്തും ആത്മവിശ്വാസവും സഹകരണവും കൊണ്ട് മാത്രമേ ഈ മഹാവിപത്തിനെ നേരിടാനാവൂ. തന്റെ തെറ്റുകളിലേക്ക് തിരിഞ്ഞുനോക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളെ സ്നേഹിക്കാനും കൊറോണ നമ്മെ പഠിപ്പിച്ചു. പല പാഠങ്ങളും നാം പക്ഷെ പെട്ടെന്ന് വിസ്മരിക്കുകയാണ് പതിവ്. ഇനിയും ആ പതിവ് നാം തുടരരുത്. മനുഷ്യന്റെ അനിയന്ത്രിതമായ ഹീനപ്രവൃത്തികൾക്കു ഒരു തടയിടാൻ പ്രകൃതി ഒരുക്കിയ ഒരു അവസരമാണിത്. പാഴാക്കിയാൽ പ്രകൃതി എന്ത് വില കൊടുത്തും അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കും.അത് മനുഷ്യരാശിയെ തുടച്ചുനീക്കിയിട്ടാണെങ്കിൽ പോലും ....
                                   ഈ ഇരുണ്ട കാലവും കടന്നുപോകും. ചങ്ങലയിലെ വിട്ട കണ്ണികളായി നിലനിന്നുകൊണ്ട് ഈ കഠിനകാലത്തെ കീഴ്‌പ്പെടുത്തി മനുഷ്യരാശി ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. തളരാതെ നമ്മൾ തടയും കൊറോണയെ....പതറാതെ, അകലത്തിലും അടുപ്പം കാത്തുസൂക്ഷിച്ചു നമ്മൾ കൊറോണയ്ക്കുമേൽ വിജയം കൈവരിക്കും...തീർച്ച ....
ഭാവന എസ്
10 A ഗവ എച് എസ് എസ് കുടമാളൂർ, കോട്ടയം, കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം