സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതിക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിക്ക് വേണ്ടി

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന കവിയുടെ ചോദ്യം ഇന്ന് നമ്മുടെ ഓരോരുത്തരുടെയും നേർക്കാണ് വിരൽ ചൂണ്ടുന്നത്. മലകളാലും പുഴകളാലും വശ്യമനോഹരിയായിരുന്ന കേരളം ഇന്ന് കേട്ടുകേൾവി മാത്രമാണ് എവിടെ നോക്കിയാലും പ്ലാസ്റ്റിക് കൂമ്പാരങ്ങളും വിഷമയമായ ജലാശയങ്ങളും മാത്രമാണ് നമ്മുടെ ഓരോരുത്തരുടെയും ദൃഷ്ടിയിൽ പെടുക, ദൈവത്തിൻറെ സ്വന്തം നാടായ കേരളം ഇന്ന് സ്വാർത്ഥതയുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. നമ്മുടെ ഓരോരുത്തരുടെയും കൊച്ചു കൊച്ചു സ്വാർത്ഥതകളാണ് കേരളത്തെ ഇങ്ങനെ മാറ്റിയിരിക്കുന്നത്.

നമ്മുടെ കുന്നുകളും മലകളും ഇടിച്ചു നിരത്തിയപ്പോഴും നമ്മുടെ ജലസമൃദ്ധമായ പുഴകൾ മണൽമാഫിയ ഊറ്റിയപ്പോഴും ഫാക്ടറികളിൽ നിന്നും മലിനജലം ജലസ്രോതസ്സുകളിലേക്ക് തള്ളിയപ്പോഴും കാടിനെ വെട്ടി നശിപ്പിച്ച് നാടാക്കി മാറ്റിയപ്പോഴും ആകാശം മുട്ടെ നിൽക്കുന്ന വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയപ്പോഴും നാം മൗനം അവലംബിച്ചു. ആ മൗനം നമ്മെ നാശത്തിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. വികസനത്തിന്റെ മറവിൽ ചെയ്തുകൂട്ടിയപ്പോഴും നാം ചിന്തിച്ചില്ല നമ്മുടെ ചൂഷണത്തിന് പ്രകൃതിയും തിരിച്ചടിക്കുമെന്ന്. 2018-ലെ ആദ്യ പ്രളയവും ഇതിനെ പിന്തുടർന്നെത്തിയ 2019- ലെ പ്രളയവും പ്രകൃതിയുടെ ഈ തിരിച്ചടിക്ക് ഉദാഹരണങ്ങളാണ്. അടിക്കടിയുണ്ടാകുന്ന പ്രണയവും കാലാവസ്ഥാവ്യതിയാനവും എല്ലാം കേരളത്തിന്റെ ഭൂപ്രകൃതിയെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഇനിയും നാം നമ്മുടെ തെറ്റുകൾ മനസ്സിലാക്കി തിരുത്തിയില്ലെങ്കിൽ നമ്മുടെ നാശത്തിലേക്ക് തന്നെ നയിക്കും.

ഓരോ ജൂൺ അഞ്ചാം തീയതി നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഒന്നോ രണ്ടോ മരത്തൈ നട്ടും പരിസ്ഥിതിക്ക് വേണ്ടി (പാലിക്കപ്പെടാത്ത ) ഒരു പ്രതിജ്ഞയെടുത്തും നാം ആ ദിവസത്തെ ഒതുക്കി കളയും. എന്നാൽ വർഷങ്ങളായി ആചരിക്കുന്ന ഈ ദിവസത്തിന്റെ പ്രാധാന്യം നാം ഇന്നേവരെ മനസ്സിലാക്കിയിട്ടില്ല, നാം അതിനു ശ്രെമിച്ചിട്ടുമില്ല. പ്രകൃതി അമ്മയാണ് ദേവിയാണ് എന്നിങ്ങനെ ഘോരം ഘോരമായി പ്രസംഗിച്ചത് അല്ലാതെ അതിൻറെ സംരക്ഷണത്തിനായി നാം ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല ഒരു പ്രതിജ്ഞ എടുക്കുക എന്നത് വളരെ എളുപ്പമാണ്, പക്ഷേ അത് പാലിക്കുക എന്നത് വളരെ കഠിനവും. നമ്മുടെ പ്രതിജ്ഞകൾ വാക്കുകളിൽ മാത്രം ഒതുക്കാതെ പ്രവർത്തികളിലൂടെ പ്രകടമാക്കാൻ നാം ശ്രമിക്കണം.

നമ്മുടെ അപ്പനപ്പൂപ്പന്മാർ നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് കൊണ്ട് നാം സുഭിക്ഷമായി ജീവിക്കുന്നു, നമ്മുടെ വരും തലമുറക്ക് വേണ്ടി നാം കരുതി വെച്ചില്ലെങ്കിൽ അവർ ഈ ലോകത്ത് എങ്ങനെ ജീവിക്കും. നമുക്ക് മാത്രം അവകാശപ്പെട്ടതല്ല ഈ ലോകം ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. അതനുസരിച്ചു വേണം നാം മുന്നോട്ട് പോകാൻ. നമ്മുടെ സംയോജിതമായ ഇടപെടലുകൾ കൊണ്ടേ കേരളം പഴയ സ്ഥിതിയിലാകൂ. നാം ഇനിയും പഴയരീതിയിൽ മുന്നോട്ടു പോയാൽ ഈ കേരളം വരും തലമുറയ്ക്ക് ഒരു കേട്ടുകേൾവി മാത്രമായിരിക്കും.

ലിയ ഷിജു
8 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം