വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി.

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെക്കായി

പാരിസ്ഥിതിക പ്രശ്നങ്ങളിൽപെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ അടിസ്ഥാനആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് ശ്രദ്ധതിരിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുവാൻ നാം പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. ചൂഷണം ഒരു തരത്തിൽ മോഷണത്തിന് തുല്യമാണ്. വൻ തോതിലുള്ള ഉത്പാദനത്തിന് വൻ തോതിലുള്ള ചൂഷണവും അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി എത്തിപ്പെട്ടു.

ലോകം നേരിടുന്ന പ്രധാന വിപത്തുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. എല്ലാ രാജ്യങ്ങളും വളരെ ഗൗരവപൂർണമായി പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനില്പിനുതന്നെ ഇത് ദോഷം ചെയ്യുമെന്ന് നമുക്ക് നിസംശയം പറയാനാകും. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുകയും പ്രശ്നപരിഹാരമാർഗങ്ങൾ കണ്ടത്തുകയുമെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും, ആരോഗ്യത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപിലാണ്. പക്ഷെ നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. കേരളത്തിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.

പാടം നികത്തിയാലും, മണൽ വാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയാലും, കുന്നിടിച്ചാലും നമുക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണെന്ന് കരുതി ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ അടുത്ത തലമുറയ്ക്ക് ഇവിടെ വാസയോഗ്യമല്ലാതായിവരും. ഈയൊരു സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ട് നീങ്ങിയില്ലെങ്കിൽ ഭാവിയിൽ സുന്ദര കേരളം മറ്റൊരു മണൽക്കാടായി മാറും.

ഇനിയും നാം പരിസ്ഥിതിയോടു പിണങ്ങിയാൽ നമ്മുടെ ഇവിടം വാസയോഗ്യമല്ലാതാകും. മഹനീയമായ ഈ സാംസ്‌കാരിക ബോധത്തിന് അനുസൃതമായി നമുക്ക് ജീവിക്കാം പരിസ്ഥിതിയോട് ഇണങ്ങികൊണ്ട്. നമുക്കൊന്നിച്ചു കൈകോർക്കാം നല്ലൊരു നാളെക്കായി.

നേഹ.എസ്
7 A വി.എച്ച്. എസ്.എസ്. വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം