ജി.എച്ച്.എസ്.എസ്. തിരുവാലി/അക്ഷരവൃക്ഷം/കൊവിഡ് 19 - പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് 19 - പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

ലോകം ഞെട്ടിവിറച്ച ദിനങ്ങൾ…....സാർസിനും( SARS_ severe acute respiratory syndrome) എബോളക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമുനയിൽ എത്തിച്ച വൈറസാണ് കൊറോണ അഥവാ കൊവിഡ്-19.2019 ഡിസംബറിൽ ഇത് കണ്ടെത്തി.കൊവിഡ്-19 ഉൾപ്പെടെ ഏഴുതരം കൊറോണാ വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പ്രധാനമായും പകരുന്നത്.ആയതിനാൽ തന്നെ രോഗം വളരെ എളുപ്പം പടർന്നുപിടിച്ചു.
ഇന്ത്യയിൽ ആദ്യമായി തൃശ്ശൂരിൽ ഈ രോഗം സ്ഥിരീകരിക്കപ്പെട്ടു.അതോടെ,നിപ്പ വൈറസിനുശേഷം മലയാളികൾക്കു പുതിയ വെല്ലുവിളിയായി ഈ വൈറസ്ബാധ മാറി.പിന്നീട് ആലപ്പുഴയിലും കാസർകോടും രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടു.കൊറോണ വൈറസ് വ്യാപകമായതോടെ നമ്മുടെ പൊതു വ്യവഹാരങ്ങളും ഗതാഗതങ്ങളുമെല്ലാം പ്രതിസന്ധിയിലായി.. ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്ത മൂന്നു കൊറോണ കേസുകളും കേരളത്തിലാണെന്ന വസ്തുത സംസ്ഥാനത്തിൻറെ ആരോഗ്യ സംവിധാനങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തി.വളരെ ഊർജ്ജസ്വലതയോടെ, നിശ്ചയദാർഢ്യത്തോടെ കൊറോണക്കെതിരെ പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യവകുപ്പിനെ അഭിനന്ദിക്കാതെ വയ്യ.24 മണിക്കൂറും പ്രവർത്തനസജ്ജമായ സർക്കാർ സംവിധാനങ്ങളുടെ ക്രമീകരണങ്ങൾ രോഗം മറ്റൊരാളിലേക്കും പടരാതെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.പ്രതിരോധംതീർത്ത് കേരളത്തിൻറെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ലോകശ്രദ്ധയിൽ എത്തി.
കൊവിഡ് 19 പകരാതിരിക്കാനായി ആദ്യം പ്രഖ്യാപിച്ച ഇരുപത്തൊന്ന് ദിവസത്തെ ലോക്ഡൌൺ പിന്നീട് പത്തൊമ്പത് ദിവസത്തേക്ക്കൂടി നീട്ടി.(മെയ് മൂന്നാം തീയതി വരെ).സർക്കാറിൻറെ നിർദ്ദേശങ്ങൾ പാലിച്ച് , ലോക്ഡൗണിൻറെ പരിമിതികൾക്കുള്ളിൽ നിൽക്കാൻ ശ്രമിക്കുന്ന,രോഗത്തിൻറെ ഭീകരതയെകുറിച്ച് ബോധ്യമുള്ള,ഒരു ജനതയായി നാം മാറി. രോഗപ്രതിരോധത്തിന് ഇത് അനിവാര്യമാണ്. ഇന്ന് ലോകത്താകമാനം ഇരുപത് ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അതിലേറെ പേർ നിരീക്ഷണത്തിൽ ഉണ്ട്.ഏകദേശം 1,34,000 ത്തോളം പേർ വൈറസ് ബാധ മൂലം മരിച്ചു.ഇവയെല്ലാംതന്നെ വൈറസ് ഉണ്ടാക്കുന്ന രോഗതീവ്രതയുടെയും നാളെയുടെ ഇരുണ്ട മുഖങ്ങളുമാണ് വ്യക്തമാക്കുന്നതെന്ന വാർത്തകൾ സോഷ്യൽ മീഡിയകൾ വഴി അനുനിമിഷം നാം മനസ്സിലാക്കുന്നു.
എന്നാൽ ഈ കൊറോണക്കാലത്ത് നാം മനസ്സിലാക്കിയ ഒത്തിരി ഒത്തിരി നന്മകൾ ഉണ്ട്.ഒത്തിരി നല്ല പാഠങ്ങളുമുണ്ട്......
‘ലോകത്തിൻറെ സർവാധിപത്യം മനുഷ്യനാണ്;മറ്റുസകല ജീവികളുടേയും സ്ഥാനം അവനു താഴെയാണ്’ എന്ന ധാരണ തിരുത്തപ്പെട്ടു!ഈ ലോകത്ത് മനുഷ്യർ എത്രയോ നിസ്സാരൻ ആണ് എന്ന് നമ്മെ ബോധ്യപ്പെടുത്താൻ കൊറോണയ്ക്ക് സാധിച്ചു.പണത്തിനോടുള്ള അത്യാർത്തിയും,സ്വാർത്ഥതയും,അഹങ്കാരവും കൊണ്ട് എല്ലാം വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനെ കീഴടക്കാൻ ഒരു വൈറസ് മാത്രം മതി എന്നും നാം മനസ്സിലാക്കി.ഇന്ന് മനുഷ്യന് ജാതിയില്ല,മതമില്ല,വർണ്ണമോ വർഗ്ഗമോ ഇല്ല.ഭാഷയില്ല,പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല.കൊറോണക്കു മുന്നിൽ ഏവരും തുല്യർ!
ഇങ്ങനെയൊക്കെയാണെങ്കിലും മാനവസമൂഹം തീരെ മനുഷ്യത്വം ഇല്ലാത്തവർ ആണെന്ന് പറയാനാവില്ല;കാരണം രാപ്പകൽ ഭേദമന്യേ സ്വന്തം ജീവൻ പണയം വെച്ച് കൊവിഡ് 19 രോഗബാധിതർക്ക് സാന്ത്വനമേകുന്ന നഴ്സുമാരും, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തനനിരതരായിരിക്കുന്ന മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം മനുഷ്യത്വം വറ്റാത്ത ജലധാരയുടെ പ്രതീകങ്ങളാണ്..... വേണമെന്നുവച്ചാൽ പൊതു ഗതാഗതവുംനമുക്ക് കുറയ്ക്കാനകും എന്ന് ഈ ലോക്ക്ഡൗൺ കാലം നമ്മെ ബോധ്യപ്പെടുത്തി.അന്തരീക്ഷത്തിന് ഹാനി വരുത്തുന്ന കാർബൺ മോണോക്സൈഡ് പോലുള്ള മാരക വാതകങ്ങളുടെ ഉപയോഗം നമുക്ക് വേണമെന്ന് വിചാരിച്ചാൽ ചുരുക്കാവുന്നതേയുള്ളൂ എന്നും നാം മനസ്സിലാക്കി.മാത്രമല്ല ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിലേറെ വാങ്ങി പാഴാക്കിക്കളയാതെ ആവശ്യത്തിനുമാത്രം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാനാവുമെന്നും, അതാണ് നല്ലതെന്നു൦ ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചു.
ലോക്ക്ഡൗൺ കാലത്താണ് മനുഷ്യൻ പാരതന്ത്ര്യത്തിൻറെ പീഡ മനസ്സിലാക്കുന്നത്.തത്തയെയും, അവൻ ലൗ ബേർഡ്സിനെയും മൊക്കെ കൂട്ടിലടച്ച് അവയുടെ കരച്ചിൽ കേട്ടു രസിച്ചിരുന്നു.ഇന്ന് അതേ പക്ഷികൾ ആകാശത്തിലൂടെ ആർത്തുല്ലസിച്ച് പാവം മനുഷ്യനെ നോക്കി പരിഹസിച്ച് സ്വതന്ത്രമായി പറന്നു കളിക്കുന്നു!അവ മനുഷ്യൻറെ പരാധീനത കണ്ട് എന്തൊക്കെയോ പറയുന്നുണ്ട്....... ജീവിതത്തിൽ മനുഷ്യസ്നേഹത്തിനോ, പ്രകൃതിസ്നേഹത്തിനോ ,എന്തിന്!മാനുഷിക മൂല്യങ്ങൾക്കോപോലും സ്ഥാനം ഇല്ലാത്ത വിധം തിരക്കായിരുന്നു മുമ്പ്.കാരണമന്വേഷിച്ചാൽ, “സമയമില്ല”ത്രേ! എന്നാൽ ഇപ്പോൾ സമയമുണ്ട്.സ്വന്തം വീട്ടുകാരോടൊപ്പം ഇരുന്ന് ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ!മക്കളോട് സൗഹൃദപരമായി സംസാരിക്കാൻ!!വൃദ്ധരായ രക്ഷിതാക്കളോട് സുഖ വിശേഷങ്ങൾ അന്വേഷിക്കാൻ!!!പ്രകൃതിയോട് മനസ്സുതുറന്ന് ഇടപഴകാൻ!!!!വീട്ടിൽ ഒരു നല്ല ഗൃഹനാഥൻ ആകാൻ.....!
ഇത്രയും കാലം ജോലിത്തിരക്കുമൂലം നേരമില്ലാതെ ഓടിനടന്നു....`. സന്തോഷവും സുഖവും ലഭിക്കാൻ സ്വന്തം കുടുംബത്തേക്കാൾ ഏറെ ജോലിക്ക് പ്രാധാന്യം കൊടുത്തു.എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് നമ്മൾ തിരിച്ചറിഞ്ഞു-ലോകത്ത് എവിടെയെങ്കിലും സുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം നാം സമയം ചെലവഴിക്കുമ്പോഴാണെന്ന്.നാം ഈ ചെയ്ത ജോലിയെല്ലാം നമ്മുടെ കുടുംബത്തിനു വേണ്ടിയല്ലേ? അപ്പോൾ അവരുടെ സുഖവിവരങ്ങൾ എന്തുകൊണ്ട് നാം മുമ്പ് അന്വേഷിച്ചില്ല?എന്തിനാണ് നേരമില്ലാതെ ഓടി നടന്നത്? ആലോചിക്കുമ്പോൾ നഷ്ടബോധം തോന്നുന്നു .എന്നാൽ ഇന്ന് കുടുംബത്തോട് ഇത്രയും സ്നേഹത്തോടെയും കരുതലോടെയും ഇടപഴകുമ്പോൾ മനസ്സ് പൂർണമായും സംതൃപ്തമാകുന്നു.ഇത്രയും മാനുഷിക മൂല്യങ്ങൾ( സ്നേഹം ,കരുണ, സഹാനുഭൂതി, സഹജീവി സ്നേഹം, ലാളിത്യം... )നമുക്കുള്ളിൽ ഉണ്ടായിരുന്നു എന്ന് നമുക്കുതന്നെ ആശ്ചര്യമായിരിക്കുന്നു! കാരണം ഇതേപറ്റിയൊന്നും ചിന്തിക്കുവാൻ നമുക്ക് ഇതുവരെ സമയമില്ലായിരുന്നല്ലോ! സ്വർഗ്ഗം കൺമുന്നിൽ ഉണ്ടായിട്ടും അതിനെ കാണാൻ സാധിച്ചിരുന്നില്ലല്ലോ,എന്നാൽ ഇന്ന് നാം തിരിച്ചറിഞ്ഞു-നമ്മുടെ സ്വർഗ്ഗം നമ്മുടെ ഗൃഹമാണെന്ന്.....!
ഒരു നേരം പോലും സംസാരിക്കാൻ ഒഴിവില്ലാത്ത അച്ഛൻ,കുട്ടികളോട് സൗഹൃദപരമായി സംസാരിക്കുന്നു, ഒരുപാട് അറിവുകൾ പകരുന്നു, നല്ല നല്ല പുസ്തകങ്ങൾ വായിക്കുവാൻ ഉപദേശിക്കുന്നു.ഒരു നേരം പോലും ഫോണിൽ നിന്നും തല എടുക്കാത്ത അമ്മ,മക്കൾക്ക് ചക്കയും മാങ്ങയും ഒക്കെകൊണ്ട് പുതുമയാർന്ന വിഭവങ്ങൾ ഉണ്ടാക്കി നൽകുന്നു. ഫാസ്റ്റ് ഫുഡ് രുചികളെ കടത്തിവെട്ടി നാടൻ കറികൾ കുട്ടികൾക്ക് പുതിയ രുചിക്കൂട്ടുകൾ സമ്മാനിക്കുന്നു.സീരിയൽ ഷൂട്ടിംഗ് നിർത്തി വെച്ചതോടെ വീട്ടിലെ മുത്തശ്ശിമാർ കൊച്ചു മക്കളെ പഴങ്കഥത്താളുകളിലേക്കാനയിക്കുന്നു. അവർ അതിന് വളരെ ജിജ്ഞാസയോടെ കാതുകൊടുക്കുന്നു. അച്ഛനു൦ മക്കളു൦ തൂമ്പയെടുത്ത് തൊടിയിലിറങ്ങി, നഗ്നപാദരായി മണ്ണിൻറെ മാറിൽ അമർത്തി ചവിട്ടി വീട്ടുകൃഷി നടത്തുമ്പോൾ കുട്ടികൾ പ്രകൃതിയെ കൗതുകത്തോടെ ഉറ്റുനോക്കി. അവർ ഫാസ്റ്റ് ഫുഡിനെ പറ്റി പാടെ മറന്നു,നാടൻ ഭക്ഷണങ്ങൾ അവരുടെ ആരോഗ്യം സുരക്ഷിതമാക്കി. വായനയുടെയുടെ മായിക ലോകത്തേക്ക് പ്രവേശിച്ച അവർ, വീഡിയോ ഗെയിംസുകൾ ഷട്ട്ഡൌൻചെയ്തു. അവർ ഊഞ്ഞാലാടാൻ പഠിച്ചു. മണ്ണുകൊണ്ട് ചിരട്ടപ്പുട്ട് ചുടാനും,കഞ്ഞീ൦ കറീം വയ്ക്കാനും, പച്ചോല കൊണ്ട് വാച്ചും, കണ്ണടയും ഉണ്ടാക്കാനും, പ്ലാവിലകൊണ്ട്, ,കിരീടമുണ്ടാക്കാനും പഠിച്ചു. ദേഹമനങ്ങി ഓടിച്ചാടാനും ഉറക്കെ ചിരിക്കാനും പഠിച്ചു. അവർ കളിക്കാൻ പഠിച്ചു. .പ്രകൃതിയെ അറിയുന്ന പ്രകൃതിയെ മനസ്സിലാക്കുന്ന നല്ലൊരു തലമുറയായി അവരിന്ൻ വളരുന്നു..... മാതാപിതാക്കളുടെ പരസ്പരസ്നേഹാദരങ്ങൾ കണ്ടു പഠിക്കുന്ന കുട്ടികൾ സമൂഹത്തിൽ നല്ല പൗരന്മാരായി വളരുന്നു.നാളെയുടെ ഉറച്ച വാഗ്ദാനങ്ങളാകുന്നു. മാഞ്ഞുപോയ സുന്ദരമായ പഴയ കാലം വീണ്ടെടുത്ത പ്രതീതിയാണ് ഈ കൊറോണാക്കാലം നമുക്ക് സമ്മാനിച്ചത്! കൊറോണാക്കാലം നമുക്ക് സമ്മാനിച്ച ദുരന്തങ്ങൾക്കപ്പുറം ഈ കാലം നമുക്ക് സമ്മാനിച്ച തിരിച്ചറിവുകളും, ശാരീരിക ഉല്ലാസവും ,പ്രകൃതി സ്നേഹവും, എല്ലാം നിസ്സീമമാണ്..... ലോക്ക് ഡൗൺ ‘ലോഡ്’ ആയതിനാൽ വീടിനുള്ളിൽ പരസ്പര സ്നേഹത്തോടെയു൦, വ്യക്തിശുചിത്വത്തോടെയും, കഴിയുകയാണ് ഇന്ന് നമ്മൾ. പൊതു വ്യവഹാരങ്ങൾ ഇല്ലാത്തതിനാലും മനുഷ്യൻ വീടുകൾക്ക് പുറത്തിറങ്ങാത്ത തുകൊണ്ടും ഇന്ന് മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കിവിടുന്നുന്നില്ല.ആയതിനാൽ തന്നെ നമ്മുടെ ജീവജലം ഇന്ന് ശുദ്ധമായി സ്വസ്ഥമായി ഒഴുകുന്നു...! മനുഷ്യനൊഴികെ മറ്റൊരു ജീവിയും പ്രകൃതിയെ മലിനമാക്കുന്നില്ല എന്ന വസ്തുതയും നാം മനസ്സിലാക്കി. ഇന്ന് മനുഷ്യർ വീടുകളിലേക്ക് ഒതുങ്ങിയതിനാൽ വഴിയരികുകളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നുമില്ല.അങ്ങനെ മണ്ണും ശുദ്ധം! ശുദ്ധ വായു ശ്വസിച്ച് ശുദ്ധജലംകുടിച്ച് നാടൻഭക്ഷണം കഴിച്ച് സുഖത്തോടെയു൦ സന്തോഷത്തോടെയു൦ കഴിയുന്ന മനുഷ്യൻറെ മനസ്സും ശുദ്ധമായി.പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിലേ വ്യക്തിശുചിത്വം ഉണ്ടാവൂ എന്നു മനസ്സിലാക്കിയ അവൻ പരിസ്ഥിതി ശുചിത്വം പാലിച്ച് രോഗപ്രതിരോധശേഷി വളർത്തിയെടുക്കുന്നു.ശുചിത്വമുള്ള പരിസ്ഥിതിയിൽ കഴിയുന്ന ശുചിത്വമുള്ള മനുഷ്യൻറെ മനസ്സും ശുചിത്വമുള്ളതായി ആരോഗ്യമുള്ള തായി മാറി. ഇങ്ങനെ വ്യക്തിശുചിത്വവും, സാമൂഹ്യ ശുചിത്വവും ,മാനസിക ശുചിത്വവും ,ഉണ്ടായതോടെ ഇന്ന് രോഗികളുടെ എണ്ണവും കുറഞ്ഞു വന്നിരിക്കുന്നു! ഇന്ന് വിഷമയമല്ലാത്ത വായു പരിശുദ്ധിയോടെ ആടിതിമിർക്കന്നു..... ജീവജലം പുഴകളിൽ പൊട്ടിച്ചിരിച്ച് ഒഴുകുന്നു..... ഭൂമി മാലിന്യമുക്തയായി പുതിയ പ്രതീക്ഷകളുമായി കാത്തിരിക്കുന്നു...... അല്ലയോ കൊറോണേ... നീ ഞങ്ങളെ പലതും പഠിപ്പിച്ചു! എങ്കിലും......ഞങ്ങൾ നിന്നെ വെറുക്കുന്നു.

മായിക ബസന്തി.പി.വി
9 എഫ്. ജി.എച്ച്.എസ്.എസ്.തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം