ഗവ. എച്ച് എസ്സ് നെട്ടയം/അക്ഷരവൃക്ഷം/സ്വയം നന്നായാൽ നമുക്ക് നന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വയം നന്നായാൽ നമുക്ക് നന്ന്

ഈ കൊറോണക്കാലത്ത് അടിയന്തിരമായി ഓരോരുത്തരും മനസ്സിലാക്കി പ്രവർത്തിക്കേണ്ട ചിലതുണ്ട്. "പത്തായം പെറും, ചക്കി കുത്തും" എന്നു വിചാരിച്ച് ഒരുണ്ണിയും ഇനി മനപ്പായസം ഉണ്ണണ്ട. അന്യസംസ്ഥാന തൊഴിലാളികൾ പലരും മടങ്ങിപ്പോയിക്കഴിഞ്ഞു. ബാക്കിയുള്ളവരും പോകും. പ്രകൃതിയിൽ നിന്നും മാജിക് ഒന്നും പ്രതീക്ഷിക്കണ്ട. ലോകമെമ്പാടും അവസ്ഥ ബുദ്ധിമുട്ടിലാണ്. നമ്മുടെ അയൽ സംസ്ഥാനം വഴികൊട്ടിയടച്ച് നമ്മളെ പുറത്താക്കി. അതു കൊണ്ട് പുറത്തു നിന്നും വാങ്ങുന്ന ഭക്ഷ്യധാന്യങ്ങളും മറ്റു വസ്തുക്കളും പരമാവധി കുറച്ച് ഉപയോഗിക്കുക. ഏറ്റവും കുറച്ച് വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കാൻ ശീലിക്കുക. സ്ഥലമുള്ളവർ ചെറിയ രീതിയിലായാലും കൃഷികൾ തുടങ്ങണം. കാരണം സ്ഥിതിഗതികളെല്ലാം പഴയ അവസ്ഥയിലേക്ക് എന്നെത്തും എന്ന് ആർക്കും പറയാൻ പറ്റില്ല.
വൻപയർ, ചെറുപയർ ഇതെല്ലാം ചാക്കിലോ ചട്ടിയിലോ മണ്ണിലോ മുളപ്പിക്കാം. ശ്രദ്ധിക്കാതെ മൂലയിൽ നിൽക്കുന്ന പപ്പായയ്ക്ക് വെള്ളവും വളവും കൊടുക്കാം. കൊല്ലമുളകിന്റെ അരി വിത്തായി നടാം. പഴുത്ത തക്കാളി കറി വക്കാൻ നുറുക്കുമ്പോൾ ഒരു സ്പൂൺ കൊണ്ട് അഞ്ചാറ് വിത്തെടുത്തു കഴുകി പാകാം. വെള്ളരി കുമ്പളം, മത്ത എല്ലാ വിത്തും നടാൻ ഉപയോഗിക്കാം. കൊത്തമല്ലി ചപ്പാത്തിക്കോലുകൊണ്ട് ഒന്നു നിരക്കിയാൽ രണ്ടായി പിളർന്ന് കിട്ടും. ഇതും വെള്ളത്തിലിട്ട് പിറ്റേന്ന് വാരി വച്ച് നടാം. ഉലുവ വെള്ളത്തിലിട്ട് കുതിർത്തി വാരി വച്ചാൽ അതും മുളയ്ക്കും. മുരിങ്ങയില, ചേമ്പില, തഴുതാമയില, ചെറൂളയില ഇതെല്ലാം കഴിയ്ക്കാം. മുളകുഷ്യമെന്ന കറിയുടെ പേര് മാത്രമേ ബുദ്ധിമുട്ടുള്ളൂ. ചേന, ചേമ്പ്, കായ, പപ്പായ, തക്കാളി തുടങ്ങിയ ഏതെങ്കിലും ഒരു പച്ചക്കറി മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ മാത്രം ചേർത്ത് വേവിച്ച് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർത്താൽ മുളകുഷ്യമായി. വേണമെങ്കിൽപരിപ്പും കൂടെ വേവിച്ച് ചേർക്കാം. സാമ്പാർ വയ്ക്കാൻ വേണ്ടുന്ന പച്ചക്കറി കൊണ്ട് നാലു ദിവസം കഴിയ്ക്കാം. പിന്നെ എത്രയോ തരം ചമ്മന്തികൾ. തേങ്ങ ചേർത്തതും, ചേർക്കാത്തതും, ചുട്ടരച്ചതുമായി.
ചക്ക പാഴാക്കരുത്, ചക്കക്കുരുവും. "താളും തകരേം മുമ്മാസം ചേനേം ചേമ്പും മുമ്മാസം ചക്കേം മാങ്ങേം മുമ്മാസം അങ്ങനേം ഇങ്ങനേം മുമ്മാസം" ഈ രീതിയിൽ ജീവിച്ച പാരമ്പര്യമുള്ളവരാണ് നമ്മൾ.

ദില്ലിയിൽ നിന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കാൽനടയായി കിലോമീറ്ററുകൾ പലായനം ചെയ്യേണ്ടി വരുന്ന കുരുന്നുകളെയോർത്ത് തൽക്കാലം നമുക്ക് ഗംഭീര പാചക പരീക്ഷണങ്ങൾക്ക് അവധി കൊടുക്കാം.

ഓരോ മണി ധാന്യവും സൂക്ഷ്മതയോടെ ഉപയോഗിക്കുക....

അദ്വൈത. എ
9 എ, ഗവ. എച്ച്. എസ്സ്. നെട്ടയം
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം