സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഭൂമി സുഖം പ്രാപിക്കുമ്പോൾ
ഭൂമി സുഖം പ്രാപിക്കുമ്പോൾ
ലോകജനതയെ ഇന്ന് കൊറോണ വൈറസ് ഭീതിയിലാഴ്ത്തി ഇരിക്കുകയാണ്. .പുറത്തിറങ്ങിയാൽ രോഗം പിടിപെടുന്നു എന്ന് ഭയന്ന് എല്ലാവരും വീടിനുള്ളിൽ സ്വയം ബന്ധിതരായിരിക്കുന്നു. 2019 അവസാനം വെൻറിലേറ്ററിൽ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടിരുന്ന ഭൂമി ഇന്ന് അതിവേഗം സുഖം പ്രാപിക്കുന്ന വാർത്തകളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും കേൾക്കുന്നത്.ഭൂമിയിലെ അവസാനത്തെ അതിഥിയായെത്തിയ മനുഷ്യർ ആതിഥേയയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ഒരുങ്ങിയപ്പോൾ ഭൂമിക്ക് രക്ഷപ്പെടാൻ കിട്ടിയ അവസാന കച്ചിത്തുരുമ്പ് ആയിരുന്നു എന്ന് വേണമെങ്കിലും നമുക്കിതിനെ കരുതാം. ഭൂമിയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസദായകമായ വാർത്തകൾ കേൾക്കാൻ കഴിഞ്ഞു .ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന വിഷവാതകങ്ങൾ നമ്മുടെ നഗരങ്ങളെ അത്യധികം ശ്വാസം മുട്ടിച്ചിരുന്നു. എന്നാൽ ഇന്ന് നമ്മുടെ വൻനഗരങ്ങളിൽ വിഷ വാതകങ്ങളുടെ അളവ് കുറഞ്ഞു. ഓക്സിജന്റെ അളവ് കൂടി. ഭൂമിയുടെ യഥാർത്ഥ അവകാശികൾക്ക് അവോളം ശ്വസിക്കാൻ കഴിയുന്നു. നീരുറവകൾ രൂപപ്പെടുന്നു. മനുഷ്യരാൽ മലിനമാക്കപ്പെട്ട നിലയിൽ വിങ്ങിപ്പൊട്ടി ഒഴുകിയ നദികൾ ഇപ്പോൾ മാലിന്യമുക്തമാകാൻ തുടങ്ങുന്നു. പക്ഷികളും മൃഗങ്ങളും ഭയമില്ലാതെ വിഹരിക്കുന്നു. അരോചകമായി നില നിന്നിരുന്ന കൂറ്റൻ എൻജിനുകളുടെയും യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദം നിലച്ചു. ഇപ്പോൾ ഭൂമി സ്വസ്ഥമായി തൻ്റെ കർത്തവ്യങ്ങളിൽ ഏർപ്പെടുന്നു.ആമകൾ കൂട്ടത്തോടെ ഭയരഹിതരായി മുട്ടയിടാൻ കടൽ തീരത്ത് എത്തുന്ന കാഴ്ച്ച കഴിഞ്ഞ ദിവസത്തെ ദിനപത്രത്തിൽ കണ്ടത് ഹൃദയഹാരിയായിരുന്നു. മനുഷ്യനൊഴിച്ച് ഭൂമിയിലെ സകല ജീവികളും ഇന്ന് ആശ്വാസ തീരത്താണ്. ഭൂമി നന്നായി സുഖം പ്രാപിക്കട്ടെ......
ഭൂമി നമ്മുടെ അമ്മയാണെന്ന് നാം പറയാറില്ലേ? ഭൂമിയെ ക്കുറിച്ചുള്ള എത്രയെത്ര ലേഖനങ്ങളും കവിതകളും മറ്റും നാം കണ്ടിട്ടുണ്ട്. മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും ഭൂമി സാധിച്ചു തരുന്നു. ഭൂമിയുടെ എല്ലാ വിഭവങ്ങളും ആവോളം ആസ്വദിക്കാൻ ഉള്ള അവസരം കണക്കു പറയാതെ തന്നു. എന്നിട്ടും മനുഷ്യൻ എല്ലാ ജീവികളിൽ നിന്നും തനിക്ക് വ്യത്യസ്തമായ ബുദ്ധിയുണ്ടെന്ന അഹങ്കാരത്തോടെ നമുക്കായി മാത്രം ഭൂമി എന്ന നിലയിൽ ഭൂമിയെ മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു..ഭൂമിയെ ഇഞ്ചിഞ്ചായി കുത്തിനോവിച്ചു കൊണ്ടേയിരുന്നു. വൃക്ഷങ്ങൾ വെട്ടിയും കുന്നുകളും മലകളും ഇടിച്ചു നിരത്തിയും പുഴകളിൽ നിന്നും മറ്റും മണ്ണു കോരിയും... അങ്ങനെയങ്ങനെ അത്യാഗ്രഹം മൂത്ത മനുഷ്യൻ മുന്നോട്ടു പോയികൊണ്ടേയിരുന്നു. മറ്റ് ജീവികൾ അടങ്ങുന്ന ഒരു തറവാടാണ് ഭൂമി എന്ന് നമ്മൾ മറന്നു...
ഭൂമിക്ക് രക്ഷപ്പെടാനായി കിട്ടിയ കൊറോണാ എന്ന പിടിവള്ളി യിലൂടെ ഭൂമി നമ്മളെ എന്തെല്ലാമാണ് പഠിപ്പിച്ചത്..നമ്മൾ ചെയ്തു കൂട്ടിയ ഓരോ പ്രവർത്തനങ്ങളെയും കുറിച്ച് ചിന്തിക്കാനും അത് തിരുത്തുവാനുമായി ഭൂമി നൽകിയ ഒരു അവസരമായി വേണം നമ്മൾ ഇതിനെ കരുതാൻ.
ഈ കൊറോണ കാലത്ത് ഭൂമി നമ്മെ കരുണയും സ്നേഹവും എന്താണെന്ന് മനസ്സിലാക്കി തന്നു. ഒത്തൊരുമയുടെ സന്തോഷം അനുഭവവേദ്യമാക്കി. അത് ഉള്ളറിഞ്ഞ് ആസ്വദിക്കേണ്ടത് എങ്ങനെയാണെന്ന് കാണിച്ചുതന്നു.
അധികമായി ഒന്നും വേണ്ട തനിക്ക് ആവശ്യമുള്ളത് വീടുകളിൽ തന്നെ നട്ടു വളർത്താൻ സാധിക്കും എന്ന് കാണിച്ചു തന്നു.
ആടും കോഴിയും പശുക്കളും ഒക്കെ വീടുകളിൽ തിരിച്ചെത്തി കൊണ്ടിരിക്കുന്നു.
കൈത്തൊഴിലുകൾ നമ്മൾ പരിശീലിച്ചു തുടങ്ങി.
വൃത്തിയും വെടിപ്പും ശീലമാക്കി തുടങ്ങി.
മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കാൻ തുടങ്ങി .
ഇറച്ചിയും മീനും ഇല്ലെങ്കിലും ജീവിക്കാം എന്ന് പഠിപ്പിച്ചു തന്നു.
മിതവ്യയം ശീലമാക്കി.
ഭക്ഷണത്തിന്റെ വില എന്താണെന്ന് പഠിപ്പിച്ചു.
ഭൂമിക്ക് നമ്മെ പരിപാലിക്കാൻ അറിയാമെന്നത് പോലെ നമ്മെ പഠിപ്പിക്കാനും അറിയാമെന്നും ഇതിലൂടെ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം എന്താണ് എന്ന് ഇതിനോടകം നാം മനസ്സിലാക്കികഴിഞ്ഞു.
വൃത്തിഹീനമായ കരങ്ങളാൽ കണ്ണിലും മൂക്കിലും തൊടരുതെന്നും തുമ്മുമ്പോൾ തൂവാല ഉപയോഗിക്കണമെന്നും ഇടയ്ക്കിടെ കരങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകണം എന്നും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകണം എന്നും അസുഖം വരുമ്പോൾ മറ്റുള്ളവരോടുള്ള സമ്പർക്കം കുറയ്ക്കണമെന്നും നമുക്കറിയാഞ്ഞിട്ടല്ല. നമ്മൾ അത്ര ഗൗരവമായി കണ്ടില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇങ്ങനെയൊരു പരീക്ഷണഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വന്നത്
പിന്നെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകത.... അതും ഭൂമി നമ്മെ പഠിപ്പിച്ച പാഠങ്ങളിൽ ഒന്നാണ്.... പാതി വേവിച്ചതും വൃത്തിയില്ലാത്തതും, മാരക രാസവസ്തുക്കൾ ചേർത്തതുമായ ഭക്ഷണങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഒരു മടിയും കൂടാതെ ഭക്ഷിച്ചു നമ്മൾ. അത് നമ്മെ ഇത്തരത്തിൽ ബാധിക്കുമെന്ന് ചിന്തിച്ചില്ല. അതുപോലെ പരിസ്ഥിതി ശുചിത്വം ആരും ശ്രദ്ധിച്ചത് പോലുമില്ല. മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടേയിരുന്നു....നീരുറവകളും പുഴകളും മലിനമായി. റോഡരികുകൾ മാലിന്യകൂമ്പാരത്താൽ നിറഞ്ഞു. ദുർഗന്ധം കൊണ്ട് വലഞ്ഞു. അത്തരത്തിൽ ആ ഒരു അവസ്ഥയിൽ നമ്മളിലേക്ക് എത്തിയ രോഗങ്ങളെ ആരും മറന്നിട്ടുണ്ടാകില്ല. എന്നിട്ടും മനുഷ്യൻ പഠിച്ചില്ല.....
എന്നാൽ ഇപ്പോൾ പലരും ചിന്തിക്കുന്നുണ്ടാകും ഞാൻ അതൊക്കെ ചെയ്തില്ലേ .... അത് ശരിയായിരിക്കാം എന്നാൽ ഞാൻ മാത്രം വിചാരിച്ചാൽ പോരാ നമ്മളെ പോലെയുള്ള ഒരുപാട് ഞാൻ വിചാരിച്ചാലെ അത് നടക്കൂ... അതിന്റെ പേരാണ് ഒത്തൊരുമ ഒത്തൊരുമയോടെ നാം ഭൂമിയെ കൃത്യമായി പരിപാലിച്ചിരുന്നു എങ്കിൽ ഈ ഒരു അവസ്ഥ നമുക്ക് ഉണ്ടാകുമായിരുന്നില്ല.
ലോകജനത .... എല്ലാവരും ഒരുമിച്ച് കൈകോർക്കണം. ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും വർണത്തിന്റെയും പേരിൽ തല്ലു കൂടിയപ്പോൾ നാം മറന്നു പോയത് നമ്മുടെ ഭൂമിയാകുന്ന അമ്മയുടെ സംരക്ഷണമാണ്.... മനുഷ്യന് ജീവിക്കാൻ ഭക്ഷണവും വെള്ളവും വായുവും മാത്രം മതി എന്ന് നമുക്ക് ഇപ്പോൾ മനസ്സിലായില്ലേ'.....അതെ ഭൂമി ഇപ്പോൾ സുഖം പ്രാപിക്കുകയാണ്..
അതുപോലെ തന്നെ വിദ്യാലയങ്ങളിൽ പ്രധാനമായും കുട്ടികൾ പഠിക്കേണ്ടത് ഇന്ന് ഭൂമി നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങൾ ആണ്. അതുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും എങ്ങനെ സ്വയംപര്യാപ്തരാകാം എന്നാണ് പരിശീലിക്കേണ്ടത്.
ഒരു വ്യക്തിക്ക് ആവശ്യമുള്ളത് സ്വയം കൃഷി ചെയ്യാം ... അതിനായി കൃഷിയുടെ ബാലപാഠങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് തന്നെ പഠിക്കണം ശുദ്ധ വായു ലഭിക്കണമെങ്കിൽ വൃക്ഷങ്ങൾ വേണം മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി തരുന്ന പാഠങ്ങൾ ഉള്ളത് പോലെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് നമ്മുടെ പ്രധാന പ്രവർത്തനം ആകണം...
പ്ലാസ്റ്റിക് എന്ന ഭീകരനെ തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ ശക്തമായി തുടങ്ങണം. അതിനൊപ്പം അതിനുള്ള സംവിധാനങ്ങൾ തുണിസഞ്ചികൾ പേപ്പർ ബാഗുകൾ എന്നിവയുടെ നിർമ്മാണം സ്കൂൾതലത്തിൽ പ്രാവർത്തികമാക്കണം. ഒരു തയ്യൽ മെഷീൻ ഒരു ക്ലാസ്സിൽ ഉണ്ടായിരുന്നുവെങ്കിൽ....മഴവെള്ള സംഭരണിയുടെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കണം. പ്രവർത്തനങ്ങൾ ഉണ്ടാകണം.
കമ്പോസ്റ്റ് നിർമാണം, പിസികൾച്ചർ, ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകൾ എത്രമാത്രം ഉപകാരപ്രദമാണ് എന്ന് എല്ലാവർക്കുമറിയാം. ഇത് കൃത്യമായി പരിശീലിക്കണം...നാടൻ പഴങ്ങൾ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പരിശീലനക്ലാസ് നിർബന്ധമായും ആവശ്യമുണ്ട്....
പരിസ്ഥിതി സൗഹാർദ്ദ ഉൽപ്പന്നങ്ങളുടെ നിർമാണം, പ്രവർത്തനം പ്രദർശനം ഇവയൊക്കെ ശക്തമായി സംഘടിപ്പിച്ചിരുന്നു എങ്കിൽ.. ഒരു വീടിന്റെ പുരപ്പുറത്ത് വീഴുന്ന ഊർജ്ജം മുഴുവനും പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് ബോധ്യം ഉണ്ടെങ്കിലും അതിന്റെ പ്രായോഗിക വശം കൂടി പരിശീലിപ്പിച്ചിരുന്നു എങ്കിൽ...ഒരു കുട്ടി സ്കൂൾ വിട്ടു പുറത്തേക്കിറങ്ങുമ്പോൾ ഒരു ഉത്തമ പൗരനായി തീരുന്നതിനുള്ള അടിസ്ഥാനം ലഭിക്കുമായിരുന്നു. കാണാപാഠം പഠിച്ചു എ പ്ലസ് വാങ്ങിക്കുന്നതിനേക്കാളും ജീവിതത്തിൽ എ പ്ലസ് നേടുന്നതിനുള്ള അടിസ്ഥാനമാണ് ഞങ്ങൾക്ക് സ്കൂളിൽ നിന്നും വേണ്ടത് അതെ നമുക്കിതൊക്കെ ശീലമാക്കാൻ സാധിക്കട്ടെ.... സ്വയം ശുചിയായും പരിസ്ഥിതിയെ ശുചിയായി സൂക്ഷിച്ചും ..... ഭൂമിയാകുന്ന അമ്മയെ നന്നായി പരിപാലിച്ചും നമുക്ക് ജീവിക്കാംനമുക്ക് നേരിടാം നമ്മൾ നേരിടും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ