ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/മലിനമനസ്സ്
മലിനമനസ്സ്
ഹോ !എന്തൊരു ബഹളം .ഇവറ്റകളെക്കൊണ്ട് തോറ്റു .ഈ ബഹളമൊക്കെ കാണുമ്പൊൾ ബീവറേജ് ഷോപ്പിന് മുന്നിൽ മാത്രം അച്ചടക്കത്തോടും നിന്നുകണ്ടിട്ടുള്ള മലയാളി ഗൃഹനാഥന്മാരുടെ അച്ചടക്കം ഇവിടെയും കൊണ്ടുവരണം എന്ന് തോന്നിപ്പോകുന്നു.കുറ്റം പറഞ്ഞിട്ട് കാര്യമില്ല .മലയാളി എവിടെയായാലും മലയാളി തന്നെയാണല്ലോ .ങ്ഹാ ! അവിടെയെന്താ ഒരു തിരക്ക് ?.വിശിഷ്ടാതിഥി എത്തിയെന്ന് തോന്നുന്നു .ഗോവൻ സായിപ്പന്മാരോടൊത്ത് തീൻമേശ പങ്കിടാൻ ഭാഗ്യം സിദ്ധിച്ച മഹാൻ .കൊതുകുകൾക്കിടയിലെ അടിമത്തത്തിനും ജാതി,വർണ്ണ,വർഗ്ഗ വിവേചനങ്ങൾക്കെതിരെയും പോരാടിയ മഹാത്യാഗി ,വേൾഡ് പ്രാണി അസോസിയേഷന് പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം കേരളത്തിലെ പൊതുറോഡുകളാണെന്ന് ലോകത്തിനുമുന്നിൽ വിളംബരം നടത്തിയ മലയാളി തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് അർഹനാണ് ഇന്നത്തെ അതിഥി ;മണിനാഥൻ കൊതുക് . തിരക്കിനിടയിൽ ഒരുവിധത്തിൽ അദ്ദേഹത്തിനോടൊപ്പം ചേർന്നുനിന്ന് ഒരു ഫോട്ടോ പാസാക്കി .കഷ്ടം !ഇതെന്തൊരു തിരക്കാണ്.ഇന്നലെ രാത്രി ഗോവ ഫ്ലൈറ്റിൽ ഏതോ ഒരു മലയാളിയുടെ ഷുഗറും പ്രെഷറും കൊളസ്ട്രോളും കൊണ്ട് തടിച്ചു വീർത്ത ശരീരത്തിൽ കയറി വിശ്രമം ഇല്ലാതെ യാത്ര ചെയ്തിട്ടാണത്രെ അദ്ദേഹം ഇന്നിവിടെ സംസ്‌ഥാന ഈച്ച സമ്മേളനത്തിന് എത്തിച്ചേർന്നത് .അദ്ദേഹത്തിനെക്കൊണ്ട് ഒരു സ്ട്രോങ് റെക്കമെന്റെഷൻ ചെയ്യിച്ചിട്ട് വേണം ഇപ്പോഴത്തെ സെക്രട്ടറി പദവിയിൽ നിന്നും പ്രസിഡന്റ് പദവിയിലേക്ക് മാറാൻ .
ഹോ !നേരമേറെ വൈകിയിരിക്കുന്നു .പത്ത് മണിക്ക് മുൻപ് വീട്ടിൽ എത്തണം .അതിഥിക്ക് താമസിക്കാനുള്ള സൗകര്യമൊക്കെ ഒരുക്കിയിരിക്കുന്നത് സിറ്റിയിലെതന്നെ ഫൈവ്സ്റ്റാർ ഹോട്ടലിലെ സെപ്റ്റിക് ടാങ്കിലാണ് .എവിടെയാണെങ്കിലും നാം നമ്മുടെ ആതിഥ്യമര്യാദ കാട്ടേണ്ടതുണ്ടല്ലോ .പിന്നെ ഇത് കേരളമല്ലേ .താമസസൗകര്യത്തിനൊന്നും തീരെ വിഷമം ഉണ്ടാകില്ല .ങ്ഹാ !ഇനിയും വൈകിയാൽ വീട്ടിൽ എത്തുമ്പോഴേക്ക് ആ മാമിത്തള്ള വാതിലും ജനലും എല്ലാം അടച്ചുപൂട്ടും .അവരുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നു.ഭാര്യ കമലാക്ഷിയുടെ നിർബന്ധം മൂലമാണ് മാമ്മിത്തള്ളയുടെ ഫ്രിഡ്ജിലേക്കു താമസം മാറ്റിയത് .അതുകൊണ്ടിപ്പോൾ എന്നും നേരത്തെ വീട്ടിൽ എത്തണം.പക്ഷെ സെപ്റ്റിക് ടാങ്കിനെക്കാൾ സുഖപ്രദം ഫ്രിഡ്ജ് തന്നെ.
മാമ്മിത്തള്ളക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് കാണും.അവരുടെ ഭർത്താവ് വിദേശത്താണ്.രണ്ട് ആൺമക്കൾ.രണ്ടെണ്ണത്തിനെക്കൊണ്ടും ഒന്നിനും കൊള്ളില്ലെന്നാണ് മാമ്മിത്തള്ള എപ്പോഴും പറയാറ്.മാമ്മിത്തള്ള ക്രൂരയും കണ്ണിൽ ചോരയില്ലാത്തവളുമാണ്.കാലങ്ങളായി അവരുടെ വീട്ടിലാണ് താമസമെങ്കിലും തന്നോടോ തന്റെ കുടുംബത്തോടോ അവർ യാതൊരു സ്നേഹവും പ്രകടിപ്പിച്ചിട്ടില്ല.കൊല്ലം എത്ര കഴിഞ്ഞു.എന്നിരുന്നാലും 'കടക്കു പുറത്ത്'എന്നേ അവർ തന്നോടും കമലാക്ഷിയോടും പറഞ്ഞിട്ടുള്ളു.എങ്ങാനും ആ കിടക്കയിലൊ മേശമേലൊ പോയിരുന്നാൽ പടപണ്ടാരം ചൂലെടുത്ത് ഒറ്റയടി !.പലതവണ തലനാരിഴയ്ക്കാണ് അവരുടെ ഉരുക്ക് പോലെ ബലിഷ്ഠമായ കൈകളിൽ നിന്ന് രക്ഷപെട്ടിട്ടുള്ളത്.ആലോചിച്ച് നിന്ന് വീടെത്തിയത് അറിഞ്ഞില്ല.ഭാഗ്യം!വാതിൽ തുറന്നുകിടപ്പുണ്ട്.നാളെയാ റോഡിന്റെ വശത്തുള്ള ഓടയിൽ ഒരു പൊതുയോഗമുണ്ട്.ഈ അടുത്ത കാലങ്ങളിലായി മനുഷ്യർ തങ്ങളെപ്പോലെയുള്ളവർക്കായി ചെയ്തുതരുന്ന ഉപകാരങ്ങൾ സ്മരിച്ചുകൊണ്ടുള്ള അഥവാ അതിന് നന്ദി അറിയിച്ചുകൊണ്ടുള്ള യോഗമാണ്.
രാത്രി താമസിച്ച് കിടന്നതിനാൽ ഉണരാൻ ലേശം വൈകി.ധൃതിപ്പെട്ടാണ് യോഗസ്‌ഥലത്തെത്തിച്ചേർന്നത്.മുഖ്യാതിഥി താനാണെന്നാണ് പറഞ്ഞിരുന്നത്.എന്തായാലും പ്രസംഗം പൊടിപൊടിക്കണം.യോഗസ്‌ഥലത്ത് ചെറുതല്ലാത്ത ഒരു ആൾക്കൂട്ടം വരവേൽക്കാനായി ഉണ്ടായിരുന്നു.ഒരു സെലിബ്രിറ്റിയുടെ ജാഡയോടെ താത്കാലികമായി ഒരുക്കിയ വേസ്റ്റ് കൂനയാകുന്ന സ്റ്റേജിലേക്ക് കയറിയപ്പോൾ താനൊരു കൊച്ചു ലാലേട്ടനാണെന്ന് തോന്നിപ്പോയി.പിന്നെ തീപ്പൊരി ചിതറുന്ന പ്രസംഗം
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
ഞാൻ നിങ്ങളുടെ ഏവരുടെയും പ്രിയങ്കരനായ തങ്കച്ചൻ കൊതുക്.നാം ഇന്നിവിടെ ഒത്തുകൂടിയതിന്റെ ലക്ഷ്യം തന്നെ നമ്മുടെ വംശത്തിന്റെ നിലനില്പിന് കാരണക്കാരായ മാനവരാശിയോടുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതിനായാണെന്ന സത്യം നമുക്കേവർക്കും അറിയാവുന്നതാണല്ലോ.നമുക്ക് വേണ്ടി പോരാടുന്ന നിരവധി മനുഷ്യജന്മങ്ങൾ നമുക്ക് ചുറ്റിനും ഉണ്ട്.സ്വന്തം വീട്ടിൽ പോലും നമുക്ക് വാസസ്‌ഥലം ഒരുക്കിത്തരാൻ മാത്രം വിശാല മനസ്സുള്ളവരാണ് മലയാളികൾ.സ്വന്തം വീട്ടിലെ ഫ്രിഡ്ജും സെപ്റ്റിക് ടാങ്കുകളും എല്ലാം തന്നെ നമുക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ഈ മഹാന്മാരുടെ വിശാലമനസ്കത പ്രശംസനീയം തന്നെ.നമ്മുടെ സഹജീവികളായ ഈച്ചകളുടെ കാര്യവും ഇത് തന്നെ.വലിയ വലിയ ചാക്കുകളിലും സഞ്ചികളിലും ഗാർഹികമാലിന്യം തള്ളി അവർക്ക് വാസസ്‌ഥലം ഒരുക്കുന്ന മനുഷ്യർക്കിടയിൽ സാമൂഹ്യവിരുദ്ധർ എന്ന് വിളിക്കപ്പെടുന്ന എത്രയോ മാന്യന്മാർ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്.
മാന്യരേ,കേരളത്തിലെ ഓടകളെപ്പറ്റി പരാമർശിച്ചില്ലെങ്കിൽ ഒരു പക്ഷേ ഈ പ്രസംഗം തന്നെ അർഥശൂന്യമായിപ്പോകുമെന്ന് ഞാൻ വിചാരിക്കുന്നു.വികസനവും നഗരവത്കരണവും എന്തുതന്നെ ആയാലും നമ്മുടെ ചുറ്റുപാടുകൾ നമുക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്.ഈ അവസരത്തിൽ നിങ്ങളെ നാം മറ്റൊരു പ്രധാനകാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നു.റോഡിനിരുവശത്തേയും മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നും ഓടകൾ വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം ദുഷ്ടരായ മനുഷ്യർ നടത്തിയ ജാഥയുടെ ഭാഗമായി വാസസ്‌ഥലം നഷ്ടപ്പെട്ടവർ ഒരുതരത്തിലും വിഷമിക്കേണ്ടതില്ലെന്നും വൃത്തിയാക്കിയ സ്‌ഥലങ്ങൾ ഉടൻതന്നെ പഴയപടിയിലേക്കെത്തുമെന്നും ബഹു.ജില്ലാ പ്രണീ അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
നമ്മുടെ പുരോഗതിക്കും ഉന്നമനത്തിനും കാരണക്കാരായ ദൈവദൂതരാണ് മനുഷ്യസന്തതികൾ.നാം അവർക്ക് രോഗങ്ങളും ദുരിതങ്ങളും മാത്രം സമ്മാനിച്ചിട്ടും അവർ നമ്മോട് കരുണാർദ്രമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.ഇത്തരം നിലപാടുകൾ സ്വീകരിക്കാൻ മനുഷ്യന്റെ ഭാവിതലമുറയും തയ്യാറാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
നന്ദി,നമസ്കാരം.
എന്റെ ദൈവമേ !ഇതെന്താ ?യുദ്ധക്കളമോ ?വർഷത്തിലൊരിക്കൽ മാത്രം വീട് വൃത്തിയാക്കാറുള്ള മാമ്മിത്തള്ളക്കിതെന്തുപറ്റി ?.ഈശ്വരാ കണ്ടിട്ട് സഹിക്കുന്നില്ല.ഇവരിതെന്തൊക്കെയാ കാട്ടിക്കൂട്ടുന്നത് ?.അതാ അവിടൊരു മൂലയിൽ മാമ്മിത്തള്ളയുടെ അടിയേറ്റ് കിടക്കുന്ന കമലാക്ഷി.കമലാക്ഷിയുടെ വായിൽനിന്ന് വന്ന വാർത്ത കേട്ട് ഞെട്ടിപ്പോയി. കാറോണയെന്നോ കാറിത്തുപ്പിയെന്നോ മറ്റോ ആണത്രേ അതിന്റെ പേര്.ഒരു കൂട്ടം ആളുകൾ വന്ന് വീട് വൃത്തിയാക്കണമെന്നും കൈകഴുകണമെന്നും പുറത്തിറങ്ങരുത് എന്നെല്ലാം പറഞ്ഞുവത്രേ.ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്.
എന്താണ് സംഗതിയെന്ന് അറിഞ്ഞിട്ട് വരാമെന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് ഇതിന്റെ ശരിക്കുള്ള ഭീകരത മനസ്സിലായത്.പലരുടെയും അവസ്‌ഥ ഇതുതന്നെ.എല്ലാവർക്കും അവനവന്റെ കിടപ്പാടങ്ങൾ നഷ്ട്ടപെട്ടിരിക്കുന്നു.പിന്നെ ഒന്നുകൂടി അറിയാൻ കഴിഞ്ഞു.ഈ രോഗത്തിന്റെ പേര് കൊറോണയെന്നാണത്രെ.വീട്ടിലെ സ്‌ഥിതിഗതികൾ ദിവസം ചെല്ലും തോറും വഷളായി വരികയാണ്.മാമ്മിത്തള്ളയുടെ കുഴിമടിയന്മാരായ മക്കൾ ഇപ്പോൾ സദാസമയവും വീട്ടിൽത്തന്നെയുണ്ട്.അതിനാൽ പണ്ടത്തെപ്പോലെ സ്വതന്ത്രമായി നടക്കാൻ കഴിയില്ല.ആ കുഴിമടിയന്മാർ കാലന്റെ അവതാരങ്ങളാണെന്ന് തോന്നിപ്പോകുന്നു.കൊറോണ വന്നേപ്പിന്നെ വീട്ടിനുള്ളിലേക്ക് കയറാൻപോലും കഴിയാതെയായി.എപ്പോഴും ക്ലീനിങ്ങോട് ക്ലീനിങ് !.ചെന്നുപെട്ടാൽ പിന്നെ കഥകഴിഞ്ഞതുതന്നെ. . ഓടകളിലും റോഡിന്റെ വശങ്ങളിലുമൊക്കെ വേസ്റ്റിടാൻ വരുന്നവരുടെ പൊടിപോലും കാണാനില്ല.കാക്കിയിട്ട കുറച്ച് പോലീസ്‌കാരെയല്ലാതെ റോഡിലെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനില്ല.സെപ്റ്റിക് ടാങ്കുകൾ പോലും ആളുകൾ വൃത്തിയാക്കുകയാണ്.വേനലായതിനാൽ റബ്ബർ ചിരട്ടകളിൽപോലും ഒരുതുള്ളി വെള്ളമില്ല.ഈശ്വരാ !ഇത് കേരളം തന്നെയോ ?.മലിനീകരണം തന്റെ ജന്മാവകാശമെന്ന് കരുതുന്ന മലയാളിയുടെ നാടോ ഇത് ?.വിശ്വസിക്കാൻ പ്രയാസം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ