ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി .

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നമ്മുടെ വിദ്യാലയത്തെ ക്കുറിച്ച് എഴുതുന്നു.....


ഫേസ്ബുക്കിൽ കാളികാവ് ബസാർ സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി

ധനമന്ത്രിയുടെ കുറിപ്പ്

മലപ്പുറം ജില്ലയിലെ കാളികാവ് ഗവ. യുപി സ്കൂളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ സംഘം വീട്ടിൽ വന്നിരുന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്കു വരുന്ന പല സ്കൂളുകളും ഇങ്ങനെ ബന്ധപ്പെടാറുണ്ട്. ഇവയിൽ കാളികാവ് സ്കൂളിനോട് പ്രത്യേക കൌതുകം തോന്നാൽ രണ്ടു കാരണങ്ങളുണ്ട്.

ഒന്ന്, കാളികാവ് ബസാറിലെ ചുമട്ടുതൊഴിലാളികളാണ് ഈ സ്കൂളിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ. പിടിഎ, എസ്എംസി സമിതികളിൽ ആറു ചുമട്ടു തൊഴിലാളികൾ അംഗങ്ങളാണ്. ഇത് ചെറിയൊരു പങ്കു മാത്രം. വിഭവശേഖരണമടക്കമുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നത് അവരാണ്. പഞ്ചായത്തു പ്രസിഡന്റു തന്നെ ഒരു ചുമട്ടു തൊഴിലാളിയാണ്.

രണ്ട്, സംഘത്തെ നയിച്ച പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഐഎൻടിയുസി പ്രവർത്തകനാണ്. അക്കാദമിക് സമിതി ചെയർമാൻ ഭാസ്കരൻ പരിഷത്താണ്. പിന്നെ സിപിഎംകാരും. പാർടി സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സിപിഎമ്മുകാരുടെ എണ്ണം കുറഞ്ഞത് എന്ന് പ്രസിഡന്റുതന്നെ പറഞ്ഞു. സ്ഥലം നിലമ്പൂരല്ലേ, രാഷ്ട്രീയ വാശി കൂടുതൽ തന്നെയായിരിക്കും. പക്ഷേ, സ്കൂളിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.

103 വർഷത്തെ പാരമ്പര്യമുള്ള യുപി സ്കൂളിൽ ഒരുകാലത്ത് 1500ഓളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ പരിസരത്ത് എട്ട് അൺഎയിഡഡ് സ്കൂളുകളുണ്ട്. കൊഴിഞ്ഞുപോക്ക് കുട്ടികളുടെ എണ്ണത്തെ 2004-05ൽ 319 ആയി കുറച്ചു. അവിടുന്ന് പിന്നിങ്ങോട്ട് അനുക്രമമായ വർദ്ധനയാണ്. ഇപ്പോൾ 1055 കുട്ടികളുണ്ട്.

ഒരു പതിറ്റാണ്ടുകൊണ്ട് സ്കൂളിൽ വന്ന മാറ്റം വിസ്മയകരമാണ്. ശിശുസൌഹൃദ വിദ്യാലയം, സൌന്ദര്യവത്കരിക്കപ്പെട്ട ക്ലാസ് മുറികൾ, കഥ പറയും ചുമരുകൾ, മികച്ച സയൻസ് ലാബ്, എയർ കണ്ടീഷൻഡ് ഐടി ലാബ്, ബൃഹത്തായ ലൈബ്രറി, സ്കൂൾ ബസ്, മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും, പ്രീപ്രൈമറി സ്കൂൾ എന്നിവയൊക്കെ ഒരു പതിറ്റാണ്ടിന്റെ നേട്ടങ്ങളാണ്.

കഴിഞ്ഞ വർഷം നടപ്പാക്കിയ ഉറവ പദ്ധതി സംസ്ഥാനതല മികവുത്സവത്തിൽ ഒന്നാംസ്ഥാനം നേടി. ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡ്, വിക്രം സാരാഭായ് സ്പേസ് സെന്റർ അവാർഡ്, മാതൃഭൂമി സീഡ് പുരസ്കാരം, പഠനം മധുരം വിദ്യാലയ മികവ്, റെയിൻബോ എക്സെലൻസ് അവാർഡ്, ഹരിതവിദ്യാലയം അവാർഡ് ഇവയൊക്കെ നേടിയിട്ടുണ്ട്.

റിയാലിറ്റി ഷോയിൽ എന്താണ് പറയാൻ പോകുന്നത് എന്ന ചോദ്യത്തിന് കുട്ടികളാണ് മറുപടി പറഞ്ഞത് – ," ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയെക്കുറിച്ച്”. എല്ലാ കുട്ടികൾക്കും എന്തെങ്കിലും പ്രത്യേക കഴിവുണ്ടാകും. അതു കണ്ടെത്തി പരിപോഷിപ്പിക്കണം. പാതി വാസന, പാതി അഭ്യാസം. സ്പോർട്ട്സും കരാട്ടെയും മുതൽ സാഹിത്യവും ലളിതകലയുടെ പരിധിയിൽ വരുന്ന ഇരുപതു വിഷയങ്ങളുടെ പട്ടിക തന്നെ അവർ പറഞ്ഞു. ഓരോ കുട്ടിയുടെയും വാസന കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം സ്കൂളിൽ നൽകുന്നു. ഇതിനൊക്കെ ആളുകളെവിടെ? മറുപടി ഇതായിരുന്നു – പുറത്തുള്ള ഒട്ടേറെ ആളുകൾ സൌജന്യമായി സഹായിക്കാൻ മുന്നോട്ടു വരുന്നു.

പക്ഷേ, ഒരു സങ്കടം അവർക്കു പറയാനുണ്ടായിരുന്നു. പഞ്ചായത്തു നൽകിയ 77 സെന്റിൽ 90ൽ പുതിയ സ്കൂൾ കെട്ടിടം പണിതതോടെ താഴെ അങ്ങാടിയിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മുഴുവൻ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി. ഏതാനുംപേർ, ഇപ്പോൾ അങ്ങാടിയിലെ അറുപതു സെന്റു കൈയേറിയിരിക്കുകയാണ്. റവന്യൂ മന്ത്രിയെ ഇടപെടുത്തണം. അദ്ദേഹവുമായും അപ്പോയിൻമെന്റുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഞാനുറപ്പു നൽകി. നാട്ടിൽ ഒരു അനീതി നടന്നാൽ അതു ചോദ്യം ചെയ്യപ്പെടണം.